Prabodhanm Weekly

Pages

Search

2023 ജൂലൈ 28

3311

1445 മുഹർറം 10

ആറങ്ങാടൻ മൂസ മൗലവി നരിപ്പറ്റ

ഖാലിദ് മൂസ നദ്്വി

ഞങ്ങളുടെ പിതാവ് തോട്ടത്തിൽ ആറങ്ങാടൻ മൂസ, നരിപ്പറ്റ കഴിഞ്ഞ ജൂൺ 9-ന് ഇഹലോക വാസം വെടിഞ്ഞു. മരിക്കുമ്പോൾ 94 വയസ്സായിരുന്നു പ്രായം.
കേരള ജമാഅത്തെ ഇസ് ലാമിയിൽ അംഗത്വമെടുത്ത ആദ്യ 100 പേരിൽ ഒരാളാണ് അദ്ദേഹം. വാണിമേൽ - നരിപ്പറ്റ മേഖലയിലെ വലിയ കുടുംബമായ ആറങ്ങാടൻ തറവാട്ടിലാണ് അദ്ദേഹം ഉൾപ്പെടുന്നത്. ഈ മേഖലയിൽ ഇസ്്ലാമിന്റെ വ്യാപനം ഈ കുടുംബവുമായി ബന്ധപ്പെട്ടാണെന്ന് പറയപ്പെടുന്നുണ്ട്.
അദ്ദേഹം ചെറുപ്പത്തിലേ ദീനിയായ ചുറ്റുപാടിലാണ് വളർന്നത്. ദീനിൽ ഉയർന്ന വിദ്യാഭ്യാസം നേടാനുളള ശ്രമം നടന്നെങ്കിലും പല കാരണങ്ങളാൽ അതു പൂർത്തിയായില്ല. കാസർകോട് ആലിയാ അറബിക് കോളേജിലെ വിദ്യാഭ്യാസം ആരോഗ്യപരമായ കാരണങ്ങളാൽ മുടങ്ങി. പിന്നെ പുളിക്കൽ മദീനത്തുൽ ഉലൂമിൽ പഠിക്കാനുള്ള ശ്രമം സംഘടനാപരമായ കാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നു. ഉപ്പ മദീനത്തുൽ ഉലൂമിൽ ചേരുമ്പോൾ തന്നെ ജമാഅത്തിൽ ആകൃഷ്ടനായിരുന്നു. ജമാഅത്തെ ഇസ്്ലാമി പ്രസിദ്ധീകരിച്ച ഇമാം മൗദൂദിയുടെ 'ഇസ്്ലാംമതം' എന്ന പുസ്തകം അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു.
അദ്ദേഹമുൾപ്പെടുന്ന അഞ്ച് ജമാഅത്ത് പ്രവർത്തകർ (ഖംസതുൻ സംഘം എന്നായിരുന്നു സ്ഥാപനത്തിൽ അവരുടെ വിളിപ്പേര്) അവിടെനിന്ന് 'ഇസ്്ലാംമതം കൈവശം വെക്കൽ', 'സംഘം ചേർന്ന് വായിക്കൽ' തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പുറത്താക്കപ്പെടുകയായിരുന്നു. ആലിയ - മദീനത്തുൽ ഉലൂം ഹ്രസ്വകാല പഠനം അദ്ദേഹത്തിന്  'മൗലവി' എന്ന ടൈറ്റിൽ ചാർത്തിക്കൊടുത്തു.  വാണിമേൽ ദാറുൽ ഹുദാ മദ്റസയിൽ ചുരുങ്ങിയ കാലം അധ്യാപനവൃത്തി നിർവഹിച്ചത് 'മൗലവി പട്ടം' സ്ഥിരപ്പെടാൻ കാരണവുമായി.
ഉപ്പയുടെ കർമഭൂമി ഒന്നാമതായി വീട് തന്നെ. കൃത്യമായ നമസ്കാരം, ഖുർആൻ പാരായണം, വസ്ത്രധാരണത്തിലെ ഇസ്്ലാം, ഹലാലായ സമ്പാദ്യം, ലളിത ജീവിതം, നിരന്തരമായ അധ്വാനം ഇതൊക്കെയാണ് ഉപ്പ അഭ്യസിപ്പിച്ച പാഠങ്ങൾ. രാവിലെ സ്വുബ്ഹിക്ക് ഉണർത്തുക, വീട്ടിൽ സ്വുബ്ഹിന്റെ ജമാഅത്ത് സംഘടിപ്പിക്കുക എന്നതിൽ ഒരു വിട്ടുവീഴ്ചയും അദ്ദേഹത്തിനില്ലായിരുന്നു.
