അസത്യങ്ങളുടെയും അല്‍പ സത്യങ്ങളുടെയും ഘോഷയാത്ര
പ്രതിവിചാരം /
'പണ്ടേ ഞാനൊരു വികൃതിയാണ്, മിന്നലാക്രമണം പോലെയാണ് എന്റെ വികൃതികള്‍' - മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ, സമകാലിക മലയാളത്തില്‍ അച്ചടിച്ചു വരുന്ന പച്ച കലര്‍ന്ന ചുവപ്പ് എന്ന ഖണ്ഡശഃ ആത്മകഥാ കഥനത്തിലൊരിടത്ത് സ്വയം വിലയിരുത്തുന്നതിങ്ങനെയാണ്. മാന്യ മിത്രമാണ് ജലീല്‍. കലാലയ സുഹൃത്തുമാണ്. ചേന്ദമംഗലൂര്‍ ഇസ്ലാഹിയ കോളേജില്‍ ജൂനിയറായിരുന്നു. ഒരു മികച്ച പ്രഭാഷകനില്‍ നിന്നും ചരിത്രാധ്യാപകനില്‍ നിന്നും കൗശലക്കാരനായ രാഷ്ട്രീയക്കാരനിലെത്തി നില്‍ക്കുമ്പോള്‍ ജലീലിന്റെ ഏറ്റവും പുതിയ 'മിന്നലാക്രമണങ്ങള്‍' പലപ്പോഴും അമാന്യവും അതിരുവിടുന്നതുമായിപ്പോകുന്നു എന്ന് പറയാതെ വയ്യ. പ്രായം വെച്ച് നോക്കുമ്പോള്‍ ഒരു ആത്മകഥയ്ക്കുള്ള സമയമായിട്ടില്ല, ജലീലിന്. പ്രത്യേകിച്ചും ഹരിത രാഷ്ട്രീയത്തില്‍ നിന്ന് 'ദ സോകോള്‍ഡ് പൊളിറ്റിക്കല്‍ ഇസ്ലാമി'ലൂടെ കടന്നുവന്നു ഇപ്പോള്‍ ഇടത് സഹയാത്രികനായിത്തീരുകയും അതേസമയം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാതിരിക്കുകയും ചെയ്യുന്ന ജലീലിന്റെ ആത്മകഥയ്ക്ക് ഇനിയും തിരുത്തുകള്‍ ആവശ്യമായി വന്നേക്കാം; ഇനിയുമനേകം അങ്കങ്ങള്‍ക്ക് ബാല്യമുള്ള ആളായിരിക്കെ വിശേഷിച്ചും. ചുവപ്പില്‍ നിന്ന് ത്രിവര്‍ണത്തിലേക്കും പിന്നീട് കാവിയിലേക്കും ചേക്കേറിയ അബ്ദുള്ളക്കുട്ടിയുടെ 'നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി' എന്ന ആത്മകഥയ്ക്ക് സംഭവിച്ച കാലഹരണപ്പെടല്‍ (Obsolescence) 'പച്ച കലര്‍ന്ന ചുവപ്പി'നും സംഭവിച്ചേക്കാമെങ്കിലും അതിലുന്നയിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനങ്ങളില്‍ പലതും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാകയാല്‍ നിരൂപണ വിധേയവുമാണ്. ജമാഅത്തിനോടും അതുമായി ബന്ധപ്പെട്ട സകലതിനോടുമുള്ള അടങ്ങാത്ത കലി മൂലം ജല വിഭ്രാന്തിയില്‍ അകപ്പെട്ടുപോയിരിക്കുകയാണ് മാന്യ മിത്രം.
ചെറുപ്പത്തില്‍ 'കടിക്കലും മാന്തലുമാണ്' തന്റെ ഇഷ്ടവിനോദങ്ങള്‍ എന്നും ആത്മകഥയില്‍ അദ്ദേഹം പറയുന്നുണ്ട്. ആ 'വ്യക്തിത്വ വൈശിഷ്ട്യം' ഇപ്പോള്‍ കൂടുതല്‍ മാരകമാവുകയും ഒളിഞ്ഞിരുന്ന് ആക്രമിക്കുന്ന തലത്തിലെത്തി നില്‍ക്കുകയും ചെയ്യുന്നതാണ് ഏറ്റവുമൊടുവില്‍ മാധ്യമം ദിനപത്രത്തിനെതിരെ മന്ത്രിയെന്ന നിലയിലുള്ള, പ്രോട്ടോക്കോള്‍ പോലും ലംഘിച്ചു കൊണ്ട് ഒരു വിദേശരാജ്യത്തിന്റെ ഭരണാധികാരിക്കയച്ച കത്തിലൂടെ വെളിപ്പെട്ടത്.
