സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃത് മഹോത്സവം ആര്‍ക്കു വേണ്ടി?
രാജ്യം സ്വതന്ത്രമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതിന് അമൃത് മഹോത്സവമെന്ന പേരാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയത് - സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം. ഏതാണ്ടെല്ലാറ്റിലുമെന്നപോലെ ഇതിനെയും ഹൈന്ദവ പുരാണവുമായി ബന്ധിപ്പിക്കാന്‍ മറന്നില്ല ഹിന്ദുത്വ ഭരണകൂടം. മന്ഥര പര്‍വതത്തെ കടകോലും, വാസുകി എന്ന സര്‍പ്പത്തെ കയറുമാക്കി ദേവാസുരന്മാര്‍ ഇരുപക്ഷത്തും നിരന്ന് പാലാഴി കടഞ്ഞത്, ദുര്‍വാസാവിന്റെ ശാപത്താല്‍ ജരാനര ബാധിച്ച ദേവന്‍മാര്‍ക്ക് അമരത്വം തിരികെ നല്‍കുന്നതിനുള്ള അമൃത് എടുക്കാനാണെന്നാണ് പുരാണം. അത്തരമൊരു മഥനമായി സ്വാതന്ത്ര്യ സമരത്തെ കണ്ടാല്‍ അതിനൊടുവിലുണ്ടായ അമൃതിന്റെ അവകാശികളാര് എന്ന ചോദ്യം എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ പരോക്ഷമായി ഉയര്‍ത്തുകയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ചാലക ശക്തിയായ സംഘ് പരിവാരം.
പാലാഴി മഥനത്തില്‍ വാസുകിയുടെ തല പിടിച്ചത് അസുരന്മാരും വാലു പിടിച്ചത് ദേവന്മാരുമാണ്. രണ്ടു കൂട്ടരുടെയും ശ്രമഫലമായി ഉയര്‍ന്നുവന്ന ദിവ്യവസ്തുക്കളില്‍ അവസാനത്തേതായി വന്ന അമൃത്, ദേവന്‍മാര്‍ മാത്രം സ്വന്തമാക്കിയെന്നതാണ് പുരാണം!
ബ്രിട്ടീഷ് അധിനിവേശത്തിന്‍ കീഴിലായിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവുമുണ്ടെന്ന് സിദ്ധാന്തിച്ച വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആവിഷ്‌കരിച്ച ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ആധാരമാക്കി സ്വാതന്ത്ര്യാനന്തരം രൂപം കൊള്ളുന്ന രാഷ്ട്ര ശരീരത്തെ ഭരിക്കണമെന്ന ആഗ്രഹത്തില്‍ പ്രവര്‍ത്തനമാരംഭിച്ച രാഷ്ട്രീയ സ്വയം സേവക് സംഘ്, അമൃതിന്റെ അവകാശം ഹിന്ദു പാരമ്പര്യത്തിന്റെ തുടര്‍ച്ചക്കോ ആ പാരമ്പര്യത്തെ അംഗീകരിച്ച് ജീവിക്കാന്‍ മനസ്സുള്ളവര്‍ക്കോ മാത്രമായി നിജപ്പെടുത്തണമെന്ന് ആഗ്രഹിക്കുകയും, അത് പൂര്‍ത്തീകരിക്കാന്‍ പാകത്തില്‍ നിയമ വ്യവസ്ഥകള്‍ രൂപപ്പെടുത്തപ്പെടുകയും ചെയ്യുന്ന കാലത്ത് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന് അമൃത് മഹോത്സവമെന്നല്ലാതെ മറ്റൊരു പേരിടാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് സാധിക്കില്ല തന്നെ.
