Prabodhanm Weekly

Pages

Search

2023 ജൂലൈ 28

3311

1445 മുഹർറം 10

ചരിത്രമൂല്യമുള്ള അനുസ്മരണങ്ങൾ

ഹസീബ് അബ്ദുര്‍റഹ്്മാന്‍ പെരിങ്ങാടി, ന്യൂ മാഹി

മൗലാനാ മുഹമ്മദ് ഫാറൂഖ് ഖാനെ പറ്റി വി.എ കബീര്‍ എഴുതിയ അനുസ്മരണ ലേഖനം (ലക്കം 3309) ഏറെ ഹൃദ്യവും നവ തലമുറക്ക് പ്രസ്ഥാനത്തിന്റെ ചരിത്രം മനസ്സിലാക്കാനുതകുന്നതുമാണ്. മൗലാനാ ഫാറൂഖ് ഖാന്റെ ഹിന്ദി, ഉര്‍ദു ഖുര്‍ആന്‍ പരിഭാഷകള്‍ കേരളത്തില്‍ തൊഴില്‍ തേടി എത്തുന്ന ഹിന്ദി/ഉര്‍ദു ഭാഷകളറിയുന്നവരിലേക്ക് വ്യാപകമായും ഫലപ്രദമായും എത്തിക്കാന്‍ സജീവ യത്‌നങ്ങള്‍ നടന്നെങ്കില്‍ എന്നാശിച്ചുപോയി. മലയാളികളില്‍ ആയിരക്കണക്കിനാളുകള്‍ ഇസ്്‌ലാമിനെയും ഇസ്്‌ലാമിക പ്രസ്ഥാനത്തെയും അറിഞ്ഞതും പിന്നീട് അതുമായി അടുത്തതും ഗള്‍ഫു നാടുകളില്‍ വെച്ചാണ്. നമ്മള്‍ ഗള്‍ഫിലേക്ക് പോകുമ്പോലെയാണ് ഉത്തരേന്ത്യയില്‍നിന്നും ബംഗാളില്‍നിന്നുമൊക്കെ ആയിരക്കണക്കിനാളുകള്‍ കേരളത്തിലെത്തുന്നത്. അവരിലേക്ക് പ്രബോധന പ്രവര്‍ത്തനങ്ങള്‍ എത്തേണ്ടതുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ 15 കോപ്പി വിതരണം ചെയ്തതുപോലെ ചെയ്യാന്‍ നമ്മില്‍ പലര്‍ക്കും പറ്റുമല്ലോ.
അവസാനമായി, ഇതുപോലെ ചരിത്ര മൂല്യമുള്ള അനുസ്മരണങ്ങള്‍ സമാഹരിക്കപ്പെടേണ്ടതുണ്ടെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു. 
 

മനുഷ്യനെ കാണാത്ത "മൃഗസ്‌നേഹികള്‍'

