പടിഞ്ഞാറന്‍ സിനിമ കുരിശുയുദ്ധങ്ങളെ ചിത്രീകരിക്കുന്നതെങ്ങനെ?
സംസ്‌കാരം /
1911 മുതല്‍ 2008 വരെയുള്ള കാലയളവില്‍ കുരിശുയുദ്ധങ്ങള്‍ ഹോളിവുഡ് സംവിധായകരുടെയും നിര്‍മാണക്കമ്പനികളുടെയും ഇഷ്ട വിഷയമായിരുന്നു. കുരിശുയുദ്ധങ്ങളെ അടിസ്ഥാനമാക്കി ധാരാളം സിനിമകളും ഇതിനകം ഹോളിവുഡ് പുറത്തിറക്കിയിട്ടുണ്ട്.
ഹൂസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച തന്റെ ഗവേഷണ പ്രബന്ധത്തില്‍ മേരി മക്കാര്‍ത്തി പറയുന്നത്, വളരെ വലിയ തുകയാണ് അമേരിക്കന്‍ നിര്‍മാണക്കമ്പനികള്‍ ഇത്തരത്തില്‍ സിനിമ ചെയ്യുന്നതിന് ചെലവഴിക്കുന്നത് എന്നാണ്. കഴിവും അനുഭവ സമ്പത്തുമുള്ള തിരക്കഥാ കൃത്തുക്കളെയും സംവിധായകരെയും നടന്മാരെയും ഇതിനു നിയോഗിക്കുകയും ചെയ്യുന്നു.
പാശ്ചാത്യന്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനും മുസ്‌ലിം വിദ്വേഷം പടര്‍ത്തുന്നതിനും വേണ്ടി, ക്രൈസ്തവരെ അടിമപ്പെടുത്തുന്നതോ കൊലപ്പെടുത്തുന്നതോ ക്രിസ്തുമത ഗ്രന്ഥങ്ങള്‍ തീയിട്ടു നശിപ്പിക്കുന്നതോ ആയ ധാരാളം ദൃശ്യങ്ങളും സൂചകങ്ങളും അവര്‍ സിനിമയില്‍ കടത്തിക്കൂട്ടുന്നു.
മിക്ക കുരിശുയുദ്ധ സിനിമകളുടെയും പ്രമേയം ഇതൊക്കെ തന്നെയാണ്. കുരിശുയുദ്ധ സേനകളെ ശക്തരും തിന്മക്കെതിരെ പോരാടുന്നവരുമായി ചിത്രീകരിക്കുന്നു.
പടിഞ്ഞാറന്‍ സിനിമകളുടെ ആശയ രൂപീകരണത്തിലും മറ്റും കുരിശുയുദ്ധ സിനിമകള്‍ ചെറുതല്ലാത്ത പങ്ക് നിര്‍വഹിക്കുന്നുണ്ട്.
ചരിത്രത്തിന്റെ ദുരുപയോഗം
പാശ്ചാത്യര്‍ നിര്‍മിച്ച കുരിശുയുദ്ധ സിനിമകളെ കുറിച്ച പഠനങ്ങള്‍ ചില സുപ്രധാന സൂചനകള്‍ നല്‍കുന്നുണ്ട്. കൊളോണിയലിസത്തെയും ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ അമേരിക്കന്‍ അധിനിവേശത്തെയും ന്യായീകരിക്കുന്നതിനു വേണ്ടി ചരിത്രത്തെ എങ്ങനെയൊക്കെ വളച്ചൊടിച്ചു എന്ന് ആ സിനിമകള്‍ കണ്ടാല്‍ വ്യക്തമാവും.
ഈ സിനിമകളില്‍ ചരിത്രത്തെയും കഥാപാത്രങ്ങളെയും വര്‍ത്തമാനകാല സാഹചര്യത്തില്‍ പുനര്‍നിര്‍മിക്കുന്നത് പ്രധാനമായും പ്രേക്ഷകരുടെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കാനും അവരുടെ ചിന്തകളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെടുക്കാനുമാണ്.
