ജീവിതത്തെ മൂല്യ നിഷ്ഠമാക്കുന്ന ആരാധനാനുഷ്ഠാനങ്ങള്‍
ഒരു ശിഷ്യന്‍ ഗുരുവിനെ സമീപിച്ച് ചോദിച്ചു: ''കഴിഞ്ഞ ദിവസം കൂട്ടുകാരോടൊന്നിച്ചിരിക്കവേ ഒരു സുഹൃത്തിനെ സംബന്ധിച്ച് വളരെ മോശമായി സംസാരിച്ചു. അതിന്റെ ഗൗരവത്തെ സംബന്ധിച്ച് ആലോചിച്ചപ്പോള്‍ വലിയ ദുഃഖവും ഖേദവും തോന്നുന്നു. ഇനിയെന്താണ് പരിഹാരം?''
ഗുരു തന്റെ ശിഷ്യനോട് ഒരു ചാക്ക് നിറയെ തൂവല്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അതുമായി വന്നപ്പോള്‍ അതെല്ലാം അങ്ങാടിയില്‍ കൊണ്ടുപോയി വാരി വിതറാന്‍ നിര്‍ദേശിച്ചു. അതും ചെയ്ത് വന്നപ്പോള്‍ തുടര്‍ന്ന് എന്ത് വേണമെന്ന് ചോദിച്ചു. അപ്പോള്‍ ഗുരു ആ തൂവലെല്ലാം പെറുക്കി കൊണ്ടുവരാന്‍ പറഞ്ഞു. ശിഷ്യന്‍ അങ്ങാടിയില്‍ ചെന്നപ്പോള്‍ തൂവലെല്ലാം പാറിപ്പോയിരുന്നു. ഒന്നുപോലും ബാക്കിയുണ്ടായിരുന്നില്ല. വിവരം ഗുരുവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഇത് തന്നെയാണ് പറഞ്ഞ വാക്കുകളുടെയും സ്ഥിതി. ഒന്ന് പോലും തിരിച്ചെടുക്കാന്‍ സാധ്യമല്ല. പറയുന്നത് വരെ നാം വാക്കുകളുടെ ഉടമകളാണ്. പറയുന്നതോടെ അവയുടെ അടിമകളായി മാറും. അവ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.''
ഭൗതികാസക്തിയാല്‍ ദേഹേഛയെ പിന്‍പറ്റി മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്നവരെ വിശുദ്ധ ഖുര്‍ആന്‍ നായയോട് ഉപമിച്ചിട്ടുണ്ട്. വേദം അനുധാവനം ചെയ്യാത്ത വേദക്കാരെ ഗ്രന്ഥം ചുമക്കുന്ന കഴുതയോടും ഉപമിക്കുന്നു. എന്നാല്‍, ഖുര്‍ആന്‍ ഏറ്റവും കടുത്ത ഭാഷയില്‍ ആക്ഷേപിച്ചത് പരദൂഷണം പറയുന്നവരെയാണ്. മരിച്ചുകിടക്കുന്ന സഹോദരന്റെ പച്ചമാംസം തിന്നുന്ന ശവംതീനിയോടാണ് പരദൂഷണം പറയുന്നവരെ ഉപമിച്ചത്.
''വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ'' (49:12).
സ്ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ അഭിസംബോധന ചെയ്ത് ഒരേ നിര്‍ദേശം അപൂര്‍വം ചിലതിനെ സംബന്ധിച്ച് മാത്രമേ ഖുര്‍ആന്‍ നല്‍കിയിട്ടുള്ളൂ. അതിലൊന്ന് പരിഹാസത്തെപ്പറ്റിയാണ്.
''സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്റെ പേരുപയോഗിക്കുന്നത് എത്ര നീചം! ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍'' (49:11).
മനുഷ്യര്‍ മനുഷ്യരോട് ചെയ്യുന്ന തെറ്റുകളുണ്ട്. അല്ലാഹുവോട് ചെയ്യുന്ന തെറ്റുകളുമുണ്ട്. അല്ലാഹുവോട് ചെയ്യുന്ന തെറ്റുകള്‍ മാപ്പ് ചോദിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അതില്‍ ഏറ്റവും ഗുരുതരമായ ശിര്‍ക്ക് പോലും പശ്ചാത്തപിക്കുന്നവര്‍ക്ക് മാപ്പ് നല്‍കും. എന്നാല്‍ മനുഷ്യരോട് ചെയ്യുന്ന തെറ്റുകള്‍ക്ക് അത് ആരെയാണോ ബാധിക്കുക അവര്‍ തന്നെ ക്ഷമിക്കുകയും മാപ്പ് കൊടുക്കുകയും വേണം. പലപ്പോഴും അതസാധ്യമായിത്തീരുകയും ചെയ്യും. പറയുന്ന വാക്കുകള്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒട്ടേറെ ആളുകള്‍ അത് കേള്‍ക്കും. അവരെയെല്ലാം കണ്ട് തിരുത്തുക അസാധ്യം. അതുകൊണ്ടുതന്നെയാണ് ആരാധനാ കര്‍മങ്ങളുടെ വിശദാംശങ്ങളില്ലാത്ത വിശുദ്ധ ഖുര്‍ആനില്‍ പരിഹാസത്തെപ്പറ്റിയും പരദൂഷണത്തെ സംബന്ധിച്ചും കുത്തുവാക്കുകളെക്കുറിച്ചും അപവാദ പ്രചാരണത്തെപ്പറ്റിയും കൃത്യമായും വ്യക്തമായും വിശദീകരിച്ചത്.