നൂറ്റാണ്ട് പിന്നിട്ട വൈദേശികാധിപത്യത്തിന്റെ (ബ്രിട്ടീഷ് ഭരണം ഔദ്യോഗികമായി അത്ര വരില്ലെങ്കിലും) ഇരുട്ടില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് പിറന്നത്, ലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിലേക്കും വര്‍ഗീയ കലാപത്തിലേക്കും കൂടിയായിരുന്നു. ഇന്ത്യയിലെ ജനതയെ വര്‍ഗീയമായി ഭിന്നിപ്പിച്ച് നിര്‍ത്തിയാല്‍ ഭരണവും ചൂഷണവും പ്രയാസമില്ലാതെ നടക്കുമെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഭരണാധികാരികള്‍ ആ തന്ത്രം വിജയകരമായി പയറ്റിയതിന്റെ തുടര്‍ച്ച കൂടിയായിരുന്നു വിഭജനം. ആ പ്രക്രിയ തടസ്സമില്ലാതെ നടക്കാന്‍ പാകത്തില്‍ ഭിന്ന വിചാരം, സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരില്‍ ഒരു വിഭാഗം നേതാക്കള്‍ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സവര്‍ക്കര്‍ തുടങ്ങിവെച്ചത് പിന്തുടര്‍ന്നവരും അതിന്റെ തുടര്‍ച്ചയില്‍ മുഹമ്മദലി ജിന്ന ഏറ്റെടുത്തത് പിന്തുടര്‍ന്നവരുമുണ്ട്. സാദത്ത് ഹസന്‍ മന്തോയുടെയും യശ്പാലിന്റെയുമൊക്കെ എഴുത്തുകളിലൂടെ നമ്മള്‍ അറിയുന്ന, അഭയാര്‍ഥികള്‍ മറികടന്ന ചോരപ്പുഴ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. സ്വതന്ത്ര പ്രദേശം, ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യന്‍ യൂനിയനായി മാറുന്നതിന് മുമ്പേ തന്നെ അഹിംസയുടെ വഴിയിലൂടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ വെടിവെച്ചു കൊല്ലുന്ന ഭീകരത കണ്ടു, സ്വാതന്ത്ര്യത്തിന് ആറുമാസം പ്രായമാകുന്നതിന് മുമ്പ്. നീലം സത്യഗ്രഹവും കൊടി സത്യഗ്രഹവും ഉപ്പു സത്യഗ്രഹവും നടത്തി വൈദേശികാധിപത്യത്തെ വെല്ലുവിളിച്ച, നിസ്സഹകരണ സമരത്തിലൂടെ അവരെ പ്രതിരോധത്തില്‍ നിര്‍ത്തിയ മഹാത്മാഗാന്ധി, സമരത്തിന്റെ അവസാന നാളുകളിലും സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളിലും ഹിന്ദു-മുസ്ലിം മൈത്രി നിലനിര്‍ത്താനുള്ള സഹന സമരത്തിലായിരുന്നു. അധികാരക്കൈമാറ്റമോ കൈമാറിക്കിട്ടുന്ന അധികാരത്തിന്റെ തുടര്‍ നടത്തിപ്പോ ആ ദേഹത്തിന് പ്രസക്തമായിരുന്നില്ല. അതിനെക്കാള്‍ പ്രധാനം മനുഷ്യര്‍ക്കിടയിലെ സ്നേഹം നിലനിര്‍ത്തുക എന്നതാണെന്ന് വിശ്വസിച്ചു, മഹാത്മാവ്.
അമൃത് മഹോത്സവം കൊണ്ടാടുമ്പോള്‍ ആ ഗാന്ധിയാണോ അമരനായി നില്‍ക്കുന്നത്? അതോ രാജ്യ വിഭജനത്തിന് കാരണക്കാരനെന്നും, രൂപം കൊണ്ട പാകിസ്താന് ധനസഹായം ഉറപ്പാക്കാന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളെ നിര്‍ബന്ധിച്ച 'രാജ്യദ്രോഹി'യെന്നും കുറ്റപ്പെടുത്തി ഗാന്ധിജിയെ വെടിയുണ്ടയഭിഷേകം നടത്തിയ നാഥുറാം ഗോഡ്സെയോ?
