Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 12

3263

1444 മുഹര്‍റം 14

സ്വാതന്ത്ര്യത്തിന്റെ നാനാര്‍ഥങ്ങള്‍

 മുഹമ്മദ് ശമീം

മനുഷ്യപുത്രനായ യേശു (Jesus the Son of Man) എന്നത് ഖലീല്‍ ജിബ്രാന്‍ ഇംഗ്ലീഷിലെഴുതിയ പുസ്തകമാണ്. ദൈവമായ യേശുവിനെ വിട്ട് മനുഷ്യനായ യേശുവിനെ അന്വേഷിക്കുകയാണ് ജിബ്രാന്‍. നാം അറിഞ്ഞും പരിചയിച്ചും ശീലിച്ച ദയാരൂപനും നിത്യസൗമ്യഭാവനുമായ യേശുവല്ല, മറിച്ച് കരുത്തും സൗന്ദര്യവും വിചാരവും വികാരവുമെല്ലാമുള്ള മനുഷ്യപുത്രനും മനുഷ്യനുമായ യേശു.  യേശുവിന്റെ സമകാലികരായ, അദ്ദേഹത്തിന്റെ മിത്രങ്ങളും ശത്രുക്കളുമായ എഴുപത്തേഴ് പേരുടെ മൊഴികളിലൂടെ സൃഷ്ടിക്കുന്ന രേഖാചിത്രങ്ങളാണ് ജിബ്രാന്റെ പുസ്തകം. യൂദരും ശമരിയരും സിറിയക്കാരും റോമക്കാരും കവികളും പുരോഹിതന്മാരുമെല്ലാം പെടുന്നു ഇക്കൂട്ടത്തില്‍.
സ്വാതന്ത്ര്യത്തെക്കുറിച്ച ചര്‍ച്ചയില്‍ ക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും രണ്ട് മഹാപ്രഖ്യാപനങ്ങളെക്കുറിച്ച ഓര്‍മകള്‍ അനിവാര്യമാണ്. ഗിരിപ്രഭാഷണം എന്നറിയപ്പെടുന്ന, ക്രിസ്തുവിന്റെ പ്രബോധനം പോലെ അറഫയില്‍ നബി നടത്തിയ പ്രഭാഷണവും. മനുഷ്യസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും മഹാപ്രഖ്യാപനങ്ങളായിരുന്നു രണ്ടും.
മനുഷ്യപുത്രനായ യേശു എന്ന പുസ്തകത്തിലുള്ള ജിബ്രാന്റെ ഒരു വാക്യം, സ്വാതന്ത്ര്യത്തെക്കുറിച്ച ഏറ്റവും ശക്തമായ പ്രസ്താവനകളിലൊന്നാണ്. ‘Life without liberty is like a body without spirit’ എന്നതാണ് ആ വാക്യം. സ്വാതന്ത്ര്യമില്ലാത്ത ജീവിതം ആത്മാവില്ലാത്ത ശരീരം പോലെയാകുന്നു.  ലിബര്‍ട്ടി എന്ന പദമാണ് ജിബ്രാന്‍ ഇവിടെ ഉപയോഗിച്ചത്. സ്വാതന്ത്ര്യത്തെക്കുറിച്ച ചിന്തകള്‍ അവതരിപ്പിക്കുമ്പോള്‍, സ്വാതന്ത്ര്യം എന്ന അര്‍ഥത്തില്‍ത്തന്നെ ഇംഗ്ലീഷില്‍ ഉപയോഗിക്കാറുള്ള മൂന്ന് പദങ്ങളെക്കുറിച്ച അറിവുകള്‍ പ്രസക്തമാണെന്ന് തോന്നുന്നു. ഫ്രീഡം (freedom), ലിബര്‍ട്ടി(liberty), ഇന്‍ഡിപെന്‍ഡന്‍സ് (independence) എന്നിവയാണവ. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? അമേരിക്കന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനുമായ സ്റ്റീഫന്‍ ആര്‍ കോവെ തന്റെ The Seven Habits of Highly Effective People എന്ന വിഖ്യാത പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നത് പ്രകാരം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ കൂടുതലുള്ള അവസ്ഥയാണ് ലിബര്‍ട്ടി. എന്നാല്‍, ആ ഓപ്ഷനുകള്‍ ഉപയോഗിക്കാനുള്ള വൈയക്തിക വാസനകളും ഇഛാശക്തിയും ആന്തരികബോധവും ഒക്കെയാണ് ഫ്രീഡം എന്ന പദത്തില്‍ അര്‍ഥമാകുന്നത്. ആന്തരികവും കൂടുതല്‍ വൈയക്തികവുമായ ഈ ഇഛാശക്തിയും, ബാഹ്യവും സാമൂഹികവുമായ ഓപ്ഷനുകളും പരിപാലിക്കപ്പെടുന്ന സാമൂഹികാവസ്ഥയാണ് ഇന്‍ഡിപെന്‍ഡന്‍സ്.
