Prabodhanm Weekly

Pages

Search

2023 ജൂലൈ 28

3311

1445 മുഹർറം 10

ഹാജിമാർക്ക് ആശ്വാസമായി തനിമയുടെ സേവന പ്രവർത്തനങ്ങൾ

അബ്ദുസ്സുബ്ഹാൻ അബ്ബാസ്

സുഊദി അറേബ്യയിലെ  തനിമയുടെ വളണ്ടിയർമാർ ഇത്തവണയും വിപുലമായ രീതിയിൽ തന്നെ ഹജ്ജ്  സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു. ഹാജിമാർക്ക് സേവനം ചെയ്യാൻ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സംവിധാനമാണ് തനിമയുടേത്. കഴിഞ്ഞ വർഷത്തേതിൽനിന്ന് ഭിന്നമായി, ഇത്തവണ വിപുലവും തികവുറ്റതുമായ സജ്ജീകരണങ്ങളും സൗകര്യങ്ങളുമാണ് സുഊദി ഹജ്ജ് മന്ത്രാലയം തന്നെ തയാറാക്കിയിരുന്നത്. 
തനിമയുടെ സേവന പ്രവർത്തനങ്ങൾക്കായുള്ള തയാറെടുപ്പുകൾ മാസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു. സുഊദിയുടെ പ്രധാന നഗരങ്ങളിലെല്ലാം വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടികളും ക്യാമ്പുകളും എല്ലാ വർഷവും ഹജ്ജിന് മുന്നോടിയായി നടക്കാറുണ്ട്. മക്ക കേന്ദ്രമായുള്ള 'ഹദിയ്യത്തുൽ ഹാജ്ജി വൽ മുഅ്ത്തമിർ' എന്ന എൻ.ജി.ഒ യാണ് തനിമയുടെ വളണ്ടിയർമാരെ ഗവൺമെൻറ് ലേബലിൽ  ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നത്. ഹാജിമാരുടെ ആദ്യ സംഘം ജിദ്ദയിലും മദീനയിലും വന്നിറങ്ങുന്നതു മുതൽ തനിമയുടെ വളണ്ടിയർ ടീം സേവന സന്നദ്ധരായിരിക്കും. മക്കക്ക് പുറമേ ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു, മദീന, തബൂക്ക്, ത്വാഇഫ്, ഖമീസ് മുശൈത്ത് തുടങ്ങി സുഊദിയിലെ വിവിധ നഗരങ്ങളിൽനിന്ന് നാനൂറിലധികം പേരാണ് ഇത്തവണ വളണ്ടിയർ സേവനത്തിന് തനിമയുടെ കീഴിൽ രംഗത്തുണ്ടായിരുന്നത്. ഇവരിൽ മലയാളികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരും ഉണ്ടാവാറുണ്ട്. 
മദീനയിലും മക്കയിലും ഹാജിമാരുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് തനിമയുടെ വളണ്ടിയർമാർ കുടിവെള്ളവും കഞ്ഞിയും വിതരണം ചെയ്യുന്നു. ഹജ്ജ് വേളയിലും ഹജ്ജിന് ശേഷവും ഇത് തുടരുന്നു. ഇതിൽ പങ്കെടുക്കുന്ന മക്കയിലെയും മദീനയിലെയും നൂറോളം വളണ്ടിയർമാർ അതത് പ്രവിശ്യയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചാണ് സേവനരംഗത്ത് പ്രവർത്തിക്കുക.  സേവന സന്നദ്ധരായി അമ്പതോളം വനിതാ വളണ്ടിയർമാരും രംഗത്തുണ്ടായിരുന്നു.
