ഇസ്്ലാമോഫോബിയ വൈറസ് മുസ്്ലിംകളെ മാത്രമല്ല പിടികൂടുക
ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളിൽ ഒന്നായി ഇസ്്ലാമോഫോബിയ മാറിയിരിക്കുകയാണ്. മുസ്്ലിംകളുടെ മതവിശ്വാസത്തെയും സ്വത്വത്തെയും പാർശ്വവൽക്കരിക്കാനും രണ്ടാംനിര പൗരന്മാരായി തരംതാഴ്ത്തി സ്വത്വഹത്യ ചെയ്യാനുമുള്ള ശ്രമങ്ങൾ മുസ്്ലിമേതര വിഭാഗങ്ങൾ ഭൂരിപക്ഷമായിട്ടുള്ള വിവിധ രാജ്യങ്ങളിൽ ഇന്ന് നടന്നുവരുന്നുണ്ട്. ലോകത്തെ മൊത്തം ഇസ്്ലാമിക ജനസംഖ്യയുടെ മൂന്നിലൊന്ന് അവർ ന്യൂനപക്ഷമായ അമുസ്്ലിം സമൂഹങ്ങളിലാണ് ജീവിക്കുന്നത് എന്നതുകൊണ്ട് തന്നെ, അവിടത്തെ ഭരണകൂടങ്ങൾ പോലും ഇസ്്ലാംവിരുദ്ധർക്ക് വേണ്ട ഒത്താശകളും സംരക്ഷണവും നൽകുന്നത് ആ നാടുകളിലെ മുസ്്ലിംകളുടെ ജീവനും സ്വത്തിനും ഒരേ പോലെ ഭീഷണിയായി മാറുന്നു.
ഇസ്്ലാമോഫോബിയ എന്ന പ്രാകൃത വംശീയത ഉത്‌കൃഷ്‌ടമായ ആചാരവും ദേശീയതയുടെ ലക്ഷണവുമായി ആചരിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒരുപക്ഷേ പ്രഥമ സ്ഥാനത്തുള്ളത് ഇന്ത്യയാണ് എന്ന് പറഞ്ഞാൽ അതൊരു അതിശയോക്തിയല്ല. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവും ധാർമികാടിത്തറയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇസ്്ലാമിനെ ഭൂരിപക്ഷ ഹിന്ദുക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിലൂടെ സംഘ് പരിവാർ ചെയ്യുന്നത് ഇസ്്ലാം വിരുദ്ധതയെ രാഷ്ട്ര നിർമിതിയുടെ അടിത്തറയും ദേശീയ താൽപര്യവുമായി വക്രീകരിക്കുന്നു എന്നതാണ്. അതിനാൽ തന്നെ മുസ്്ലിംകൾക്കും അവരുടെ സാംസ്കാരികവും മതപരവും സാമൂഹികവുമായ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന മനുഷ്യാവകാശ പ്രവർത്തകരും മാധ്യമങ്ങളും സാംസ്കാരിക സംഘടനകളുമൊക്കെ ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സർക്കാരിന്റെ നിരന്തര വേട്ടയ്ക്ക് ഇരയാകുന്നു.
അമേരിക്കയിലെ വേയിൻ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ നിയമ അധ്യാപകനും ആഭ്യന്തര സുരക്ഷാ വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായ ഖാലിദ് ബേയ്ദൂൻ ഇന്ത്യയെ വിശേഷിപ്പിച്ചത്, ഗ്ലോബൽ ഇസ്്ലാമോഫോബിയയുടെ എപ്പിസെന്റർ എന്നാണ്. മനുഷ്യമനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന നിരവധി ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഹിന്ദുത്വ തീവ്രവാദം ഏറ്റവും ശക്തമായ ഉത്തരേന്ത്യൻ പശു ബെൽറ്റിൽ നിത്യേനയെന്നോണം മുസ്്ലിംകൾക്കെതിരായി നടക്കുന്നത്. രാത്രിയുടെ മറവിലോ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിൽനിന്നകന്ന ഏതെങ്കിലും കുഗ്രാമത്തിലോ അല്ല; മറിച്ച്, പട്ടാപ്പകൽ പോലീസിന്റെ കൺമുന്നിലാണ് പലപ്പോഴും ഈ നരഹത്യകൾ അരങ്ങേറുന്നത്.
