Prabodhanm Weekly

Pages

Search

2023 ജൂലൈ 28

3311

1445 മുഹർറം 10

ഇസ്്ലാമോഫോബിയ മാറുന്ന ലോകക്രമവും തുടരുന്ന അക്രമങ്ങളും

ഡോ. ഹിശാമുൽ വഹാബ്

ഇസ്്ലാമോഫോബിയ എന്ന പ്രതിഭാസത്തെക്കുറിച്ച നിലവിലെ അനുകൂലവും പ്രതികൂലവുമായ ചർച്ചകൾക്ക്, മാറിക്കൊണ്ടിരിക്കുന്ന ആഗോള രാഷ്ട്രീയവുമായും ബഹുധ്രുവ ലോകക്രമത്തിന്റെ ആവിർഭാവവുമായും വളരെയധികം ബന്ധമുണ്ട്. അതേസമയം, 'മുസ്്ലിംപരത' (muslimness) ലക്ഷ്യമാക്കി ഭരണകൂടങ്ങളും സിവിൽ സമൂഹങ്ങളും മാധ്യമങ്ങളും ഉൽപാദിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയുടെ വേലിയേറ്റം ഇന്നും വർധിച്ചുവരികയാണ്.  ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള വിദ്വേഷാത്മകമായ വിശകലനങ്ങളും ചിത്രീകരണങ്ങളും ആഗോളതലത്തിൽ തന്നെ മുസ്‌ലിം വ്യക്തികളോടും സമുദായങ്ങളോടുമുള്ള വിവേചനത്തിനും ശത്രുതയ്ക്കും അവർക്കെതിരായ അതിക്രമങ്ങൾക്കും കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ആധിപത്യ ശക്തികളുടെയും മാധ്യമങ്ങളുടെയും ഇസ്‌ലാമോഫോബിക് സമീപനങ്ങളെ വിമർശിച്ചുകൊണ്ട് നിരവധി വ്യക്തിത്വങ്ങളും പ്രസ്ഥാനങ്ങളും രംഗത്ത് വരുന്നുണ്ട് എന്നതിനാൽ, സമീപ കാലങ്ങളിൽ അത്തരം ആഖ്യാനങ്ങളിൽ സ്പഷ്ടമായ മാറ്റം നമുക്ക് കാണാനാവുന്നുണ്ട്.
ഖാലിദ് ബെയ്ദൂൻ എഴുതിയ 'അമേരിക്കൻ ഇസ്്ലാമോഫോബിയ: ഭയത്തിന്റെ വേരുകൾ, ഉയർച്ച' (American lslamophobia: Understanding the Roots and Rise of Fear) എന്ന പുസ്തകം ഈ ദിശയിലുള്ള നല്ലൊരു പഠനമാണ്. ബെയ്ദൂന്റെ  അഭിപ്രായത്തിൽ, ഇസ്്ലാമിനോടുള്ള ഭയവും വെറുപ്പും  ആയി മനസ്സിലാക്കപ്പെടുന്ന ഇസ്്ലാമോഫോബിയ അമേരിക്കൻ രാഷ്ട്രീയത്തിലും പൗരസമൂഹത്തിലും ഉള്ളടങ്ങിയ ഒന്നാണ്. ഇത്, 1979-81-ലെ ഇറാൻ 'ബന്ദി പ്രതിസന്ധി'യോടനുബന്ധിച്ച് 62 യു.എസ് നയതന്ത്രജ്ഞരെ 444 ദിവസം ഇറാനിലെ ഒരു സംഘം വിദ്യാർഥികൾ തടവിലാക്കിയതിനുശേഷം മുതൽ ഗുരുതരമായ നിലയിൽ വളർന്നുവരികയാണ്. 1980-ൽ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ജിമ്മി കാർട്ടറിന്റെ പ്രതീക്ഷകൾക്ക് ഈ സംഭവം തിരിച്ചടിയായി. 36 വർഷങ്ങൾക്കു ശേഷം 2016-ൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ ബെയ്ദൂൻ കാണുന്നത് മുസ്‌ലിംകളെ അപകീർത്തിപ്പെടുത്താനുള്ള പാതയിലെ മറ്റൊരു ചവിട്ടുപടിയായിട്ടാണ്. അമേരിക്കയിൽ മാത്രമല്ല, ലോകതലത്തിൽ തന്നെ 9/11 - ലെ   ഏകദേശം 3,000 പേർ കൊല്ലപ്പെട്ട ആക്രമണം, ഇസ്്ലാമോഫോബിക് പ്രക്രിയ വളരെ വേഗത്തിലും ആഴത്തിലും വേരോടാൻ നിമിത്തമായി.