'റിച്ചാര്‍ഡ് രാജാവും കുരിശുയുദ്ധ സേനയും'
കുരിശുയുദ്ധ സിനിമകളെ കുറിച്ച് പഠിക്കുന്നതിന് 1952-ല്‍ ഹോളിവുഡില്‍ പുറത്തിറങ്ങിയ, ഡേവിഡ് ബട്ട്‌ലര്‍ സംവിധാനം ചെയ്ത King Richard and the Crusaders എന്ന സിനിമയെ മാതൃകയായെടുത്താല്‍, എങ്ങനെയൊക്കെയാണ് കുരിശുയുദ്ധങ്ങളെ പടിഞ്ഞാറന്‍ പൊതുബോധ നിര്‍മിതിക്കും രാഷ്ട്രീയ ലക്ഷ്യ സാധൂകരണത്തിനും വേണ്ടി ഉപയോഗപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാം. കാലാനുസൃതമായി സിനിമകള്‍ ചെയ്യുന്നതിനും അതിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന തരത്തില്‍ ചിഹ്നങ്ങളെയും രൂപകങ്ങളെയും ഉപയോഗിക്കാന്‍ ഡേവിഡ് ബട്ട്‌ലര്‍ക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. തന്റെ പ്രേക്ഷകരുടെ ചിന്തകളെയും വികാരങ്ങളെയും വരെ സ്വാധീനിക്കത്തക്ക രീതിയില്‍ സിനിമയുടെ ഭാഷയെ അദ്ദേഹം ഉപയോഗിക്കുമായിരുന്നു.
അറേബ്യന്‍ വാര്‍പ്പുമാതൃകകളുടെ നിര്‍മിതി
അറേബ്യന്‍ സംസ്‌കൃതിയുമായി ബന്ധപ്പെട്ട രൂപകങ്ങളെ സിനിമയിലുടനീളം ബട്ട്‌ലര്‍ ഉപയോഗിക്കുന്നുണ്ട്. ഒട്ടകങ്ങളുടെയും മരുഭൂമിയുടെയും പശ്ചാത്തലത്തിലാണ് റിച്ചാര്‍ഡ് രാജാവ്, അറേബ്യന്‍ ഗോത്രത്തലവനും മരുഭൂ യുദ്ധങ്ങളില്‍ അഗ്രഗണ്യനുമായ സലാഹുദ്ദീനില്‍നിന്ന് ജെറുസലേം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിക്കുന്നത്.
1952-ലെ King Richard and the Crusaders എന്ന സിനിമയുടെ നിര്‍മാണത്തെയും ഇസ്രയേല്‍ രൂപീകരണത്തെയും ബന്ധിപ്പിച്ചുകൊണ്ട് മേരി മക്കാര്‍ത്തി എഴുതുന്നു: ഇസ്രയേല്‍ രൂപീകരണവും തുടര്‍ന്നുള്ള ഫലസ്ത്വീന്‍ അധിനിവേശവും കുരിശുയുദ്ധങ്ങളുടെ തുടര്‍ച്ചയാണ്. പാശ്ചാത്യ പൊതുബോധത്തെ തങ്ങള്‍ക്കനുകൂലമായി നിലനിര്‍ത്തുകയും ഇസ്രയേല്‍ ഭരണകൂടത്തിന്റെ ചെയ്തികളെയൊക്കെ കുരിശു യുദ്ധങ്ങളിലുള്ള പ്രതികാരങ്ങളായി വിലയിരുത്തുകയും അറബികളില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് പടിഞ്ഞാറിന്റെ സഹായം എല്ലാ അര്‍ഥത്തിലും ഉറപ്പുവരുത്തുകയുമാണ് അവര്‍ ചെയ്യുന്നത്. വര്‍ത്തമാനകാല ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് എങ്ങനെയൊക്കെയാണ് ചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതെന്ന് ഈയൊരൊറ്റ സിനിമയില്‍നിന്ന് മനസ്സിലാക്കാം.
മനുഷ്യര്‍ക്ക് തങ്ങളുടെ പൂര്‍വികരെ കുറിച്ചും അവരുടെ കഥകളെക്കുറിച്ചും പ്രവൃത്തികളെ കുറിച്ചും അറിയാന്‍ ആഗ്രഹമുണ്ടായിരിക്കും എന്ന് റോസെന്‍സ്റ്റെയിന്‍ പറയുന്നുണ്ട്. ആധുനിക ലോകത്ത് സിനിമ ഇതിനുള്ള ഏറ്റവും നല്ല ഉപാധിയാണ്. പക്ഷേ, കഥകളെയും ചരിത്ര സംഭവങ്ങളെയും പറഞ്ഞുവെക്കുന്നത് എഴുത്തുകാരുടെയും സംവിധായകരുടെയും നിര്‍മാണക്കമ്പനികളുടെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും അജണ്ടകള്‍ക്കും അനുസൃതമായാണ്.