കൊണ്ടാടപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുക എന്നതാണ് അമൃത് മഹോത്സവത്തിന്റെ ലക്ഷ്യം. അഹിംസയില്‍ അധിഷ്ഠിതമായി ഗാന്ധി നേതൃത്വം നല്‍കിയ സമരമാണ് മുഖ്യമെങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് എണ്ണിയാലൊടുങ്ങാത്ത അടരുകളുണ്ട്. ലക്ഷ്യം സ്വാതന്ത്ര്യമായിരിക്കെ തന്നെ ഇതര പോര്‍ മുഖങ്ങളോട് കലഹിച്ചവയുമുണ്ട്. അത്തരം ചെറുതും വലുതുമായ പ്രവാഹങ്ങള്‍ പകര്‍ന്ന ഊര്‍ജം കൂടിയാണ് ദേശീയ പ്രസ്ഥാനമായി വളര്‍ന്നതെന്നത് വിസ്മരിക്കപ്പെട്ടതോ പില്‍ക്കാലത്ത് വിച്ഛേദിക്കപ്പെട്ടതോ ആയ ചരിത്രമാണ്.
ജാലിയന്‍വാലാ ബാഗില്‍ നൂറുകണക്കിനാളുകളെ ബ്രിട്ടീഷ് പട്ടാളം കൂട്ടക്കൊല ചെയ്ത് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് (1930) പെഷാവറില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന മെറ്റ്കാഫിന്റെ ഉത്തരവനുസരിച്ച് നാനൂറിലധികം പേരെ വെടിവെച്ചിട്ടത്. ഇങ്ക്വിലാബ് സിന്ദാബാദ്, അല്ലാഹു അക്ബര്‍ എന്നിവ ഒരുമിച്ച് മുഴക്കിയ ആ ധീരരും ഇന്ത്യന്‍ യൂനിയന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയില്‍ ജീവന്‍ അര്‍പ്പിച്ചവരാണ്. അമൃത് മഹോത്സവത്തിന്റെ ഓരത്ത് അവരുടെ സ്മരണയുണ്ടാകുമോ? ബ്രിട്ടീഷ് അധികാരികള്‍ക്കും അവര്‍ക്ക് വിധേയവേല ചെയ്തവര്‍ക്കുമെതിരെ ജനത്തെ സംഘടിപ്പിച്ച് പോരടിച്ച് അല്‍പകാലത്തേക്കെങ്കിലും ഒരു പ്രദേശത്തെ സ്വതന്ത്രമാക്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിക്കുട്ടി മുസ്ലിയാരുമടങ്ങുന്നവര്‍ മഹോത്സവ സ്മരണയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട്, വെറും കലാപകാരികളായി നില്‍ക്കുന്നു.
സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയില്‍ നിന്ന വലിയ നിര പില്‍ക്കാലത്ത് അപ്രസക്തരായി മാറിപ്പോയതിന്റെ ഉത്തരവാദിത്വം സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് തന്നെയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നേതൃത്വം ഏതാണ്ട് ജഹവര്‍ലാല്‍ നെഹ്റുവിലേക്ക് ചൂരുക്കിക്കളഞ്ഞു ആ പാര്‍ട്ടി. നെഹ്റുവിനൊപ്പം നേതൃനിരയിലുണ്ടായിരുന്നവരെ വേണ്ടവിധം പില്‍ക്കാലത്ത് സ്മരിക്കാതെ രാഷ്ട്രീയ സ്വയം സേവക് സംഘിന് അവസരം തുറന്നിടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ആ അവസരത്തിന്റെ പൂര്‍ണോപയോഗം കൂടിയായി വേണം അമൃത് മഹോത്സവത്തെ കാണാന്‍. ഹിന്ദു മഹാസഭയെ പ്രത്യക്ഷമായും കൊല്‍ക്കത്ത തീസീസിനെ തള്ളിപ്പറഞ്ഞുവന്ന കമ്യൂണിസ്റ്റുകളെ പരോക്ഷമായും കൂടെനിര്‍ത്തി സോഷ്യലിസ്റ്റ് ചിന്താഗതിയിലൂടെ രാജ്യത്തെ നയിച്ച നെഹ്റു മാത്രമേ പിന്നീടുള്ള ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുള്ളൂ. തുടര്‍ന്നങ്ങോട്ട് നെഹ്റുവിന്റെ കുടുംബപരമ്പരയിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങുകയും ചെയ്തു.