മക്കളുടെ വിദ്യാഭ്യാസത്തിന്  മുന്തിയ പരിഗണനയാണ് നൽകിയത് - ഏതാണ്ട് എല്ലാവരും  ഇസ്്ലാമിയാ കോളേജുകളുമായി ബന്ധപ്പെട്ടാണ് വിദ്യാഭ്യാസം സ്വായത്തമാക്കിയത്. മൂത്ത മകൻ സി. മൊയ്തു ശാന്തപുരം ഇസ് ലാമിയാ കോളേജിലാണ് പഠനം പൂർത്തിയാക്കിയത്. സി. അബ്ദുസ്സമദ്, ഖാലിദ് മൂസ, ത്വാഹിറ എന്നിവർ ചേന്ദമംഗല്ലൂർ ഇസ്വ് ലാഹിയയിൽ പഠനം പൂർത്തിയാക്കിയവരാണ്. സി. ദാവൂദ് ഫറോക്ക് ഇർശാദിയയിലും സി. റുഖിയ്യ, സി. യൂനുസ് എന്നിവർ കുറ്റ്യാടി ഇസ്്ലാമിയാ കോളേജിലും പഠിച്ചു. ഇടക്കാലത്ത് ഇഹലോകം വെടിഞ്ഞ മകൾ സഈദ വാണിമേൽ ദാറുൽ ഹുദാ അറബിക് കോളേജിലും പഠനം നടത്തി.
അധ്വാനിച്ച പണം കൊണ്ടാണ് ഉപ്പ ജീവിച്ചതും മക്കളെ പോറ്റിയതും. ആരുടെ നേർക്കും അദ്ദേഹം കൈ നീട്ടിയിട്ടില്ല. ഉള്ളതിനനുസരിച്ചേ ചെലവഴിക്കുമായിരുന്നുള്ളൂ. മറ്റുള്ളവരെ നോക്കിയല്ല, മക്കളുടെ സമ്മർദത്തിന് വഴങ്ങിയല്ല, മറിച്ച് സ്വന്തം പോക്കറ്റിന് അനുസൃതമായ ബജറ്റ് അദ്ദേഹം കാത്തു പരിപാലിച്ചു. അതിനനുസരിച്ചുള്ള വീട് പ്ലാൻ ചെയ്തു. അതിന് ചേരുന്ന മെനു നടപ്പാക്കി. വിദ്യാർഥികളായ മക്കളെ പഴയ ടെക്സ്റ്റ് ബുക്കുകൾ ശേഖരിക്കാനും, പഴയ നോട്ടു പുസ്തകങ്ങളിലെ ബാക്കി പേജുകൾ തുന്നിക്കെട്ടാനും അദ്ദേഹം ശീലിപ്പിച്ചു. വിനോദ യാത്രകളും ഉല്ലാസ പരിപാടികളും ഒഴിവാക്കിയെടുക്കാനും ജീവിത ബജറ്റ് ഉൾക്കൊള്ളാനും അദ്ദേഹം മക്കളെ പരിശീലിപ്പിച്ചു. ചെറിയ പെരുന്നാളിന് മാത്രം പുതു വസ്ത്രം വാങ്ങുന്ന ശീലം അരക്കിട്ടുറപ്പിച്ചു - ആ വസ്ത്രങ്ങൾ വലിയ പെരുന്നാൾ വരെ കാത്തുസൂക്ഷിച്ച് എല്ലാ മക്കളും അദ്ദേഹവുമായി സഹകരിച്ചു. ആർക്കും അതിൽ പരാതി ഉണ്ടായിരുന്നില്ല. പുര ഓലമേഞ്ഞിരുന്ന കാലത്ത്, പുര കെട്ടാനുള്ള ഓല ഉപ്പയും മക്കളും ചേർന്ന് മെടഞ്ഞ് പൂർത്തിയാക്കും. പറമ്പ് കൊത്തിയിളക്കാനും തെങ്ങിന്റെ തടം തുറന്ന് വളമിട്ട് മൂടാനും ഈ ഉപ്പ - മക്കൾ പരസ്പര സഹകരണ പദ്ധതി അദ്ദേഹം നടപ്പാക്കി വിജയിപ്പിച്ചെടുത്തു.
ദീനീ പ്രബോധ - സംസ്കരണ പ്രവർത്തന മേഖലയിൽ ഉപ്പാക്ക് സ്വന്തമായ രീതി ഉണ്ടായിരുന്നു. ചിലരിൽ അദ്ദേഹം കണ്ണുവെക്കും. അവരെ വീട്ടിൽ സൽക്കരിക്കും.  എന്നിട്ട് ഇസ്്ലാമിനെ പറ്റി / ജമാഅത്തെ ഇസ് ലാമിയെ പറ്റി വിശദമായി സംസാരിക്കും. അവരുടെ സംശയങ്ങൾക്ക് ശാന്തമായി മറുപടി നൽകും. വിദ്യാർഥികൾക്ക് ഒഴിവുള്ള  ഒരു മെയ് മാസക്കാലത്ത് വീട്ടിൽ ഖുതുബാത്ത്  വായനാ സദസ്സ് ഒരുക്കിയത് ഓർമയുണ്ട്. പിന്നീട് പ്രമുഖ മത പ്രഭാഷകനായിത്തീർന്ന എം.എ മൗലവി വിലാതപുരം വാണിമേൽ ദർസിൽ വിദ്യാർഥിയായിരിക്കെ ഉപ്പ പുസ്തകം നൽകിയതും ആ പുസ്തകം 'കണ്ടെടുക്കപ്പെട്ടതിനെ' തുടർന്ന് ദർസിൽ നിന്ന്  സസ്പെൻഡ് ചെയ്യപ്പെട്ടതും അനുസ്മരിച്ചിട്ടുണ്ട്.
