കര്‍മനിരതരായി പുണ്യ ഭൂമിയില്‍
റിപ്പോര്‍ട്ട് /
കോവിഡ് ഭീതി കവര്‍ന്നെടുത്ത രണ്ട് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ കാത്തിരുന്ന അല്ലാഹുവിന്റെ അതിഥികള്‍ എത്തി.
ഞങ്ങള്‍ തനിമയുടെ സന്നദ്ധ സേവകര്‍ മക്കയിലെ ചൂടിലും പൊടിയിലും തല്‍ബിയത്ത് ഉരുവിടുന്ന ഹാജിമാരോടൊപ്പം അവരിലൊരാളായി അവര്‍ക്കു കൈത്താങ്ങായി നിലകൊണ്ടു. ഞങ്ങള്‍ക്ക് അവരെ(ഹാജിമാര്‍) എന്ന പോലെ അവര്‍ക്കു ഞങ്ങളെയും ഏറക്കുറെ പരിചിതമായിക്കഴിഞ്ഞിരുന്നു. മക്കയിലെത്തിയ നാള്‍ മുതല്‍ കണ്ടുതുടങ്ങിയ പല മുഖങ്ങളെയും അവര്‍ ഓര്‍ത്തെടുത്തു കുശലം ചോദിച്ചു. ആ പരിചയമാണ് മികച്ച സേവനവുമായി അവരിലേക്ക് ഇറങ്ങിത്തിരിക്കാന്‍ പ്രേരണയായത്. ഞാനുള്‍പ്പെടെ നാല് വനിതാ വളന്റിയര്‍മാരും(ഷാനിബ ജാസ്മിന്‍, മുന, സുനീറ) തങ്ങളിപ്പോള്‍ തനിമയുടെ കര്‍മഭടന്‍മാരാണെന്ന് പരസ്പരം ഓര്‍മപ്പെടുത്തിയും പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മത പാലിച്ചും നേതൃത്വം ഞങ്ങളിലേല്‍പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചു. ഞങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാതിരുന്ന വിഷയങ്ങളില്‍ പുരുഷ വളന്റിയര്‍മാര്‍ കൈത്താങ്ങായി.
മെട്രോ സ്റ്റേഷന്‍ മിനയില്‍ നിന്ന് വ്യാഴാഴ്ച രാത്രി അറഫയിലെത്തിയ നിമിഷം ആദ്യം കണ്ടുമുട്ടിയ രോഗിയായ ഹാജയെ അറഫായിലെ അവരുടെ ടെന്റില്‍ എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തതു മുതല്‍ ആരംഭിച്ച കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഈ വര്‍ഷത്തെ അറഫാ സേവനത്തിനു ഞങ്ങള്‍ തനിമ വാളന്റിയര്‍മാര്‍ തുടക്കം കുറിച്ചു. പ്രധാനമായും ഹാജിമാരെ അറഫായിലെ ടെന്റുകളില്‍ അവരുടെ കൈവശമുള്ള ടെന്റ് നമ്പര്‍ പ്രകാരം എത്തിക്കുക, പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുറത്തുപോയി തിരിച്ചു വഴിയറിയാതെ പ്രയാസപ്പെടുന്നവരെ നമ്പര്‍ നോക്കി ടെന്റുകളില്‍ തിരികെ എത്തിക്കുക എന്നിവയായിരുന്നു ചെയ്യാനുണ്ടായിരുന്നതെങ്കിലും വനിതാ വാളന്റിയര്‍ ആവശ്യമുണ്ടെന്ന് അറിയിച്ച എല്ലായിടത്തും ഞങ്ങള്‍ ഓടിയെത്തി. രോഗിയായവരെ സന്ദര്‍ശിക്കുക, ഭക്ഷണം, മരുന്ന് പോലുള്ള അവശ്യ സഹായങ്ങള്‍ എത്തിക്കുക, ബാത്ത്റൂമിന്റെ പരിസരങ്ങളില്‍ തല കറങ്ങി വീണുപോയവരെ പരിചരിച്ചു വുദു എടുപ്പിച്ചു, തിരിച്ചു അവരുടെ ടെന്റുകളിലാക്കുക, ബാത്ത്‌റൂമിലെ പ്ലംബിംഗ് സംവിധാനം താറുമാറായി പ്രയാസപ്പെടുന്ന മഹ്‌റമില്ലാത്ത ഹാജകളുടെ പ്രശ്‌ന പരിഹാരത്തിനായി ഇടപെടുക, പ്ലംബിങ് ജോലിക്കായി വന്നവര്‍ക്ക് ഹാജമാര്‍ പറയുന്നത് വിവര്‍ത്തനം ചെയ്തു കൊടുക്കുക- ഇതൊക്കെയാണ് പ്രധാനമായും ചെയ്തു കൊണ്ടിരുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്ന ഏരിയയില്‍ നിന്ന് അവരെ മാറ്റി ജോലി എളുപ്പമാക്കുവാനും അതുവഴി ആ ഏരിയയിലെ എല്ലാ ബാത്ത്‌റൂമുകളും അവര്‍ക്ക് ഉപയോഗപ്രദമാക്കി ബാത്ത്‌റൂമിന്റെ മുന്‍പിലെ നീണ്ട ക്യൂവിന് പരിഹാരമുണ്ടാക്കാനും സാധിച്ചു.