ഹിന്ദു ദേശീയതയുടെ വക്താവായിരുന്ന, ഗാന്ധി വധത്തിന് ശേഷം നിരോധിക്കപ്പെട്ട ആര്‍.എസ്.എസ്സിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് മുന്‍കൈയെടുക്കുകയും ഒരു ഘട്ടത്തില്‍ ആര്‍.എസ്.എസ്സിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടും കോണ്‍ഗ്രസുകാരനായി തുടര്‍ന്ന സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ സ്വന്തം ചുവരിലെ ചിത്രമാക്കാന്‍ ആര്‍.എസ്.എസ്സിനെ സഹായിച്ചത് ഇതാണ്. ഭരണഘടനാ ശില്‍പ്പിയായ ഭീംറാവു റാംജി അംബേദ്കറുടെ പൈതൃകം അവകാശപ്പെടാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് അവസരമൊരുക്കുന്നതും മറ്റൊന്നല്ല. നെഹ്റുവിന്റെ വ്യക്തിപ്രഭാവത്താല്‍ ഇതര നേതൃബിംബങ്ങളെ ബോധപൂര്‍വമല്ലാതെ വിസ്മരിച്ച കോണ്‍ഗ്രസ്, അധികാരം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ആര്‍.എസ്.എസ് അജണ്ടകളില്‍ പലതിന്റെയും നിര്‍വഹണ ഏജന്‍സിയായി മാറുകയും ചെയ്തുവെന്നതും സ്വാതന്ത്ര്യാനന്തര ചരിത്രമാണ്.
ആ ചരിത്രത്തിന്റെ തുടര്‍ച്ചയില്‍, നെഹ്റു വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് പാതയെ കൈവിട്ട് കമ്പോള സമ്പദ് വ്യവസ്ഥയെ ആനയിച്ച കോണ്‍ഗ്രസ്, ഹിന്ദുത്വ വര്‍ഗീയതയുടെ വളര്‍ച്ചക്ക് അതെത്രമാത്രം വളക്കൂറുള്ളതാണെന്ന് തിരിച്ചറിയാന്‍ വൈകി (വൈകിയ വേളയില്‍ നെഹ്റുവിന്റെ ആശയത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി പറയുന്നത് ഓര്‍ക്കാം). നേതാക്കള്‍ അധികാര കേന്ദ്രങ്ങള്‍ വിട്ട് ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കണമെന്ന 1962-ലെ കാമരാജ് നാടാരുടെ ആഹ്വാനത്തെ അധികാരത്തോട് ചേര്‍ന്നുനില്‍ക്കാനുള്ള ത്വരയില്‍ തള്ളിക്കളഞ്ഞപ്പോള്‍ സ്വാതന്ത്ര്യ സമര പാരമ്പര്യം പേറുന്ന പാര്‍ട്ടിയുടെ വേരുകള്‍ ഇളകിത്തുടങ്ങിയിരുന്നു. ആ നേതാക്കളെ സ്വന്തം ചേരിയുടെ ഭാഗമായി ചിത്രീകരിച്ചും കോണ്‍ഗ്രസ് നടപ്പാക്കിത്തന്ന സ്വ അജണ്ടകളെ കൂടുതല്‍ തീവ്രമാക്കിയും കോണ്‍ഗ്രസിന്റെ വേരടര്‍ന്നപ്പോള്‍, ഇളകിയ മണ്ണില്‍ കാലുറപ്പിച്ചും സംഘപരിവാരം മുന്നോട്ടുപോകുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃനിരയില്‍ നിന്ന നേതാക്കളുടെ ആശയങ്ങള്‍ തങ്ങളുടേത് കൂടിയായിരുന്നുവെന്നും തങ്ങളുടെ അജണ്ടകള്‍ ശരിയായതുകൊണ്ടാണ് കോണ്‍ഗ്രസ് അതില്‍ ചിലതിനെങ്കിലും വഴിതുറന്നതെന്നും രേഖപ്പെടുത്തുകയാണ് ആര്‍.എസ്.എസ്സും ബി.ജെ.