സുലൈമാന്‍ നബി (അ) തന്റെ സേനയുമായി മുന്നോട്ടു പോകുന്നതിനിടെ 'ഉറുമ്പ് താഴ്്വര'യിലെത്തി. 'ഉറുമ്പ് നായികയുടെ' വെപ്രാളം പെട്ടെന്ന് അദ്ദേഹത്തിന് വായിച്ചെടുക്കാനായി. 'ഉറുമ്പുകളേ, മാളങ്ങളില്‍ പ്രവേശിക്കൂ, സുലൈമാനും സൈന്യവും അവരറിയാതെ നിങ്ങളെ ചവിട്ടിപ്പോയേക്കും' എന്നാണ് ഉറുമ്പുകളോട് കട്ടുറുമ്പ് പറയുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം പട്ടാളത്തെ വഴിതിരിച്ചുവിട്ടു. സുലൈമാന്‍ നബി(അ)ക്ക് അങ്ങനെയേ കഴിയൂ. മറ്റു സേനാ നായകന്മാരെപ്പോലെ എല്ലാം ചവിട്ടി മെതിച്ച് മുന്നോട്ട് നീങ്ങാന്‍ ദൈവദൂതന്മാര്‍ക്കോ വിശ്വാസികള്‍ക്കോ ആകില്ല.  ദൈവത്തിന്റെ സൃഷ്ടികളെല്ലാം അവര്‍ക്ക് മിത്രങ്ങളും സമാന സമൂഹങ്ങളുമാണ്. ഖുര്‍ആന്‍ പ്രസ്താവിക്കുന്നു: ''ഭൂമിയില്‍ നടക്കുന്ന ഏത് ജീവിയെയും വായുവില്‍ പറക്കുന്ന ഏത് പറവയെയും നോക്കൂ. അവയെല്ലാം നിങ്ങളെപ്പോലുള്ള വര്‍ഗങ്ങള്‍ തന്നെയാണ്'' (6:38).
നായ്ക്കളെ നികൃഷ്ട ജീവികളായല്ല ഇസ്്‌ലാം കാണുന്നത്. സമാദരണീയരും ധീരരുമായി പ്രശംസിക്കപ്പെട്ട ഏഴു ഗുഹാവാസികളില്‍ 'എട്ടാമന്‍ അവരുടെ നായയും' എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പരാമര്‍ശങ്ങളുണ്ട്. നായയുടെ ഉമിനീര്‍ മാത്രമാണ് പ്രശ്‌നം.
നായ്ക്കളെ വളര്‍ത്തുന്നവര്‍ കൂട്ടിലിട്ടേ വളര്‍ത്തിക്കൂടൂ, തുറന്ന് വിട്ടു കൂടാ എന്നതാണ് ഇസ്്‌ലാമിക നിയമം. അവക്കിഷ്ടവും കൂട് തന്നെ, തെരുവല്ല.
മദീനയില്‍ പ്രവാചകന്റെ നേതൃത്വത്തില്‍ കൊച്ചു രാഷ്ട്രം സ്ഥാപിതമായപ്പോള്‍ മദീനാ തെരുവില്‍ നായ്ക്കളുണ്ടായിരുന്നു. ഉടമസ്ഥരോട് തങ്ങളുടെ നായ്ക്കളെ പിടിച്ചുകെട്ടാന്‍ പ്രവാചകന്‍ ഉത്തരവിടുകയും പിന്നെയും തെരുവിലവേശേഷിക്കുന്നവയെ സ്‌നേഹാനുകമ്പയോടെ കൊല്ലാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തുകയും ചെയ്തു. തെരുവിലേക്കിനി നായ്ക്കളെ വിടരുതെന്ന് ഉത്തരവിട്ടു. ഇന്നും അവിടങ്ങളിലെല്ലാം ഈ രീതി തുടരുന്നു.
നമ്മുടെ നാട്ടിലോ? തെരുവ് നായ ശല്യം അതിരൂക്ഷമായി വളരുകയാണ്. 
പരിഹാര മാര്‍ഗം ചിന്തിക്കുമ്പോള്‍, തെരുവില്‍ നായ്ക്കള്‍ എത്തിപ്പെടുന്നത് എങ്ങനെ തടയാം എന്നതാണല്ലോ പ്രധാനം. കൗതുകത്തോടെ പലയിടത്തു നിന്നും നായ്ക്കളെ കൊണ്ടുവരുന്നു. കൗതുകം മാറുമ്പോള്‍ തെരുവില്‍ ഉപേക്ഷിക്കുന്നു. ഇതിനെതിരില്‍ കര്‍ശന നിയമമുണ്ടെങ്കിലും കടലാസില്‍ മാത്രമൊതുങ്ങുന്നു. നിയമം കര്‍ശനമായി നടപ്പാക്കി ഉറവിടം അടച്ചേ തീരൂ. എന്നിട്ടും തെരുവിലവശേഷിക്കുന്നവയെ മൃഗസ്‌നേഹികളും മറ്റും പരമാവധി ഏറ്റെടുക്കട്ടെ. നിലവിലെ നിയമം ഭേദഗതി ചെയ്‌തേ തീരൂ. മനുഷ്യനെ കാണാത്ത 'മൃഗസ്‌നേഹികളുടെ' കണ്ണ് തുറപ്പിക്കാന്‍ മറ്റു മാര്‍ഗമില്ല.
കെ.സി ജലീല്‍ പുളിക്കല്‍

 

മതമൗലികത മാത്രമോ ശത്രു?

