Prabodhanm Weekly

Pages

Search

2023 ജൂലൈ 28

3311

1445 മുഹർറം 10

പതിവാക്കേണ്ട രാത്രി നമസ്‌കാരം

പതിവാക്കേണ്ട രാത്രി നമസ്‌കാരം

عَنْ عبدِ اللهِ بْنِ عَمْرو بْنِ الْعَاصِ رَضيَ اللهُ عَنْهُما قَالَ: قَالَ لِي رَسُولُ اللهِ صلَّى اللهُ عَلَيْه وسَلَّم: يَا عَبْدَ اللهِ لَا تَكُنْ مِثْلَ فُلانٍ، كَانَ يَقُومُ اللّيْلَ فَتَركَ قِياَمَ اللّيلِ (بخاري، مسلم)

അംറുബ്‌നുല്‍ ആസ്വിന്റെ മകന്‍ അബ്ദുല്ലയില്‍നിന്ന്. അല്ലാഹുവിന്റെ ദൂതന്‍ 
എേന്നാട് പറഞ്ഞു: രാത്രി നിന്ന് നമസ്‌കരിക്കുകയും പിന്നീടത് ഉപേക്ഷിക്കുകയും ചെയ്ത 
വ്യക്തിയെപ്പോലെ നീ ആകരുത് (ബുഖാരി, മുസ് ലിം).

പ്രബലമായ സുന്നത്തുകളില്‍ ഒന്നാണ് ഖിയാമുല്ലൈല്‍ അഥവാ രാത്രി നമസ്‌കാരം. ഇശാഅ് നമസ്‌കാരത്തിന് ശേഷമാണിത് നിര്‍വഹിക്കപ്പെടുന്നത്. പരലോകത്ത് വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരുടെ കൂട്ടത്തില്‍ ഈ നമസ്‌കാരം നിര്‍വഹിക്കുന്നവരെ നബി(സ) എണ്ണിപ്പറഞ്ഞിട്ടുണ്ട്. അത്രക്കും പ്രാധാന്യമുള്ള നമസ്‌കാരമാണിതെന്നര്‍ഥം. ഉറങ്ങുന്നതിന് മുമ്പും ഉറങ്ങിയ ശേഷം രാത്രിയുടെ അന്ത്യയാമങ്ങളിലും നമസ്‌കരിക്കാമെങ്കിലും രണ്ടാമത് പറഞ്ഞ സമയമാണ് ഏറ്റവും ഉത്തമം.
സാധാരണ ആളുകള്‍ സുഖസുഷുപ്തിയില്‍ ലയിച്ചു കഴിയുമ്പോള്‍, തന്റെ റബ്ബിനെ ഭയപ്പെട്ടും അവനില്‍ പ്രതീക്ഷയര്‍പ്പിച്ചും ഏകാന്തമായും കണ്ണീരൊലിപ്പിച്ചും ഒരാള്‍ നിര്‍വഹിക്കുന്ന നമസ്‌കാരം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് പതിവായി നിര്‍വഹിക്കേണ്ടതാണ്. ഇടക്ക് നിലനിർത്തുകയും ഇടക്ക് നിര്‍ത്തലാക്കുകയും ചെയ്യരുതെന്നാണ് നബി (സ) ഉപദേശിക്കുന്നത്. ഖിയാമുല്ലൈല്‍ റമദാനിലോ റമദാനില്‍ ഏതാനും ദിവസങ്ങളിലോ മാത്രം ചെയ്യുന്നത് നബിചര്യയില്‍ പെട്ടതല്ല. റമദാനില്‍ നബി (സ) എത്ര റക്അത്തായിരുന്നു നമസ്‌കരിച്ചിരുന്നത് എന്നതിന് ആഇശ (റ) നല്‍കിയ മറുപടി, നബി (സ) റമദാനിലോ അല്ലാത്തപ്പോഴോ പതിനൊന്ന് റക്അത്തില്‍ കൂടുതല്‍ നമസ്‌കരിച്ചിരുന്നില്ല എന്നായിരുന്നു (ബുഖാരി). രാത്രിയുടെ പകുതി ഭാഗം അല്ലെങ്കില്‍ മൂന്നില്‍ രണ്ട് ഭാഗം നബി (സ) അല്‍ബഖറ, ആലു ഇംറാന്‍ പോലുള്ള സൂറകള്‍ പാരായണം ചെയ്തു നമസ്‌കരിക്കാറുണ്ടായിരുന്നു. സുജൂദും വളരെ ദൈര്‍ഘ്യമുള്ളതായിരുന്നു. കുറച്ചു ദിവസം ദൈര്‍ഘ്യമുള്ള നമസ്‌കാരം, കുറച്ചു ദിവസം ഹ്രസ്വമായ നമസ്‌കാരം എന്നതല്ല നബിയുടെ രീതി.
നിശ്ചിത റക്അത്തുകള്‍ നിശ്ചിത സമയങ്ങളില്‍ പതിവാക്കലാണ് ഉത്തമം. ഖിയാമുല്ലൈല്‍ ഈരണ്ട് റക്അത്തുകളായാണ് നിര്‍വഹിക്കേണ്ടത്. അവസാനം ഒറ്റയാക്കണം. നബി (സ) പറയുന്നു: ''നമസ്‌കാരത്തിന്റെ അവസാനം നിങ്ങള്‍ ഒറ്റയാക്കുക.'' അല്ലാഹുവിന്റെ അടുക്കല്‍ സല്‍ക്കര്‍മങ്ങളില്‍ ഏറ്റവും ഉത്തമമായത് പതിവായി നിര്‍വഹിക്കുന്നതാകുന്നു എന്ന തിരുവചനം കൂടി ഇതിനോട് ചേര്‍ത്ത് മനസ്സിലാക്കാം. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 26-28
ടി.കെ ഉബൈദ്

ഹദീസ്‌

പതിവാക്കേണ്ട രാത്രി നമസ്‌കാരം
പതിവാക്കേണ്ട രാത്രി നമസ്‌കാരം