ജമാഅത്തെ ഇസ്ലാമിയുടെ ആശയാദര്‍ശങ്ങളോട് വിയോജിപ്പ് പുലര്‍ത്തുന്നത് അനഭിലഷണീയമായ കാര്യമേ അല്ല. എന്ന് മാത്രമല്ല, വിമര്‍ശനങ്ങളെ ഋണാത്മകമായി കാണുകയും നിലപാടുകളില്‍ കാലോചിതമായ തിരുത്തലുകള്‍ നടത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണത്. എന്‍.പി മുഹമ്മദിന്റെ ഭാഷയില്‍ 'മുസ്ലിംകളിലെ സര്‍ഗാത്മക ന്യൂനപക്ഷം'. തീര്‍ച്ചയായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവാണ് സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി. ജമാഅത്തിന്റെ കാഴ്ചപ്പാടില്‍, പോയ നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം. സര്‍വജനങ്ങള്‍ക്കുമുള്ള ഇസ്ലാമിനെയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്നത്. അതേസമയം ജമാഅത്തിന്റെ ഇസ്ലാം വായന മാത്രമാണ് ശരി എന്നോ ഇസ്ലാമിന്റെ പ്രാതിനിധ്യം വഹിക്കുന്ന മറ്റു സംഘടനകളെല്ലാം വഴികേടിലാണെന്നോ അതിനു അഭിപ്രായവുമില്ല. 'ഇത് ഒരു പ്രബോധക സംഘമാണ്, 'അല്‍ ജമാഅത്ത്' അല്ല' എന്ന് ജമാഅത്ത് രൂപീകരണത്തിന്റെ ഒന്നാം ദിവസം തന്നെ സയ്യിദ് മൗദൂദി പ്രഖ്യാപിച്ചതുമാണ്. മൗദൂദിയുടെ ചിന്തകളല്ല, വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശയപരമായ അടിത്തറ. അഥവാ സയ്യിദ് മൗദൂദി ജമാഅത്തെ ഇസ്ലാമിയുടെ അവസാന വാക്കല്ല. കര്‍മശാസ്ത്രത്തിലടക്കം പല കാര്യങ്ങളിലും മൗദൂദിയുടെ കാഴ്ചപ്പാടുകള്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട് പ്രസ്ഥാന പ്രവര്‍ത്തകര്‍. ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിനെ ആധുനിക കാലത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുകയാണ് മൗദൂദി ചെയ്തത്. ഏതൊരു പരിഷ്‌കര്‍ത്താവിനെയും പോലെ താന്‍ ജീവിച്ച കാലത്തോടാണ് മൗദൂദി സംവദിച്ചത്. സ്വതന്ത്ര പൂര്‍വ ഭാരതത്തില്‍ മൗദൂദി നടത്തിയ ഇസ്‌ലാം വായന അതേപടി പിന്തുടരുകയല്ല, സത്യാനന്തരമെന്നും ഉത്തരാധുനികമെന്നുമൊക്കെ വിളിക്കപ്പെടുന്ന സമകാലികതയില്‍ നിന്നുകൊണ്ട് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്. അതൊരിക്കലും പച്ച കലര്‍ന്ന ചുവപ്പില്‍ ജലീല്‍ 'പ്രവചിച്ച' പോലെ 'തനി വലതുപക്ഷ രാഷ്ട്രീയ മേലങ്കിയണിഞ്ഞവരുടെ 'മുസ്ലിം സംഘ്' ആയി ചരിത്രത്തില്‍ ഇടം നേടുകയുമില്ല.
ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവിഭക്ത ഭാരതത്തില്‍ തികഞ്ഞ ബോധ്യത്തോടെയും ആത്മവിശ്വാസത്തോടെയും മൗദൂദി സമര്‍പ്പിച്ച ഇസ്ലാമിന്റെ സമഗ്രത ഇന്ന് ഏറക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതിനു ജമാഅത്തെ ഇസ്ലാമിയോട് തന്നെയാണ് മുസ്ലിം സമൂഹം കടപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ഇസ്ലാമെന്ന് പരക്കെ അധിക്ഷേപിക്കപ്പെടുമ്പോഴും മുസ്ലിം സമുദായം നേരിടുന്ന ധൈഷണിക പ്രതിസന്ധികളില്‍ തുണയായി എത്തുന്നത് മൗദൂദിയന്‍ ചിന്തകളാണ്. ഇന്ന് ഏതു മുസ്ലിം സംഘടനയ്ക്കും ഇസ്ലാമിനെ വിശദീകരിക്കുമ്പോള്‍ അറിയാതെയെങ്കിലും മൗദൂദി അനാവരണം ചെയ്ത ഇസ്ലാമിക സമഗ്രതയില്‍ ഊന്നിനില്‍ക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെയാണ് മുസ്ലിം സമുദായത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിന്റെ മാത്രം പിന്തുണയുള്ള സംഘടന എന്ന കൊച്ചാക്കലിനിടയിലും അതുയര്‍ത്തുന്ന ചിന്തയുടെ എരിയുന്ന പന്തങ്ങള്‍ക്ക് മുന്നില്‍ ജംബുക രോദനങ്ങള്‍ ഉയരുന്നത്, ഇടത്- ലിബറല്‍ - നാസ്തിക ചാവേറുകള്‍ കൂട്ടം കൂട്ടമായി ഇളകിവരുന്നത്.
ഏറെ വികാസക്ഷമമാണ് ഇസ്ലാമിക ശരീഅത്തിന്റെ വ്യാഖ്യാന സാധ്യതകള്‍. ഇമാം ഗസ്സാലി മുതല്‍ മൗദൂദി വരെയുള്ള പരിഷ്‌കര്‍ത്താക്കള്‍ മൂലപ്രമാണങ്ങളുടെ അടിത്തറയില്‍ ഊന്നിനിന്നു കൊണ്ടാണ് പരിഷ്‌കരണ യത്‌നങ്ങള്‍ നടത്തിയത്. സാര്‍വകാലികവും സാര്‍വദേശീയവുമായ ഒരു ദര്‍ശനത്തിന്റെ കാലികവും ദേശീയവുമായ വായനയില്‍ നിലപാടുകള്‍ മാറിക്കൊണ്ടേയിരിക്കും. അതിനെ 'അടവുനയം', 'മുഖം മൂടി', 'ആദര്‍ശവ്യതിയാനം', 'ആചാര്യനെ തള്ളിപ്പറയല്‍' തുടങ്ങിയ ലിബറല്‍ ചാപ്പകള്‍ ഒരു മാതിരി 'അജ-ശുനക ന്യായ'മാണ്. ജമാഅത്തിന്റെ നയം മാറ്റങ്ങള്‍ പക്ഷേ, ഭരണകൂടമോ സ്വകാര്യ സ്വത്തോ മതമോ ഇല്ലാത്ത ഒരു തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്വപ്‌നം കാണുന്ന പ്രസ്ഥാനത്തിന് സംഭവിച്ചതു പോലെ 'കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് കാവല്‍ നില്‍ക്കുന്ന' അടപടല നയംമാറ്റത്തോളവും പാര്‍ട്ടി തന്നെ വന്‍കിട മൂലധന ശക്തിയാവുന്ന അവസ്ഥയോളവും വരില്ല തന്നെ.
തന്റെ ജീവിതത്തിലെ ഹരിത - ശോണ കാണ്ഡങ്ങളിലെ നിലപാടുകളെ സാധൂകരിക്കാന്‍ യശശ്ശരീരായ രണ്ട് രാഷ്ട്രീയ അതികായരെ മാതൃകകളായി ജലീല്‍ ഉദ്ധരിക്കുന്നുണ്ട്: മുസ്ലിം ലീഗിലെ സി.എച്ച് മുഹമ്മദ് കോയയും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഇ.കെ ഇമ്പിച്ചിബാവയും. ''ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്ര വാദത്തെ പല്ലും നഖവും ഉപയോഗിച്ച് സി.എച്ച് എതിര്‍ത്തു; അതിനെ പറ്റി ഒരു നല്ല വാക്ക് സി.എച്ച് പറഞ്ഞതായി കേട്ടിട്ടില്ല; ജമാഅത്തിന്റെ എടുത്തുപറയത്തക്ക ഒരു പരിപാടിയിലും സി.