Prabodhanm Weekly

Pages

Search

2023 ജൂലൈ 28

3311

1445 മുഹർറം 10

അസമത്വമാണ് പ്രശ്നങ്ങളുടെ അടിവേര്

സയ്യിദ്‌ സആദത്തുല്ലാ ഹുസൈനി / എ. റഹ്്മത്തുന്നിസ

# താങ്കൾ പറഞ്ഞതുപോലെ മുസ്്ലിം ഉമ്മത്തിനെ സജീവമാക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം. എന്നാൽ, രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും സമൂഹത്തിന്റെ ഇന്നത്തെ ദയനീയാവസ്ഥ കണക്കിലെടുക്കുമ്പോൾ, ഖുർആൻ വിളിക്കുന്നതുപോലെ ഖൈറു ഉമ്മത്ത് എന്ന നിലയിൽ ഉമ്മത്തിനെ ശാക്തീകരിക്കാനും അവരെ പ്രാപ്തരാക്കാനും എന്തെങ്കിലും കർമപദ്ധതി രൂപകൽപന ചെയ്തിട്ടുണ്ടോ?

ഈ മീഖാത്തിലെ നയപരിപാടിയിൽ ജമാഅത്ത് ഉൾപ്പെടുത്തിയിട്ടുള്ള ഒരു സുപ്രധാന പ്രവർത്തനം മുസ്്ലിം ഉമ്മത്തിന്റെ മൊത്തത്തിലുള്ള വികസനമാണ്.  കമ്യൂണിറ്റി  അഭിമുഖീകരിക്കുന്ന ബഹുമുഖ സമ്മർദങ്ങൾ കാരണം വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ എല്ലായിടത്തും ഇപ്പോൾ വളരെ മോശമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഓരോ ദിവസവും സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്.  വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് ശേഷം, രാജ്യത്തുടനീളമുള്ള മുസ്്ലിം ഉമ്മത്തിന്റെ പുരോഗതിയെ സംബന്ധിച്ച് ക്രിയാത്മകമായ വികസനത്തിന് പകരം നിഷേധാത്മകമായ വികസനമാണ് ഉണ്ടാകുന്നത് എന്നതാണ്. ഇത് ജമാഅത്ത്  വളരെ പ്രധാനപ്പെട്ട ഒരു മേഖലയായി കണക്കാക്കുന്നു. അതിനാൽ, ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ എല്ലാ പ്രവർത്തകരും, മുസ്്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും അവരുടെ സാമ്പത്തിക ക്ഷേമത്തിനും വേണ്ടി  പ്രവർത്തിക്കും. ഇതിനായി നിരവധി പ്രവർത്തന പരിപാടികൾ  നിലവിലെ മീഖാത്തീ പ്രോഗ്രാമിൽ   ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, രാജ്യത്തുടനീളം കുറഞ്ഞത് 300 പലിശ രഹിത സൊസൈറ്റികൾ രൂപവത്കരിക്കുമെന്ന് ഇത്തവണത്തെ പോളിസിയിൽ ഉണ്ട്. ഈ സൊസൈറ്റികൾ പിന്നാക്ക, അധഃസ്ഥിത സമൂഹങ്ങളിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കും. ഈ പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഗുണഭോക്താവ് മുസ്്ലിം സമുദായമായിരിക്കും. 

# കഴിഞ്ഞ മീഖാത്തിൽ, സ്ത്രീകൾക്കിടയിൽ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതാണ് പ്രസ്ഥാനത്തിന്റെ വിപുലീകരണത്തിനുള്ള കുറുക്കുവഴി എന്ന് താങ്കൾ പറഞ്ഞിരുന്നു. സ്ത്രീകൾക്ക് അവരുടെ കുടുംബത്തിലുള്ള സ്വാധീനമാണ് അതിനുള്ള കാരണമായി താങ്കൾ ചൂണ്ടിക്കാണിച്ചത്.  പക്ഷേ, ഇപ്പോൾ പോലും ഒരു പ്രധാന വെല്ലുവിളി സ്ത്രീകളെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ല എന്നതാണ്. ഇത് പലപ്പോഴും ആളുകൾ ആഗ്രഹിക്കാത്തതു കൊണ്ട് മാത്രമല്ല; മറിച്ച്, നിലനിൽക്കുന്ന സാമൂഹിക സാഹചര്യം സ്ത്രീ സൗഹൃദപരമല്ല എന്നതുകൊണ്ട് കൂടിയാണ്. അവരെ കൂടുതലായി ഉൾപ്പെടുത്തുന്നതിനുള്ള എന്ത് പ്രവർത്തന പദ്ധതിയാണ് താങ്കൾ മുന്നിൽ കാണുന്നത്?