അമേരിക്കൻ ഐക്യനാടുകളിൽ ഇസ്‌ലാം ഉയർത്തുന്ന 'പ്രശ്‌ന'ത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബെയ്ദൂൻ ഉന്നയിക്കുന്നു: "അമേരിക്കയിലെ ഇസ്‌ലാം ഒരിക്കലും ഒരാൾ സ്വയം തെരഞ്ഞെടുക്കുന്ന മതമായിരുന്നില്ല. ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും നോട്ടത്തിൽ ഇസ്‌ലാം അന്നും ഇന്നും അപരത്വത്തിന്റെ മായാത്ത അടയാളമാണ്. ഭീകര-വിരുദ്ധ-യുദ്ധാനന്തര അമേരിക്കയിൽ ഇത് ഒരു രാഷ്ട്രീയ സ്വത്വമാണ്. അത് തീവ്രവാദ പ്രവർത്തനങ്ങളുടെയും അട്ടിമറിയുടെയും സംശയം തൽക്ഷണം ഉണർത്തുന്നു." അമേരിക്കയുടെ നവലോകക്രമത്തിൽ, ഒരു സുരക്ഷാരാഷ്ട്രത്തിന്റെ അപരവൽക്കരണത്തിന്റെ നിഴലിൽ ജീവിക്കേണ്ടിവരുന്ന മുസ്്ലിംകൾ എന്നത് സാർവലൗകിക പ്രതിഭാസമായി മാറിയത്  ഇന്ത്യയിൽ അനുഭവപ്പെട്ടത് യു.എ.പി.എ പോലെയുള്ള നിയമങ്ങളുടെ നിർവഹണത്തിലൂടെയാണ്. ഇന്നിപ്പോൾ ദേശദ്രോഹ കുറ്റം ആരോപിക്കാൻ ഏതെങ്കിലും സംഘടനാ അംഗത്വം പോലും ആവശ്യമില്ല. ജുഗുപ്സാവഹമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നു, സംഘടനകളും മാധ്യമങ്ങളും പോലും നിരോധിക്കപ്പെടുന്നു. ഇതൊക്കെ ഇപ്പോൾ സാമാന്യവത്കൃതമായ  നടപടികൾ മാത്രമാണ്.
മാർച്ച് 15 ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ പോരാടുന്നതിനുള്ള  അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചുകൊണ്ട്, ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ പൊതുവെയും, ന്യൂനപക്ഷ പശ്ചാത്തലങ്ങളിൽ ജീവിക്കുന്നവർ പ്രത്യേകിച്ചും നേരിടുന്ന അനീതികൾക്കെതിരെയുള്ള ഒരു സുപ്രധാന ചുവടുവെപ്പ് ഐക്യരാഷ്ട്രസഭ നടത്തുകയുണ്ടായി. 2019 മാർച്ച് 15-ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ 51 മുസ്്ലിംകൾ കൊലചെയ്യപ്പെട്ടത് ഇസ്്ലാമോഫോബിക് ഭീകരതയുടെ ഉദാഹരണമായി ഇനി മുതൽ എല്ലാ വർഷവും ഓർമിക്കപ്പെടും. ഇതിനോടനുബന്ധിച്ചു വായിക്കേണ്ട മറ്റൊരു സുപ്രധാന നീക്കമാണ്, അമേരിക്കൻ കോൺഗ്രസ് അംഗമായ ഇൽഹാൻ ഉമർ അവതരിപ്പിച്ച ആഗോള ഇസ്്ലാമോഫോബിയ കരട് രേഖ. പൗരത്വ നിഷേധത്തിന്റെയും അനുദിനമുള്ള അക്രമത്തിന്റെയും ദുഷ്‌കരമായ സാഹചര്യത്തിലൂടെ ഒരു തീവ്ര ഹിന്ദുത്വ ഭരണകൂടത്തിന് കീഴിൽ ജീവിക്കുന്ന ഒരു ജനത എന്ന നിലയിൽ ഇന്ത്യൻ മുസ്‌ലിംകൾ, തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദൈനംദിന പീഡനങ്ങളും ആവലാതികളും താൽക്കാലികമായെങ്കിലും ലോകത്തിനു മുമ്പിൽ അംഗീകരിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്.