സംസാരത്തിലെന്ന പോലെ മറ്റു കാര്യങ്ങളിലും മനുഷ്യന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഗുരുതരമായ കുറ്റമാണ്. പലപ്പോഴും അവയ്ക്ക് പരിഹാരം പോലും സാധ്യമല്ല. സാമ്പത്തിക ഇടപാടുകളിലെ ഇസ്‌ലാമിന്റെ നിലപാട് വിശദീകരിച്ച് ഖുത്വ്ബ നിര്‍വഹിച്ച് നമസ്‌കരിച്ച് പുറത്തിറങ്ങിയപ്പോള്‍ ഒരു മധ്യവയസ്‌കന്‍ അടുത്ത് വന്ന് സങ്കടത്തോടെ പറഞ്ഞു: ''ഞാന്‍ ഗള്‍ഫിലായിരുന്നപ്പോള്‍ ജോലി ചെയ്തിരുന്ന കടയില്‍ നിന്ന് ഉടമ അറിയാതെ എല്ലാ ദിവസവും ഒരു സംഖ്യ എടുക്കുമായിരുന്നു. ഗള്‍ഫിനോട് വിട പറഞ്ഞിട്ട് പത്ത് കൊല്ലമായി. ആ കടയുടമ മരണപ്പെട്ടിട്ടും കൊല്ലങ്ങളായി. അദ്ദേഹത്തിന്റെ മക്കള്‍ ഇപ്പോള്‍ എവിടെയാണെന്നറിയില്ല. ഇനി എന്താണ് പരിഹാരം? ഞാനെന്ത് ചെയ്യണം?''
''താങ്കള്‍ അന്യായമായി കൈപ്പറ്റിയ സമ്പത്ത് അതിന്റെ ഉടമക്കോ അദ്ദേഹത്തിന്റെ അവകാശികള്‍ക്കോ മടക്കിക്കൊടുത്ത് ക്ഷമ ചോദിക്കുകയാണ് വേണ്ടത്. അത് സാധ്യമല്ലത്തതിനാല്‍ യഥാര്‍ഥ പരിഹാരമില്ല. ഇനി സാധ്യമായത് താങ്കള്‍ കവര്‍ന്നെടുത്ത അത്രയും സംഖ്യ പരമ ദരിദ്രരായ ആളുകള്‍ക്ക് നല്‍കി അല്ലാഹുവോട് പശ്ചാത്തപിച്ച് പാപമോചനത്തിനായി പ്രാര്‍ഥിക്കുക മാത്രമാണ്. മറ്റൊരു പരിഹാരവും സാധ്യമല്ലല്ലോ.'' ഇങ്ങനെ പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയക്കുകയുണ്ടായത്.
മനുഷ്യരുമായി ബന്ധപ്പെട്ട എല്ലാം ഏറെ ഗുരുതരമായതിനാലാണ് മറ്റെല്ലാറ്റിലേതുമെന്ന പോലെ സാമ്പത്തിക വിഷയങ്ങളുടെയും എല്ലാ വിശദാംശങ്ങളും വിശുദ്ധ ഖുര്‍ആന്‍ വിശദമായി വിവരിച്ചത്. നമസ്‌കാരത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും വിശദാംശങ്ങളില്ലാത്ത ഖുര്‍ആനില്‍ സകാതിന്റെ അവകാശികള്‍ ആരെല്ലാമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട് (9:60). അനന്തരാവകാശ നിയമങ്ങളും വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട് (4:7,8,11,12,176).