നമ്മുടെ വനിതാ കേഡറിന്റെ ശക്തി വർധിക്കണം. നമ്മുടെ നേതൃ സ്ഥാനങ്ങൾ, ഉപദേശക സമിതികൾ, വർക്കിംഗ് ഗ്രൂപ്പുകൾ - എല്ലായിടത്തും സ്ത്രീകളുടെ സാന്നിധ്യമുണ്ടാവണം. സ്ത്രീകൾക്ക് വലിയ കഴിവുകളുണ്ട്. മുസ്്ലിംകളിൽ പോലും അവർ കൂടുതൽ വിദ്യാഭ്യാസമുള്ളവരും വളരെയേറെ ഉൾക്കാഴ്ചയുള്ളവരുമാണ്. അവരുടെ കഴിവും ശക്തിയും പ്രയോജനപ്പെടുത്തിയാൽ നമ്മുടെ പ്രവർത്തനങ്ങൾ പലമടങ്ങ് വർധിക്കും. അതുകൊണ്ടാണ് വിപുലീകരണത്തിന്റെയും ഏകീകരണത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കുറുക്കുവഴിയെന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. പുരുഷന്മാർ പ്രതികരിക്കുന്നതിനെക്കാൾ വളരെ ചടുലമായി സ്ത്രീകൾ നിങ്ങളോട് പ്രതികരിക്കും.
സ്ത്രീകളെ സംബന്ധിച്ച് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന സ്റ്റീരിയോടൈപ്പ് ധാരണകൾ തിരുത്തണം. ഇസ്്ലാം സ്ത്രീകൾക്ക് വളരെ മാന്യമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. അത് അവർക്ക് പൂർണ സ്വാതന്ത്ര്യവും എല്ലാ അവകാശങ്ങളും നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്്ലാം വിഭാവനം ചെയ്യുന്ന ഒരു ജീവിത സാഹചര്യം അവർക്കുണ്ടാവണം. ഇസ്്ലാമിക ചരിത്രത്തിന്റെ സുവർണ കാലഘട്ടങ്ങളിൽ വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടൽ എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകൾ മുൻപന്തിയിലായിരുന്നു. എല്ലായിടത്തും സ്ത്രീകൾ നേതൃപരമായ പങ്ക് വഹിച്ചു. വ്യത്യസ്ത സംസ്കാരങ്ങളുടെ സ്വാധീനം കാരണമാണ് ആ  പാരമ്പര്യങ്ങൾക്ക് നമ്മുടെ സമൂഹത്തിൽ നിലനിൽക്കാൻ കഴിയാത്തത്.
പല സ്റ്റീരിയോടൈപ്പ് ധാരണകളും നമ്മുടെ സമൂഹത്തിലും ഇടം നേടി. അതുമൂലം സ്ത്രീകളുടെ പങ്ക് വളരെ കുറഞ്ഞു. അൽഹംദു ലില്ലാഹ്, ജമാഅത്തെ ഇസ്്ലാമിക്ക് എക്കാലത്തും സ്ത്രീശക്തി പ്രയോജനപ്പെട്ടിട്ടുണ്ട്. നാം മനസ്സ് വെച്ചാൽ വളരെ നല്ല ഒരു വനിതാ പ്രവർത്തക സംഘത്തെ നമുക്ക് ഉണ്ടാക്കിയെടുക്കാം. നമ്മൾ വിഭാവനം ചെയ്യുന്ന തരത്തിലുള്ള മാറ്റം കൊണ്ടുവരാൻ അത് വളരെ ഫലപ്രദമായിരിക്കും.  സാധാരണ പുരുഷന്മാരിൽ കാണാറുള്ള നിക്ഷിപ്ത  രാഷ്ട്രീയ താൽപര്യങ്ങളൊന്നും സ്ത്രീകളിൽ കാണാറില്ല. അവർ കൂടുതൽ ആത്മാർഥതയുള്ളവരും അവരുടെ വിശ്വാസങ്ങളോട് കൂടുതൽ സത്യസന്ധരുമാണ്. അതിനാൽ, ഇസ്്ലാമിക അധ്യാപനങ്ങളുടെ  അകക്കാമ്പ്   അവരെ ബോധ്യപ്പെടുത്തിയാൽ അവർക്കത് എളുപ്പത്തിൽ ബോധ്യപ്പെടും. അതുവഴി പൊതുജനാഭിപ്രായം മാറ്റിയെടുക്കാനും കഴിയും.