പരിശുദ്ധ ഹജ്ജ് കർമത്തിന് എത്തുന്ന മുഴുവൻ ഹാജിമാർക്കും എല്ലാ നിലക്കും  സഹായകമാവുന്ന രീതിയിൽ വളണ്ടിയർ ടീം ഒറ്റക്കെട്ടായി രംഗത്തിറങ്ങാറുള്ളത് ദുൽഹജ്ജ് എട്ടിന് ശേഷമാണ്.  അപ്പോൾ മുതലാണ് ഏറ്റവും കൂടുതൽ വളണ്ടിയർമാരെ ആവശ്യമായി വരുന്നതും. ഇരുപതിലധികം ടീമുകൾ വിവിധ ഷിഫ്റ്റുകളിലായാണ് അറഫയിലും മുസ്‌ദലിഫയിലും മിനായിലും ജംറയിലും ഹാജിമാർക്ക് സേവനം ചെയ്തത്. വഴിതെറ്റിയ ഹാജിമാർക്ക് വഴികാണിക്കൽ, മിനായിലെ സ്വന്തം  ടെന്റുകളിലെത്തിക്കൽ, അസീസിയ്യയിലുള്ള താമസസ്ഥലത്ത് എത്തിക്കൽ, പ്രയാസമനുഭവിക്കുന്നവരെ ഹോസ്പിറ്റലിലെത്തിക്കൽ തുടങ്ങിയവയായിരുന്നു പ്രധാന സേവന പ്രവർത്തനങ്ങൾ. ദുൽഹജ്ജ് 10 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ കൂടുതൽ വളണ്ടിയർമാരും ഉണ്ടാവാറുള്ളതും മിനായിൽ തന്നെ.
അമ്പതിനായിരത്തിലധികം പേർക്ക് കുടിവെള്ളവും ഇരുപതിനായിരം പേർക്ക് കഞ്ഞി വിതരണവും  നടത്തി. മുന്നൂറിലധികം വീൽചെയറുകൾ സേവനങ്ങൾക്കുവേണ്ടി വരുത്തിച്ചിരുന്നു. കുടകൾ, ചെരിപ്പുകൾ, അവശ്യമരുന്നുകൾ എന്നിവയുടെ വിതരണം, കോൺസുലേറ്റ് നിർദേശിക്കുന്ന മറ്റു സേവനപ്രവർത്തനങ്ങൾ എന്നിവയിലൊക്കെയും  വളണ്ടിയർമാർ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു.
തനിമ കേന്ദ്ര പ്രസിഡൻറ് കെ.എം ബഷീർ, വെസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് നജ്‌മുദ്ദീൻ അമ്പലങ്ങാടൻ എന്നിവരാണ് സേവന  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.  കേന്ദ്ര ഹജ്ജ്‌ സെൽ കോഡിനേറ്റർ സി.എച്ച് ബഷീർ, കൺവീനർ കുട്ടി മുഹമ്മദ്‌, ജനറൽ ക്യാപ്റ്റൻ മുനീർ ഇബ്‌റാഹീം, അബ്ദുൽ ഹകീം, ഷാനിദ് അലി, കബീർ മുഹമ്മദുണ്ണി തുടങ്ങിയവർ വിവിധ വളണ്ടിയർ ഓപറേഷൻ പരിപാടികൾ നിയന്ത്രിച്ചു.

