Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 12

3263

1444 മുഹര്‍റം 14

സി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

എ.കെ ഖാലിദ് മാസ്റ്റര്‍, ശാന്തപുരം

കഴിഞ്ഞ ജൂലൈ 24-ന് ശാന്തപുരത്തെ സി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അല്ലാഹുവിലേക്ക് യാത്രയായി. ചേന്ദമംഗല്ലൂര്‍ ഹൈസ്‌ക്കൂളിലാണ് അദ്ദേഹം തന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. പിന്നീട് ശാന്തപുരം പട്ടിക്കാട് ഗവ. ഹൈസ്‌ക്കൂളില്‍ അധ്യാപകനായി. തിരൂരില്‍ അല്‍പ്പ കാലം ജോലി ചെയ്ത ശേഷം പട്ടിക്കാട് ഗവ: ഹൈസ്‌ക്കൂളില്‍ പ്രധാനാധ്യാപകനായി തിരിച്ചെത്തി. സര്‍വീസിലിരിക്കെയാണ് മരണം. അതിന് മുമ്പ് ശാന്തപുരം ഐ.സി.എച്ച്.എസിലും അധ്യാപകനായിട്ടുണ്ട്.
പാരമ്പര്യ ഇസ്‌ലാമിക കുടുംബ ചുറ്റുപാടിലാണ് ജനനം. പിതാവ് സി. ഹസന്‍ ശാന്തപുരം മഹല്ല് വാര്‍ഡ് കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉമ്മ ശാന്തപു
രം വനിതാ കാര്‍ക്കുന്‍ ഹല്‍ഖാ നാസിമത്തായിരുന്നു. ഹല്‍ഖാ സെക്രട്ടറി, മഹല്ല് കമ്മറ്റി അംഗം, ശാന്തപുരം മഹല്ല് വാര്‍ഡ് കൗണ്‍സിലര്‍, അതിന്റെ പ്രസിഡന്റ്, പലിശരഹിത സഹായ നിധി കണ്‍വീനര്‍, അയല്‍ക്കൂട്ടം വര്‍ക്കര്‍ എന്നീ നിലകളിലെല്ലാം രോഗാവസ്ഥയിലും അദ്ദേഹം കര്‍മനിരതനായിരുന്നു. ശാന്തപു
രം സെന്‍ട്രല്‍ ജുമാമസ്ജിദിന്റെ നവീകരണ പ്രവര്‍ത്തനം പൂര്‍ണമായി ചെയ്തത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍, അദ്ദേഹം പ്രസിഡന്റായിരുന്നപ്പോള്‍ ആയിരുന്നു. തന്റെ രോഗ ചികിത്സാ ചെലവിനിടയിലും നാട്ടിലെ രണ്ട് ചികിത്സാ സഹായ ഫണ്ടിലേക്ക് അദ്ദേഹം നല്‍കിയ സഹായം എടുത്തു പറയേണ്ടതാണ്.
കുടുംബത്തെ ഇസ്‌ലാമിക സംസ്‌കാരവും പ്രാസ്ഥാനിക ബോധവും നല്‍കി വളര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഭാര്യ ബിനിത പൂപ്പലം ദാറുല്‍ ഫലാഹില്‍ അധ്യാപികയാണ്. മകന്‍ അര്‍ഹബ് എറണാകുളത്ത് ഒരു കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. മകള്‍ ഹിബ ഭര്‍ത്താവ് സജാദ് ഇരിക്കല്ലൂരുമൊത്ത് കുവൈത്തില്‍. രണ്ടാമത്തെ മകള്‍ ഹുദ വിദ്യാര്‍ഥിനിയാണ്. എല്ലാവരും സജീവ ഇസ്‌ലാമിക പ്രവര്‍ത്തകര്‍.