# കഴിഞ്ഞ മീഖാത്തിൽ നമുക്കുണ്ടായിരുന്ന മറ്റൊരു മുദ്രാവാക്യമാണ് 'യംങ് ജമാഅത്ത്.' ഞാൻ മനസ്സിലാക്കിയേടത്തോളം, ഇതിന് രണ്ട് അർഥങ്ങളാണുള്ളത്: അതിലൊന്ന്, പഴയ തലമുറ അവരുടെ അറിവും കഴിവുകളും അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിക്കണം എന്നതാണ്.  പുതിയ ട്രെൻഡുകൾ മനസ്സിലാക്കാനും  നവ തലമുറയോട്  കൂടുതൽ ഫലപ്രദമായി ആശയവിനിമയം നടത്താനും അതവരെ പ്രാപ്തരാക്കും. രണ്ടാമതായി ജമാഅത്ത് കൂടുതൽ യുവ പ്രവർത്തകരെ നമ്മുടെ കേഡർ ഫോഴ്സിലും അതുപോലെത്തന്നെ പ്രവർത്തനങ്ങളിലും ഉൾപ്പെടുത്തണം എന്നുള്ളതാണ്. അതിലൂടെ ജമാഅത്തിന് ഒരു യുവത്വം കൈവരും. ഇതിനെ കുറിച്ച് പുതിയ പോളിസിയിൽ എന്താണ് പറയുന്നത്? 