ഇസ്്ലാമോഫോബിയ എന്ന ആഗോള പ്രതിഭാസം ഇന്ത്യൻ സന്ദര്‍ഭത്തിൽ കൂടുതൽ അപകടകാരിയാകുന്നത് രാജ്യത്തെ മുസ്്ലിം വിരുദ്ധത നേരിടുന്ന രണ്ട് പ്രത്യേക സാഹചര്യങ്ങൾ മൂലമാണ്. രാജ്യം ഭരിക്കുന്ന സംഘ് പരിവാറിന്റെ പൂർണ അറിവോടെയും ഒത്താശയോടെയും നടക്കുന്ന ആക്രമണങ്ങളെ ചെറുക്കാനായി ഇന്ത്യൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നു മാത്രമല്ല, പലപ്പോഴും ആക്രമണങ്ങൾക്കുള്ള വഴിമരുന്നിട്ടുകൊടുക്കുന്നത് ഭരണകക്ഷിയിൽ പെട്ടവരുടെ കലാപ ആഹ്വാനങ്ങളാണ്. വിമർശകരെയും ചോദ്യം ചോദിക്കുന്നവരെയും ഉടനടി രാജ്യദ്രോഹികളായി പ്രഖ്യാപിച്ച് ആയുഷ്കാല തടങ്കൽ പ്രതിഫലം നൽകുന്ന മോദി സർക്കാരിന് അഹിതകരമായി പ്രവർത്തിക്കാൻ രാജ്യത്തെ കോടതികൾ പോലും പലപ്പോഴും മടിച്ചുനിൽക്കുന്നു. ജനാധിപത്യ സംവിധാനങ്ങളുടെ ഈ ധാർമിക പ്രതിസന്ധിയാണ് ആദ്യത്തേത്.
നൂറ്റാണ്ടുകളായി മതസഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ഫലഭൂയിഷ്ഠ ഭൂമിയായി ലോകത്തിന്റെ തന്നെ അത്ഭുതത്തിനും ആദരവിനും പാത്രമായിട്ടുള്ള ഇന്ത്യയുടെ മണ്ണിനെ തീവ്ര വംശീയതയുടെയും അപരമത വിദ്വേഷത്തിന്റെയും വിലാസഭൂമിയാക്കി മാറ്റിയ ആർ.എസ്.എസ് പിൻപറ്റുന്ന തത്ത്വദര്‍ശനത്തിന്റെ മനുഷ്യത്വ വിരുദ്ധതയാണ് ഇന്ത്യയിലെ സാഹചര്യങ്ങളെ ആഗോള സാഹചര്യങ്ങളെക്കാൾ അപകടകരമാക്കുന്ന മറ്റൊരു കാരണം. വംശീയ ഉന്മൂലനത്തിന്റെയും നരഹത്യകളുടെയും ലിഖിതചരിത്രത്തിൽ സമാനതകളില്ലാത്ത കൊടും ക്രൂരതകൾക്ക് നേതൃത്വം നൽകിയ ജർമനിയിലെ നാസി ഉന്മൂലന പദ്ധതികളെ അക്ഷരംപ്രതി പകർത്തുന്നു എന്നതാണ് ഇന്ത്യയിലെ ആർ.എസ്.എസ്സിനെ ലോകമെമ്പാടുമുള്ള തീവ്രവാദ സംഘടനകളുടെ മാതാവ് എന്ന സ്ഥാനത്തിന് അർഹമാക്കുന്നത്.