പിയും ചെയ്യുന്നത്. വ്യാജങ്ങളെ പ്രചാരണ മികവിലൂടെ വസ്തുതകളായി സ്ഥാപിച്ചെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് ഇതൊന്നും അത്ര പ്രയാസമുള്ള സംഗതിയല്ല. ഇതിലൂടെ ഉറപ്പിക്കുന്ന അടിത്തറയാണ് പാര്‍ലമെന്ററി ജനാധിപത്യമായി രാജ്യത്തെ നിര്‍വചിച്ച ഭരണഘടന നിലനില്‍ക്കെ, പാര്‍ലമെന്ററി ജനാധിപത്യം തുടരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ഏകപക്ഷീയമായി പ്രവര്‍ത്തിക്കാന്‍ ഭരണകൂടത്തിന് സൗകര്യമുണ്ടാക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ അമൃതെന്നത്, അധിനിവേശത്തില്‍ നിന്ന്, അവരുടെ ചൂഷണത്തില്‍ നിന്ന്, ആ ഭരണത്തിന്റെ കെട്ട നയങ്ങളെ വിമര്‍ശിക്കുന്നത് തടയുന്ന നിയമ വ്യവസ്ഥകളില്‍ നിന്ന്, അടിച്ചമര്‍ത്താനുള്ള ഉദ്യമങ്ങളെ പ്രതിരോധിച്ചാല്‍ ഉന്‍മൂലനം ചെയ്യാന്‍ മടിക്കാത്ത അധികാര കേന്ദ്രീകരണത്തില്‍ നിന്ന് ഒക്കെയുള്ള മോചനം കൂടിയായിരുന്നു. അതൊക്കെയാണ് 1947 ആഗസ്റ്റ് 14 ഇരുട്ടി വെളുക്കുമ്പോള്‍ ഒരു ജനത സ്വപ്‌നം കണ്ടിട്ടുണ്ടാവുക. അതൊക്കെ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ പാകത്തിലുള്ള ഭരണഘടന, നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെടുത്തിയത്. അത് രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കിടയില്‍, ചില വിഭാഗങ്ങള്‍ക്ക് പ്രത്യേക അധികാരാവകാശങ്ങള്‍ നിര്‍ണയിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തെക്കുറിച്ച് നമ്മള്‍ സ്വപ്നം കണ്ടത് തുടര്‍ന്ന് നിലനില്‍ക്കണമെങ്കില്‍ അത് രേഖപ്പെടുത്തി പോകണമെന്നാണ് ബി.ആര്‍ അംബേദ്കര്‍ മറുപടി നല്‍കിയത്. അതൊക്കെ രേഖപ്പെടുത്തിയ ശേഷവും ഭാവിയെക്കുറിച്ചുള്ള സന്ദേഹം നിലനിന്നതുകൊണ്ടാണ്, ഒരു മത വിഭാഗം ഭൂരിപക്ഷമായ ഇന്ത്യന്‍ യൂനിയന് പാര്‍ലമെന്ററി ജനാധിപത്യമാണോ മികച്ചതെന്ന ചോദ്യം അംബേദ്കര്‍ തന്നെ പിന്നീടുന്നയിച്ചത്.
ആ ആശങ്കക്കിടയിലും അത്രയെളുപ്പത്തില്‍ അട്ടിമറിക്കപ്പെടാനിടയില്ലാത്തതെന്ന് പ്രതീക്ഷിച്ചിരുന്ന, അട്ടിമറിക്കാനുള്ള പഴുതുകളെ ഭരണഘടനാ ദത്തമായ അവകാശങ്ങളുപയോഗിച്ച് നീതിപീഠം അടയ്ക്കാന്‍ ശ്രമിച്ച (സംസ്ഥാന സര്‍ക്കാറുകളെ പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാറിന് ഭരണഘടന നല്‍കിയിരിക്കുന്ന അവകാശം ജുഡീഷ്യറിയുടെ പരിശോധനക്ക് വിധേയമാണെന്ന ഉത്തരവുള്‍പ്പെടെ) കാലത്തെ മറികടന്ന്, ഭരണഘടനയെ നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനെ മറികടക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തുകയാണ് നരേന്ദ്ര മോദി സര്‍ക്കാറും സംഘ് പരിവാരവും. കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും അധികാരപരിധിക്ക് കീഴില്‍ വരുന്ന വിഷയങ്ങള്‍ ഭരണഘടന തന്നെ നിര്‍വചിച്ചിട്ടുണ്ട്; രണ്ട് വിഭാഗത്തിനും ഒരുപോലെ അധികാരാവകാശങ്ങളുള്ള വിഷയങ്ങളും. ആ നിര്‍വചനത്തിലൂടെ നിഷ്‌കര്‍ഷിച്ച അതിരുകളെ ലംഘിച്ച്, കേന്ദ്രാധികാരത്തിന്റെ സാമന്ത പദവി പോലുമില്ലാത്തവയായി സംസ്ഥാന സര്‍ക്കാറുകളെ മാറ്റാന്‍ ശ്രമം നടക്കുന്നു. ക്രമസമാധാന പാലനത്തില്‍, കൃഷിയില്‍, ജലമുള്‍പ്പെടെയുള്ള വിഭവങ്ങളുടെ കാര്യത്തില്‍ ഒക്കെ കേന്ദ്രാധികാരം ഉറപ്പിക്കും വിധത്തിലാണ് നിയമ നിര്‍മാണങ്ങള്‍.