വ്യത്യസ്തമായ മറ്റൊരു വിവരണ പ്രകാരം ആഗ്രഹിക്കുന്നതെന്തും, നിയന്ത്രണങ്ങളോ പരിധികളോ പരിമിതികളോ ഇല്ലാതെ ചെയ്യാനുള്ള കരുത്തും സന്നദ്ധതയും സാഹചര്യവും അവകാശവുമാണ് ഫ്രീഡം. എന്നാല്‍, ലിബര്‍ട്ടി പ്രതിബദ്ധതയുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ ഉത്തരവാദിത്വപരമായ വിനിയോഗമാണത്. എന്റെ സ്വാതന്ത്ര്യം എന്നതോടൊപ്പം മറ്റുള്ളവരുടെ സ്വാതന്ത്ര്യവും അവകാശവും എന്നത് അതിന്റെ നിബന്ധനയാണ്. നിയമവാഴ്ചക്ക് കീഴിലായിരിക്കും ലിബര്‍ട്ടി. സ്വാതന്ത്ര്യത്തിന്റെ ഉത്തരവാദിത്വപൂര്‍ണമായ വിനിയോഗത്തെ പ്രകാശിപ്പിക്കുന്ന ഒന്നായിരിക്കും അത്. ഇതരരുടെ അവകാശങ്ങള്‍, സാമൂഹികബന്ധങ്ങള്‍ തുടങ്ങിയവയാല്‍ പരിമിതപ്പെടുത്തപ്പെടുന്ന ഫ്രീഡത്തെയാണ് ലിബര്‍ട്ടി എന്ന് പറയുക. ഫ്രീഡം കേവലമാണ്. സംയമനം, നിയന്ത്രണം തുടങ്ങിയ ആശയങ്ങളുടെ പൂര്‍ണമായ തിരസ്‌കരണത്തെയോ അഭാവത്തെയോ ആണ് കേവലമായ ഫ്രീഡം സൂചിപ്പിക്കുന്നത്.
ഏതാണ്ട് ഒരേ അര്‍ഥമുള്ള പദങ്ങള്‍ എന്ന നിലയില്‍ ഭാഷയില്‍ ഈ രണ്ട് പദങ്ങളും പരസ്പരം മാറിയും ഉപയോഗിക്കാറുണ്ട്. ഇത് രണ്ടില്‍നിന്നും വ്യത്യസ്തമായി ഒരു സാമൂഹികാവസ്ഥയെ സൂചിപ്പിക്കുന്ന പദമാണ് ഇന്‍ഡിപെന്‍ഡന്‍സ്. സമഷ്ടിയുമായി ബന്ധപ്പെട്ട അര്‍ഥത്തിലും ഉപയോഗിക്കാറുണ്ടെങ്കിലും ഫ്രീഡവും ലിബര്‍ട്ടിയും കുറേക്കൂടി വ്യഷ്ടിഗതമാണ്. വൈയക്തികതയെ (ഇന്‍ഡിവിജ്വാലിറ്റി) ആണ് അവ പ്രകാശിപ്പിക്കുന്നതെങ്കില്‍ ഇന്‍ഡിപെന്‍ഡന്‍സ് സഞ്ചിതം (കലക്ടീവ്) ആണ്. മറ്റേതെങ്കിലും മേല്‍ക്കോയ്മയോ മറ്റെന്തിനോടെങ്കിലുമുള്ള ആശ്രിതത്വമോ നിങ്ങളുടെ അഭിലാഷങ്ങള്‍ക്കും ചിന്തകള്‍ക്കും വിലക്ക് കല്‍പിക്കാത്ത അവസ്ഥയെ ഇന്‍ഡിപെന്‍ഡന്‍സ് എന്ന് പറയാം. ഡിപെന്‍ഡന്‍സ് എന്ന പദത്തിന്റെ വിപരീതമായി എടുക്കാവുന്ന പദമാണല്ലോ ഇന്‍ഡിപെന്‍ഡന്‍സ്. ആശ്രിതത്വത്തെയും വിധേയത്വത്തെയും കുറിക്കുന്ന ശബ്ദമാണ് ഡിപെന്‍ഡന്‍സി. സ്വാശ്രയത്വത്തെയും ഇഛകളെയും ആവിഷ്‌കാരങ്ങളെയും പരിരക്ഷിക്കുന്ന സാമൂഹികാവസ്ഥയെയാണ് ഇന്‍ഡിപെന്‍ഡന്‍സ് സൂചിപ്പിക്കുന്നത് എന്ന് പറയാം.
