Prabodhanm Weekly

Pages

Search

2023 ജൂലൈ 28

3311

1445 മുഹർറം 10

നീതിയുക്തമായ ശരീഅത്ത്; ദുരുദ്ദേശ്യപൂര്‍വമായ സിവില്‍ കോഡ്

എ.ആർ

സൂക്ഷ്മമായി പഠിച്ച് നിഷ്പക്ഷമായും സത്യസന്ധമായും അഭിപ്രായം രൂപവത്കരിക്കുന്ന ആര്‍ക്കും ഇസ്്‌ലാമിക ശരീഅത്തിലെ കുടുംബ നിയമങ്ങള്‍ തികച്ചും ലളിതവും നീതിപരവും സ്വസ്ഥമായ കുടുംബ ജീവിതം ഉറപ്പുവരുത്തുന്നതുമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രായപൂര്‍ത്തി വന്ന പുരുഷന്നും സ്ത്രീക്കും പരസ്പരം അറിഞ്ഞും ഇഷ്ടപ്പെട്ടും മനസ്സിലാക്കിയും രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കാവുന്ന ലളിത ചടങ്ങാണ് ഇസ്്‌ലാമില്‍ വിവാഹം. പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താവായി പിതാവോ സ്വന്തം സഹോദരന്മാരോ, അവരാരുമില്ലെങ്കില്‍ പിതാമഹനോ പിതൃ സഹോദരന്മാരോ, കുടുംബത്തിലാരുമില്ലെങ്കില്‍ ന്യായാധിപനോ വിവാഹത്തിന് കാര്‍മികത്വം വഹിക്കും. കുടുംബത്തിലാരെങ്കിലും പെണ്‍കുട്ടിയുടെ രക്ഷാധികാരിയാവാന്‍ വിസമ്മതിച്ചാല്‍ തൊട്ടടുത്ത അവകാശിയെ രക്ഷാകര്‍ത്താവായി സ്വീകരിക്കാം. വരന്റെ ഭാഗത്തുനിന്ന് അയാള്‍ തന്നെ ധാരാളം. വധുവിന്റെ വക ചില്ലിക്കാശോ വിലപ്പെട്ട സാധനമോ വരന് നല്‍കേണ്ടതില്ല. പകരം വരന്‍ വധുവിന്റെ സ്റ്റാറ്റസിനൊത്ത സംഖ്യയോ സാധനമോ മഹ്്ര്‍ ആയി നല്‍കുകയും വേണം. ദാമ്പത്യ ബന്ധം ജീവിതാവസാനം വരെ തുടരാനുള്ളതാണ്. അസ്വാരസ്യങ്ങള്‍ ഉടലെടുത്താല്‍ ഇരുവരും വിട്ടുവീഴ്ചയോടെ പരിഹരിക്കണം. പരിഹാരമുണ്ടായില്ലെങ്കില്‍ ദമ്പതികളുടെ കുടുംബങ്ങള്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍ക്കണം. ഇക്കാലത്ത് കൗണ്‍സിലിംഗിലൂടെയും പരിഹാരം സാധ്യമാണ്. ഒരു നിലക്കും ബന്ധം തുടരാനാവില്ലെന്ന് ബോധ്യപ്പെട്ടാല്‍ സ്ത്രീക്കാണ് മോചനം വേണ്ടതെങ്കില്‍ ഭര്‍ത്താവിന് മഹ്്ര്‍ തിരിച്ചു നല്‍കി 'ഖുല്‍ഇ'ലൂടെ ബന്ധം അവസാനിപ്പിക്കാം. അതിന് ഭര്‍ത്താവ് വഴങ്ങുന്നില്ലെങ്കില്‍ ന്യായമായ കാരണം കോടതിയെ ബോധ്യപ്പെടുത്തി ഏകപക്ഷീയമായി ബന്ധം വേര്‍പ്പെടുത്താം. 