 

 

പനക്കല്‍ മുഹമ്മദ് കുട്ടി

കൊടിഞ്ഞി കോറ്റത്തങ്ങാടി ഹല്‍ഖയിലെ പ്രവര്‍ത്തകനായിരുന്നു ഈയിടെ അല്ലാഹുവിലേക്ക് യാത്രയായ പനക്കല്‍ മുഹമ്മദ് കുട്ടി. തന്റെ സ്വതസിദ്ധമായ സരസ വര്‍ത്തമാനത്തിലൂടെ വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ, മത-രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരോടും ഊഷ്മള സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. എല്ലാ കൂട്ടായ്മകളിലേക്കും ചേര്‍ത്തു വയ്ക്കാവുന്ന ഒരാള്‍. ജനസേവന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തന്റെതായ  വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം. താന്‍ മുന്നിട്ടിറങ്ങിയ ഏത് സംരംഭത്തിനും തന്റെ പങ്ക് ആദ്യമേ നല്‍കി അത് വിജയിപ്പിക്കുന്ന രീതി മാതൃകാപരമായിരുന്നു.
യാത്ര പോകുമ്പോള്‍ മുഹമ്മദ് കുട്ടിയുടെ സാന്നിധ്യം എല്ലാവരും ആഗ്രഹിക്കും. യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെ മുഷിപ്പില്ലാതെ നര്‍മങ്ങള്‍ പറഞ്ഞ്  എല്ലാവരെയും സന്തോഷിപ്പിക്കുവാന്‍ അദ്ദേഹത്തിനുള്ള കഴിവ് വേറെത്തന്നെയാണ്. മുഹമ്മദ് കുട്ടിക്ക് തന്റെ സംഘടനക്ക് പുറത്തും വിപുലമായ സൗഹൃദ വൃത്തമുണ്ടായിരുന്നു.
ജനാസ നമസ്‌കാരത്തിലെ ജനപങ്കാളിത്തവും  ശേഷം നടന്ന അനുശോചന യോഗവും അതിനുള്ള തെളിവായി. തന്റെ വലിയ സുഹൃദ് വലയങ്ങളെ പ്രസ്ഥാനത്തോട് മതിപ്പുള്ളവരാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തന്റെ പ്രിയതമയും അവരുടെ  കുടുംബവും ഇല്ലായിരുന്നുവെങ്കില്‍ താന്‍ മറ്റൊരാളായി മാറുമായിരുന്നുവെന്നും കാരണം, തന്റെ കുടുംബത്തിലെ ഏകനായ പ്രസ്ഥാനക്കാരനാണ് താനെന്നും അദ്ദേഹം പറയാറുണ്ട്.


സാബിര്‍ പി. കൊടിഞ്ഞി

 