ഈ വിഷയത്തിൽ കഴിഞ്ഞ മീഖാത്തിലെ പദ്ധതികൾ തുടരാൻ തന്നെയാണ് തീരുമാനം. ഇപ്പോഴും നമ്മുടെ വർക്ക് ഫോഴ്സിന് മുഴുവൻ പോപ്പുലേഷന്റെയും ഊർജസ്വലത (ഡൈനാമിക്സ്) കൈവന്നിട്ടില്ല. നമ്മുടെ സംഘടനാ പോപ്പുലേഷനിൽ ഉള്ള പ്രായഭേദം അതുമായി പൊരുത്തപ്പെടുന്നില്ല. ഇന്ത്യയിലെ പൊതുസമൂഹത്തിൽ, ജനസംഖ്യയുടെ മൂന്നിൽ രണ്ട് പേരും 35 വയസ്സിന് താഴെയുള്ളവരാണ്. അഡൾട്ട് പോപ്പുലേഷൻ മാത്രം എടുത്താൽ, ഏകദേശം 50 ശതമാനം  35 വയസ്സിൽ താഴെയാണ്. ഇതാണ്  പൊതുസമൂഹത്തിന്റെ  ചിത്രം. പക്ഷേ, ആ ഒരു അനുപാതത്തിലല്ല ജമാഅത്തിന്റെ സംഘടനാ പോപ്പുലേഷൻ. സംഘടനയിലെ ഓരോ ഘടകത്തിലും യുവതലമുറയിൽനിന്ന് റുക്്നോ കാർകുനോ ആയവരുടെ എണ്ണം വളരെയധികം കുറവാണ്.  സാധാരണയായി, വളരെ പ്രായമായ ആളുകളാണ് അവിടെ  എണ്ണത്തിൽ കൂടുതലുള്ളത്.
ഇവിടെ, നമ്മുടെ പ്രവർത്തക വൃന്ദത്തിലെ യുവജന പങ്കാളിത്തം നേരത്തെപ്പറഞ്ഞ അവരുടെ  ജനസംഖ്യയുമായി ഒത്തുപോകുന്നതു വരെ നമുക്ക് മുഴുവൻ സമൂഹത്തെയും സ്വാധീനിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പ്രസ്ഥാന ഘടനയിൽ യുവജനസംഖ്യ വർധിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്. വളരുന്ന ഏതൊരു പ്രസ്ഥാനത്തിലും യുവാക്കളുടെ എണ്ണം കൂടുതലായിരിക്കണം എന്നതാണ് രണ്ടാമത്തെ കാര്യം. ഈ വിഷയത്തിൽ എപ്പോഴും ഞാൻ ഒരു സാധാരണ കുടുംബത്തിന്റെ ഉദാഹരണം നൽകാറുണ്ട്. ഏതൊരു സാധാരണ കുടുംബത്തിലും ഒരു വല്യുപ്പയും വല്യുമ്മയും ആണ് ഉണ്ടാവുക. അതായത് ഒന്നോ രണ്ടോ ആളുകൾ മാത്രമാണ് ആദ്യ തലമുറയിൽനിന്ന് അവിടെ ഉണ്ടാവുക. പുത്രിമാരും പുത്രന്മാരും ഒക്കെയായി രണ്ടാം തലമുറയിൽ  ആറോ എട്ടോ പേരും അതിനെക്കാൾ ഏറെ അംഗസംഖ്യ ആ കുടുംബത്തിലെ പേരമക്കളായും ഉണ്ടാകും. അങ്ങനെ തലമുറ ചെറുപ്പമാകുന്തോറും അതിലെ യുവ അംഗങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. വളരുന്ന ഏതൊരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും സാധാരണ അവസ്ഥ അതാണ്. അതിനാൽ, വളരുന്ന ഏതൊരു പ്രസ്ഥാനത്തിലും ആ മാതൃക പ്രതിഫലിച്ചിരിക്കണം. 
അവിടെ യുവജനങ്ങളുടെ പ്രാതിനിധ്യം എണ്ണത്തിൽ കൂടുതലായിരിക്കണം. അങ്ങനെ വന്നാൽ നിങ്ങൾ വളർന്നുവരുന്ന ഒരു പ്രസ്ഥാനമാണെന്നും പുതു തലമുറയെ സ്വാധീനിക്കുന്നുവെന്നുമാണ് അതിനർഥം.  പ്രായമായവർ പ്രധാനമല്ലെന്ന് ഇതിനർഥവുമില്ല. തീർച്ചയായും ഇത് പഴയ തലമുറയിലൂടെ കൂടിയും ഉണ്ടാവേണ്ട കാര്യം തന്നെയാണ്.  അവർ ചെറുപ്പക്കാർക്ക് ശക്തിയുടെയും പ്രചോദനത്തിന്റെയും ഉറവിടമായി മാറുന്നു. അവരാണ് യുവതലമുറയെ വളർത്തുകയും ഒരുക്കുകയും ചെയ്യുന്നത്.
അതിനാൽ, ആ മുദ്രാവാക്യം ഇപ്പോഴും പ്രസക്തമാണ്. യുവജനങ്ങളെ നമ്മുടെ കൂട്ടത്തിലേക്ക് കൊണ്ടുവരാനും നമ്മുടെ പ്രസ്ഥാനത്തെ കൂടുതൽ യുവജന സൗഹൃദമാക്കാനും നാം വളരെയധികം പ്രവർത്തിക്കേണ്ടതുണ്ട്. ഇത്തവണ നമ്മുടെ  കേഡറിലേക്കുള്ള പുതിയ എൻട്രികളിൽ 30 ശതമാനമെങ്കിലും 40-ൽ താഴെയായിരിക്കണം എന്ന ലക്ഷ്യം പുതിയ നയത്തിലും പ്രോഗ്രാമിലും നാം രേഖപ്പെടുത്തിയിട്ടുണ്ട്.

# കഴിഞ്ഞ പ്രവർത്തന കാലയളവിൽ നമ്മൾ  നാഷനൽ ഫെഡറേഷൻ ഓഫ് ജി.ഐ.ഒ സ്ഥാപിച്ചിട്ടുണ്ട്. മിക്ക സോണുകളിലും ജി.ഐ.ഒ വളരെ സജീവമാണിപ്പോൾ. എസ്.ഐ.ഒയും ശക്തിപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്യുന്നു. എസ്.ഐ.ഒയുടെ കേന്ദ്ര ഉപദേശക സമിതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രാതിനിധ്യമുണ്ട്. പുതിയ മീഖാത്തിന്റെ ദൗത്യം ഏറ്റെടുക്കുമ്പോൾ പോഷക സംഘടനകളിൽനിന്ന്  എന്താണ് പ്രതീക്ഷിക്കുന്നത്?