സിനിമ ചരിത്രത്തിന്റെ നേര്‍ചിത്രമല്ല
മേരി മക്കാര്‍ത്തി പറയുന്നത്, കുരിശുയുദ്ധങ്ങളിലെ ചരിത്ര സംഭവങ്ങളില്‍നിന്ന് ഒരുപാട് അകലെയാണ് ബട്ട്‌ലറുടെ സിനിമ എന്നാണ്. സിനിമയിലെ കഥക്കോ കഥാപാത്രങ്ങള്‍ക്കോ (റിച്ചാര്‍ഡ്, കോണ്‍റാഡ്, സലാഹുദ്ദീന്‍, ബെറംഗരിയ) ചരിത്രവുമായി യാതൊരുവിധ ബന്ധവുമില്ലെന്നുവേണം പറയാന്‍. അതേസമയം കുരിശുയുദ്ധങ്ങള്‍ പഠിക്കുന്നതിനുള്ള ഒരു ആധികാരിക സ്രോതസ്സാവുകയും ചെയ്യുന്നു ഈ സിനിമ.
സിനിമ മെനഞ്ഞെടുത്ത പ്രധാനപ്പെട്ട കഥകളിലൊന്ന് സലാഹുദ്ദീനും കുരിശുയുദ്ധ സേനയിലെ രാജകുമാരിയുമായുള്ള പ്രണയ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സലാഹുദ്ദീന്‍ അയ്യൂബിയുടെ സ്വഭാവത്തെ വികലമാക്കി ചിത്രീകരിക്കുന്നതിനും അറബികളോട് ഇസ്രയേലിനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്നതിനും വേണ്ടി മാത്രമാണ് ഇങ്ങനെയൊരു കഥ മെനഞ്ഞിരിക്കുന്നത്.
അതുകൊണ്ട് തന്നെ കുരിശുയുദ്ധ സിനിമകളെ കുറിച്ച് പഠിക്കുമ്പോള്‍ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ പടിഞ്ഞാറന്‍ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിന് സിനിമകള്‍ ഏതൊക്കെ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു എന്നു കൂടി തിരിച്ചറിയണം.
കുരിശുയുദ്ധ ചിത്രങ്ങള്‍ ചരിത്രത്തിന്റെ നേര്‍കാഴ്ചകളല്ല. എന്നാല്‍, തങ്ങള്‍ക്കനുകൂലമായ ഒരു പൊതുബോധം രുപീകരിക്കുന്നതിനും കാഴ്ചക്കാരുടെ ചിന്തകളെ വരെ നിയന്ത്രിക്കുന്നതിനും ഈ സിനിമകള്‍ക്ക് കഴിയുന്നുണ്ട്.
മേരി മക്കാര്‍ത്തി വീണ്ടും: 'ഈ ചിത്രം കുരിശുയുദ്ധത്തെ സംബന്ധിച്ച ഒരു യാഥാര്‍ഥ്യവും പറഞ്ഞുവെക്കുന്നില്ല. എങ്ങനെയാണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും ജനശ്രദ്ധ ആകര്‍ഷിക്കുന്നതിനും ചരിത്രത്തെ ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ് ബട്ട്‌ലറുടെ King Richard and the Crusaders എന്ന സിനിമ.'
കിംഗ്ഡം ഓഫ് ഹെവന്‍
2005-ല്‍ പുറത്തിറങ്ങിയ കിംഗ്ഡം ഓഫ് ഹെവന്‍ ഉത്തരാധുനിക കാലത്ത് ചരിത്രത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സിനിമ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചുതരുന്നു; ചരിത്ര സംഭവങ്ങളോട് തീരെ നീതി പുലര്‍ത്താതെയും സിനിമ എടുക്കാമെന്നതിന്റെയും തെളിവ്. അന്ന് വരെ നിലവിലില്ലാതിരുന്ന പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് കഥപറച്ചില്‍.
21-ാം നൂറ്റാണ്ടിന്റെ ചിന്തകളാണ് കിംഗ്ഡം ഓഫ് ഹെവന്‍ പങ്കുവെക്കുന്നത്. കുരിശുയുദ്ധങ്ങളെ ഇതിനൊരു ഉപകരണമായി എടുക്കുന്നുവെന്നു മാത്രം.
