Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 12

3263

1444 മുഹര്‍റം 14

ആധുനിക  ഈജിപ്തിലെ  പൂജ്യം  സമവാക്യം

ഖലീല്‍ അല്‍ അന്നാബി

ഈജിപ്തിലെ ഭരണകൂട സംവിധാനങ്ങള്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അത്യന്തം ഹിംസാത്മകമായ അടിച്ചമര്‍ത്തല്‍ കേവലം രാഷ്ട്രീയപരമോ പ്രത്യയശാസ്ത്രപരമോ ആയ ഭിന്നതകളുടെ പേരിലുള്ളതല്ല. രാഷ്ട്രവും അതിന്റെ ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന സകലമാന മാധ്യമങ്ങളും ബാലിശമായി ആരോപിക്കുന്നതു പോലെ, 'ഭരണം അട്ടിമറിക്കാന്‍ യത്‌നിക്കുന്ന ഭീകര സംഘടനയിലേക്ക് ചേര്‍ന്നു നിന്നത്' കൊണ്ടുമല്ല. യഥാര്‍ഥത്തിലിത് രാഷ്ട്രം സമൂഹത്തിനെതിരെ നടത്തുന്ന പൂജ്യം സമവാക്യ (zero equation) നീക്കമാണ്. അതായത് ഈ നീക്കത്തില്‍ ഒരു പക്ഷത്തിന് എല്ലാം നഷ്ടപ്പെടുന്നു, മറുപക്ഷം എല്ലാം നേടുന്നു. 'ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ അവര്‍' എന്നതാണ് സമവാക്യം. 2013-ല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സൈന്യം അട്ടിമറിച്ചപ്പോള്‍ ഇതിന്റെ ബീഭത്സരൂപം നാം കണ്ടതാണ്. ഇതിന്റെ വേരുകള്‍ ചെന്നുകിടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അമ്പതുകളില്‍ ആരംഭിച്ച പട്ടാള ഭരണത്തിലാണ്. ഒരു പക്ഷേ, അതിനെക്കാളും പിന്നോട്ട് പോയി 150 വര്‍ഷം മുമ്പ് മുഹമ്മദ് അലി പാഷ അധികാരമേറ്റത് മുതല്‍ കണ്ടുതുടങ്ങിയ പ്രവണത എന്നും പറയാം.
മുഹമ്മദ് അലി രൂപം കൊടുത്ത 'ആധുനിക' ഈജിപ്തിന്റെ യുക്തി, സമൂഹവുമായും അതിന്റെ ശക്തികളുമായും അതിന്റെ പ്രതിനിധികളുമായും അടിസ്ഥാനപരമായി തന്നെ വൈരുധ്യത്തിലാണ് നിലകൊള്ളുന്നത്. ഏത് തരത്തിലുള്ള ജനകീയ പ്രാതിനിധ്യത്തെയും തള്ളിക്കളയുക എന്നതാണ് ആ യുക്തി; ആ പ്രാതിനിധ്യം രാഷ്ട്രീയമാകട്ടെ സാമൂഹികമാവട്ടെ സാമ്പത്തികമാവട്ടെ. ഇത്തരം ജനകീയ പ്രാതിനിധ്യങ്ങളൊക്കെ രാഷ്ട്രത്തിന് ഭീഷണിയാണ് എന്ന നിലക്കാണ് മനസ്സിലാക്കപ്പെടുക. കൃത്യമാക്കിപ്പറഞ്ഞാല്‍, ആരാണോ ഭരിക്കുകയും മേല്‍ക്കോയ്മ നേടുകയും ചെയ്തത് അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണി എന്ന നിലയില്‍. അതിനാല്‍, ഏതെങ്കിലും നിര്‍ണിത ജനവിഭാഗത്തെ പ്രതിനിധീകരിച്ച് സംഘടനകളോ കൂട്ടായ്മകളോ ഉയര്‍ന്നുവന്നാല്‍ അവയെ തകര്‍ക്കുക എന്നതാണ് ഈ രാഷ്ട്രത്തിന്റെ മുഖ്യ പരിപാടികളിലൊന്ന്. ഈ സംഘടനകളില്‍ ഏതെങ്കിലുമൊന്ന് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍  ധൈര്യപ്പെട്ടാല്‍ അതിനെതിരെ ഒരു സമ്പൂര്‍ണ സുരക്ഷാ-സാമ്പത്തിക-സാമൂഹിക യുദ്ധം പ്രഖ്യാപിക്കപ്പെടുകയായി.
ജനകീയ പ്രാതിനിധ്യത്തോട് ഈജിപ്ഷ്യന്‍ രാഷ്ട്രത്തിന് വെറുപ്പാണ്. അസ്തിത്വ ഭീഷണിയായേ രാഷ്ട്രം അതിനെ മനസ്സിലാക്കുകയുള്ളൂ. ഭരിക്കുന്നവരുടെയും അവരുടെ ശിങ്കിടികളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാവുക എന്നാണ് അസ്തിത്വ ഭീഷണിയുടെ അര്‍ഥം. ഇനി ജനകീയ പ്രാതിനിധ്യം അനുവദിക്കുന്നുണ്ടെങ്കില്‍ തന്നെ അത് നിര്‍ണിത വ്യവസ്ഥകള്‍ക്കകത്ത് മാത്രം; ചില ഇടങ്ങളില്‍ മാത്രം. പരിധി ലംഘിച്ചു കഴിഞ്ഞാല്‍, മനപ്പൂര്‍വമല്ലെങ്കില്‍ പോലും അത് രാഷ്ട്രത്തിനെതിരായ യുദ്ധ പ്രഖ്യാപനമായി മനസ്സിലാക്കപ്പെടും. പുതിയ സമവാക്യവുമായി വരുന്നവരെ തകര്‍ക്കുക എന്നതാണ് അടുത്ത പടി. ഇതൊരു പ്രതികാര നടപടി മാത്രമായിരിക്കില്ല. ഈ രീതിയില്‍ ചിന്തിക്കുന്നവര്‍ക്കുള്ള താക്കീതുമായിരിക്കും.