ഇസ്‌ലാമോഫോബിയ എന്ന വിഷയത്തിൽ അവതരിപ്പിക്കപ്പെടുന്ന ആദ്യത്തെ അംഗീകൃത കമീഷൻ റിപ്പോർട്ടായ റണ്ണീമീഡ് ട്രസ്റ്റ് റിപ്പോർട്ട് ആ പ്രയോഗത്തെ നിർവചിക്കുന്നത് ഇങ്ങനെ: "മുസ്‌ലിംകളോടുള്ള അടിസ്ഥാനരഹിതമായ ശത്രുത, മുഴുവൻ മുസ്‌ലിംകളോടോ അല്ലെങ്കിൽ അവരിൽ ചിലരോടോ  ഉള്ള ഭയവും വെറുപ്പും." മുസ്‌ലിംകൾക്കെതിരെ അനുവർത്തിക്കപ്പെടുന്ന വിദ്വേഷ സമീപനത്തെക്കുറിച്ച വംശീയതാ സിദ്ധാന്ത ചട്ടക്കൂടാണ് ഈ വിശകലനത്തിന്റെ അടിസ്ഥാനം. ഈ സമീപനം ഇസ്‌ലാമോഫോബിയയെ പരിഗണിക്കുന്നത് മുസ്‌ലിംകളെ കുറിച്ച കേവല അജ്ഞതയുടെയോ അവരോടുള്ള വൈകാരിക രോഷത്തിന്റെയോ തലത്തിലാണ്. അതിനാൽ, പലപ്പോഴും ഈ വിശകലനം ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയ പശ്ചാത്തലത്തെ മറച്ചുപിടിക്കുന്നു. ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള പ്രാഥമിക നിഗമനമെന്ന നിലയിൽ, ഈ നിർവചനം ഇപ്പോഴും ഭരണകൂട വ്യവഹാരങ്ങളിൽ ഇടം കണ്ടെത്തുന്നു.
ഐക്യരാഷ്ട്രസഭ അംഗീകരിച്ച നിർവചനമനുസരിച്ച്, ഇസ്‌ലാമോഫോബിയ എന്നത് മുസ്‌ലിംകളോടോ അമുസ്‌ലിം വ്യക്തികളോടോ ഉള്ള ഭയം, മുൻവിധി, വെറുപ്പ് എന്നിവയാണ്. മുസ്‌ലിംകളെയും അല്ലാത്തവരെയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിലൂടെ ഓൺലൈനിലും ഓഫ്‌ലൈനിലും അത്  പ്രകോപനത്തിലേക്കും ശത്രുതയിലേക്കും അസഹിഷ്ണുതയിലേക്കും നയിക്കുന്നു. സ്ഥാപനപരവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും മതപരവുമായ ശത്രുതയാൽ പ്രചോദിതമായ ഈ സമീപനം ഘടനാപരവും സാംസ്കാരികവുമായ വംശീയതയിലേക്ക് കടന്നുപോകുന്നു, അത് ഒരു മുസ്്ലിം എന്നതിന്റെ അടയാളങ്ങളെയും സൂചകങ്ങളെയും  ലക്ഷ്യമിടുന്നു. പുതിയ പഠനങ്ങൾ അവകാശപ്പെടുന്നതുപോലെ, ഈ നിർവചനം രണ്ട് പ്രധാന മേഖലകളെ അഭിസംബോധന ചെയ്യുന്നു: “ഒന്നാമതായി, ഇസ്‌ലാമോഫോബിയയുടെ സ്ഥാപന തലങ്ങളും ഇരയുടെ (ആരോപിക്കപ്പെട്ട) മുസ്‌ലിം ഐഡന്റിറ്റിയുടെ ദൃശ്യപരതയാൽ പ്രേരിപ്പിച്ച അത്തരം മനോഭാവങ്ങളുടെ പ്രകടനങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ഊന്നിപ്പറയുന്നു. രണ്ടാമതായി, ഈ സമീപനം ഇസ്്ലാമോഫോബിയയെ വംശീയതയുടെ ഒരു 'പുതിയ' രൂപമായി വ്യാഖ്യാനിക്കുന്നു, അതിലൂടെ ഇസ്്ലാമിക മതവും പാരമ്പര്യവും സംസ്കാരവും ബ്രിട്ടീഷ്/പാശ്ചാത്യ മൂല്യങ്ങൾക്ക് ഒരു 'ഭീഷണി'യായി കാണുന്നു". സാംസ്കാരിക വംശീയതയുടെ മണ്ഡലങ്ങളിൽ ഇസ്്ലാമോഫോബിയ സ്ഥാപിക്കുന്നതിലൂടെ, മുസ്്ലിംകളുടെ സാംസ്കാരിക വ്യത്യാസം പലപ്പോഴും പാശ്ചാത്യ പശ്ചാത്തലത്തിൽ സാംസ്കാരിക വ്യതിയാനമായി കണക്കാക്കപ്പെടുന്നുവെന്ന് ഈ നിർവചനം വാദിക്കുന്നു.
ഇസ്്ലാമോഫോബിയയുടെ കൂടുതൽ സൂക്ഷ്മമായ സിദ്ധാന്തവൽക്കരണം മുസ്്ലിം ഡീകൊളോണിയൽ ചിന്തകർ മുന്നോട്ട് വെച്ചിട്ടുണ്ട്. അവർ അതിനെ കൊളോണിയൽ/പോസ്റ്റ് - ഓറിയന്റലിസ്റ്റ് കാലഘട്ടത്തിലെ അധികാര കിടമത്സരങ്ങളുടെ മണ്ഡലത്തിൽ സ്ഥാപിക്കുന്നു. ഇസ്‌ലാമോഫോബിയ റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ പ്രോജക്‌ട് (ഐ.ആർ.ഡി.പി)യുടെ നിർവചനപ്രകാരം, 'നിലവിലുള്ള യൂറോകേന്ദ്രീകൃത, ഓറിയന്റലിസ്റ്റ് ആഗോള ശക്തി ഘടനയാൽ ഉളവാക്കുന്ന ഒരു ആസൂത്രിത ഭയമോ മുൻവിധിയോ' ആണ് ഇസ്‌ലാമോഫോബിയ. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ബന്ധങ്ങളിലെ നിലവിലുള്ള അസമത്വങ്ങളുടെ പരിപാലനത്തിലൂടെയും വിപുലീകരണത്തിലൂടെയും, മുസ്്ലിമോ അല്ലെങ്കിൽ അല്ലാത്തവരോ ആയ സമൂഹങ്ങളുടെ 'നാഗരിക പുനരധിവാസം' നേടുന്നതിനുള്ള ഒരു ഉപകരണമായി അക്രമത്തെ വിന്യസിക്കേണ്ടതിന്റെ ആവശ്യകതയെ ഇസ്്ലാമോഫോബിയ ന്യായീകരിക്കുന്നു. ഇസ്‌ലാമോഫോബിയ ഒരു ആഗോള വംശീയ ഘടനയെ വീണ്ടും അവതരിപ്പിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു, അതിലൂടെ വിഭവ വിതരണ അസമത്വം നിലനിർത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നു.' ആധിപത്യ ശക്തി ഘടനകളുടെ പുനർ മൂല്യനിർണയത്തിനും ഇസ്‌ലാമോഫോബിയ എന്ന പ്രതിഭാസത്തെ വിശകലനം ചെയ്യുന്നതിൽ ഒരു മാതൃകാപരമായ മാറ്റത്തിനു വേണ്ടി വാദിക്കാനും ഈ നിർവചനം മതിയായ പ്രാധാന്യം നൽകുന്നു.