'സെപ്റ്റംബര്‍ 11' സംഭവങ്ങള്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് സിനിമയുടെ നിര്‍മാണം ആരംഭിക്കുന്നത്. പടിഞ്ഞാറും മിഡില്‍ ഈസ്റ്റുമായുള്ള പ്രശ്‌നങ്ങളെ പ്രേക്ഷകര്‍ക്കിഷ്ടമാവുന്ന ഒരു കാഴ്ചാനുഭവമായി ചിത്രീകരിക്കുന്നതിനും അവരുടെ ചിന്തകളെയും വികാരങ്ങളെയും തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുക്കുന്നതിനും സിനിമക്ക് കഴിഞ്ഞു. പ്രേക്ഷകരെ രസിപ്പിക്കുക എന്നത് മാത്രമായിരുന്നില്ല നിര്‍മാണക്കമ്പനികളുടെ ലക്ഷ്യം- മേരി മക്കാര്‍ത്തി പറയുന്നു. സിനിമ ശാസ്ത്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ളതല്ല. വിനോദത്തിനു വേണ്ടിയുള്ളതും അല്ല. മറിച്ച്, ചരിത്രത്തെ ആകര്‍ഷകവും മികച്ചതുമായ രീതിയില്‍ വ്യാഖ്യാനിച്ചെടുക്കുന്നതിനാണ് സിനിമ.
യാഥാര്‍ഥ്യവും ഫിക്ഷനും കൂട്ടിക്കുഴച്ച് പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കാനെന്ന വണ്ണം രാഷ്ട്രീയ താല്‍പര്യങ്ങള്‍ നേടിയെടുക്കാവുന്ന രീതിയില്‍ ചിത്രീകരിച്ചിട്ടുള്ളതാണ് കിംഗ്ഡം ഓഫ് ഹെവന്‍. 'പുതിയ രീതിയിലെ ഒരു ചരിത്രത്തെ അല്ലെങ്കില്‍ സാങ്കല്‍പികമായ ഒരു ചരിത്രത്തെയാണ് സിനിമ പരിചയപ്പെടുത്തുന്നത്' - റോസെന്‍സ്‌റ്റെയിന്‍ പറയുന്നു.
മിക്കപ്പോഴും സിനിമകളിലെ ചരിത്രസംഭവങ്ങളെയും ചിഹ്നങ്ങളെയും ആധാരമാക്കിയാണ് ചരിത്രത്തെയും വര്‍ത്തമാനത്തെയും സംബന്ധിച്ച പൊതുബോധം രൂപപ്പെടുന്നത്. സിനിമയില്‍ ഉപയോഗിക്കപ്പെടുന്ന കഥകള്‍, കഥാപാത്രങ്ങള്‍, മത സാംസ്‌കാരിക ചിഹ്നങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തിലൊരു പൊതുബോധ നിര്‍മിതിക്ക് കാരണമാകുന്നു.
നിര്‍മാണക്കമ്പനികള്‍ ചരിത്രപരമായ ഈ യാഥാര്‍ഥ്യങ്ങളോടൊപ്പം അവരുടെ താല്‍പര്യങ്ങളെയും അവതരിപ്പിക്കുന്നു. മിക്ക സിനിമകളിലും അദൃശ്യമായി ഈയൊരു പ്രൊപഗണ്ട പ്രവര്‍ത്തിക്കുന്നുണ്ട്. കുരിശുയുദ്ധ സിനിമകളിലേക്ക് തന്നെ മടങ്ങി വരികയാണെങ്കില്‍ വന്‍തോതില്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്നതിനും അവരുടെ ചിന്തകളെ സ്വാധീനിക്കുന്നതിനും ചലച്ചിത്ര സങ്കേതങ്ങളിലൂടെ തന്നെ അവയ്ക്ക് കഴിഞ്ഞു എന്നു പറയാം.
ആധുനിക യുഗത്തില്‍ നാഗരികതകള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളാവട്ടെ, പടിഞ്ഞാറന്‍ കൊളോണിയലിസത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണമാവട്ടെ, ഇസ്രയേലിന് പടിഞ്ഞാറിന്റെ പൂര്‍ണ പിന്തുണ നേടിയെടുക്കലാവട്ടെ, എല്ലാം അറബികളുമായുള്ള കുരിശുയുദ്ധങ്ങള്‍ക്ക് പകരംചോദിക്കാന്‍ എന്ന നിലയില്‍ ന്യായീകരിച്ചെടുക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു.