ഖുര്‍ആനിലെ ഏറ്റവും വലിയ വാക്യമാണെങ്കില്‍ കടവും അത് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതാണ്. മറ്റെല്ലാ സല്‍കര്‍മങ്ങളില്‍ നിന്നും വ്യത്യസ്തമായി എഴുനൂറിരട്ടിയോ അതിനേക്കാള്‍ കൂടുതലോ പ്രതിഫലമുണ്ടെന്ന് പറഞ്ഞത് ദാനധര്‍മത്തെപ്പറ്റിയാണ്. ഇതൊക്കെയും മനുഷ്യരുമായി ബന്ധപ്പെട്ടതാണ്. അവര്‍ക്ക് ഗുണമോ ദോഷമോ വരുത്തുന്നവയാണ്. അവയുടെ വിശദാംശങ്ങളാണ് ഖുര്‍ആന്‍ നല്‍കിയതെന്നര്‍ഥം. ഇങ്ങനെ സമ്പത്തുമായി ബന്ധപ്പെട്ടതെല്ലാം വിശദീകരിച്ച ഖുര്‍ആന്‍ വിവാഹവും കുടുംബ ജീവിതവുമുള്‍പ്പെടെ മനുഷ്യരുമായി ബന്ധപ്പെട്ട എല്ലാം വിശദമായി തന്നെ വിവരിച്ചിട്ടുണ്ട്. അവ പാലിക്കണമെന്ന് കണിശമായി കല്‍പ്പിച്ചിട്ടുമുണ്ട്.
ഇളവുകളുള്ള ആരാധനകള്‍,
ഇളവുകളില്ലാത്ത മൂല്യങ്ങള്‍
ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ക്കെല്ലാം ഇളവുകളുണ്ട്. നമസ്‌കാരത്തിനായി വുദു എടുക്കാന്‍ വെള്ളം ലഭിച്ചില്ലെങ്കിലും രോഗമുണ്ടെങ്കിലും തയമ്മും ചെയ്താല്‍ മതി. നമസ്‌കരിക്കുമ്പോള്‍ നില്‍ക്കാന്‍ വയ്യാത്തവന് ഇരുന്നാല്‍ മതി. അതിനു സാധ്യമല്ലാത്തവന് കിടന്നും നിര്‍വഹിക്കാം. യാത്രക്കാരന് ജംഉം ഖസ്വ്‌റുമാക്കാം. രോഗിക്കും യാത്രക്കാരനും നോമ്പെടുക്കുന്നതില്‍ ഇളവുണ്ട്. അത് മറ്റ് സമയത്ത് നിര്‍വഹിച്ചാല്‍ മതി. മാറാരോഗിക്ക് അതിലും ഇളവുണ്ട്. സമ്പത്തുള്ളവനേ സകാത്ത് കൊടുക്കേണ്ടതുള്ളു. ആരോഗ്യവും സാമ്പത്തികശേഷിയും ഉണ്ടെങ്കിലേ ഹജ്ജ് നിര്‍ബന്ധമാവുകയുള്ളൂ.
ആരാധനാ കാര്യങ്ങളില്‍ ഇവ്വിധം ഇളവ് അനുവദിക്കുന്ന ഇസ്‌ലാം മൂല്യങ്ങളുടെ കാര്യത്തില്‍ ഒരു വിധ വിട്ടുവീഴ്ചയും ചെയ്യുന്നില്ല. ഒരു സാഹചര്യത്തിലും പരദൂഷണമോ പുലഭ്യമോ അസഭ്യമോ അപവാദമോ തെറിവാക്കോ കുത്ത്‌വാക്കോ പറയാന്‍ അനുവാദമില്ല. വികാരങ്ങള്‍ വ്രണപ്പെടുത്താനും അഭിമാനം ക്ഷതപ്പെടുത്താനും പാടില്ല. അപരന്റെ സ്വത്ത് അന്യായമായി കൈവശപ്പെടുത്താനോ അവകാശികളെ വഞ്ചിക്കാനോ അനുവാദമില്ല. മറ്റെല്ലാ മൂല്യങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. അവയിലൊന്നും ഇളവോ വിട്ടുവീഴ്ചയോ ഇല്ല. കാരണം അവയൊക്കെയും മനുഷ്യരുമായി ബന്ധപ്പെട്ടവയും അവര്‍ക്ക് ദ്രോഹം വരുത്തുന്നവയുമാണ്.
വ്യക്തി അല്ലാഹുവോട് ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍ അവനുമായി മാത്രം ബന്ധപ്പെട്ടതാണ്. ഐഹിക ജീവിതത്തിലും പരലോകത്തും അതിന്റെ ദോഷവും ശിക്ഷയും അയാള്‍ മാത്രം അനുഭവിച്ചാല്‍ മതി. എന്നാല്‍ മൂല്യങ്ങളുടെ ലംഘനവും അതു സമൂഹത്തിലുണ്ടാക്കുന്ന ആഘാതവും അയാളുള്‍ക്കൊള്ളുന്ന ആദര്‍ശത്തെയും സമൂഹത്തെയും സാരമായി ബാധിക്കും.