ഹിന്ദുത്വ തീവ്രവാദത്തിന് കീഴിലുള്ള അപകടകരമായ ഫാഷിസ്റ്റ് ഭരണകൂട നടപടികൾ കാരണം ഇസ്്ലാമോഫോബിയ എന്ന ആശയം ഇന്ത്യയിൽ വ്യാപകമായ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിൽ മുസ്്ലിംവിരുദ്ധ വികാരത്തെ സൂചിപ്പിക്കുന്ന നിരവധി പദങ്ങൾ നിലവിലുണ്ടെങ്കിലും, മുസ്്ലിം ബുദ്ധിജീവികളുടെയും പ്രവർത്തകരുടെയും നിരന്തര പരിശ്രമത്താൽ 'ഇസ്്ലാമോഫോബിയ' എന്ന പദം സമകാലിക ജനകീയ ആഖ്യാനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. അതിനാൽ, ഇസ്‌ലാമോഫോബിയയുടെ വ്യവഹാരം ഇന്ത്യയിലെ മുസ്‌ലിംകൾക്ക് 'വർഗീയത', 'മുസ്‌ലിംവിരുദ്ധ വിദ്വേഷം' തുടങ്ങിയ മറ്റു പദങ്ങളിൽനിന്ന് വ്യത്യസ്തമായി ആത്മനിഷ്ഠമായ സ്ഥാനം നൽകി. ‘ഒരു നാണയത്തിന്റെ ഇരുവശങ്ങൾ’ തുടങ്ങിയ പ്രയോഗങ്ങളുടെ മറവിൽ 'വർഗീയത' എന്ന സംവർഗത്തെ ഇരുതല മൂർച്ചയുള്ള വാളായിട്ടാണ് ഇന്ത്യയിൽ പൊതുവേ ഉപയോഗിച്ചിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുടനീളം, ഇന്ത്യയിലെ മുസ്്ലിംകളെയും മറ്റു സംഖ്യാ ന്യൂനപക്ഷങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ട് 'വർഗീയ കലാപം' എന്ന് വിളിക്കപ്പെടുന്ന അക്രമങ്ങൾ പോലീസിന്റെ സഹായത്തോടെയോ അല്ലെങ്കിൽ അനുമതിയോടെയോ ആണ് ഹിന്ദുത്വ സംഘങ്ങൾ ആസൂത്രിതമായി സംഘടിപ്പിച്ചത് എന്നത് യാഥാർഥ്യമാണ്. അതിനാൽ തന്നെ അത്തരം അക്രമങ്ങളിലെ ഭരണകൂട സഹകരണത്തെ വ്യക്തമായി അടിവരയിട്ടുകൊണ്ട് അവയെ 'പോഗ്‌രോം' (pogrom), 'വംശഹത്യ' (genocide), ‘വംശീയ ഉന്മൂലനം’ (extermination) എന്നീ പദപ്രയോഗങ്ങളാൽ വിശേഷിപ്പിക്കേണ്ടതുണ്ട്.