പ്രബോധനം വാരികക്ക് സ്ഥിരം വായനക്കാരെ കണ്ടെത്തലും അതിന്റെ വിതരണവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ദീനീ പ്രവർത്തനം - അതിലും മക്കളുടെ പങ്കാളിത്തം ഉപ്പ ഉറപ്പു വരുത്തിയിരുന്നു. ജമാഅത്തെ ഇസ്്ലാമി കേരളയുടെ പ്രഥമ അമീർ ഹാജി വി.പി മുഹമ്മദലിയുടെ വാണിമേൽ സന്ദർശന വേളകളിൽ അദ്ദേഹത്തിന്റെ 'ഖാദിമാ'യി പ്രവർത്തിച്ച കാര്യം ഉപ്പ ആവേശത്തോടെ എടുത്തുപറയുമായിരുന്നു. ഹാജി സാഹിബിന്റെ മഹത്വം എടുത്തുപറയുന്നതിൽ ഉപ്പ പിശുക്ക് കാണിച്ചിരുന്നില്ല.
ദുൻയാവിന്റെ കാര്യത്തിൽ അദ്ദേഹം വൈരാഗി ആയിരുന്നു. ആ ജീവിത വീക്ഷണം പ്രതിഫലിപ്പിക്കുന്ന അറബിക്കവിതകൾ നിരന്തരം ഉരുവിടാറുണ്ടായിരുന്നു.  
"ഇലാഹീ അൻത മഖ്്സ്വൂദീ, വ രിദാക മത്വ്്ലൂബീ"
(എന്റെ പടച്ചോനേ, നീയാണെന്റെ ലക്ഷ്യം; നിന്റെ തൃപ്തിയാണ് എന്റെ തേട്ടം) എന്ന വരികൾ അതിൽ പെട്ടതാണ്. ഉപ്പയുടെ ദുൻയവീ വിരക്തിക്ക് തെളിവായി ഇങ്ങനെയൊരു സംഭവം നാട്ടിൽ പലരും പറയുന്നുണ്ട്: വാണിമേൽ ദാറുൽ ഹുദാ അറബിക് കോളേജിന്റെ വഖ്ഫ് ഭൂമികളിൽനിന്ന് തേങ്ങ, അടക്ക, കുരുമുളക് തുടങ്ങിയവ ശേഖരിക്കുന്ന ജോലി ചെയ്യുകയായിരുന്നു ഉപ്പ. ഇടക്ക് വിളവ് കുറഞ്ഞു. അപ്പോൾ വിള കുറഞ്ഞിരിക്കുന്നുവെന്നും പഴയ ശമ്പളം തുടരേണ്ടെന്നും, വിളവ് കുറവായതിനാൽ ശമ്പളത്തിലും ആനുപാതികമായ കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ട്' ഉപ്പ കമ്മിറ്റിക്ക് കത്ത് നൽകി.
ഖുർആനുമായി അനുരാഗാത്മക ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. ഹാഫിള് അല്ലെങ്കിലും ആര് ഉപ്പയുടെ മുമ്പിൽ തെറ്റ് ഓതിയാലും ഉപ്പ പിടിക്കും. വാവിന് പകരം 'ഫ' വന്നാലും, ഹർകത്തുകളും ഇഅ്റാബുകളും തെറ്റിച്ചാലും ഉപ്പ വെറുതെ വിടില്ല. അത് ഖത്വീബായാലും ഇമാമായാലും അദ്ദേഹം ഇടപെട്ടിരിക്കും. ഞങ്ങളുടെ ഉമ്മ  പൊയിൽക്കണ്ടി മാമി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
മാധ്യമം ദിനപത്രത്തിൽ ആരംഭം മുതൽ റിപ്പോർട്ടറായിരുന്ന സൂപ്പി വാണിമേൽ, ജമാഅത്തെ ഇസ്്ലാമി ശൂറാ അംഗവും ചിന്തകനും എഴുത്തുകാരനുമായ ടി. മുഹമ്മദ് വേളം എന്നിവർ മരുമക്കളാണ്. സുമയ്യ, ശക്കീറ (കരണ്ടോട് സ്കൂൾ, പേരാമ്പ്ര), സഫിയ (ഐഡിയൽ സ്കൂൾ, കുറ്റ്യാടി), സഫീറ എന്നിവരാണ് മറ്റ് മരുമക്കൾ.