ജർമനിയുടെ സകല പ്രശ്നങ്ങൾക്കും കാരണക്കാർ യഹൂദരാണെന്ന് ഇതര സമൂഹങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി നാസികൾ പ്രയോഗിച്ച ഗീബൽസിയൻ നുണപ്രചാരണ തന്ത്രങ്ങൾ ഉപയോഗിച്ച് ആർ.എസ്.എസ് ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും സിഖുകാരുടെയുമെല്ലാം കണ്ണുകളിൽ ഇന്ത്യയിലെ മുസ്്ലിംകളെ തീവ്രവാദികളും രോഗങ്ങൾ പടർത്തുന്നവരും പാകിസ്താൻ ചാരന്മാരും സ്ത്രീവിരുദ്ധരും ശവഭോഗികളും വൃത്തിയില്ലാത്തവരും പ്രാകൃത ഗ്രന്ഥത്തെ പിൻപറ്റുന്നവരും ഒക്കെയായി ചിത്രീകരിക്കുന്നു. കുഴപ്പക്കാർ എന്ന പേരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ മുസ്്ലിംകളെ ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോൾ രാജ്യത്തെ കാർന്നു തിന്നുന്ന ചിതലുകൾ എന്ന് മുസ്്ലിംകളെ വിശേഷിപ്പിക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്. ഖുർആൻ വചനങ്ങളെ സന്ദർഭത്തിൽനിന്ന് അടർത്തി മാറ്റിയും പച്ചക്കള്ളങ്ങൾ തിരുകിക്കയറ്റിയുമെല്ലാം ഇസ്്ലാമിനെ പൈശാചികവൽക്കരിക്കാനും, കാഫിറുകളെ പതിയിരുന്നാക്രമിച്ചു കൊന്ന് ഇസ്്ലാമിക രാഷ്ട്രം സ്ഥാപിക്കുന്ന ചതിയന്മാരായി മുസ്്ലിംകളെ ഇതര സമുദായങ്ങൾക്കിടയിൽ രാക്ഷസവൽക്കരിക്കാനുമെല്ലാം കരുക്കൾ നീക്കുന്നത് മോദി സർക്കാരിനെ ഉള്ളംകൈയിൽ നിയന്ത്രിക്കുന്ന ആർ.എസ്.എസ്സാണ് എന്ന് ആർക്കാണ് അറിയാത്തത്!
ജനാധിപത്യത്തെ ജനാധിപത്യം കൊണ്ടും മതേതരത്വത്തെ അതേ ആശയം കൊണ്ടും അട്ടിമറിക്കുന്ന ആർ.എസ്.എസ്സിന്റെ ശൈലിയും യഹൂദ വിരുദ്ധമായ നാസി കുടില തന്ത്രങ്ങളെ ഓർമിപ്പിക്കുന്നത് തന്നെ. ഒരേ തെറ്റ് ചെയ്ത ഹിന്ദുവിന് നിസ്സാര പിഴയൊടുക്കി വീട്ടിൽ പോകാനുള്ള സാഹചര്യം ഒരുക്കുന്ന ഭരണകൂടവും നീതിവ്യവസ്ഥയും, അതിൽ പങ്കാളിയായ മുസ്്ലിമിനെയും അയാളുടെ കുടുംബത്തെയും മാത്രമല്ല, നാട്ടുകാരായ ഇതര മുസ്്ലിംകളെ കൂടി അയാളുടെ തെറ്റിനുള്ള പിഴയൊടുക്കാൻ ബാധ്യസ്ഥരാക്കുന്നു. ഉത്തരാഖണ്ഡിലെ പുരോലയിൽ ഒരേ കുറ്റത്തിന് അറസ്റ്റിലായ ഹിന്ദുവിന് നിയമം അനുശാസിക്കുന്ന നിസ്സാര ശിക്ഷ മാത്രം കിട്ടിയപ്പോൾ മുസ്്ലിമിന്റെ കാര്യത്തിൽ ശിക്ഷക്ക് പുറമേ നാട്ടിലെ മറ്റു മുസ്്ലിംകൾക്ക് കൂടി വീടും കച്ചവട സ്ഥാപനങ്ങളും ഉപേക്ഷിച്ച് നാടുവിട്ടു പോകേണ്ടി വന്നത് ഇക്കഴിഞ്ഞ മാസത്തിലാണ്.
ഉത്തർപ്രദേശിലെയും അസമിലെയും മധ്യപ്രദേശിലെയും ബി.ജെ.പി സർക്കാരുകൾ ഈ വിധം മുസ്്ലിംകളെ മാത്രം തെരഞ്ഞുപിടിച്ച് അവരുടെ വീടുകൾ ബുൾഡോസർ കയറ്റി ഇടിച്ചു കളയുകയും, ഒരു തെറ്റും ചെയ്യാത്ത സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തെ പെരുവഴിയിൽ ആക്കുകയും ചെയ്യുന്നത് ഇന്ന് ഇന്ത്യയിൽ ഒരു വാർത്ത പോലും അല്ലാതായിരിക്കുന്നു. ഹിന്ദുത്വ ഫാഷിസത്തിനെതിരെ ജനാധിപത്യപരമായ മാർഗങ്ങളിലൂടെ സമരം ചെയ്യുന്ന മുസ്്ലിംകളെയാണ് ഈ വിധമുള്ള വേട്ടയാടലിലൂടെ സർക്കാർ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത്. ഈ വിധം പ്രാകൃത ശിക്ഷകൾ മുസ്്ലിംകൾക്കെതിരെ മാത്രം നടപ്പാക്കാൻ ജനാധിപത്യ സർക്കാരുകൾ പ്രയോഗിക്കുന്ന തന്ത്രം, ഉടമസ്ഥ രേഖകളും വർഷങ്ങളായി കരമടച്ച രസീതുമുള്ള അവരുടെ വീടുകളെ 'അനധികൃത നിർമാണം' എന്ന് ഏകപക്ഷീയമായി വിധിച്ച് നിയമത്തെ നിയമം കൊണ്ടുതന്നെ അട്ടിമറിക്കുക എന്നതാണ്.
മുസ്്ലിം യുവാക്കളെ ആയുഷ്കാലം കാരാഗൃഹത്തിൽ അടയ്ക്കുന്ന ലൗ ജിഹാദ് നിയമങ്ങളും, മുസ്്ലിംകൾക്ക് മാത്രം പൗരത്വം നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന പൗരത്വ നിയമങ്ങളും, മുസ്്ലിംകൾക്ക് മാത്രം ഉന്നത വിദ്യാഭ്യാസവും സർക്കാർ ജോലിയും വാണിജ്യരംഗത്ത് വിജയവും ഉണ്ടാകുമ്പോൾ വ്യാപകമായി ഉയരുന്ന ജിഹാദ് ആരോപണങ്ങളുമെല്ലാം ഇന്നത്തെ ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖമുദ്രകളായി മാറിയിരിക്കുകയാണ്. ഇതിനൊപ്പം, പരിഷ്കൃത രാജ്യങ്ങൾ മുസ്്ലിം വനിതകൾക്കും പെൺകുട്ടികൾക്കും നൽകിയിട്ടുള്ള ഹിജാബ് ഉൾപ്പെടെയുള്ള വസ്ത്രധാരണ സ്വാതന്ത്ര്യത്തെയും ഇന്ത്യയിലെ കോടതികൾ മതേതരത്വത്തിന്റെ ആവനാഴിയിലെ വംശീയാസ്ത്രങ്ങൾ കൊണ്ട് എയ്തു വീഴ്ത്തുന്നതും നാം ഈയിടെ കണ്ടതാണ്.
ഇന്ത്യയിൽ ഇസ്്ലാമോഫോബിയ വളർത്തുന്നതിനായി സംഘ് പരിവാർ തന്ത്രപരമായി പ്രയോഗിച്ച ഒരു അസത്യ പ്രചാരണം, മുസ്്ലിംകൾ നൂറ്റാണ്ടുകളായി അർഹതയില്ലാത്ത പലതും അധികാരസ്ഥാനങ്ങളിലുള്ളവരെ അനധികൃതമായി സ്വാധീനിച്ച് നേടിയെടുത്തു എന്നതാണ്. സംഘ് പരിവാറിന്റെ ഈ ദുരാരോപണങ്ങൾ തീർത്തും വ്യാജമാണെന്ന് തിരിച്ചറിയാൻ നമുക്ക് ചരിത്രത്തിൽ പാണ്ഡിത്യമോ ഗവേഷണ കുശലതയോ ഒന്നും ആവശ്യമില്ല. ആയിരത്തോളം വർഷങ്ങൾ ഇന്ത്യയിലെ ഭരണ വർഗമായിരുന്ന മുസ്്ലിംകൾ ഇന്നും സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഹിന്ദുക്കളെക്കാൾ എത്രയോ പിന്നാക്കമാണെന്ന സത്യം തിരിച്ചറിയാൻ ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലൂടെ ഒന്ന് യാത്ര ചെയ്താൽ മാത്രം മതിയാകും.
സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യവസായ മേഖലയിലുമെല്ലാം സംഘ് പരിവാർ ആരോപിക്കുന്നത് പ്രകാരം, ഇതര സമുദായങ്ങൾക്ക് അവകാശപ്പെട്ടതെല്ലാം കവർന്നെടുക്കുന്ന മുസ്്ലിംകളുടെ പ്രാതിനിധ്യം എത്ര ശതമാനം ഉണ്ടെന്ന് പരിശോധിച്ചാൽ ഹിന്ദുത്വ നുണകളുടെ വിഷദംഷ്ട്രകൾ നമുക്കു മുന്നിൽ വെളിപ്പെടും. സ്വാതന്ത്ര്യം നേടി 75 വർഷം മുസ്്ലിംകൾ ഈ വിധം അന്യമതസ്ഥരെ കൊള്ളയടിച്ചിട്ടും പിടിച്ചു പറിച്ചിട്ടും എന്തേ, ഇന്നും രാജ്യം ഭരിക്കുന്ന മോദിയുടെ മന്ത്രിസഭയിലോ ഭൂരിഭാഗം സംസ്ഥാനങ്ങളിലോ ഒരു മുസ്്ലിം മന്ത്രി പോലും ഇല്ലാതെ പോയത് എന്ന ചോദ്യത്തിന് ഇന്നത്തെ ഇന്ത്യയിൽ പ്രസക്തിയില്ല. കാരണം, രേഖകളെയും കണക്കുകളെയും തമസ്കരിക്കുകയും വാട്സ് ആപ്പ് ഫോർവേഡുകളിലൂടെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഹിന്ദുത്വ ഗീബൽസുകളാണല്ലോ ഇന്ന് രാജ്യം ഭരിക്കുന്നത്.
ഇപ്രകാരം, ഇതര മതവിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് ചീർത്തു കൊഴുക്കുന്ന മുസ്്ലിംകളുടെ കടന്നുകയറ്റത്തെ ചെറുക്കേണ്ടത് രാജ്യത്ത് മുസ്്ലിമല്ലാത്തവരുടെ സ്വൈരജീവിതത്തിന് അത്യാവശ്യമാണെന്ന അബദ്ധ ധാരണ ഇതര സമുദായങ്ങളിൽ വ്യാപകമായി എന്നതാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് ഇന്ത്യയിൽ ഇസ്്ലാമോഫോബിയ ചെലുത്തിയ ഏറ്റവും അപകടകരമായ സ്വാധീനം. മുസ്്ലിംകളുടെ നാശം ഒന്നുകൊണ്ട് മാത്രമേ തങ്ങൾക്ക് രക്ഷയുള്ളൂ എന്ന മിഥ്യാ ധാരണ ബാധിച്ച 80 ശതമാനം ജനതയുടെ മുന്നിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിരപരാധിയായ തടവുപുള്ളിയുടെ ദയനീയ മുഖമാണ് ശരാശരി ഇന്ത്യൻ മുസ്്ലിമിന്റേത്.
അതിനാൽ തന്നെ, മുസ്്ലിംകളുടെ മതേതര സമീപനങ്ങൾക്കോ ദയാനുകമ്പകൾക്കോ സാഹോദര്യ സഹിഷ്ണുതകൾക്കോ ഒന്നും ഹിന്ദുത്വ പ്രതികാര ദാഹത്തിന്റെയും ബദ്ധ വൈരത്തിന്റെയും അഗ്നിയെ ശമിപ്പിക്കുക സാധ്യമല്ല. ഹിന്ദുത്വ ബുൾഡോസറുകൾക്ക് കീഴിൽ മുസ്്ലിംകളുടെ വീടുകൾ മണൽക്കൂനകളായി മാറുമ്പോഴും വസ്ത്ര സ്വാതന്ത്ര്യം ലംഘിക്കപ്പെട്ട് മുസ്്ലിം കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോഴും, നിരപരാധി എന്ന് ഉറപ്പുള്ള അയൽവാസിയായ മുസൽമാന്റെ മകൻ അന്യായ തടങ്കലിൽ ആകുമ്പോഴുമെല്ലാം ഇന്ത്യയിലെ ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ വേദനയല്ല; മറിച്ച്, ആശ്വാസമാണ് തോന്നുന്നതെങ്കിൽ, ഇസ്്ലാമോഫോബിക്ക് കുപ്രചാരണങ്ങളുടെ സ്വാഭാവിക പരിണതി തന്നെയെന്ന് തിരിച്ചറിയണം.
തങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ജിഹാദി ആക്രമണങ്ങളെ ചെറുക്കാനായി സംഘ് പരിവാർ ഇന്ത്യയിലെ മതേതര ഹിന്ദുക്കളെ അഭ്യസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിരോധ മാർഗമുണ്ട്. മനഃശാസ്ത്രത്തിൽ, ശത്രുവിന്റെ ന്യായമായ ആവശ്യങ്ങളെ പോലും അട്ടിമറിക്കാനായി എതിർപക്ഷം പയറ്റുന്ന ഒരു വിലപേശൽ കുതന്ത്രമാണ് Obstruction അഥവാ പ്രതിബന്ധം സൃഷ്ടിക്കുക എന്നത്. പ്രതിബന്ധം സൃഷ്ടിക്കുന്നവർ ഇതിനായി സാധാരണ ചെയ്യുന്നത്, തങ്ങൾക്ക് ആവശ്യമില്ലെങ്കിൽ പോലും ശത്രുപക്ഷം ഉയർത്തുന്ന അതേ ആവശ്യം തന്നെ ഉയർത്തുക എന്നതാണ്. ഒരു പക്ഷത്തിന്റെ ആവശ്യം മാത്രമാണ് ന്യായം എന്ന വസ്തുത, തീരുമാനമെടുക്കേണ്ടവർ തിരിച്ചറിയുമ്പോഴും മറ്റു വഴികളില്ലാതെ ഇരു പക്ഷങ്ങളുടെയും ആവശ്യം നിരാകരിക്കാൻ അവരെ നിർബന്ധിതരാക്കുന്നു എന്നതിലാണ് ഈ കുതന്ത്രത്തിന്റെ വിജയം.