എച്ച് പങ്കെടുത്തതായി അറിയില്ല; അതേസമയം സുന്നികളുടെയും മുജാഹിദുകളുടെയും പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്'' (പച്ച കലര്‍ന്ന ചുവപ്പ് പതിനാറാം അധ്യായം) എന്നൊക്കെയാണ് ജലീലിന്റെ പരാമര്‍ശങ്ങള്‍. അര സത്യം മാത്രമുള്ള ഒരൊഴുക്കന്‍ പ്രസ്താവനയാണിത്. ലീഗിന്റെ സാമുദായിക രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ആദര്‍ശമുള്ള, അംഗസംഖ്യ നന്നേ കുറഞ്ഞ ജമാഅത്തിനെ ചേര്‍ത്തുപിടിക്കേണ്ട ആവശ്യം തുടക്കം മുതലേ ലീഗിനുണ്ടായിരുന്നില്ല. സുന്നി - മുജാഹിദ് പ്രവര്‍ത്തകരാകട്ടെ ലീഗിന്റെ മുഖ്യ മനുഷ്യ വിഭവ സ്രോതസ്സുമായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ മാത്രമല്ല, അമ്പതുകളിലും അറുപതുകളിലും ലീഗിന്റെ രാഷ്ട്രീയ മേധാവിത്വം അംഗീകരിക്കാത്ത (എം.ഇ.എസ് അടക്കമുള്ള) ഒരു മുസ്ലിം സംഘടനയെയും ലീഗ് അംഗീകരിച്ചിരുന്നില്ല എന്നതാണ് ശരി. ലീഗിനെ സംബന്ധിച്ചേടത്തോളം കേരളത്തിലെ തല്‍ക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ ഒരു അനിവാര്യതയായിരുന്നു അത്. അപ്പോഴും ലീഗ് നേതൃത്വം ജമാഅത്തിന്റെ അഖിലേന്ത്യാ നേതൃത്വവുമായി ഊഷ്മള സൗഹൃദത്തിലായിരുന്നു.
അക്കാലത്തെ ജമാഅത്ത് - ലീഗ് വൈരത്തിനു വേറെയും രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. 1959-ലെ ആദ്യ കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ നടന്ന വിമോചന സമരത്തിനും തുടര്‍ന്ന് നടന്ന കോണ്‍ഗ്രസ് - ലീഗ് - പി.എസ്.പി കൂട്ടുകെട്ടിനും സമുദായത്തിന്റെ മൊത്തം പിന്തുണ ആവശ്യപ്പെട്ടപ്പോള്‍ ജമാഅത്ത് വിട്ടുനിന്നു. 'കമ്യുണിസ്റ്റുകാര്‍ക്കെതിരെ' വോട്ടു ചെയ്യാത്ത ജമാഅത്തിനെ ബഹിഷ്‌കരിക്കണമെന്നായിരുന്നു ലീഗിലെ സലഫി ധാര അന്ന് ആഹ്വാനം ചെയ്തത്. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന കാലമായിരുന്നില്ല അത്. പിന്നീട് രണ്ടാം ഇ.എം.എസ് മന്ത്രിസഭയില്‍ ലീഗ് ചേരുന്നതും കാലചക്രം പിന്നെയും തിരിഞ്ഞപ്പോള്‍ ലീഗും ജമാഅത്തെ ഇസ്ലാമിയും പല വേദികളും പങ്ക് വെക്കുന്നതുമാണ് രാഷ്ട്രീയ കേരളം കണ്ടത്. എന്നാല്‍, ജലീല്‍ പരാമര്‍ശിച്ചതു പോലെ അന്ധമായ ജമാഅത്ത് വിരോധം ആദ്യകാല ലീഗ് നേതാക്കള്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ജി.എം ബനാത്ത് വാല, ഇബ്‌റാഹീം സുലൈമാന്‍ സേട്ട് തുടങ്ങിയ സമുന്നത നേതാക്കള്‍ ജമാഅത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയവരുമായിരുന്നു. സി.എച്ച് - ജമാഅത്ത് ബന്ധത്തെ കുറിച്ച ജലീലിന്റെ ഊഹാധിഷ്ഠിത നിഗമനങ്ങളെ ഖണ്ഡിക്കുന്നതാണ് സി.എച്ച് ചന്ദ്രികയുടെ മുഖ്യപത്രാധിപരായിരിക്കെ, സഹപത്രാധിപരായിരുന്ന ശാന്തപുരം ഇസ്ലാമിയ കോളേജ് പൂര്‍വ വിദ്യാര്‍ഥിയും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനുമായ പി.കെ ജമാലിന്റെ ദൃക്സാക്ഷ്യം. ''സി.എച്ച്, സീതി ഹാജി, ബി.വി അബ്ദുല്ല കോയ തുടങ്ങിയ ലീഗിലെ പ്രമുഖ നേതാക്കളോട് അടുത്തിടപെട്ടപ്പോഴൊക്കെ ഇസ്ലാമിനെ ആദിമ വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത്തായ സമീപനം കൈക്കൊള്ളുന്ന സര്‍ഗാത്മക ശക്തിയായി പ്രസ്ഥാനത്തെ അവര്‍ വിലയിരുത്തുന്നതായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്'' എന്നാണ് പില്‍ക്കാലത്ത് പി.കെ ജമാല്‍ ഇതേക്കുറിച്ചു പറഞ്ഞത്.
