സത്യവാന്മാരോടൊപ്പം
സത്യവിശ്വാസിക്കുണ്ടാവേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്വഭാവഗുണമാണ് صِدْق അഥവാ സത്യസന്ധത. ഒരാൾ ഒരേ സമയം വിശ്വാസിയാവുകയും എന്നാൽ അസത്യം പറയുകയും ചെയ്യുക എന്നത് ഒരിക്കലും യോജിച്ചു പോകുന്ന കാര്യമല്ല. പരലോക വിജയത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് സത്യസന്ധത. സത്യസന്ധരായ വിശ്വാസികൾക്കും വിശ്വാസിനികൾക്കും പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു എന്ന് ഖുർആനിലൂടെ അല്ലാഹു വാഗ്‌ദാനം ചെയ്തിരിക്കുന്നു (അൽ അഹ്സാബ് 35).
സത്യസന്ധർക്ക് അവരുടെ സത്യസന്ധത ഗുണം ചെയ്യുന്ന ദിനമാണ് അന്ത്യ ദിനമെന്നും ഖുർആൻ മറ്റൊരിടത്ത് പറയുന്നുണ്ട്:
هَذَا يَوْمُ يَنْفَعُ الصَّادِقِينَ صِدْقُهُمْ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ذَلِكَ الْفَوْزُ الْعَظِيمُ
"സത്യവാന്മാരുടെ സത്യസന്ധത ഫലം ചെയ്യുന്ന ദിനമത്രേ ഇത്. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അതില്‍ അവര്‍ എന്നെന്നും വസിക്കുന്നവരാകുന്നു. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു; അവര്‍ അല്ലാഹുവിലും. അതത്രെ മഹത്തായ വിജയം" (അൽ മാഇദ 119). സ്വയം സത്യസന്ധരാകൂ എന്നു മാത്രമല്ല സത്യസന്ധരോടൊപ്പം നിലകൊള്ളുകയും ചെയ്യുവിൻ എന്നു കൂടി അല്ലാഹു വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്. അല്ലാഹു വിശ്വാസികളോട് കൽപിക്കുന്നു:
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ
"അല്ലയോ വിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടുവിന്‍, സത്യവാന്മാരോടൊപ്പം ആയിരിക്കുകയും ചെയ്യുവിന്‍" (അത്തൗബ 119).
ബുഖാരിയും മുസ്‌ലിമും ഒരുമിച്ച് റിപ്പോർട്ട് ചെയ്ത ദീർഘമായ ഹദീസിൽ നബി (സ) പറയുന്നു:
عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، ومَا يَزَالُ الرَّجُلُ يَصْدُقُ ويَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللَّهِ صِدِّيقًا، وإِيَّاكُمْ والْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، ومَا يَزَالُ الرَّجُلُ يَكْذِبُ ويَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا
"നിങ്ങൾ സത്യസന്ധത കൈക്കൊള്ളുക, സത്യസന്ധത പുണ്യത്തിലേക്ക് നയിക്കുന്നു. പുണ്യം സ്വർഗത്തിലേക്ക് നയിക്കുന്നു. ഒരാൾ സത്യസന്ധനായി തന്നെ നിലകൊണ്ടാൽ അല്ലാഹു തന്റെ അടുക്കൽ അവനെ സത്യവാൻ എന്ന് രേഖപ്പെടുത്തി വെക്കും. കളവ് ഒരാളെ അധർമത്തിലേക്ക് നയിക്കും, അധർമം അവനെ നരകത്തിലേക്ക് നയിക്കും. ഒരാൾ കളവ് പറയുന്നവനായി തന്നെ നിലകൊണ്ടാൽ അല്ലാഹു തന്റെ അടുക്കൽ അവനെ കളവ് പറയുന്നവനായി രേഖപ്പെടുത്തി വെക്കും”. നജ്ജാശി രാജാവിന്റെ മുന്നിൽ ജഅ്ഫറുബ്്നു അബീ ത്വാലിബ് (റ) തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ കൽപിക്കുന്ന കുറെ കാര്യങ്ങൾ എണ്ണിപ്പറഞ്ഞ കൂട്ടത്തിൽ പ്രാധാന്യപൂർവം എടുത്തുപറഞ്ഞത്, 