പോൾ ബ്രാസ്സിന്റെ അഭിപ്രായത്തിൽ, പ്രതീക്ഷിക്കപ്പെടുന്ന രാഷ്ട്രീയ വെല്ലുവിളികളുടെ കാലഘട്ടത്തിൽ ഹിന്ദു വോട്ട്ബാങ്ക് ഏകീകരിക്കുന്നതിനായി ഹിന്ദുത്വ തീവ്രവാദികൾ പരിപാലിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഒരു 'സ്ഥാപനവത്കൃത കലാപ സമ്പ്രദായം' ഇന്ത്യയിൽ നിലവിലുണ്ട്. വംശ കേന്ദ്രീകൃതമായ നാസിസത്തെയും രാഷ്ട്ര കേന്ദ്രീകൃതമായ ഫാഷിസത്തെയും സംയോജിപ്പിച്ചു കൊണ്ട്  സംഘടനാ അടിസ്ഥാനത്തിലുള്ള ഇന്ത്യൻ ഹിന്ദുത്വ, 'ഹിന്ദു-ഹിന്ദി-ഹിന്ദുസ്ഥാൻ'  എന്ന തത്ത്വത്തിൽ നിലനിൽക്കുന്ന ഹിന്ദു രാഷ്ട്ര നിർമാണമാണ് ലക്ഷ്യം വെക്കുന്നത്. അംബേദ്കർ പറഞ്ഞതുപോലെ, “ഹിന്ദു സമൂഹം കേവലം ജാതികളുടെ ശേഖരം മാത്രമാണ്. ഓരോ ജാതിയും അതിന്റെ അസ്തിത്വത്തെക്കുറിച്ച് ബോധവാന്മാരാണ്. അതിന്റെ നിലനിൽപാണ് അതിന്റെ അസ്തിത്വത്തിന്റെ ജീവൻ. ജാതികൾ ഒരു ഫെഡറേഷൻ പോലും ഉണ്ടാക്കുന്നില്ല. ഹിന്ദു-മുസ്‌ലിം കലാപം ഉണ്ടാകുമ്പോഴല്ലാതെ ഒരു ജാതിക്ക് മറ്റു ജാതികളുമായി ബന്ധമുണ്ടെന്ന തോന്നൽ ഉണ്ടാകില്ല”. ഈയൊരു ജാതി അധിഷ്ഠിത ശിഥിലീകരണത്തെ തടഞ്ഞുനിർത്താൻ, അന്യ/അപരവൽക്കരണത്തിന്റെ മുന തിരിച്ചു വെച്ചിരിക്കുന്നത് പ്രാഥമികമായി മുസ്്ലിംകളിലേക്കാണ് (പിന്നീട്, ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും). ഉദാഹരണത്തിന്, ഹിന്ദു ഐക്യത്തിനു നേരെ മണ്ഡൽ കമീഷൻ റിപ്പോർട്ട് ഉയർത്തിയ ഭീഷണിയെ അട്ടിമറിക്കാൻ എൽ.കെ അദ്വാനി നടത്തിയ രഥയാത്ര  ലക്ഷ്യമിട്ടത് ബാബരി മസ്ജിദ് തകർക്കലായിരുന്നു. മുപ്പത് വർഷത്തിന് ശേഷം, തങ്ങൾ വാഗ്ദാനം ചെയ്ത പദ്ധതി പ്രകാരം, സംഘ് പരിവാറിന് ബാബരി നിയമക്കേസിൽ വിജയിക്കാനും അതേ സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാനും സാധിച്ചു. സംഘ് പരിവാറിന്റെ സുസ്ഥിരമായ പരിശ്രമത്തിന്റെ ഈ കാലയളവിനെ വിശകലനം ചെയ്യുമ്പോൾ, 'ഒരു കല്ലിന് രണ്ട് പക്ഷി' എന്ന രീതിയിൽ അവർ പ്രതിസന്ധിയെ വിദഗ്ധമായി കൈകാര്യം ചെയ്തുവെന്ന് വ്യക്തമാണ്. ജാതി കേന്ദ്രീകൃത ജനതയെ  ഭാരതീയവും ഹൈന്ദവവുമായ തലത്തിൽ ഏകീകരിച്ച്,  മുഗൾ നിർമിത മസ്ജിദ് പൊളിച്ചുമാറ്റി  സംഘ് വ്യവഹാരത്തിൽ കേന്ദ്ര കഥാപാത്രമായ രാമന്റെ പേരിലുള്ള ഒരു ക്ഷേത്രം പണിതു.