''ഹിന്ദു എന്ന് കേള്‍ക്കുമ്പോള്‍ വര്‍ഗീയതയാണ് എന്ന് തെറ്റിദ്ധരിക്കേണ്ട. കേരളീയ സമൂഹത്തില്‍ ഹിന്ദുവിലാണ് സി.പി.എമ്മിന്റെ ഏറ്റവും വലിയ സ്വാധീനം''- 'ഇ.എം.എസ്സിന്റെ ലോകം' ദേശീയ സെമിനാറില്‍ ഉദ്ഘാടന പ്രസംഗം നടത്തവെ, പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു (ദേശാഭിമാനി 14-6-23).
സി.പി.എമ്മില്‍ ഏറ്റവും വലിയ സ്വാധീനം ഹിന്ദു സമൂഹത്തിനാകയാല്‍, ഹിന്ദു സമൂഹത്തെ പിണക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന ധ്വനി ഈ പ്രസ്താവനയില്‍ ഒളിഞ്ഞിരിപ്പുണ്ട്. മതേതരത്വവും മാനവികതയും സദാ ഉദ്‌ഘോഷിക്കുമ്പോഴും മുസ്്‌ലിം സമുദായത്തില്‍ പെട്ടവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, ന്യൂനപക്ഷ സുരക്ഷ കുടികൊള്ളുന്നത് തങ്ങളുടെ പാര്‍ട്ടിയിലെന്ന് അവകാശപ്പെടുന്നവര്‍, പ്രതികള്‍ ആര്‍.എസ്.എസ്സുകാരായാല്‍ പോലും പ്രതികളോട് മൃദു നയം കൈക്കൊള്ളുന്ന സംഭവങ്ങള്‍ ഈയിടെയായി പാര്‍ട്ടിയില്‍ വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലം മറ്റൊന്നാവാന്‍ തരമില്ല.
ആര്‍.എസ്.എസ്സിന്റെ വിചാരധാരയില്‍ മുഖ്യ ശത്രുക്കളെ നിശ്ചയിച്ചതില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഒന്നാമത്തെ ശത്രുവായ മുസ്്‌ലിം എന്നത് മാറ്റി, മുസ്്‌ലിം മതമൗലികത എന്നാക്കിയെന്നും, രണ്ടാമത്തെ ക്രിസ്ത്യന്‍ എന്നതിന് പകരം ക്രിസ്ത്യന്‍ മതമൗലികത എന്നാക്കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ മാഷ് പറയുന്നു. വിചാരധാരയിലെ ഈ മാറ്റം മാലോകരാരും ഇതുവരെ കണ്ടിട്ടില്ല. ഇത് പ്രീണനത്തിന്റെ മകുടോദാഹരണം തന്നെ. ആര്‍.എസ്.എസ്സിന്റെ വിചാരധാരയില്‍ ക്രിസ്ത്യന്‍ മതമൗലികതയെ മാത്രമാണ് ശത്രുപട്ടികയില്‍ ചേര്‍ത്തതെങ്കില്‍, അവരുടെ ആരാധനാലയങ്ങള്‍ക്കെതിരെ ഇപ്പോഴും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതിന്റെ ന്യായം എന്താണ്? നിര്‍ബന്ധ മതപരിവര്‍ത്തനം ആരോപിച്ച് മുസ്്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ ത്രിശൂല മേന്തുന്നത് അവര്‍ മൊത്തം മത മൗലികവാദികളായി മാറിയതു കൊണ്ടാണോ? കാലി മേക്കുന്ന പാവപ്പെട്ട മുസ്്‌ലിമിനെ തച്ചു കൊല്ലുന്നത് അവര്‍ മത മൗലികവാദികള്‍ ആയതുകൊണ്ടാണോ?
റഹ്്മാന്‍ മധുരക്കുഴി

 

ഖുർആൻ പ്രബന്ധ മത്സരം

കോഴിക്കോട്​: ഇസ്വ്്ലാഹി​യാ കോളേജ്​ ചേന്ദമംഗല്ലൂർ ഓൾഡ്​  സ്റ്റുഡന്‍റ്​സ്​  അസോസിയേഷൻ (ഇക്കോസ) സംഘടിപ്പിക്കുന്ന
പ്രഥമ കെ.സി അബ്​ദുല്ല മൗലവി അനുസ്മരണ ഖുർആൻ കോൺഫറൻസുമായി ബന്ധപ്പെട്ട്​ ഹയർ സെക്കന്ററി, ഡിഗ്രി, പി.ജി വിദ്യാർഥികൾക്കായി ഗവേഷണ പ്രബന്ധ മത്സരം നടത്തുന്നു.  ‘നീതിയുടെ വെളിപാട്: ഖുർആനിക നിയമ പ്രമാണങ്ങളുടെ താരതമ്യ വീക്ഷണം’ എന്ന വിഷയത്തിലുള്ള പ്രബന്ധം ആഗസ്റ്റ്​ 15-ന്​ മുമ്പായി [email protected] എന്ന ഇ-മെയിലിലേക്ക്​ അയക്കണം. 4000 വാക്കുകളിൽ കവിയരുത്. സ്വയം സാക്ഷ്യപ്പെടുത്തിയ കത്തോ സ്​ഥാപനത്തിൽ നിന്നുള്ള റെക്കമെേന്റഷൻ ലെറ്ററോ പേപ്പറിന്​ ഒപ്പം വെക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച മൂന്ന്​ ​പ്രബന്ധങ്ങൾക്ക്​ യഥാക്രമം, 20,000, 10,000, 5,000 രൂപ കാഷ്​ അവാർഡ്​ നൽകും.
 പ്രബന്ധാവതാരകർക്ക്​ പുറമെ, ​കോൺഫറൻസിൽ പ​ങ്കെടുക്കാൻ ​ആ​​ഗ്രഹിക്കുന്നവർ താഴെ ലിങ്ക്​ ഉപയോഗിച്ച്​ രജിസ്റ്റർ ചെയ്യുക. ​ https://forms.gle/6andgvPG8hTStmMn7
കൂടുതൽ വിവരങ്ങൾക്ക്​: 
9745866606, 9995186118.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 26-28
ടി.കെ ഉബൈദ്

ഹദീസ്‌

പതിവാക്കേണ്ട രാത്രി നമസ്‌കാരം
പതിവാക്കേണ്ട രാത്രി നമസ്‌കാരം