'ഫസ്ഖ്' എന്നാണതിന് സാങ്കേതികമായ പേര്. ഭര്‍ത്താവിന്റെ പീഡനം, മാറാരോഗം, ജീവനാംശം നല്‍കുന്നതിലെ വിസമ്മതം, ലൈംഗിക ശേഷിയില്ലായ്മ, സുദീര്‍ഘമായ ജയില്‍ വാസം, തിരോധാനം തുടങ്ങിയ കാരണങ്ങളാലൊക്കെ വിവാഹഭഞ്ജനം സാധ്യമാണ്. പുരുഷന്നാണ് വിവാഹമോചനം വേണ്ടതെങ്കില്‍ 'നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലിയിരിക്കുന്നു' എന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ മൊഴിഞ്ഞാല്‍ മതി. മൂന്ന് മാസത്തിനിടയില്‍ ഭാര്യയെ തിരിച്ചെടുക്കുമെങ്കില്‍ ത്വലാഖ് റദ്ദാവും; അവള്‍ വീണ്ടും ഭാര്യയാവും. പിണക്കവും ഒത്തുതീർപ്പിന് വഴങ്ങാത്ത സാഹചര്യവും ആവര്‍ത്തിച്ചാലോ? വീണ്ടും ആദ്യത്തെ നടപടികളൊക്കെ ആവര്‍ത്തിക്കാം. ഇദ്ദാ കാലഘട്ടത്തില്‍ തിരിച്ചെടുക്കാം. വേര്‍പിരിയല്‍ മനസ്സ് മൂന്നാമതും തികട്ടിവന്നാല്‍ ഓര്‍ത്തുകൊള്ളണം- അവശേഷിക്കുന്ന ചാന്‍സ് അന്തിമമാണ്. മൂന്നാം ത്വലാഖിന് ശേഷം തിരിച്ചെടുക്കാനാവില്ല. അയാള്‍ വേറെ വധുവിനെ അന്വേഷിക്കട്ടെ; അവള്‍ മറ്റൊരു ഭര്‍ത്താവിനെയും. ആ പരീക്ഷണവും പരാജയപ്പെട്ടാല്‍ മാത്രമേ പഴയ ബന്ധം പുതിയ വിവാഹത്തിലൂടെ പുനഃസ്ഥാപിക്കാനാവൂ. ഇതിനിടയില്‍ ഭാര്യയുടെ ധനത്തില്‍നിന്ന് ഭര്‍ത്താവ് കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അത് ഭര്‍ത്താവ് തിരിച്ചു നല്‍കണം എന്നുകൂടി വ്യവസ്ഥയുണ്ട്. മറിച്ച്, ഭാര്യക്ക് ഭര്‍ത്താവ് സ്വര്‍ണക്കൂമ്പാരം തന്നെ കൊടുത്താലും ചില്ലിക്കാശ് തിരിച്ചുവാങ്ങാന്‍ പറ്റില്ല; അവള്‍ സ്വമേധയാ വിട്ടുകൊടുത്താലല്ലാതെ. പക്ഷേ, മൂന്നവസരങ്ങളായി പ്രയോഗിക്കാവുന്ന ത്വലാഖ് ഒറ്റയിരിപ്പില്‍ 'മൂന്നും ചൊല്ലി' എന്ന് കെട്ടിയോന്‍ പറയുകയോ എഴുതിക്കൊടുക്കുകയോ ചെയ്താല്‍ അതിനാണ് മുത്ത്വലാഖ് എന്ന പേര്. മുത്ത്വലാഖ് നിയമാനുസൃതമല്ല. അത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമേ അല്ല. എന്നാല്‍, മൂന്ന് ത്വലാഖ് ഒന്നിച്ച് മൊഴിഞ്ഞാല്‍ ഒന്നായി ഗണിക്കാമോ, അതോ മൂന്നായിതന്നെ കണക്കാക്കണമോ? ഇക്കാര്യത്തിലാണ് കര്‍മശാസ്ത്ര ധാരകള്‍ക്കിടയിലെ ഭിന്നാഭിപ്രായം. മുത്ത്വലാഖ് ഒടുവില്‍ സുപ്രീം കോടതിയാണ് അസാധുവാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ അതിന് നിയമസാധുത നഷ്ടപ്പെട്ടു. എന്നാല്‍, മോദി സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലൂടെ മുത്ത്വലാഖ് ശിക്ഷ വിധിക്കാവുന്ന കുറ്റമാക്കി. മുത്ത്വലാഖ് ചൊല്ലിയ ഭര്‍ത്താവ് മുന്‍ ഭാര്യക്ക് ജീവനാംശവും നഷ്ടപരിഹാരവും നല്‍കണം; ഒപ്പം