മേൽപ്പറഞ്ഞ രണ്ട് സംഘടനകളും സ്വതന്ത്ര സംഘടനകളാണ്. അവരാണ് അവരുടെ നയപരിപാടികൾ രൂപവത്കരിക്കുന്നത്. ജമാഅത്ത് അവർക്ക് അങ്ങനെയൊരു രൂപമാണ് നൽകിയിരിക്കുന്നത്. ശരിയായ സ്വാതന്ത്ര്യത്തിലൂടെ മാത്രമേ അവർക്ക് വരുംസാഹചര്യങ്ങളെ നേരിടാനാകൂ.
അതിനാൽ, നമ്മൾ ആസൂത്രണം ചെയ്യുന്നതൊന്നും അവരെ ബന്ധനത്തിലാക്കുന്നില്ല. സുപ്രധാന കാഴ്ചപ്പാടിൽനിന്നും മീഖാത്തി ദൗത്യത്തിൽനിന്നും അവർ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. പൊതുജനാഭിപ്രായ രൂപവത്കരണം ഒരു ദൗത്യമായി ഏറ്റെടുക്കുന്നത് അവരെ സംബന്ധിച്ചും പ്രസക്തമാണ്.  വ്യത്യസ്‌ത സമുദായങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ അവരും ഈ രീതിയിൽ പ്രവർത്തിക്കുമെന്നും ഇസ്്ലാമിന്റെ യഥാർഥ പാഠങ്ങൾ അവരുമായി ആശയവിനിമയം നടത്തുമെന്നും, അവരുടെ തെറ്റിദ്ധാരണകൾ നീക്കാനും അവരെ ഒരുമിച്ച് കൊണ്ടുവരാനും സമാധാനത്തിന്റെയും നീതിയുടെയും മെച്ചപ്പെട്ട അന്തരീക്ഷത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും നമ്മൾ  പ്രതീക്ഷിക്കുന്നു. നമ്മുടെ ദൗത്യവും പരിപാടികളും യുവാക്കളിലുമെത്തണം.  വിവിധ തലങ്ങളിലുള്ള ആളുകളുമായി ഇടപഴകാനും മതാന്തര സംവാദങ്ങൾ, സിവിൽ സൊസൈറ്റി ആക്ടിവിസം എന്നിവയിലൂടെ രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിന് സംയുക്ത ശ്രമങ്ങൾ നടത്താനും നയപരിപാടിയിൽ തീരുമാനിച്ചിട്ടുണ്ട്. ബുദ്ധിജീവികൾക്കായി ഫോറങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. മത നേതാക്കൾക്കായി, ധാർമിക ജൻ മോർച്ച പോലുള്ള ഫോറങ്ങൾ പ്രവർത്തിക്കുന്നു. അടിത്തട്ടിൽ സദ്ഭാവന മഞ്ച് ആരംഭിച്ചിട്ടുണ്ട്. ഈ മീഖാത്തിൽ യുവാക്കൾക്കിടയിൽ ഈ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. 

# നമ്മുടെ കേഡറിന്റെ മുൻകൈയിൽ ധാരാളം ആനുകാലികങ്ങൾ  പ്രസിദ്ധീകരിക്കുന്നുണ്ട്. മറ്റു മാധ്യമ പ്രവർത്തനങ്ങളും ഉണ്ട്. നിലവിലുള്ള പ്രസിദ്ധീകരണ സംവിധാനങ്ങളിലും മീഡിയാ ആക്ടിവിസത്തിലും താങ്കൾ തൃപ്തനാണോ? 