സേവനം മുഖമുദ്രയാക്കി തനിമ മക്കാ ടീം

ആദ്യ ഹാജി മക്കയിലെത്തുന്ന ദിവസം മുതൽക്ക് തന്നെ ഹൃദ്യമായ സ്വീകരണം നൽകിക്കൊണ്ടാണ് മക്കാ നിവാസികളായ തനിമ വളണ്ടിയർമാർ രണ്ടു മാസം നീണ്ടുനിൽക്കുന്ന അവരുടെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മക്കയിലെ മുഴുവൻ പുരുഷ-വനിതാ വളണ്ടിയർമാരും കോൺസൽ ജനറൽ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ബാഡ്ജോടു കൂടിയാണ് കഴിഞ്ഞ നിരവധി വർഷങ്ങളായി സേവനത്തിനിറങ്ങുന്നത്. നോൺ മഹ്‌റം ഹാജിമാരുടെ താമസ സ്ഥലങ്ങളിൽ തനിമ വനിതാ വളണ്ടിയർമാരുടെ സ്ഥിര സാന്നിധ്യം ഹാജകൾക്കു വലിയ ആശ്വാസമാണ്. ഹജ്ജിനിടയിൽ മരണമടയുന്ന ഹാജിമാരുടെ NOC ശരിപ്പെടുത്തി മയ്യിത്തു സംസ്കരിക്കൽ, ഹാജിമാരുടെ നഷ്ടപ്പെട്ട ലഗേജുകൾ കണ്ടെത്താൻ സഹായിക്കൽ, ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള സേവനം, ഫ്രൈഡേ ഓപ്പറേഷൻ, ദിനേനയുള്ള കഞ്ഞി വിതരണം, ഹജ്ജ് മിഷന്റെ കീഴിലുള്ള ഹോസ്പിറ്റലുകളിലെ രോഗികൾക്ക് ഭക്ഷണമെത്തിക്കൽ, ഹാജിമാർക്കുള്ള മക്കാ പഠന യാത്ര, മക്കയിലെ വിവിധ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന പാരാമെഡിക്കൽ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സേവനം, ഹാജിമാർക്കുള്ള അദാഹി കൂപ്പൺ, മെട്രോ ടിക്കറ്റ് വിതരണം, മിനാ അൽ റവാഫ് കമ്പനിയും തനിമയും ചേർന്ന് ഹാജിമാർക്കുള്ള ഗിഫ്റ്റ് വിതരണം, മക്കാ ജാലിയാത്തിന്റെ നിർദേശപ്രകാരം വിവിധ ഭാഷകളിൽ വിവർത്തനം ചെയ്ത ഖുർആൻ വിതരണം  എന്നിങ്ങനെ നിരവധി സേവനങ്ങൾ രണ്ടുമാസക്കാലം മക്കയിൽ നടന്നു വരുന്നു.
ഇന്ത്യൻ ഹജ്ജ് മിഷൻ തനിമക്ക് അനുവദിച്ച മശാഇർ മെട്രോ ട്രെയിൻ സർവീസ് വഴിയാണ് ഈ വർഷവും തനിമ വളണ്ടിയർമാർ അറഫയിലെത്തിയത്. നാല് ടീമുകളായി തിരിച്ച് വിവിധ മക്തബുകളിലും, മെട്രോ സ്റ്റേഷനുകളിലും വളണ്ടിയർമാരുടെ സാന്നിധ്യം ഹാജിമാർക്ക് എളുപ്പത്തിൽ അവരുടെ ടെന്റുകളിൽ എത്തിച്ചേരാൻ പ്രയോജനപ്പെട്ടു. അവശരായ ഹാജിമാരെ അറഫയിൽ സേവിക്കാൻ വീൽ ചെയറുമായി പ്രത്യേക ടീം സേവനത്തിനുണ്ടായിരുന്നു. ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ ദിനത്തിൽ മക്കക്ക് പുറത്തുനിന്നുള്ള വളണ്ടിയർമാർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ അറഫാ സേവനം എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നതാണ്.
തനിമയുടെ ഹജ്ജ് വളണ്ടിയർ സേവനങ്ങൾ കണക്കിലെടുത്ത് ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റിന്റെ നിരവധി ബഹുമതികൾ തനിമയെ തേടിയെത്തിയിട്ടുണ്ട്.
തനിമയുടെ മക്കയിലെ രണ്ടുമാസ സേവനപ്രവർത്തനങ്ങൾക്ക് തനിമ മക്കാ വളണ്ടിയർ കൺവീനർ അബ്ദുൽ ഹകീം ആലപ്പുഴ, മറ്റു വിങ്ങുകളുടെ കോഡിനേറ്റർമാരായ സഫീർ അലി മഞ്ചേരി, ശഫീഖ് പട്ടാമ്പി, ഇഖ്‌ബാൽ ചെമ്പാൻ, അഫ്സൽ കള്ളിയത്ത്, റശീദ് സഖാഫ്, മനാഫ് കുറ്റ്യാടി, ഷാനിബ നജാത്ത്, മുന അനീസ് , സത്താർ മൂക്കൻ, സാബിത് മഞ്ചേരി, മെഹബൂബ് എന്നിവർ നേതൃത്വം നൽകി. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 26-28
ടി.കെ ഉബൈദ്

ഹദീസ്‌

പതിവാക്കേണ്ട രാത്രി നമസ്‌കാരം
പതിവാക്കേണ്ട രാത്രി നമസ്‌കാരം