ഇടശ്ശേരി പുത്തന്‍ വീട്ടില്‍ മിസ്ബാഹ്

''ഈ സമയത്ത് പോകാന്‍  കഴിഞ്ഞാല്‍ ഭാഗ്യം.  വലിയ പാപഭാരങ്ങളൊന്നുമില്ലാതെ നാഥനെ കണ്ടുമുട്ടാമല്ലോ'' - ഇക്കഴിഞ്ഞ ജൂലൈ 23-ന് വാഹനാപകടത്തില്‍ മരണമടഞ്ഞ നിയമ വിദ്യാര്‍ഥി തളിക്കുളം ഇടശ്ശേരി പുത്തന്‍ വീട്ടില്‍ മിസ്ബാഹ്, വിയോഗത്തിന്റെ ഏതാനും ദിവസം മുമ്പ്  ആത്മ സുഹൃത്തിനോട് പങ്കുവെച്ച വാക്കുകളാണിത്. യൗവനം തുടിച്ചു നില്‍ക്കുന്ന ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഇങ്ങനെ അഭിപ്രായപ്പെടണമെങ്കില്‍, സ്വന്തത്തെ കാര്യമായവന്‍ വിചാരണ നടത്തിയിരിക്കണം. 
കോഴിക്കോട് ലോ കോളേജിലെ ഹോസ്റ്റലില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയില്‍ ചാവക്കാട് ചേറ്റുവ പാലത്തില്‍ വെച്ചു അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടന്നു വന്ന പിക്കപ്പ് വാഹനം ആ വിലപ്പെട്ട ജീവന്‍ കവര്‍ന്നെടുക്കുകയായിരുന്നു. 
ദൈവ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം കൊതിച്ചവനായിരുന്നു മിസ്ബാഹ്. 'ആര് അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നുവോ അവനെ കണ്ടുമുട്ടാന്‍ അല്ലാഹുവും ആഗ്രഹിക്കും' എന്നാണല്ലോ നബി വചനം. നിനക്ക് ഭൂമിയില്‍ ഇത്ര മതിയെന്നും അനുയോജ്യമായ രക്തസാക്ഷിത്വം ഇതാണെന്നും നാഥന്‍ തീരുമാനിച്ചിരിക്കണം. ഇന്ത്യയിലെ മാത്രമല്ല ഫലസ്ത്വീന്‍, സിറിയ പോലെ ആഗോള മുസ്‌ലിം സമൂഹത്തെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും അലട്ടുന്ന വിഷയങ്ങള്‍ ഒരു ഹൃദയവേദനയായി മിസ്ബാഹ് കൊണ്ടുനടന്നിരുന്നു.
സജീവ പൊതുപ്രവര്‍ത്തകനായിരുന്ന മിസ്ബാഹ് 'ഫ്രട്ടേണിറ്റി'യുടെ ലോ കോളേജ് യൂനിറ്റ് സെക്രട്ടറിയായിരുന്നു. എസ്.ഐ.ഒയിലും ഉത്തരവാദിത്വങ്ങള്‍ വഹിച്ചിരുന്നു. ജീവിച്ച ഇടങ്ങളിലും കണ്ടുമുട്ടിയവരുടെ ഹൃദയങ്ങളിലും തന്റെതായ അടയാളം ബാക്കിയാക്കിക്കൊണ്ടായിരുന്നു വിട പറഞ്ഞത്. 
സലാലയിലെ സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ കോഴിക്കോട് ലോ കോളേജ് വരെ നീണ്ട പഠന കാലത്തെ സഹപാഠികളും അധ്യാപകരും മിസ്ബാഹിന്റെ നന്മകള്‍ ഓര്‍ത്തെടുക്കുന്നുണ്ടായിരുന്നു. ബൈക്കില്‍ എന്നും എക്
സ്ട്രാ ഹെല്‍മെറ്റ് കൂടെ കരുതിയിരുന്നു; കൂട്ടുകാരായോ ലിഫ്റ്റ് ചോദിക്കുന്നവരായോ വരുന്ന സഹയാത്രികര്‍ക്ക് വേണ്ടി. ആദിവാസികളില്‍ നിന്ന് പലരും തുച്ഛവിലക്ക് തേന്‍ വാങ്ങി വന്‍ലാഭത്തിന് വില്‍ക്കുന്നത് മനസ്സിലാക്കി, ചൂഷണത്തില്‍ നിന്ന് അവരെ തടയുന്നതിന് സ്വന്തം നിലക്ക് അത്  നാട്ടില്‍ കൊണ്ടുവന്നു വില്‍ക്കുകയും യഥാര്‍ഥ വില അതിന്റെ ഉടമകള്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. 
സ്‌നേഹവാത്സല്യങ്ങള്‍ ഉദാരമായി പകുത്ത് നല്‍കുന്ന വിശാലമായ കൂട്ടുകുടുംബത്തിലെ അംഗമായിരുന്നു. ജ്യേഷ്ഠാനുജന്മാരുടെ മക്കളെല്ലാവരും അവിടെ പരസ്പരം താങ്ങും തണലും ആയി നിലകൊണ്ടു. അക്കൂട്ടത്തില്‍ ആര്‍ക്ക് സഹായം വേണ്ടി വന്നാലും എപ്പോഴും സന്നദ്ധനായി മിസ്ബാഹ് ഉണ്ടായിരുന്നു. പഠനാവശ്യത്തിനായാലും ജോലി ആവശ്യാര്‍ഥവും എവിടെ, ആര്‍ക്ക് തുണ പോകാനും സദാ സന്നദ്ധനായിരുന്നു. കുടുംബ വീടുകളിലെ ആഘോഷങ്ങളിലും സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ ഒഴിച്ച് നിറുത്താനാവാത്ത ഘടകമായി മിസ്ബാഹ് മാറി. 
പിതാവ്: പുത്തന്‍ വീട്ടില്‍ അബ്ദുല്‍ റഷീദ്, മാതാവ്: യാസ്മിന്‍ പി. അബ്ദുല്ല. സഹോദരങ്ങള്‍: മിസ്അബ്, ബാസിമ.
ഡോ. താജ് ആലുവ

പരേതരെ അല്ലാഹു മഗ്ഫിറത്തും
മര്‍ഹമത്തും സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-52-54
ടി.കെ ഉബൈദ്‌

ഹദീസ്‌

അനീതിക്ക് കുടപിടിക്കാതിരിക്കുക
ഫായിസ് നിസാര്‍