സി.എച്ചിന്റെ പംക്തിയായ 'കേട്ടില്ലയോ കിഞ്ചന വര്‍ത്തമാന'ത്തില്‍ പ്രബോധനം ലേഖനങ്ങളിലെ ഉദ്ധരണികള്‍ കടന്നുവന്നതും ജമാല്‍ ഉദ്ധരിച്ചിട്ടുണ്ട്: 'ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാനത്തിന് ഏറ്റ കനത്ത ആഘാതമാണ് മൗലാനയുടെ നിര്യാണമെന്ന കാര്യം അംഗീകരിക്കാതെ വയ്യ. തന്റെ വര്‍ഗത്തിനവകാശപ്പെട്ടതാണ് തന്റെ ജീവിതമെന്നും തനിക്ക് ദൈവം നല്‍കിയതെന്തും തന്റെ സമൂഹത്തിന് നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും വിശ്വസിച്ച മൗലാന അക്ഷരാര്‍ഥത്തില്‍ മഹദ് വ്യക്തികളില്‍ പെടുന്നു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോട് പലപ്പോഴും വിയോജിക്കേണ്ടി വന്നിട്ടുണ്ട്. അവ വിവാദാതീതങ്ങളായി പലരും അംഗീകരിച്ചിട്ടുമില്ല. പക്ഷേ, ആ വ്യക്തിത്വവും ആ ധിഷണയും ആത്മാര്‍പ്പണ സ്വഭാവവും എന്നെന്നും പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്,' എന്ന് മൗദൂദിയുടെ നിര്യാണത്തില്‍ ചന്ദ്രിക ദിനപത്രം മുഖപ്രസംഗം (25-09-1979) എഴുതിയപ്പോഴും സി.എച്ച് തന്നെയായിരുന്നു മുഖ്യപത്രാധിപര്‍.
ജലീലിന്റെ പുതിയ തട്ടകത്തിന്റെ ചുകപ്പിന് ഒന്നുകൂടി ചോപ്പ് കൂട്ടാന്‍ ആത്മകഥയില്‍ ഉദ്ധരിക്കപ്പെട്ട മറ്റൊരു സമുന്നത വ്യക്തിത്വം സഖാവ് ഇ.കെ ഇമ്പിച്ചിബാവയാണ്. ജമാഅത്ത് സ്ഥാപനത്തിലെ പഠനകാലം അനുസ്മരിക്കവെ, 'പാഠ്യ- പാഠ്യേതര മേഖലകളില്‍ തിളങ്ങാനായ കാലമായിരുന്നു ചേന്ദമംഗലൂരിലേത്' എന്നു സാക്ഷ്യപ്പെടുത്തുന്ന ജലീല്‍ വിമര്‍ശനത്തില്‍ പക്ഷേ, ഈ ധൈഷണിക സത്യസന്ധത പുലര്‍ത്തുന്നില്ല എന്നത് ദുഃഖകരമാണ്. ഇസ്ലാഹിയാ കാലയളവ് അറിവിന്റെ ആഘോഷമായിരുന്നുവെന്നും ഏറ്റവുമധികം മതേതര വായന നടത്തിയത് അക്കാലത്തായിരുന്നുവെന്നും ജലീല്‍ പറയുന്നുണ്ട്. ആ കാലത്തുണ്ടായ അനുഭവം പങ്കു വെക്കുന്നതിനിടെയാണ് ഇമ്പിച്ചിബാവ കടന്നു വരുന്നത്. ജമാഅത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ആശയതലത്തില്‍ കടുത്ത ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരുന്ന കാലത്ത് ഇസ്ലാഹിയ കോളേജ് വാര്‍ഷിക പരിപാടിക്ക് ഇമ്പിച്ചിബാവ വന്നു പ്രസംഗിച്ചതും പ്രസംഗമധ്യെ, പരമ സാത്വികനായിരുന്ന പ്രവാചക ശിഷ്യനായ അബൂദര്‍റുല്‍ ഗിഫാരിയാണ് ആദ്യത്തെ മുസ്ലിം കമ്യൂണിസ്റ്റ് എന്ന് പറഞ്ഞതും ജലീല്‍ ഉദ്ധരിക്കുന്നുണ്ട്. പ്രസ്തുത പരിപാടിയിലേക്ക് ഇമ്പിച്ചിബാവയെ ക്ഷണിക്കാന്‍ പൊന്നാനിയിലെ 'ലാല്‍ ഭവനി'ല്‍ പോകാന്‍ നിയോഗിക്കപ്പെട്ടത് ഈ കുറിപ്പുകാരനായിരുന്നു. ആശയപരമായി എതിര്‍ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും മാന്യമായ വ്യവഹാരമായിരുന്നു പാര്‍ട്ടി 'ക്യാപ്റ്റന്‍സി'യിലേക്ക് മാറുന്നതിനു മുമ്പുള്ള കാലത്ത് ഇടത് - ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. കറകളഞ്ഞ കമ്യൂണിസ്റ്റായിരിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ 'വിശ്വാസത്തിന്റെ കനലുകള്‍' എരിയുന്നതായി ഇമ്പിച്ചിബാവയുടെ സംസാരങ്ങളില്‍ നിന്ന് വായിച്ചെടുത്തിരുന്നു. 'മാര്‍ക്സിസം ഭൗതികവാദപരമാണ്. ഒരു മാര്‍ക്സിസ്റ്റുകാരന്‍ ഭൗതികവാദിയായിരിക്കണം- അതായത് മതത്തിന്റെ ശത്രു' (സാംസ്‌കാരിക വിപ്ലവം-മതം-മാര്‍ക്സിസം' - ഇ.എം.എസ്) എന്ന നിലപാട് സ്വീകരിക്കുകയും മതാചാരങ്ങളില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്യുന്ന കാലത്താണ് ഖത്തറിലുള്ള ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ സഹായത്തോടെ അതീവ രഹസ്യമായി ഇമ്പിച്ചിബാവ ഹജ്ജ് ചെയ്യുന്നത്. എഴുപതുകളില്‍ എ.കെ.ജി സെന്ററിന്റെ കളക്ഷനുമായി ബന്ധപ്പെട്ട് ദോഹയിലെത്തിയപ്പോഴാണ് ഈ 'ഓപ്പറേഷന്‍' നടന്നത്.
ജലീലിന്റെ ജമാഅത്ത് വിമര്‍ശനങ്ങള്‍ ആശയപരം എന്നതിനപ്പുറം തന്റെ രാഷ്ട്രീയ നിലനില്‍പും അധികാരവുമായി ബന്ധപ്പെട്ടുള്ളവയാണ് എന്ന് പറയേണ്ടിവരും. അല്‍പസത്യങ്ങളും അര്‍ധ സത്യങ്ങളും ചേരുംപടി ചേര്‍ത്ത് ഇമ്മിണി വലിയ സത്യമായി അവതരിപ്പിക്കുമ്പോള്‍ എഴുത്തുകാരന്റെ വിശ്വാസ്യതയാണ് മുങ്ങിമരിക്കുന്നത്. ഫാഷിസം വാ പിളര്‍ന്നു കലിതുള്ളി നില്‍ക്കുന്ന കാലത്താണ് താല്‍ക്കാലിക ലാഭത്തിനും വ്യക്തി താല്‍പര്യങ്ങള്‍ക്കും വേണ്ടി ഇമ്മാതിരി അലസമായ വാക്കേറുകള്‍ കൊണ്ട് മുസീബത്തിന്റെ വിത്ത് വിതയ്ക്കുന്നത്. ആത്മകഥകള്‍ വ്യക്തി ഉള്‍ക്കൊണ്ട കാലഘട്ടത്തിന്റെ ചരിത്രമാണ്. ഭാവിയിലെ ഉദ്ധരണികളാണ്. 'ലവ് ജിഹാദ്' എന്ന നിര്‍മിത കള്ളത്തിനു സാധൂകരണം നല്‍കിയ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഉദ്ധരിച്ചു കൊണ്ടായിരുന്നുവല്ലോ യോഗി ആദിത്യനാഥ് അടക്കമുള്ള ഹിന്ദുത്വവാദികള്‍ മുസ്ലിം സമുദായത്തിന് നേരെ ഉറഞ്ഞുതുള്ളിയത്. അരക്കാശിന്റെ അനര്‍ഥം ആയിരം കൊടുത്താലും തീരില്ല എന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്.
Comments