മുസ്‌ലിംകൾക്കെതിരായി കേവലം ജനകീയ/ജനക്കൂട്ട മുന്നേറ്റങ്ങളിൽ മാത്രം ഒതുങ്ങാതെ, തങ്ങളുടെ അജണ്ടകൾക്ക് നിയമസംവിധാനത്തിൽനിന്ന് അംഗീകാരം നേടാനും സംഘ് പരിവാർ ശ്രമിക്കുന്നതിനാൽ, ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ പോരാട്ടം രാഷ്ട്രീയവും നിയമപരവുമായ മുന്നണികളിൽ തുടരേണ്ടതുണ്ട്. പൗരത്വ നിയമവും, ലൗ ജിഹാദിന്റെ പേരിലുള്ള  മതപരിവർത്തന നിരോധ നിയമവും, ഒടുവിൽ ഏക സിവിൽ കോഡുമെല്ലാം ഇത്തരത്തിലുള്ള നിയമ നടപടികളിലൂടെയാണ് ഹിന്ദുത്വ വിഭാഗങ്ങൾ സാമാന്യവൽക്കരിക്കുന്നത്. 
ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യരാഷ്ട്രസഭ നൽകിയ അംഗീകാരം പ്രകടനപത്രികകളിലും നയപരിപാടികളിലും പ്രധാന വിഷയമാക്കുന്നതിന് പ്രധാന രാഷ്ട്രീയ പാർട്ടികളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. മാത്രമല്ല, പട്ടിക ജാതി സമുദായങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിന് സമാനമായി ഇസ്്ലാമോഫോബിയയെ ക്രിമിനൽ കുറ്റമാക്കുന്നതിന് ഒരു സുസ്ഥിരമായ നിയമപോരാട്ടം ആവശ്യമാണ്. മാനവ് സുരക്ഷാ കാനൂൻ (masuka) പോലുള്ള ആൾക്കൂട്ട കൊലപാതക വിരുദ്ധ നിയമങ്ങളുമായി ബന്ധപ്പെട്ട വളരെയധികം ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും, പ്രാഥമിക ഘട്ടത്തിന് ശേഷം ഇടപെടുന്നവരുടെ ഭാഗത്തുനിന്നുള്ള സ്ഥിരോത്സാഹത്തിന്റെ അഭാവം കാരണം കാര്യങ്ങൾ എങ്ങുമെത്താതെ പോവുകയാണ്. അതേസമയം, ദേശീയ മണ്ഡലത്തിനപ്പുറം,  ഇന്ത്യൻ ഇസ്‌ലാമോഫോബിയയെ ആഗോള തലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിത്. ഉദാഹരണത്തിന്, നമുക്ക് കാണാനാകുന്നതുപോലെ, കോവിഡിന്റെ പേരിൽ സർക്കാരും മാധ്യമങ്ങളും മുസ്‌ലിംകളെ ലക്ഷ്യം വെച്ചപ്പോൾ, അറബികൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചു, #IslamophobiaInIndia ട്രെൻഡിംഗിൽ ഒന്നാമതെത്തി. ന്യൂനപക്ഷങ്ങൾക്കെതിരായി തങ്ങൾ ചെയ്യുന്ന നികൃഷ്ടമായ കുറ്റകൃത്യങ്ങളുടെ അന്താരാഷ്ട്ര പ്രതികരണത്തെ സംഘ് ഭരണകൂടം എപ്പോഴും ഭയപ്പെടുന്നു എന്നതാണ് സത്യം. അതിനാൽ, ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ പോരാട്ടം പ്രശ്‌നകലുഷമായ സമകാലിക സാഹചര്യത്തിൽ നമ്മുടെ സുസ്ഥിര ശ്രദ്ധ ആവശ്യപ്പെടുന്നു. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 26-28
ടി.കെ ഉബൈദ്

ഹദീസ്‌

പതിവാക്കേണ്ട രാത്രി നമസ്‌കാരം
പതിവാക്കേണ്ട രാത്രി നമസ്‌കാരം