ഒരാള്‍ നിര്‍ബന്ധവും ഐഛികവുമായ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നത് കൊണ്ട് മാത്രം സമൂഹത്തിന് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അതുകൊണ്ട് മാത്രം അയാള്‍ നല്ലവനാണെന്ന് സമൂഹം വിലയിരുത്തുകയുമില്ല. എന്നാല്‍ സ്വഭാവവും പെരുമാറ്റവും സമീപനവും സമ്പ്രദായവും ഇടപാടുകളും ജീവിത രീതികളും സമൂഹത്തെ സാരമായി ബാധിക്കും. അതിലെ നന്മ തിന്മകളും ഗുണദോഷങ്ങളും അയാളുള്‍ക്കൊള്ളുന്ന ജീവിത വ്യവസ്ഥയെയും സമുദായത്തെയും അനുകൂലമായോ പ്രതികൂലമായോ ബാധിക്കും. അത് സല്‍പേരോ ദുഷ്‌പേരോ ഉണ്ടാക്കും. അതിനാലാണ് പ്രവാചകന്‍ തന്റെ നിയോഗ ലക്ഷ്യത്തെ ഇങ്ങനെ സംഗ്രഹിച്ചത്: ''ഉത്തമ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ് ഞാന്‍ നിയോഗിതനായത്.''
ആരാധനകള്‍ സാര്‍ഥകമാകുന്നത്
ഇസ്‌ലാമിലെ അതിപ്രധാനമായ ആരാധനയാണല്ലോ നമസ്‌കാരം. അത് മനുഷ്യനെ ദൈവോന്മുഖനാക്കുന്നു. അവനില്‍ സാമൂഹിക പ്രതിബദ്ധതയുണ്ടാക്കുന്നു. സമത്വ വികാരവും സാഹോദര്യ ചിന്തയും വളര്‍ത്തുന്നു. സര്‍വോപരി അത് മനുഷ്യനെ മ്ലേഛ വൃത്തികളില്‍ നിന്നും ചീത്ത കാര്യങ്ങളില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നു.''നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം. ഓര്‍ക്കുക: നിങ്ങള്‍ ചെയ്യുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്'' (29:45).
പരസഹായം ചെയ്യാന്‍ പ്രേരിപ്പിക്കാത്ത നമസ്‌കാരം നാശ നിമിത്തമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു (107:4-7).
അഞ്ചുനേരം അരുവിയില്‍ നിന്ന് കുളിക്കുന്ന മനുഷ്യന്റെ ശരീരം മാലിന്യ മുക്തമാകുന്ന പോലെ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരുടെ മനസ്സും ശരീരവും ജീവിതവും ശുദ്ധമായിത്തീരുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
സകാത് സമ്പത്തിനെയും മനസ്സിനെയും ജീവിതത്തെയും സംസ്‌കരിക്കുന്നു. ശുദ്ധീകരിക്കുന്നു.
'നീ അവരുടെ സ്വത്തില്‍നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും. നീ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. നിശ്ചയമായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തിയേകും. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്' (9:103).
നോമ്പ് മോഹങ്ങളെ മെരുക്കിയെടുക്കാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും ഇഛകളുടെ മേല്‍ മേധാവിത്തം പുലര്‍ത്താനും അങ്ങനെ ജീവിതത്തെ ഭക്തിനിരതവും സൂക്ഷ്മതയുള്ളതുമാക്കാനും വഴിയൊരുക്കുന്നു (2:183).
ഹജ്ജ് വിശ്വാസിയെ അല്ലാഹുവുമായി അടുപ്പിക്കുന്നു, ബന്ധിപ്പിക്കുന്നു. സാമൂഹിക ചിന്തയും സമത്വ വികാരവും സാഹോദര്യ ബോധവും വളര്‍ത്തുന്നു. വിശ്വ മാനവികത വിളംബരം ചെയ്യുന്നു. സര്‍വോപരി വിശ്വാസിയെ പാപ മുക്തനാക്കി പ്രസവിച്ച കുഞ്ഞിനെപ്പോലെ പരിശുദ്ധനാക്കുന്നു.
ഇങ്ങനെ എല്ലാ ആരാധനാകര്‍മങ്ങളും മനുഷ്യനെ മൂല്യ നിഷ്ഠനാക്കുന്നു. അഥവാ അതൊന്നും സാധ്യമാക്കാത്ത ആരാധനാനുഷ്ഠാനങ്ങള്‍ ആത്മാവ് നഷ്ടപ്പെട്ട, ചൈതന്യരഹിതമായ കേവല ചടങ്ങുകളായി പരിണമിക്കുന്നു.
Comments