ഉമ്മന്‍ ചാണ്ടി ബാക്കി വെക്കുന്ന മാതൃക
'എന്റെ പുസ്തകം ജനക്കൂട്ടമാണ്. സാധാരണക്കാരുമായി സംസാരിക്കുമ്പോഴാണ് ഓരോ പ്രശ്‌നങ്ങളുടെയും പിന്നിലെ രഹസ്യങ്ങള്‍ മനസ്സിലാക്കാനാവുന്നത്. പുസ്തകം വായിച്ചാലൊന്നും അത്ര അറിവ് ഉണ്ടാകില്ല'- ഇതാര് പറഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ല; കഴിഞ്ഞ ജൂലൈ പതിനെട്ടിന് നമ്മോട് വിടവാങ്ങിയ ശ്രീ. ഉമ്മന്‍ ചാണ്ടി. അദ്ദേഹം രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ നേതാവ്. ഗ്രൂപ്പ് കളികള്‍ക്കും വഴക്കുകള്‍ക്കും ഒട്ടും പഞ്ഞമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിലനിന്നു പോകാന്‍ അദ്ദേഹം സ്വീകരിച്ച തന്ത്രങ്ങളെക്കുറിച്ചും അടവുകളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. പക്ഷേ, തുടക്കത്തിലെ വാക്യങ്ങള്‍ സൂചിപ്പിക്കുന്നതു പോലെ, അദ്ദേഹം അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച, ജനങ്ങളെ സ്നേഹിച്ച നേതാവായിരുന്നു. ജനനിബിഡമായിരുന്നു അദ്ദേഹത്തിന്റെ വസതി എപ്പോഴും. മുഖ്യമന്ത്രിയായിരുന്നപ്പോഴം പ്രതിപക്ഷ നേതാവായിരുന്നപ്പോഴും, അത് രണ്ടുമല്ലാതിരുന്നപ്പോഴും ഇതില്‍ മാറ്റമുണ്ടായിട്ടില്ല. ഈ സ്‌നേഹവും വിശ്വാസവുമാണ് പൊതു പ്രവര്‍ത്തകന്റെ ഏറ്റവും വലിയ സമ്പാദ്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലത്തും അതിന് തൊട്ടു ശേഷവും രാഷ്ട്രീയ പ്രവര്‍ത്തകന്റെ പൊതു ജീവിതം ഇങ്ങനെ ത്യാഗത്തിന്റേതും ത്യജിക്കലിന്റേതുമായിരുന്നു. ആ പാരമ്പര്യമാണ് താന്‍ തുടരുന്നതെന്ന ഉറച്ച വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെയുള്ള രാഷ്ട്രീയം ഇന്ന് ഏറക്കുറെ അന്യം നിന്നു കഴിഞ്ഞു. രാഷ്ട്രീയക്കാര്‍ ഇന്ന് ജനങ്ങള്‍ക്കൊപ്പമല്ല, കോര്‍പറേറ്റുകള്‍ക്കൊപ്പമാണ്. ആ അര്‍ഥത്തില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലുള്ളവരുടെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമാണ്.
'ജനങ്ങള്‍ക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ തന്നെ അധികാരം കിട്ടിയാല്‍ അവരെ കൈവിടുന്നതാണ് നമ്മുടെ അനുഭവം. ഉമ്മന്‍ ചാണ്ടി അവിടെയും മാതൃകയായി. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്നപ്പോഴും, ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ തനിക്കെന്ത് ചെയ്യാനാവും എന്നാണ് അദ്ദേഹം ആലോചിച്ചത്. നമുക്ക് നോക്കാം, ശ്രമിക്കാം, നോക്കട്ടെ എന്നേ പരാതികളുമായി വരുന്ന ഏതൊരു സാധാരണക്കാരനോടും അദ്ദേഹം പറയൂ. എല്ലാം ചെയ്തുകൊടുക്കാന്‍ കഴിയണമെന്നുമില്ല. എന്നാലും ആ മറുപടി ജനങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം വലുതാണ്. ഈയൊരു പോസിറ്റീവ് സമീപനമാണ് ഉമ്മന്‍ ചാണ്ടിയെ ജനകീയ നേതാവായി ഉയര്‍ത്തിനിര്‍ത്തുന്നത്. മുഖ്യമന്ത്രിയായിരിക്കെ ജനസമ്പര്‍ക്ക പരിപാടികളുമായി ഓടി നടക്കുമ്പോള്‍, കെട്ടുകെട്ടുകളായി കുമിഞ്ഞു കൂടുന്ന പരാതികള്‍ക്കൊക്കെ എങ്ങനെ പരിഹാരമുണ്ടാക്കും എന്ന പ്രായോഗിക ചിന്തയൊന്നും അദ്ദേഹത്തെ അലട്ടിയിരിക്കാനിടയില്ല. തന്റെ സഹായം തേടിവന്ന നിരാലംബർക്ക് സാധ്യമായതെല്ലാം അദ്ദേഹം ചെയ്തു കൊടുത്തു.
അദ്ദേഹം അവശേഷിപ്പിക്കുന്ന മറ്റൊരു മാതൃക സാമുദായിക സൗഹൃദത്തിന്റേതാണ്. കേരളത്തിലെ മതവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും ഒത്തൊരുമയും ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള നേതാക്കളുടെ കൂടി പ്രവര്‍ത്തന ഫലമായി ഉണ്ടായിത്തീര്‍ന്നിട്ടുള്ളതാണ്. രാഷ്ട്രീയക്കളികളാണെങ്കിലും അത് സാമുദായികതക്കതീതമായിരിക്കണമെന്ന നിര്‍ബന്ധം ആ തലമുറയിലെ നേതാക്കള്‍ക്കുണ്ടായിരുന്നു. അവര്‍ എല്ലാവരുമായും സൗഹൃദ ബന്ധങ്ങള്‍ നിലനിര്‍ത്തി. ഇന്ന് അതില്‍ മാറ്റം വ രുന്നു എന്നത് നമ്മെ ആശങ്കപ്പെടുത്തുന്നു. ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള നേതാക്കളുടെ അഭാവം ശരിക്കും അനുഭവപ്പെടുക അത്തരം കലുഷിത സന്ദര്‍ഭങ്ങളിലായിരിക്കും. l
Comments