പല പ്രസിദ്ധീകരണങ്ങളും നടത്തുന്നത് സ്വതന്ത്ര സംഘടനകളും ട്രസ്റ്റുകളും സൊസൈറ്റികളുമൊക്കെയാണ്. എല്ലാ പ്രസിദ്ധീകരണങ്ങളും പൂർണമായും ജമാഅത്തിന്റെതാവണമെന്നില്ല. ജമാഅത്ത് അംഗങ്ങളും അനുഭാവികളും അംഗങ്ങളായ ട്രസ്റ്റുകളും സൊസൈറ്റികളും നടത്തുന്ന പ്രസിദ്ധീകരണങ്ങളെ മാത്രമല്ല,  മുഖ്യധാരാ പ്രസിദ്ധീകരണങ്ങളെയും സ്വാധീനിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.
ഈ  സൊസൈറ്റികളും ട്രസ്റ്റുകളും നടത്തുന്ന പ്രസിദ്ധീകരണങ്ങളിൽ  പൂർണ തൃപ്തനാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. അവയുടെ നിലവാരം ഇനിയും മെച്ചപ്പെടണം. പല സംസ്ഥാനങ്ങളിലും പ്രസിദ്ധീകരണങ്ങളുടെ വ്യാപ്തി വളരെ പരിമിതമാണ്. ഇലക്ട്രോണിക്, വിഷ്വൽ ആശയവിനിമയങ്ങളും ഇപ്പോഴും വളരെ ദുർബലമാണ്. ഈ കാലയളവിൽ  മാധ്യമ വിഭാഗത്തെ ശക്തിപ്പെടുത്താൻ വലിയ തോതിൽ ശ്രമങ്ങളുണ്ടാവും.  പ്രഫഷനലായ നിരവധി യുവാക്കൾ നമ്മുടെ മാധ്യമ വിഭാഗത്തിൽ വന്നുചേർന്നിട്ടുണ്ട്.  അവരിലൂടെ ഈ  മീഡിയാ ട്രസ്റ്റുകളെയും സൊസൈറ്റികളെയും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളെയും മെച്ചപ്പെടുത്താൻ ശ്രമിക്കും.

# മില്ലത്തിന്റെ ഏകോപനം, ഐക്യം, പൊതു മുസ്്ലിം വേദികളെ ശക്തിപ്പെടുത്തൽ- ഇവയെല്ലാം വളരെ അനിവാര്യമായ സന്ദർഭമാണിത്. താങ്കൾ ഓൾ ഇന്ത്യാ മുസ്്ലിം പേഴ്സനൽ ലോ ബോർഡിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. ഈ പ്ലാറ്റ്‌ഫോമുകൾ മതിയോ, അതോ ഇതു പോലുള്ള വേറെ പ്ലാറ്റ്‌ഫോമുകളും  ആവശ്യമുണ്ടെന്ന് കരുതുന്നുണ്ടോ?

ഈ പ്ലാറ്റ്‌ഫോമുകൾക്ക് പരിമിതമായ വ്യാപ്തിയും പരിമിതമായ ലക്ഷ്യങ്ങളുമാണുള്ളത്. മുസ്്ലിം പേഴ്സനൽ ലോ ബോർഡ് വ്യക്തിനിയമത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതിന്റെ പ്രധാന ഡൊമെയ്ൻ വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  ഒതുങ്ങുന്നു. അതിനാൽ, പൊതുജനാഭിപ്രായം മാറ്റുകയെന്ന വലിയ ദൗത്യത്തിന് ഈ പ്ലാറ്റ്‌ഫോമുകൾ മതിയാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.
അവർ അതത് ഡൊമെയ്‌നുകളിൽ പ്രവർത്തിക്കും, ആ ഡൊമെയ്‌നുകളിൽ നമ്മൾ അതിന്റെ ഭാഗമാണ്. എന്നാൽ, ഇസ്്ലാമിക പ്രബോധനത്തിന്റെ എല്ലാ മേഖലകളിലും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന സമഗ്രമായ പ്രവർത്തനത്തിനാണ് പ്രവർത്തകർ മുൻകൈയെടുക്കേണ്ടത്. അവർക്ക് സംഘടനക്ക് പുറത്തുള്ള മുസ്്ലിംകളെ സ്വാധീനിക്കാൻ കഴിയണം. മുസ്്ലിംകൾ എന്ന നിലയിൽ  അവരുടെ ഉത്തരവാദിത്വം എന്താണെന്ന് അവരെ ബോധ്യപ്പെടുത്തണം. ഈ ഉത്തരവാദിത്വം ഉമ്മത്തിനെ ബോധ്യപ്പെടുത്താൻ, വളരെ  പരിമിതമായ ഡൊമെയ്‌നുകളിൽ പ്രവർത്തിക്കുന്ന അത്തരം യുനൈറ്റഡ് ഫോറങ്ങളെ നമുക്ക് ആശ്രയിക്കാനാവില്ല.