വിമോചനം എന്ന അര്‍ഥം കൂടി ഉള്‍ക്കൊള്ളിക്കാവുന്ന സൂചകമാണ് ലിബര്‍ട്ടി. നൈസര്‍ഗികമായ അവകാശത്തെയും അഭിലാഷത്തെയും സൂചിപ്പിക്കുന്നതാണാ പദം. വിമോചനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളെ ലിബറേഷന്‍ എന്നും പറയും. ജനതയുടെ ലിബര്‍ട്ടിയുടെയും ജനായത്തപരമായ അവകാശങ്ങളുടെയും പരിരക്ഷണത്തിന് ചിന്ത, മാധ്യമങ്ങള്‍, ആവിഷ്‌കാരങ്ങള്‍ എന്നിവയിലുള്ള ഫ്രീഡം അനിവാര്യമാണ്. എന്നാല്‍, നേരെതിരിച്ച് ആവിഷ്‌കാരങ്ങളിലും ചിന്തകളിലുമൊക്കെയുള്ള ഫ്രീഡം ജനഹിതത്തിന്, അല്ലെങ്കില്‍ പൊതുവായി രാഷ്ട്രത്തിന്റെയോ രാഷ്ട്രത്തിനകത്തുള്ള ഏതെങ്കിലും സമൂഹത്തിന്റെയോ ന്യായമായ ഹിതങ്ങള്‍ക്ക് എതിരായിത്തീരുകയാണെങ്കില്‍ അത് നിയന്ത്രിക്കപ്പെടുകയും വേണം.
ലിബര്‍ട്ടി ഇല്ലാത്ത ജീവിതത്തെക്കുറിച്ചാണ് ഖലീല്‍ ജിബ്രാന്‍, ആത്മാവില്ലാത്ത ശരീരം പോലെ എന്ന പ്രസ്താവന നടത്തുന്നത്. അതുകൊണ്ടുതന്നെ ലിബര്‍ട്ടിയുമായി ബന്ധപ്പെട്ട് മുകളില്‍ നടത്തിയ ചര്‍ച്ചകള്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പരമപ്രധാനമാകുന്നു. പോസിറ്റീവ് ലിബര്‍ട്ടി (ക്രിയാത്മക സ്വാതന്ത്ര്യം) എന്നും നെഗറ്റീവ് ലിബര്‍ട്ടി (നിഷേധാത്മക സ്വാതന്ത്ര്യം) എന്നും രണ്ട് ഇനങ്ങളായി നമുക്കിതിനെ വേര്‍തിരിക്കാം. വ്യത്യസ്ത തലങ്ങളില്‍ ഇതു സംബന്ധമായ വിശകലനങ്ങള്‍ നടത്തിനോക്കാം:

തത്ത്വചിന്താപരം

സ്വേഛാധിപത്യപരമായ സാമൂഹിക ഉടമ്പടി (dictatorial social contract), മുന്‍നിര്‍ണയവാദം (Determinism) തുടങ്ങിയവയില്‍ നിന്ന് ഇച്ഛാശക്തിയെ സ്വതന്ത്രമാക്കലാണ് തത്ത്വചിന്താപരമായി ലിബര്‍ട്ടി. ഇതിലെ ന്യായാന്യായതകളില്‍ നിന്നാണ് പോസിറ്റീവ് ലിബര്‍ട്ടി, നെഗറ്റീവ് ലിബര്‍ട്ടി എന്നീ വേര്‍തിരിവുകള്‍ ഉണ്ടാകുന്നത്.