പൗരാവകാശങ്ങളും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളും ഭരണകൂടത്തിന്റെ ഔദാര്യം മാത്രമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. അതിന് അടിവരയിടും വിധത്തില്‍ നീതിപീഠം പോലും പ്രവര്‍ത്തിക്കുന്നുവോ എന്ന തോന്നല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അധികാരങ്ങളെ സംബന്ധിച്ച് അടുത്തിടെ വന്ന പരമോന്നത കോടതി വിധി സൃഷ്ടിക്കുന്നു. തെളിവുകളോ വസ്തുതകളോ അല്ല, വിശ്വാസമാണ് നീതിയുടെ അടിസ്ഥാനമെന്ന സന്ദേശം നല്‍കുന്നു ബാബ്രി മസ്ജിദിന്റെ കാര്യത്തിലുണ്ടായ വിധി. ആ വിധിയാണ് കീഴ്വഴക്കമായി സ്വീകരിക്കേണ്ടത് എന്ന സൂചന നല്‍കുന്നു ഗ്യാന്‍വാപി മസ്ജിദിനെ സംബന്ധിച്ച കോടതി വ്യവഹാരത്തിലെ സുപ്രീം കോടതി ഇടപെടല്‍. പുറംതള്ളേണ്ടവരെന്ന് നേരത്തെ തന്നെ നിശ്ചയിച്ചവരെ പുറംതള്ളാനുള്ള നിയമ ഭേദഗതിയും, അതിന് പരമാവധി പ്രഹരശേഷി ഉറപ്പാക്കാന്‍ പാകത്തില്‍ പട്ടിക തയാറാക്കുമെന്ന പ്രഖ്യാപനവും വരുമ്പോള്‍ ഈ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജി പരിഗണനക്കെടുക്കുന്നത് പരമാവധി വൈകിപ്പിച്ച് ഭരണകൂടത്തിന് ന്യായാസനം ഉത്തേജനം പകരുന്നതും കാഴ്ചയാണ്.
നിയമനിര്‍മാണത്തിന് നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ തള്ളിക്കളഞ്ഞ്, പൊതുജനാഭിപ്രായം തേടുന്ന പതിവും പാര്‍ലമെന്റില്‍ ചര്‍ച്ച എന്ന ആചാരവും ഇല്ലാതാക്കി പാര്‍ലമെന്ററി ജനാധിപത്യമെന്നത് അധികാരത്തിന്റെ താല്‍പര്യം മാത്രമാണെന്ന് ജനത്തെ ബോധ്യപ്പെടുത്തുന്നുണ്ട് ഭരണകൂടം. ഭീഷണി, പ്രലോഭനം, കേന്ദ്ര ഏജന്‍സികള്‍ എന്നിവ തരാതരം പോലെ എടുത്ത് പയറ്റി പ്രതിനിധികളെ ചേരിമാറ്റി ജനഹിതം അട്ടിമറിക്കുക എന്നതും പതിവ് രീതിയായി മാറിയിരിക്കുന്നു. ഇതിനൊക്കെ അരുനില്‍ക്കലാണ് കര്‍ത്തവ്യനിര്‍വഹണമെന്ന മട്ടിലേക്ക് ഭരണനിര്‍വഹണ വിഭാഗവും (എക്സിക്യൂട്ടീവ്) മാറി. ഇവക്കൊക്കെ ഓശാന പാടലാണ് ചുമതല എന്ന ബോധ്യത്തിലേക്ക് നാലാം തൂണും!
വൈദേശികാധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയ ജനതയെ മുന്നോട്ടു നയിക്കാന്‍ രൂപം നല്‍കിയ വ്യവസ്ഥകളും സംവിധാനങ്ങളും ആഭ്യന്തര അധിനിവേശം പൂര്‍ണമാക്കാന്‍ വഴിയൊരുക്കുന്നവയായി മാറിയിരിക്കുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് അധിനിവേശ തന്ത്രം, പുതിയ കാലത്ത് പുതിയ രൂപത്തില്‍ പ്രയോഗിക്കപ്പെടുന്നു. അവിടെ സ്വാതന്ത്ര്യമെന്നത് ഭരണകൂടം അനുവദിക്കുന്ന അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കണം. അതിരുകള്‍ നിശ്ചയിക്കുന്നതിലെ യുക്തിയോ അതിനുപയോഗിക്കുന്ന വര്‍ഗീയ മാനദണ്ഡങ്ങളോ ചോദ്യം ചെയ്യുന്നവര്‍ 'രാജ്യദ്രോഹികള്‍'! പുതിയ സ്വാതന്ത്ര്യത്തിന്റെ ഉത്തരവാദിത്വം ഓര്‍മിപ്പിക്കാന്‍ കൂടിയാണ് വൈദേശികാധിപത്യത്തില്‍ നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ അമൃതം ആഘോഷിക്കുന്നത്.
1947 ആഗസ്റ്റ് 15-ന് ഔദ്യോഗികമായി അവസാനിച്ച സ്വാതന്ത്ര്യ സമരം, വൈദേശികാധിപത്യത്തില്‍ നിന്നുള്ള മോചനത്തോടൊപ്പം സാമൂഹിക അനാചാരങ്ങളില്‍ നിന്നുള്ള മോചനവും ലക്ഷ്യമിട്ടിരുന്നു. അയിത്തമുള്‍പ്പെടെ അനാചാരങ്ങളില്‍ നിന്ന് വലിയൊരളവിലുണ്ടായ മോചനം അതിന്റെ ഫലമായിരുന്നു. അക്കാലം വരെ ബഹിഷ്‌കൃതരായി കണക്കാക്കിയിരുന്നവര്‍ക്ക് അധികാരത്തിലേക്കുള്ള പാത തുറന്നതുമായിരുന്നു ആ സമരം. രേഖപ്പെടുത്തപ്പെടാതെ പോയ സമരവീരന്മാരെ ആദരിക്കാന്‍ അമൃത് മഹോത്സവം സംഘടിപ്പിക്കുമ്പോള്‍, സമാന്തരമായി നടന്ന ഈ സ്വാതന്ത്ര്യ സമരം കൂടി സ്മരിക്കപ്പെടും. പാലാഴി മഥിച്ചപ്പോള്‍ അമൃത് മാത്രമല്ല, കാളകൂട വിഷവും പുറത്തേക്കുവന്നിരുന്നു. കാളകൂടം ആവോളം വമിപ്പിച്ചാണ് അമൃതിന്റെ പേരില്‍ മഹോത്സവം സംഘടിപ്പിക്കുന്നത് എന്ന് തിരിച്ചറിയുന്ന വലിയ ഭൂരിപക്ഷം ഇപ്പോഴും ഇന്ത്യന്‍ യൂനിയനിലുണ്ട്. അവരുടെ ശബ്ദമിപ്പോള്‍ ചെറുതായിരിക്കും. പക്ഷേ, അമരത്വം പ്രഖ്യാപനത്തിലെ അനീതിയും അനൗചിത്യവും ആ ശബ്ദത്തിലൂടെ പ്രതിഫലിക്കുക തന്നെ ചെയ്യും. അതായിരിക്കും യഥാര്‍ഥ അമൃത് മഹോത്സവം.
Comments