 

എ. നൂർജഹാൻ

ആലത്തൂരിലെ പൗരപ്രമുഖനും ആദ്യകാല ജമാഅത്ത് പ്രവർത്തകനുമായിരുന്ന എ.പി അബ്ദുല്ല സാഹിബിന്റെയും നബീസയുടെയും രണ്ടാമത്തെ മകളാണ് ബലി പെരുന്നാളിന്റെയന്ന് അല്ലാഹുവിലേക്ക് യാത്രയായ നൂർജഹാൻ. പ്രസ്ഥാന രൂപവത്കരണത്തിന്റെ ആദ്യകാലം മുതൽക്ക് തന്നെ പ്രസ്ഥാനത്തോടൊപ്പം വളർന്നതാണവർ. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഭീഷണികളെയും മഹല്ല് വിലക്കിനെയും അതിജീവിച്ചു.
പുലർകാലേയുള്ള ഖുർആൻ പാരായണം, നമസ്കാരത്തിലുള്ള നിഷ്ഠ, പ്രസ്ഥാന സാഹിത്യങ്ങളുടെ തുടർവായന, ഉദാര മനസ്സ് എന്നിവ നൂർ താത്തായുടെ പ്രത്യേകതകളാണ്. മക്കൾക്കെല്ലാം ദീനീ വിദ്യാഭ്യാസം നൽകാൻ അവർ കഴിയുന്നത്ര ശ്രമിച്ചു. ഹൽഖാ യോഗങ്ങളിൽ സമയനിഷ്ഠ പാലിക്കുന്നതിലും ബൈത്തുൽമാൽ ഏറ്റവുമാദ്യം നൽകുന്നതിലും അവർ എന്നും മുന്നിൽ നിന്നു.
പ്രസ്ഥാനത്തിന്റെ എഴുപതാം വാർഷിക വേളയിൽ പഴയ കാല പ്രവർത്തകരെ ആദരിക്കുന്ന വേദിയിലും അവർ സന്നിഹിതയായിരുന്നു. 11 സഹോദരങ്ങളടങ്ങുന്ന ആ കുടുംബത്തിന്റെ ഐക്യവും യോജിപ്പും കൂട്ടായ്മയുമെല്ലാം മറ്റുള്ളവർക്ക് മാതൃകയാണ്. കെ. ഉസ്മാനാണ് ഭർത്താവ്. മക്കൾ: സാജിദ, സുഹൈർ, ഖാസിം, റഷീദ, ഫൈസൽ. സഹോദരങ്ങൾ: ഐഷാ ബീവി, ഖമറുദ്ദീൻ, റുഖിയ, ഹുസൈൻ, പരേതനായ ശരീഫ്, റഹ്്മത്ത്, റംല ഉസ്മാൻ, ബൽഖീസ്, സാബിറ, നജ്മ.

ജന്നത്ത് ഹുസൈൻ ആലത്തൂർ 

 

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 26-28
ടി.കെ ഉബൈദ്

ഹദീസ്‌

പതിവാക്കേണ്ട രാത്രി നമസ്‌കാരം
പതിവാക്കേണ്ട രാത്രി നമസ്‌കാരം