സുഗന്ധം പരത്തിയ വാരിക
ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുമ്പ്, കാസർകോട് ആലിയാ അറബിക് കോളേജിന് അനുബന്ധമായി സ്ഥാപിക്കപ്പെട്ട ITC-യിൽ ജോലി ചെയ്യുമ്പോഴാണ് പ്രബോധനം വാരിക ആദ്യമായി കാണുന്നത്. മുസ്‌ലിംകൾക്കിടയിൽനിന്ന് വൃത്തിയുള്ള മലയാളത്തിൽ വാരികയൊക്കെ ഇറങ്ങാറുണ്ടോ എന്നതായിരുന്നു ആദ്യ കൗതുകം. എന്തും വായിക്കും എന്ന അന്നത്തെ രീതിയനുസരിച്ച് വെറുതെ വായിച്ചുതുടങ്ങിയത് ഇന്ന് ഗൗരവമുള്ള ശീലമായി തുടരുന്നു. ഏതെങ്കിലും വാരികയോട് ഇത്ര നീണ്ട ബന്ധം സൂക്ഷിക്കുന്നത് എന്റെ ജീവിതത്തിൽ പുതുമയുള്ളതാണ്. അതിനെക്കാളൊക്കെ എത്രയോ മുമ്പേ പ്രബോധനവുമായി ആത്മബന്ധം സൂക്ഷിക്കുന്ന ഒരുപാട് മനുഷ്യരെ അറിയാം. അവരുടെ ജീവിതത്തിൽ പ്രബോധനം ഉണ്ടാക്കിയ സംസ്കരണം, കാഴ്ചപ്പാടുകളിലെ സുബദ്ധത ഒക്കെ ശ്രദ്ധിച്ചിട്ടുണ്ട്.
എന്റെ ജീവിത സഖി ഖദീജയുടെ വീടിന്റെ മച്ചിൻപുറത്ത് അവളുടെ ഉപ്പ കെട്ടിവെച്ച ഒരുപാട് പഴയ പ്രബോധനങ്ങൾ ഉണ്ട്. ഇടക്ക് തട്ടിൻപുറത്ത് കയറി അത് മറിച്ചുനോക്കൽ എന്റെ ശീലമായിരുന്നു. അതിലും ഉള്ള അജണ്ടകൾ ഒന്നു തന്നെ. കാലം മാറുമ്പോഴും കാലാതീതമായ ഒരു ദർശനം പ്രബോധനം ചെയ്യുന്നവർക്ക് മാറ്റം പ്രിന്റിങ് ക്വാളിറ്റിയിലും എഴുത്തുകാരുടെ പേരിലും മാത്രമായിരിക്കും.
ജീവിത മൂല്യങ്ങൾക്കുള്ള ആധാരമായി വിശുദ്ധ ഖുർആനെയും പ്രവാചകന്മാരുടെ ചര്യകളെയും പരിചയപ്പെടുത്തുന്നതിലും, ദേശീയ അന്തർദേശീയ വിഷയങ്ങളിൽ ഇസ്്ലാമികമായ ദിശാബോധം നൽകുന്നതിലും പ്രബോധനം വാരിക മറ്റുള്ള ഇസ്്ലാമിക പ്രസിദ്ധീകരണങ്ങൾക്ക് വഴികാട്ടിയായിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഞാൻ എഴുതിയ ചില കുറിപ്പുകൾ പ്രബോധനം വാരികയിൽ പലപ്പോഴായി വന്നത് ഒരഭിമാനമായി മനസ്സിലാക്കുന്നു. അതുവഴി ലഭിച്ച പരശ്ശതം സൗഹൃദങ്ങളുടെ സ്നേഹം ഇപ്പോഴും ആസ്വദിച്ച് തീർന്നിട്ടുമില്ല.
വിജ്ഞാനം, നിലപാടുകൾ, സാമൂഹിക നിരീക്ഷണം തുടങ്ങിയവയിൽ പൊതുബോധത്തിൽ നിന്ന് ഭിന്നമായ ഒരു സമാന്തര ലോകം സാധ്യമാണ് എന്ന തിരിച്ചറിവിന് പ്രബോധനം വാരിക സഹായകമായിട്ടുണ്ട്. പൊതു ധാരയിൽ പല കാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ട എഴുത്തുകാർ, സംഭവങ്ങൾ, നിരീക്ഷണങ്ങൾ ഒക്കെ ആഴ്ചതോറും നമ്മിലേക്കെത്തിച്ചു തരുന്നതിനോടൊപ്പം ഇസ്്ലാമിക മൂല്യങ്ങളുടെ പ്രകാശനവും കൂടി അത് നിർവഹിച്ചുകൊണ്ടേയിരിക്കുന്നു.
ഭിന്ന വീക്ഷണങ്ങളും രാഷ്ട്രീയ ശൈലികളും വേണ്ടുവോളം ഉള്ള കേരളീയ ഇസ്്ലാമിക പരിസരത്ത് മാന്യമായ സംവാദത്തിന്റെ സമീപനവും ഭാഷയും അവതരിപ്പിക്കുന്നതിലും, വിഭിന്ന കക്ഷികൾ തമ്മിലുള്ള ആരോഗ്യകരമായ സംവാദത്തെ പ്രോൽസാഹിപ്പിച്ച് വായനക്കാരനെ നേരിലേക്കും നന്മയിലേക്കും നയിക്കുന്നതിലും പ്രബോധനം വാരിക വിജയിക്കുന്നുണ്ട്. പല വിഷയങ്ങളിലുള്ള വിശേഷാൽ പതിപ്പുകളിലൂടെയും ഉള്ളടക്കങ്ങളിലെ ബോധപൂർവമായ തെരഞ്ഞെടുപ്പിലൂടെയും പ്രബോധനം മലയാളിക്ക് സമ്മാനിക്കുന്ന വിജ്ഞാന സുഗന്ധം അളവറ്റതാണ് - ഭാവുകങ്ങൾ. l
Comments