ഇതേ കുതന്ത്രമാണ് മുസ്്ലിംകളുടെ സാംസ്കാരികവും സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ന്യായമായ ആവശ്യങ്ങൾക്ക് തടയിടാനായി സംഘ് പരിവാർ കാലങ്ങളായി ഇന്ത്യയിൽ സ്വീകരിച്ചു പോരുന്നത്. ശ്രീരാമ വിഗ്രഹം സ്വയംഭൂവായി അവതരിച്ചു എന്ന പച്ചക്കള്ളം പറഞ്ഞ് ബാബരി മസ്ജിദ് അടച്ചുപൂട്ടിച്ചതും, മുസ്്ലിം വിദ്യാർഥികൾക്ക് ഹിജാബ് അണിയാനുള്ള സ്വാതന്ത്ര്യം നൽകിയാൽ അതുവരെ ആവശ്യമില്ലാതിരുന്ന കാവി ഷാൾ അണിയുമെന്ന് ഭീഷണിപ്പെടുത്തി ഹിജാബ് വിലക്കിയതും, മുസ്്ലിംകൾ ഹലാൽ ഭക്ഷണം വിളമ്പുന്നതിനെ നോൺ-ഹലാൽ എന്ന, ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത നിന്ദ്യമായ വാദം ഉയർത്തി പ്രതിരോധിച്ചതും, നൂറ് ഹിന്ദുക്കൾക്ക് തികച്ച് ചൊല്ലാൻ അറിയാത്ത ഹനുമാൻ ചാലിസ കൊണ്ട് മുസ്്ലിംകളുടെ ഈദ് നമസ്കാരം മുടക്കുന്നതുമെല്ലാം Obstruction എന്ന വിലപേശൽ കുതന്ത്രത്തിന്റെ സംഘ് പരിവാർ പതിപ്പാണ്.
ഇസ്്ലാമോഫോബിയയുടെ കുന്തമുന നീളുന്നത് മുസ്്ലിംകളുടെ നേർക്കായതു കൊണ്ട് തന്നെ അത് അവരെ മാത്രം ബാധിക്കുന്ന പ്രശ്നമാണ് എന്നാണ് അമുസ്്ലിംകളിൽ ഭൂരിഭാഗത്തിന്റെയും ധാരണ. എന്നാൽ, ഇസ്്ലാമോഫോബിയയുടെ അടിസ്ഥാന പ്രേരണ ന്യൂനപക്ഷ സമുദായത്തോടുള്ള വംശീയവെറിയാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാൽ മുസ്്ലിം ന്യൂനപക്ഷങ്ങൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ നാളെ അമുസ്്ലിം ന്യൂനപക്ഷങ്ങളുടെ നിലനിൽപിനും ഭീഷണിയാകുമെന്ന് മനസ്സിലാക്കാൻ ഒട്ടും പ്രയാസമുണ്ടാവില്ല.
അതിനാൽ ഇസ്്ലാമോഫോബിയ എന്ന സർവ സംഹാരിയായ വൈറസിനെ മുസ്്ലിംകളുടെ മാത്രം പ്രശ്നം എന്ന സങ്കുചിത മൈക്രോസ്കോപ്പിലൂടെ സമീപിക്കുന്നതിന് പകരം, മനുഷ്യരാശിയെ മൊത്തത്തിൽ വിഴുങ്ങാൻ കെൽപുള്ള വംശീയവ്യാധി എന്ന നിലയ്ക്ക് വിശാലമായ പരിപ്രേക്ഷ്യത്തിൽ സമീപിക്കേണ്ടതുണ്ട് എന്നതാണ് എന്റെ അഭിപ്രായം. l
Comments