കുടിവെള്ളം, കസേര മുതലായ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുക, ഹജ്ജുമായി ബന്ധപെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, പല തരത്തില്‍ ആകുലപ്പെടുന്നവര്‍ക്ക് വേണ്ടി മോട്ടിവേഷന്‍ ക്ലാസുകളെടുക്കുക, കുടുംബക്കാരെ നഷ്ടപ്പെടുമ്പോള്‍ അവരെ കണ്ടെത്തി കൊടുക്കുക, വീല്‍ ചെയര്‍ എത്തിച്ചു നല്‍കുക, മുത്വവ്വഫിന്റെ ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരുമായി, സ്വന്തം ആവശ്യത്തിന് വീടുകളില്‍ കരുതിയിരുന്ന ഭക്ഷണം പങ്ക് വെക്കുക തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍, ഒരു നിമിഷം പോലും പാഴാക്കാതെ ചെയ്തു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വനിതകള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത വിധം ചാരിതാര്‍ഥ്യമുണ്ട്. മുന ടീച്ചറോ, ജാസ്മിന്‍ നഴ്‌സോ, ഷാനിബയും സുനീറയും വീട്ടമ്മമാരോ മാത്രമല്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുത്തിത്തന്ന നിമിഷങ്ങള്‍. അല്ലാഹുവിന്റെ അതിഥികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഞങ്ങളുടെ വേഷപ്പകര്‍ച്ചകള്‍.
ഒരേസമയം പല ടാസ്‌കുകള്‍ ഞങ്ങള്‍ വനിതകള്‍ ഏറ്റെടുത്തു. ഷാനിബയുടെ കൈവിടാതെ കൂടെക്കൂടിയ ആ അസംകാരി, ഞങ്ങളില്‍ അല്ലാഹു ഏല്‍പിച്ച ഏറ്റവും വലിയ ടാസ്‌കും, ഞങ്ങളുടെ മേല്‍ അല്ലാഹുവിന്റെ ഒരു പരീക്ഷണവും കൂടിയായിരുന്നു. ക്ഷമയുടെ മുള്‍വേലികള്‍ നീ തകര്‍ത്തു കളഞ്ഞേക്കുമോ നാഥാ എന്ന് ഞാന്‍ ചോദിച്ചുപോയ, മണിക്കൂറുകള്‍ നീണ്ട അന്വേഷണം.