മൂന്ന് വര്‍ഷം തടവുശിക്ഷയും അനുഭവിക്കണം. രണ്ടും ഒരേയവസരം എങ്ങനെ പ്രായോഗികമാവും എന്ന് സര്‍ക്കാര്‍ ആലോചിച്ചില്ല. ആ വകയിലും കുറെ മുസ്്‌ലിം പുരുഷന്മാര്‍ ജയിലില്‍ കിടക്കട്ടെ  എന്നേ കരുതിയുള്ളൂ. എന്തായാലും മുത്ത്വലാഖേ നിരോധിച്ചിട്ടുള്ളൂ. ത്വലാഖ് ഇപ്പോഴും സാധുവാണ്. എങ്കില്‍ മുത്ത്വലാഖ് റദ്ദാക്കിയതോടെ വിവാഹമോചനം 96 ശതമാനം കുറഞ്ഞു എന്ന് നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗിച്ചതിലെ വസ്തുത സംശയാസ്പദമാണ്. ആരെങ്കിലും അതേക്കുറിച്ച് സര്‍വേയോ പഠനമോ നടത്തിയോ?
ത്വലാഖ് കുറഞ്ഞുവരുന്ന പ്രതിഭാസത്തെപ്പറ്റി ചില പ്രമുഖ മാധ്യമങ്ങള്‍ നേരത്തെ പഠനം നടത്തിയിരുന്നു. അതിലൂടെ പുറത്തു വന്ന സത്യം 1986-ലെ മുസ്്‌ലിം സ്ത്രീ (വിവാഹമുക്ത) നിയമം പ്രാബല്യത്തില്‍ വന്ന ശേഷമാണ് ത്വലാഖ് സംഭവങ്ങള്‍ കുറഞ്ഞത് എന്നതാണ്. കാരണം, വിവാഹ മുക്തക്ക് കോടതികള്‍ വന്‍ തുകയാണ് വിധിക്കുന്നത്. ഇതാകട്ടെ, രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍, മുസ്്‌ലിം സംഘടനകളുടെ നേതാക്കളും പണ്ഡിതന്മാരും സമര്‍പ്പിച്ച സുചിന്തിത നിര്‍ദേശത്തിനനുസൃതമായി തയാറാക്കിയ ബില്‍  പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസ്സാക്കിയ നിയമവുമാണ്. ഷാബാനു ബീഗം കേസില്‍ 1985 ഏപ്രില്‍ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ എല്ലാ മതസ്ഥര്‍ക്കും ബാധകമായ പൊതു സിവില്‍ കോഡ് കൊണ്ടുവരാന്‍ വൈകി എന്ന് ചൂണ്ടിക്കാട്ടിയതിനെതിരെ മുസ്്‌ലിം സമൂഹം പൊതുവേ ഉയര്‍ത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ മുസ്്‌ലിം വിവാഹമുക്തയുടെ നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവന്നതും. പക്ഷേ, ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ള മതേതര ലോബി അന്നു മുതല്‍ ഇന്നു വരെ മുസ്്‌ലിം മത മൗലികവാദികള്‍ക്ക് മുന്നില്‍ രാജീവ് സര്‍ക്കാര്‍ മുട്ടുകുത്തിയെന്ന ആരോപണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വിവാഹമുക്തക്ക് അവള്‍ പുനര്‍ വിവാഹിതയാവുന്നത് വരെ മുന്‍ ഭര്‍ത്താവ് പ്രതിമാസം മാക്‌സിമം 500 രൂപ ജീവനാംശം നല്‍കണമെന്നാണ് സി.ആര്‍.പി.