അറിയാനുള്ള അവകാശത്തിന്റെ
ലംഘനം
ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളുടെ ലംഘനമല്ലേ ഇതെന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. റോസെന്‍സ്റ്റെയിന്‍ പറയുന്നത്, ആളുകള്‍ക്ക് ചരിത്രത്തെയും പൂര്‍വികരെയും അവരുടെ കഥകളെയും അറിയാനുള്ള താല്‍പര്യമുണ്ട് എന്നാണ്. എന്നാല്‍, എഴുത്തുകാരുടെയും നിര്‍മാണക്കമ്പനികളുടെയും താല്‍പര്യങ്ങളെ കൂടി പരിഗണിച്ചാണ് സിനിമ ചിത്രീകരിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ അമേരിക്കയുടെയും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെയും ഇന്റലിജന്‍സ് വൃത്തങ്ങള്‍ തീരുമാനിക്കുന്നതാണ് ഹോളിവുഡ് അജണ്ട. അറബികളെയും മുസ്‌ലിംകളെയും സംബന്ധിച്ച വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കുന്നതിനും നാഗരികതകളുടെ സംഘട്ടനങ്ങളില്‍ ഒരു ഉപകരണമായി കുരിശുയുദ്ധ സിനിമകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
പലതരം നിലപാടുകള്‍
പാശ്ചാത്യ ലോകത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ള കുരിശുയുദ്ധ സിനിമകളില്‍ ഒന്നും തന്നെ യാഥാര്‍ഥ്യത്തോട് ബന്ധമുള്ളവയല്ല. മറിച്ച്, ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായ രീതിയില്‍ ചിത്രീകരിച്ച് ജനങ്ങളില്‍ സ്വാധീനം ചെലുത്താനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളെ വരെ ബാധിക്കാവുന്ന മറ്റൊരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്: വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്ന, സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും പഠിപ്പിക്കപ്പെടുന്ന പുസ്തകങ്ങള്‍ കുരിശുയുദ്ധത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുന്നവയാണോ? അല്ലെങ്കില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിര്‍മിക്കപ്പെടുന്ന സിനിമകളും ഈ ചരിത്ര പുസ്തകങ്ങളും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?
കുരിശുയുദ്ധങ്ങളെ പറ്റിയുള്ള പല സത്യങ്ങളും യൂറോപ്പ് മറച്ചുവെച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. ജറുസലേമില്‍ കുരിശു പടയാളികള്‍ നടത്തിയ കൂട്ടക്കൊലപാതകങ്ങളെയൊക്കെ ഇവര്‍ സൗകര്യപൂര്‍വം മറക്കുന്നു. സിനിമാ നിര്‍മാണക്കമ്പനികളെ നിയന്ത്രിക്കുക എന്നതിനെക്കാള്‍ ഗൗരവമേറിയ വിഷയമാണിത്.
പാശ്ചാത്യ വായനകളെ മറികടന്ന് യഥാര്‍ഥ സംഭവങ്ങളെ പുറത്തുകൊണ്ടുവരിക എന്നത് ചരിത്ര ഗവേഷകരുടെയും പണ്ഡിതരുടെയും കൂട്ടുത്തരവാദിത്വമാണ്.
മനുഷ്യ ചരിത്രത്തിലെ തന്നെ അതിപ്രധാനമായ ഒന്നായിരുന്ന കുരിശുയുദ്ധത്തെ കുറിച്ചറിയാനുള്ള ആളുകളുടെ അവകാശമാണ് കാലങ്ങളായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. എഴുത്തുകാരും ചരിത്രകാരന്മാരും പണ്ഡിതരുമെല്ലാം ചലച്ചിത്ര നിര്‍മാണക്കമ്പനികളോടൊപ്പം പ്രതിക്കൂട്ടില്‍ തന്നെയാണ്. ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കുന്നതിലും വെറുപ്പ് സൃഷ്ടിക്കുന്നതിലും വാര്‍പ്പു മാതൃകകള്‍ സൃഷ്ടിക്കുന്നതിലും ഇവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല തന്നെ. പാശ്ചാത്യര്‍ ചരിത്രമറിയാന്‍ സിനിമകളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത് താനും.
(കയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ മാധ്യമവിഭാഗം പ്രഫസറാണ് ലേഖകന്‍). വിവ: പി. സുകൈന
Comments