വ്യക്തിയുടെ മേല്‍ ഭരണകൂടത്തിനുള്ള അധികാരത്തിന്റെ നിയമസാധുതയെ സംബന്ധിക്കുന്ന സിദ്ധാന്തമാണ് സാമൂഹിക ഉടമ്പടി അഥവാ സോഷ്യല്‍ കോണ്‍ട്രാക്ട്. ഒരു സിദ്ധാന്തം എന്ന നിലക്ക് പൊളിറ്റിക്കല്‍ ഫിലോസഫിയില്‍ ഇത് ഉടലെടുക്കുന്നത് ജ്ഞാനോദയ കാലഘട്ടത്തിലാണെങ്കിലും ഇതിന് പ്രാചീനവും അര്‍വാചീനവുമായ മാതൃകകളുണ്ട്. ഭരണകൂടം, അധികാരം തുടങ്ങിയവയെ സംബന്ധിച്ച പൗരാണിക ചിന്തകളില്‍ ചാണക്യന്റെ (കൗടില്യന്‍) അര്‍ഥശാസ്ത്രവും (കൗടിലീയം) പെടും. തങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് പകരമായി വ്യക്തികള്‍ അവരുടെ സ്വാതന്ത്ര്യത്തിന്റെ ചില വശങ്ങളെയും ചില അവകാശങ്ങളെയും നിഷേധിക്കുന്നതിന് ഭരണകൂടത്തിന് വ്യക്തമായോ വ്യംഗ്യമായോ സമ്മതം നല്‍കിയിട്ടുണ്ട് എന്നതാണ് പൊതുവെ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി. രാജ്യം, ഭരണകൂടം എന്നിവയെ മറ്റെന്തിനെക്കാളും പ്രധാനമാക്കിത്തീര്‍ത്ത, ദേശരാഷ്ട്രത്തെയും ദേശീയതയെയും ജീവിതത്തിന്റെ അടിത്തറയാക്കി മാറ്റിയ, ഫ്രഞ്ച് വിപ്ലവത്തിന്റെ താത്ത്വികാചാര്യന്‍ ഴോങ് ഴാക് റൂസ്സോയാണ് സോഷ്യല്‍ കോണ്‍ട്രാക്ട് സിദ്ധാന്തത്തിന്റെ പ്രധാന ആചാര്യന്‍.
എന്നാല്‍, അതിനും മുമ്പ് സമഗ്രാധികാരത്തിന്റെ സിദ്ധാന്തമായി സാമൂഹിക ഉടമ്പടിയെ അവതരിപ്പിച്ച ചിന്തകനായിരുന്നു തോമസ് ഹോബ്സ്. ടമേലേ ീള ചമൗേൃല (നൈസര്‍ഗികാവസ്ഥ) എന്ന് താന്‍ വിശേഷിപ്പിച്ച ഒരവസ്ഥയില്‍ നിന്നാണ് ഹോബ്സിന്റെ സിദ്ധാന്തം തുടങ്ങുന്നത്. പ്രത്യേകിച്ചൊരു രാഷ്ട്രീയക്രമത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മനുഷ്യാവസ്ഥയാണ് സ്റ്റെയ്റ്റ് ഒാഫ് നാച്വര്‍. ഈ അവസ്ഥയില്‍ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ വ്യക്തിപരമായ ശേഷിയിലും മനസ്സാക്ഷിയിലും മാത്രം അധിഷ്ഠിതമാണ്. എന്നാല്‍, ഒരു രാഷ്ട്രീയക്രമത്തിന്റെ പ്രയോജനങ്ങള്‍ നേടണമെങ്കില്‍ വ്യക്തികള്‍ അവരുടെ നൈസര്‍ഗികമായ സ്വാതന്ത്ര്യം (Natural Freedom) ഉപേക്ഷിക്കുകയാണ് വേണ്ടത് എന്ന് ഹോബ്സ് സിദ്ധാന്തിച്ചു.