സി 125-ാം വകുപ്പിലെ വ്യവസ്ഥ. കേസ് വിവാഹമുക്തക്ക് അനുകൂലമായാല്‍ പോലും മിക്ക മുന്‍ ഭര്‍ത്താക്കന്മാരും അത് നടപ്പാക്കാന്‍ തയാറാവില്ല. വീ ണ്ടും കേസും ഗുലുമാലും. ഇതോ ‌സ്ത്രീത്വത്തോട് ചെയ്യുന്ന നീതി, അതോ മൊത്തം വലിയൊരു തുക കൈപ്പറ്റി മുന്‍ ഭര്‍ത്താവിനെ പാട്ടിന് വിടുന്നതോ? ചര്‍ച്ച കത്തിനിന്ന നേരത്ത് മാധവിക്കുട്ടി എന്ന കമലാ സുറയ്യ ചൂണ്ടിക്കാട്ടിയത് എത്ര ശരി. 'തന്നെ കൈവിട്ടവന്റെ പിന്നാലെ ജീവനാംശവും ചോദിച്ചു നടക്കുന്നത് ആത്മാഭിമാനമുള്ള പെണ്ണിന് ഭൂഷണമല്ല. അയാള്‍ പാട്ടിന് പോട്ടെ' എന്നായിരുന്നു അവരുടെ കമന്റ്.
ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് നടേ പറഞ്ഞതിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാത്ത വ്യക്തിനിയമമാണെന്ന് സമ്മതിക്കണം. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഭാഷയില്‍, ബ്രിട്ടീഷ് നിര്‍മിത വ്യക്തിനിയമം മുസ്്‌ലിം കുടുംബ ജീവിതത്തെ നരക തുല്യമാക്കിയിരിക്കുന്നു (ഇസ്്‌ലാമിലെ ദാമ്പത്യ നിയമങ്ങള്‍- പ്രസാധനം: ഐ.പി.എച്ച്). ഹനഫി, ശാഫിഈ, ശീഈ മദ്ഹബുകളെ മാത്രം അടിസ്ഥാനമാക്കി 1937-ല്‍ പുറപ്പെടുവിച്ച ശരീഅത്ത് ആക്ട് മുന്നില്‍ വെച്ചായിരുന്നു ഈ അഭിപ്രായ പ്രകടനം. ഇതഃപര്യന്തം ക്രോഡീകൃതവുമല്ല മുസ്്‌ലിം വ്യക്തിനിയമങ്ങള്‍. ഇസ്്‌ലാം സ്ത്രീക്ക് അനുവദിച്ച വിവാഹ ഭഞ്ജനാവകാശം തീര്‍ത്തും അപ്രായോഗികവും സങ്കീര്‍ണവുമായിരുന്നു 1937-ലെ ആക്ടില്‍. ഇത് മതഭ്രഷ്ടിന് പോലും കാരണമാക്കിയപ്പോള്‍ പണ്ഡിതന്മാര്‍ വിവിധ മദ്ഹബുകളെ അടിസ്ഥാനപ്പെടുത്തി തന്നെ നടേ സൂചിപ്പിച്ച കാരണങ്ങളാല്‍ ഫസ്ഖ് ചെയ്യാനുള്ള അവകാശം സ്ത്രീക്ക് അനുവദിച്ചുകൊണ്ടുള്ള നിയമപരിഷ്‌കാരം സര്‍ക്കാറിന്റെ മുന്നില്‍ വെച്ചു. അപ്രകാരം നിലവില്‍ വന്നതാണ് 1939-ലെ മാര്യേജ് ഡിസ്സൊലൂഷന്‍ ആക്ട്. വ്യക്തിനിയമത്തില്‍ രണ്ടാമത് വരുത്തിയ ഭേദഗതിയാണ് 1986-ലെ മുസ്്‌ലിം സ്ത്രീ (വിവാഹ മുക്ത) നിയമം. മൂന്നാമത്തേതാണ് മുത്ത്വലാഖ് നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി. ഇനിയും യഥാര്‍ഥ ശരീഅത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് പരിഷ്‌കരണങ്ങളും ഭേദഗതിയും ആകാവുന്നതാണ്. സ്ത്രീക്ക് തുല്യ നീതി എന്ന തത്ത്വത്തോട് വിയോജിക്കാന്‍ ഇസ്്‌ലാമികാധ്യാപനങ്ങളോട് പ്രതിബദ്ധതയുള്ള ഒരാള്‍ക്കും സാധ്യമല്ല. യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ ജൽപനങ്ങള്‍ പരിഗണനാര്‍ഹവുമല്ല. ഏക സിവില്‍ കോഡ് അപ്രായോഗികമാണെന്നും എന്നാല്‍ കുടുംബ നിയമങ്ങള്‍ നീതിപൂര്‍വം പരിഷ്‌കരിക്കേണ്ടതാണെന്നും മോദി സര്‍ക്കാര്‍ തന്നെ നിയോഗിച്ച 21-ാം നിയമ കമീഷന്റെ ശിപാര്‍ശക്കാണ് ഇക്കാര്യത്തില്‍ പ്രസക്തി. ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഒരുപോലെ രാഷ്ട്രീയം കളിക്കുന്നേടത്താണ് പ്രശ്‌നം എത്തിനില്‍ക്കുന്നത്. മതേതര ഇന്ത്യക്ക് വെവ്വേറെ കുടുംബ നിയമങ്ങള്‍ അചിന്ത്യമാണെന്ന് ആവര്‍ത്തിക്കുന്നവരുടെ വാദഗതികള്‍ ദുരൂഹമാണ്. ഏത് സമുദായത്തില്‍ പിറന്നവനായാലും മതത്തോട് താല്‍പര്യമില്ലെങ്കില്‍ 1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹമാകാവുന്നതേയുള്ളൂ. പല മുസ്്‌ലിം നാമധാരികളും അതാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും. മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധി എന്തിന്?
'ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഏത് പാര്‍ട്ടിയാണെന്ന് നോക്കേണ്ടതില്ല, നിയമം ലിംഗ നീതിപരമാണോ എന്നതാണ് പ്രധാനം' (മാതൃഭൂമി 2023 ജൂലൈ 14) എന്ന പ്രസ്താവവും തല്‍കര്‍ത്താവിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണ്. ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ പോലും നിരാകരിച്ച ഏകീകൃത സിവില്‍ കോഡ് ഒമ്പത് വര്‍ഷത്തെ ഭരണകാലത്തിനൊടുവില്‍ മൂന്നാമൂഴം തരപ്പെടുത്താനുള്ള ത്വരയില്‍, മോദി സര്‍ക്കാര്‍ ലോക്‌സഭ ഇലക്്ഷനു മാസങ്ങള്‍ മാത്രം ശേഷിക്കെ ഏക സിവില്‍ കോഡ് പ്രചാരണം നടത്തുന്നതിലെ ദുഷ്ടലാക്ക് അരിയാഹാരം കഴിക്കുന്നവരെല്ലാം തിരിച്ചറിയുന്നുണ്ട്. ഫാഷിസ്റ്റ് സര്‍ക്കാര്‍ രൂപരേഖ പോലും അവതരിപ്പിക്കാതെയും മുസ്്ലിമേതര സമുദായങ്ങളില്‍ പലതിനെയും നിയമപരിധിയില്‍ നിന്നൊഴിവാക്കുമെന്ന ഉറപ്പോടെയും നടപ്പാക്കുമെന്ന് പറയുന്ന സിവില്‍ കോഡ് ആരെയാണ് ലക്ഷ്യമിടുന്നതെന്ന് പകല്‍ വെളിച്ചത്തില്‍ വ്യക്തമാണെന്നിരിക്കെ 'നടപ്പാക്കുന്നത് ഏത് പാര്‍ട്ടി ആയാലും കൊള്ളാം' എന്ന പ്രസ്താവനയുടെ പിന്നിലെ മനസ്സ് അനാവരണം ആവശ്യപ്പെടുന്നില്ല. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 26-28
ടി.കെ ഉബൈദ്

ഹദീസ്‌

പതിവാക്കേണ്ട രാത്രി നമസ്‌കാരം
പതിവാക്കേണ്ട രാത്രി നമസ്‌കാരം