ഈ സീറോ ഇക്വേഷന്‍ നിലനിര്‍ത്താനും അതിനെതിരെ നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാനും അന്‍വര്‍ സാദാത്തിന്റെയും ഹുസ്‌നി മുബാറകിന്റെയും ഭരണ കാലങ്ങളില്‍ പലതരം സ്ട്രാറ്റജികളാണ് സ്വീകരിച്ചിരുന്നത്. അടിച്ചമര്‍ത്തുക, ഒതുക്കുക, ഇണക്കുക, പുറന്തള്ളുക- ഇങ്ങനെ പല രീതികളുണ്ട്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന സംഘടനയുടെ കാര്യം തന്നെ എടുക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഈ സംഘടന രാഷ്ട്രവുമായി ഏര്‍പ്പെട്ടു വന്നിരുന്ന സംഘട്ടനം അനിവാര്യമായും ചിന്താപരമായിരുന്നു, അല്ലെങ്കില്‍ പ്രത്യയശാസ്ത്രപരമായിരുന്നു, അതുമല്ലെങ്കില്‍ മതപരമായിരുന്നു എന്നൊന്നും നമുക്ക് പറയാനാവുകയില്ല. രാഷ്ട്രീയത്തിലും  ട്രേഡ് യൂനിയന്‍ മേഖലയിലും പ്രഫഷനല്‍ രംഗത്തും ഈ സംഘടന നേടിയെടുത്ത ജനസമ്മതിയായിരുന്നു യഥാര്‍ഥത്തില്‍ അധികാരികളുടെ തലവേദന. തങ്ങള്‍ വെച്ച വ്യവസ്ഥകള്‍ക്കകത്താണ് ഇത് സംഭവിക്കുന്നതെങ്കിലും ഭരണാധികാരികള്‍ക്കത് പൊറുക്കാന്‍ കഴിയില്ലെങ്കില്‍, നിര്‍ണിത കളത്തിന് പുറത്തു കടന്ന് സംഘടന കളിക്കാന്‍ നോക്കുമ്പോള്‍, അതിന്റെ നിയമാനുസൃതത്വവും ജനസ്വീകാര്യതയും തകര്‍ക്കാനും സംഘടനയെ തന്നെ ഉന്മൂലനം ചെയ്യാനും അവര്‍ കച്ചകെട്ടുമെന്നുറപ്പ്.
ഇഖ്‌വാന്ന് രാഷ്ട്രത്തിന്റെ ഉന്മൂലന ഭീഷണികള്‍ നേരിടേണ്ടി വന്നത് ഭരണാധികാരികള്‍ സ്വന്തം നിലക്ക് ജനപ്രീതി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു. സംഘടനയുടെ നിയമാനുസൃതത്വവും ജനകീയതയും തകര്‍ത്തേ അത് നേടുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നുള്ളൂ. ഉദാഹരണത്തിന് പ്രസിഡന്റായിരുന്ന ജമാല്‍ അബ്ദുന്നാസിറിന്റെ കാര്യമെടുക്കാം: ഇഖ്‌വാനെ തകര്‍ത്തുകൊണ്ടല്ലാതെ നാസിറിന് തന്റെ നിയമാനുസൃതത്വം സ്ഥാപിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. കാരണം, ഇഖ്‌വാന്റെ നിയമാനുസൃതത്വം തള്ളിക്കളഞ്ഞു കൊണ്ടേ അദ്ദേഹത്തിന് തന്റെ നിയമാനുസൃതത്വം വാദിച്ചുറപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. 'ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ മുര്‍ശിദ് (ഇഖ്‌വാന്‍ സാരഥി)' എന്ന മുദ്രാവാക്യം നാസര്‍ ഉയര്‍ത്തിയത് അതിനാലാണ്. അടിസ്ഥാനപരമായി യഥാര്‍ഥ പോര് ഇഖ്‌വാനുമായിട്ടു പോലുമല്ല. 'വിപ്ലവ കൗണ്‍സില്‍' എന്ന് പേരിട്ട സമിതിയിലെ ചില അംഗങ്ങള്‍ക്ക് ജന-സാമൂഹിക പ്രതിനിധാനം എന്ന ആശയം തന്നെ പിടിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് പ്രശ്‌നം. 1953 ജനുവരിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സാമൂഹിക ജീവിതത്തിലെ മുഴുവന്‍ പ്രാതിനിധ്യ രൂപങ്ങളെയും നാസര്‍ നിരോധിക്കുകയുണ്ടായി. പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ് ഇഖ്‌വാന്ന് വിലക്കേര്‍പ്പെടുത്തുന്നത്.