പിന്നീട് റൂസ്സോക്ക് പുറമെ ജോണ്‍ ലോക്ക്, ഇമ്മാനുവല്‍ കാന്റ് തുടങ്ങിയവരുടെ തത്ത്വചിന്തകളില്‍ സോഷ്യല്‍ കോണ്‍ട്രാക്ടും നാച്വറല്‍ ഫ്രീഡവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കടന്നുവന്നു. ഇവരോരോരുത്തരും രാഷ്ട്രീയാധികാരം എന്ന ആശയത്തെ വ്യത്യസ്തമായാണ് സമീപിച്ചത്. നൈസര്‍ഗികാവസ്ഥയില്‍ മനുഷ്യജീവിതം ഹ്രസ്വവും എന്നാല്‍ അരോചകവും ഏകാന്തവും ദരിദ്രവും ക്രൂരവുമായിരിക്കുമെന്നാണ് ഹോബ്സിന്റെ അഭിപ്രായം. രാഷ്ട്രീയമായ ക്രമവും അധികാരവും ഇല്ലെങ്കില്‍ സ്വാതന്ത്ര്യം പരിധി വിടുകയും സര്‍വത്തിനുമുള്ള അധികാരം (Right to All Things) എന്ന അവസ്ഥ ഉണ്ടാവുകയും, കൊള്ളയും ബലാല്‍സംഗവും കൊലപാതകവുമൊക്കെ ന്യായമായിത്തീരുകയും ചെയ്യും. അതാകട്ടെ, എല്ലാവര്‍ക്കും എതിരെ എല്ലാവരുടെയും യുദ്ധം (War of All Against All) എന്ന അവസ്ഥ സൃഷ്ടിക്കും.
ഈ അരാജകാവസ്ഥക്ക് പരിഹാരമായി ഹോബ്സ് നിര്‍ദേശിച്ചത് സര്‍വാധികാരിയും സമ്പൂര്‍ണവുമായ ഒരു ഭരണകൂടത്തെയാണ്. ഭരണകൂടത്തിന് മുന്നില്‍ വ്യക്തികളും സമൂഹങ്ങളും അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കൈയൊഴിയേണ്ടതാണ്.
ലെവിയാത്തന്‍ എന്നാണ് തോമസ് ഹോബ്സിന്റെ സിദ്ധാന്തം അറിയപ്പെട്ടത്. അതായിരുന്നു അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേര്. ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു സാങ്കല്‍പിക കടല്‍ജീവിയാണ് ലെവിയാത്തന്‍. അത് സര്‍വാധികാരത്തിന്റെ രൂപകം (മെറ്റഫര്‍) ആണ്. അതേസമയം ഈ സര്‍വാധികാരത്തിന്റെ മറുവശവും സൂചിപ്പിക്കുന്നുണ്ട് ഹോബ്സ്. സാമൂഹിക ഉടമ്പടിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ സുരക്ഷിതരായിരിക്കുന്ന കാലം വരെ, അഥവാ അധികാരത്തിന്റെ ഭാഗത്ത് നിന്ന് ഉടമ്പടി കൃത്യമായി പാലിക്കപ്പെടുന്നത് വരെ മാത്രമേ ഭരണകൂടത്തിന് നിയമസാധുതയുള്ളൂ.
സോഷ്യല്‍ കോണ്‍ട്രാക്ടിന്റെ മറ്റൊരു സൈദ്ധാന്തികനായ ജോണ്‍ ലോക്ക്, സ്വാഭാവിക അവകാശങ്ങള്‍ (Natural Rights) സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍ ഭരണകൂടവുമായുള്ള കരാര്‍ ദുര്‍ബലപ്പെടും എന്ന് വാദിച്ചു. പൊതു താല്‍പര്യം (General Will) എന്ന ആശയത്തെ നൈസര്‍ഗികാവകാശങ്ങള്‍ക്ക് പകരം വെച്ചുകൊണ്ട് റൂസ്സോയും ഇതേ സിദ്ധാന്തം ഉന്നയിച്ചു. നൈസര്‍ഗികാവകാശങ്ങള്‍ എന്ന ആശയത്തിന് പരമപ്രാധാന്യം നല്‍കിയ ലോക്ക് തന്നെയായിരുന്നു ഉദാരവാദത്തിന്റെയും (ലിബറലിസം) ആചാര്യന്‍.