#  മറ്റു സമുദായങ്ങളെ മുസ്്ലിംകളിൽനിന്ന് അകറ്റാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് പോലും ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ  സിവിൽ സൊസൈറ്റിയുടെ ഏകോപനം ജമാഅത്ത് എങ്ങനെ ഉറപ്പാക്കും?

നമ്മുടെ സഹോദര സമുദായങ്ങളുമായി അടുത്തിടപഴകുക എന്നതും പരമാവധി ബന്ധങ്ങൾ സ്ഥാപിക്കുക എന്നതുമാണ്  ഏറ്റവും പ്രധാനം. നമ്മളൊരിക്കലും നമ്മുടെ ഗെറ്റോകളിൽ ഒതുങ്ങി നിൽക്കരുത്. ഈ ഗെറ്റോയിസേഷൻ പല വഴികളിലൂടെയാണ് സംഭവിക്കുന്നത്. ഒന്നാമത്തേത് ശാരീരികമായി തന്നെ ഉണ്ടാവുന്നതാണ്. നിങ്ങൾ സ്വന്തമായി കോളനികൾ ഉണ്ടാക്കുകയും സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താമസിക്കാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ, കൂടുതൽ അപകടകരമായ ഗെറ്റോവൽക്കരണം മാനസിക ഗെറ്റോവൽക്കരണമാണ്. നിങ്ങളുടെ കോൺടാക്റ്റുകൾ, ഇടപഴകലുകൾ, താൽപര്യങ്ങൾ, ആശങ്കകൾ, പ്രവർത്തനങ്ങൾ, പങ്കാളിത്തം എല്ലാം ആ ഒരു സമൂഹത്തിൽ മാത്രം ഒതുങ്ങുന്നു. പൊതു സമൂഹത്തെ ബാധിക്കുന്ന  പ്രശ്‌നങ്ങളെ കുറിച്ച് ഒട്ടും ആശങ്കയില്ലാത്തവരായി അവിടെ ആളുകൾ മാറുന്നു.
ഈ മനോഭാവം സ്വീകരിക്കുന്ന പക്ഷം, ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ശക്തികളുടെ ധ്രുവീകരണ അജണ്ടകളെ നമ്മൾ തന്നെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. 
മുസ്്ലിം പ്രശ്‌നങ്ങളിൽ അമുസ്്ലിം സഹോദരങ്ങളെയും  പങ്കാളികളാക്കണം എന്നതാണ് രണ്ടാമത്തെ പ്രധാന തലം. നമ്മൾ ഒറ്റയ്ക്ക് പോരാടരുത്. രാജ്യത്ത് നീതിയും സമത്വവും സ്ഥാപിക്കുന്നതിന്, പൗരസമൂഹ സംഘടനകളുമായി നാം ഇടപെടുകയും നമ്മുടെ അവകാശങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കുകയും വേണം.
നാം നമ്മുടെ സ്വന്തം പ്രശ്നങ്ങളിൽ ഒതുങ്ങിനിൽക്കരുത് എന്നതാണ് മൂന്നാമത്തെ കാര്യം. പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ താൽപര്യമുള്ളവരായിരിക്കണം നമ്മൾ. അസമത്വമാണ് രാജ്യത്തിന്റെ മുഴുവൻ പ്രശ്നങ്ങളുടെയും അടിവേര്. സാമ്പത്തിക അനീതി, ജാതി ചൂഷണം, ലിംഗ അസമത്വം, സ്ത്രീ ചൂഷണം എന്നിവയെല്ലാം രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതര  പ്രശ്‌നങ്ങളാണ്. അവ നമ്മുടെയും  പ്രശ്‌നങ്ങളാണ്. അവ പരിഹരിക്കാനായി പ്രവർത്തിക്കുകയും അത്തരത്തിലുള്ള പ്രവർത്തനങ്ങളെ നമ്മൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. അതുവഴി മാത്രമേ വർഗീയവൽക്കരണത്തിന്റെയും ധ്രുവീകരണത്തിന്റെയും നീക്കങ്ങളെ നേരിടാൻ കഴിയൂ. l
(അവസാനിച്ചു)
തയാറാക്കിയത്: ആഇശ നൗറിൻ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 26-28
ടി.കെ ഉബൈദ്

ഹദീസ്‌

പതിവാക്കേണ്ട രാത്രി നമസ്‌കാരം
പതിവാക്കേണ്ട രാത്രി നമസ്‌കാരം