'അദ്ദേഹം ഞങ്ങളോട് സത്യം മാത്രം പറയാൻ കൽപിക്കുന്നു' എന്നാണ്. ചില വിഷയങ്ങളിൽ നാം എന്തെങ്കിലും സംസാരിക്കുമ്പോൾ അത് സത്യമാണ് എന്ന് ഉറപ്പാക്കുന്ന കാര്യത്തിൽ പ്രത്യേകം സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. അതിൽ പെട്ട ഒന്നാണ് ദീനീ വിഷയങ്ങൾ. ഒരു കാര്യം ദീനിൽ ഹലാലെന്നോ ഹറാമെന്നോ പറയുക, ഹദീസുകൾ റിപ്പോർട്ട് ചെയ്യുക തുടങ്ങിയ വിഷയങ്ങളിലൊക്കെ സത്യമല്ലാത്ത കാര്യങ്ങൾ വന്നുപോകുന്നത് ഗുരുതരമായ കുറ്റമാണ്. 'അല്ലാഹുവിനെക്കുറിച്ച് നിങ്ങൾ അറിവില്ലാത്തത് പറയുകയാണോ' എന്ന് ഖുർആൻ പല സന്ദർഭങ്ങളിലായി ചോദിക്കുന്നുണ്ട്. നബി (സ) ഇതിനെ കുറിച്ച് പറഞ്ഞത്,
إنَّ كَذِبًا عليَّ ليس ككذبٍ على أحدٍ ، فمن كذب عليَّ مُتعمِّدًا ، فلْيتبوَّأْ مقعدَه من النَّارِ
(എന്റെ പേരിൽ കള്ളം പറയുക എന്നത് മറ്റാരുടെയെങ്കിലും പേരിൽ കള്ളം പറയുന്നത് പോലെയല്ല, ആരെങ്കിലും എന്റെ പേരിൽ മനഃപൂർവം കള്ളം കെട്ടിച്ചമക്കുന്നുവെങ്കിൽ അവൻ നരകത്തിൽ ഇരിപ്പിടം തേടിക്കൊള്ളട്ടെ) എന്നാണ്. അതു പോലെ തന്നെ ഏതെങ്കിലും കാര്യത്തിൽ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യുമ്പോൾ അത് പരിപൂർണമായും സത്യമാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അങ്ങനെ ചെയ്യാവൂ.
സത്യസന്ധതയുടെ കാര്യത്തിൽ നിർബന്ധമായും സൂക്ഷ്മത പുലർത്തേണ്ട മറ്റൊരു മേഖലയാണ് കച്ചവടം. നല്ല ജാഗ്രത കൈക്കൊണ്ടില്ലെങ്കിൽ സത്യസന്ധത പുലർത്തുന്നതിൽ വീഴ്്ച സംഭവിച്ചേക്കും. അതീവ സൂക്ഷ്മത പുലർത്തുന്ന ഒരാൾക്ക് മാത്രമാണ് സത്യസന്ധനായ കച്ചവടക്കാരനാകാൻ കഴിയുക. അതുകൊണ്ടാണ് നബി (സ) പറഞ്ഞത്:
التَّاجِرُ الصَّدُوقُ الأَمِينُ مَعَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ
(സത്യസന്ധനായ കച്ചവടക്കാരൻ നാളെ സ്വർഗത്തിൽ പ്രവാചകന്മാരുടെയും ശുഹദാക്കളുടെയും സൽക്കർമികളുടെയും ഒപ്പമായിരിക്കും).
പറയുന്നത് പൂർണമായും സത്യസന്ധമാകണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയാകാവുന്ന ഒരേ ഒരു സന്ദർഭം അതുകൊണ്ട് എന്തെങ്കിലും നന്മ വരുത്താൻ കഴിയുമെന്ന് ബോധ്യമുണ്ടെങ്കിൽ മാത്രമാണ്. ഉദാഹരണമായി, ഭാര്യാ-ഭർത്താക്കൻമാർ തമ്മിലുള്ള സ്നേഹ ബന്ധങ്ങളിൽ എന്തെങ്കിലും പ്രശ്നമോ പിണക്കമോ ഉണ്ടാകുമ്പോൾ അവർക്കിടയിൽ അനുരഞ്ജനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ അവരിലൊരാൾ മറ്റെയാളെ കുറിച്ച് എന്നോട് കുറെ നല്ല കാര്യങ്ങൾ പറഞ്ഞു എന്ന രൂപത്തിൽ പറയുകയോ അല്ലെങ്കിൽ മറ്റേയാളുടെ ഗുണ വിശേഷങ്ങളെപ്പറ്റി അൽപം പുകഴ്ത്തിപ്പറയുകയോ ഒക്കെ ചെയ്യുക. അതായത്, അങ്ങനെ പറയുന്നത് മൂലം രഞ്ജിപ്പോ നന്മയോ സൃഷ്ടിക്കാൻ കഴിയുമെന്ന് തീർച്ചയുണ്ടെങ്കിൽ പൂർണമായും സത്യമല്ലാത്ത ചില കാര്യങ്ങൾ പറയുന്നതിൽ വിരോധമില്ല. ഇത്തരത്തിലുള്ളതല്ലാത്ത മറ്റേതൊരു സന്ദർഭത്തിലും സത്യസന്ധമല്ലാത്ത കാര്യങ്ങൾ പറയുക എന്നത് ഒരു വിശ്വാസിയിൽനിന്ന് സംഭവിച്ചു കൂടാത്തതാണ്. l
Comments