പല തവണ അവരുടെ കൈയിലുള്ള ടെന്റ് നമ്പറുമായി ആ ടെന്റിലും അതിന്റെ സമീപങ്ങളിലും അവരെയും കൂട്ടി കയറിയിറങ്ങിയിട്ടും ആ ഹാജയുടെ കൂട്ടാളികളെയോ അവരുടെ സാധനങ്ങളോ ഒന്നും തന്നെ ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല. ഇനിയും അവരെക്കൂട്ടി ഈ എരിവെയിലിലൂടെയുള്ള അന്വേഷണം അവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന് മനസ്സിലാക്കി, ഹജ്ജ് മിഷന്‍ വാളന്റിയര്‍ ടെന്റില്‍ ഹാജയെ ഇരുത്തി വെള്ളവും മറ്റും നല്‍കി അവരുടെ ഫോട്ടോയും ഐഡി കാര്‍ഡുകളുടെ ഫോട്ടോയുമായി ഞങ്ങള്‍ നടന്നു, ടെന്റുകളില്‍ നിന്നു ടെന്റുകളിലേക്ക്. ആരും തിരിച്ചറിഞ്ഞില്ലെന്ന് മാത്രമല്ല അവരുടെ അഡ്രസ്സിലുള്ള ഒരു ബാഗ് പോലും കണ്ടെത്താനുമായില്ല. ആ ഹാജ ഷാനിബയെ നോക്കി വിലപിച്ചു, ബഹന്‍ജീ, നിങ്ങള്‍ എന്നെ കൈ വിടരുതേ. ഒരു വഴി തുറന്നു തരേണമേ എന്ന് ഞങ്ങള്‍ നാഥനോട് കേണു. ഒടുവില്‍ അല്ലാഹുവിന്റെ സഹായമെത്തി. ഞങ്ങളുടെ കൂട്ടായ ശ്രമത്തിന് ഫലമുണ്ടായി. ഉന്നത തലങ്ങളില്‍ നിന്ന് തന്നെ ഇടപെടലുകളുണ്ടായപ്പോള്‍ അവര്‍ സ്വന്തം ബന്ധുക്കളുടെ അടുത്ത് എത്തിച്ചേര്‍ന്ന സുന്ദര നിമിഷത്തിന് ഞങ്ങള്‍ സാക്ഷികളായി. അല്‍ഹംദു ലില്ലാഹ്!
ഇങ്ങനെ വെയില്‍ കൊണ്ടു നടക്കുമ്പോള്‍ കേള്‍ക്കുന്ന ഹാജിമാരുടെ സ്‌നേഹ ശാസനകള്‍ ഞങ്ങള്‍ നീലക്കുപ്പായക്കാരെ അവര്‍ നെഞ്ചേറ്റിയതിനുള്ള തെളിവായിരുന്നു.
വെയിലേറ്റ് നടന്നാല്‍ മാത്രമേ, വഴിയറിയാതെ വെയിലില്‍ അലയുന്ന നിങ്ങളില്‍ പലരുടെ മുഖത്തും നിറ നിലാവ് വിരിയിക്കാന്‍ സാധിക്കുകയുള്ളൂ; ഈ നീലക്കുപ്പായമണിഞ്ഞ് ഇന്നു കൊള്ളുന്ന വെയില്‍ ആവണം നാളേക്ക് ഞങ്ങള്‍ക്ക് തണലാകാന്‍ എന്നതു മാത്രമായിരുന്നു ഞങ്ങളുടെ മറുപടി.
ആത്മാവിലെന്നവണ്ണം തൊട്ടറിഞ്ഞ പ്രവര്‍ത്തനങ്ങളാണ് ഒരു ഹാജിയെക്കൊണ്ട് ഞങ്ങളെ നോക്കി, 'ഞങ്ങള്‍ക്ക് മുന്‍പില്‍ അവതരിച്ച ചിറകില്ലാത്ത മാലാഖമാരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം സദാ വര്‍ഷിക്കട്ടെ' എന്ന് പറയിപ്പിച്ചത്.
കഴിഞ്ഞ കാലങ്ങളില്‍ സേവനത്തിന്റെ പാതയില്‍ വിസ്മയം തീര്‍ത്ത് ഇവിടെ നിന്ന് സ്വന്തം മണ്ണിലേക്ക് മടങ്ങിയ പലരെയും ഞങ്ങള്‍ ഓര്‍ത്തെടുത്തു. റാബിയ, സിന്‍സിലി, ഫാസിലാ, സുഹാന, രഹന, മിന്നാ (പേരെടുത്തു പറയാത്ത പലരെയും) ഞങ്ങള്‍ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തി. വ്യാഴാഴ്ച രാത്രി ആരംഭിച്ചു വെള്ളിയാഴ്ച വൈകുന്നേരം വരെയും ഇടവേളകളോ വിശ്രമമോ ഇല്ലാതെ അല്ലാഹുവിന്റെ അതിഥികള്‍ക്കായി സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട എല്ലാ വാളന്റിയര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍; പ്രാര്‍ഥനകള്‍.
മക്കയുടെ ചരിത്ര മണ്ണില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ തനിമയുടെ പേര് എന്നും തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെടട്ടെ.
Comments