ഇത് തന്നെയാണ് ഈജിപ്തിലെ ഇന്നത്തെ ഭരണകൂടവും 2013 ജൂലൈ മൂന്ന് മുതല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ, ഇവിടെ ഒരു പ്രധാന വ്യത്യാസമുണ്ട്. ഇപ്പോഴത്തെ ഭരണകൂടം അസ്തിത്വ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത് ഇഖ്‌വാനുമായി മാത്രമല്ല, ജനുവരി വിപ്ലവവുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളുമായാണ്. ഇവരെല്ലാം രാഷ്ട്രത്തിനെതിരെ കലാപത്തിനിറങ്ങിയിരിക്കുന്നു എന്നാണ് വ്യാഖ്യാനം. ആ വിപ്ലവം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് വില കൊടുക്കാനും ഭരണകൂടം തയാറാണ്. ഈജിപ്ത് ഇന്ന് നേരിടുന്ന സകല പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം ജനുവരി വിപ്ലവത്തിന് മേല്‍ കെട്ടിവെച്ചു കൊണ്ടുള്ള സീസിയുടെ പ്രസ്താവനകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നത് അതിനാലാണ്. സ്റ്റേറ്റിന്റെ ഭ്രമണപഥത്തില്‍ കറങ്ങുന്ന മീഡിയ ജനുവരി വിപ്ലവത്തെ പൈശാചികവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നതിന്റെയും അതിന്റെ ആവര്‍ത്തനത്തെക്കുറിച്ച് ജനത്തെ പേടിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെയും കാരണവും മറ്റെങ്ങും തിരയേണ്ടതില്ല. ഭരണകൂടത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ അവര്‍ക്കതിനുള്ള ന്യായമുണ്ട് താനും. കാരണം, രാഷ്ട്രവും സമൂഹവും തമ്മില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന പൂജ്യം ഇക്വേഷന്‍ തകര്‍ക്കാനും ജനപ്രാതിനിധ്യം പിടിച്ചുവാങ്ങാനുമുള്ള ഭാഗികമായിട്ടെങ്കിലുമുള്ള ശ്രമമായിരുന്നു ജനുവരി വിപ്ലവം.
രാഷ്ട്രം അതിന്റെ സകല സംവിധാനങ്ങളുമുപയോഗിച്ച് ആയിരക്കണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരെ, പ്രത്യേകിച്ച് യുവാക്കളെ തടവിലിടുന്നതിന്റെ യുക്തി ഈയൊരു പശ്ചാത്തലത്തിലേ മനസ്സിലാക്കാനാവുകയുള്ളൂ. യുവസമൂഹം തങ്ങള്‍ക്കെതിരെ ഒരിക്കല്‍ കൂടി കലാപത്തിനിറങ്ങണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ ആ ചിന്തയെ തന്നെ കുഴിച്ചുമൂടാനായിട്ടാണ് രാഷ്ട്ര സംവിധാനങ്ങള്‍ ജാഗ്രത്തായിട്ടുള്ളത്. പക്ഷേ, അധികാരത്തിലുള്ളവര്‍ മനസ്സിലാക്കാത്ത ഒരു വസ്തുതയുണ്ട്: ഒരിക്കല്‍ അവര്‍ തെരുവിലിറങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ രണ്ടാമതും ഇറങ്ങും. ഉടനെയുണ്ടാവുമോ അല്‍പം കഴിഞ്ഞിട്ടാവുമോ എന്നേ നോക്കേണ്ടതുള്ളൂ. ആ രണ്ടാം വരവ് പൂജ്യം സമവാക്യത്തെ മാത്രമല്ല, അടിച്ചൊതുക്കലില്‍ കെട്ടിപ്പടുത്ത മുഹമ്മദ് അലി പാഷയുടെ 'ആധുനിക ഈജിപ്തി'നെയും തകര്‍ത്തെറിയും. 
(അല്‍ ജസീറ അറബി കോളമിസ്റ്റാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-52-54
ടി.കെ ഉബൈദ്‌

ഹദീസ്‌

അനീതിക്ക് കുടപിടിക്കാതിരിക്കുക
ഫായിസ് നിസാര്‍