സോഷ്യല്‍ കോണ്‍ട്രാക്ടിനെപ്പറ്റി പറയുമ്പോഴും നൈസര്‍ഗികത എന്ന ആശയത്തില്‍ ഊന്നിനിന്ന ചിന്തകനായിരുന്നു റൂസ്സോ. മനുഷ്യരുടെ ശുദ്ധപ്രകൃതത്തില്‍ അദ്ദേഹം വിശ്വസിച്ചു. ശുദ്ധപ്രകൃതം എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ച, കുറേക്കൂടി ആധുനിക കാലത്തെ ചിന്തകനായ ഹെന്റി ഡേവിഡ് തോറോ ആകട്ടെ, ഭരണകൂടം ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്രമങ്ങള്‍ ഈ നൈസര്‍ഗിക വിശുദ്ധിയെ തകര്‍ക്കുകയാണ് ചെയ്യുക എന്ന് വാദിച്ചു. അഹിംസ, നിസ്സഹകരണം തുടങ്ങിയ മാര്‍ഗങ്ങളില്‍ അടിയുറച്ചു നിന്ന പോരാളിയുമായിരുന്നു, തന്റെ രാഷ്ട്രീയ ഗുരു എന്ന് ഗാന്ധി വിശേഷിപ്പിച്ച തോറോ.
എന്തിലുമെന്ന പോലെ ഇക്കാര്യത്തിലും സന്തുലിതവും മധ്യമവുമായ നിലപാടവതരിപ്പിക്കുന്നു ഇസ്‌ലാം. വ്യക്തിയുടെ സ്വാഭാവിക വിശുദ്ധി എന്നത് ഖുര്‍ആന്റെയും അടിസ്ഥാന മനുഷ്യവായനകളില്‍പ്പെട്ടതാണ്. ഈ വിശുദ്ധിയെ തകര്‍ക്കുന്നത് പ്രഥമമായി മാതാപിതാക്കളാണ് എന്ന് ഒരു നബിവചനത്തില്‍ വിശദീകരിക്കുന്നുണ്ട്. പിതുരധികാരവും പിതൃബിംബവും എന്ന നിലക്ക് അധികാരത്തിന്റെ രൂപകമായി ഇതിലെ മാതാപിതാക്കള്‍ എന്ന പരാമര്‍ശത്തെ വായിക്കാം. അധികാരം എന്ന ആശയത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതിലുള്ളത് നേതൃത്വമാണ്. നേതൃത്വം എന്നതാകട്ടെ, ഇസ്‌ലാമിന്റെ കര്‍ക്കശമായ കല്‍പനയുമാണ്. അതോടൊപ്പം, നിര്‍വഹണത്തില്‍ ഓരോ വ്യക്തിക്കുമുള്ള ബാധ്യതയെയും അവകാശത്തെയും ചൂണ്ടുന്നതാണ് കൂടിയാലോചനയെക്കുറിച്ച (ശൂറയെക്കുറിച്ച) ഖുര്‍ആനിക പാഠം.
അതായത്, ഇസ്‌ലാമിന്റെ വീക്ഷണത്തില്‍:
ഒന്ന്) മനുഷ്യന് നൈസര്‍ഗിക പ്രകൃതിയുണ്ട്.
രണ്ട്) ഈ പ്രകൃതം ശുദ്ധവും ധാര്‍മികവുമാകുന്നു.
മൂന്ന്) ശുദ്ധപ്രകൃതം എന്ന ആശയം അടിസ്ഥാനപരമായി വ്യക്തിയുടെ സ്വാതന്ത്ര്യം എന്ന അവകാശത്തെ സ്വാഭാവികവും ഭയപ്പെടേണ്ടതില്ലാത്തതുമാക്കി മാറ്റുന്നു.
നാല്) പിതുരധികാര ഘടന (പ്രഥമമായും മാതാപിതാക്കളും പിന്നെ രാജ്യാധികാര ഘടനയും) മനുഷ്യവ്യക്തിയെ ശുദ്ധപ്രകൃതത്തില്‍ നിന്ന് തെറ്റിക്കുന്നു.
അഞ്ച്) പിതൃസ്ഥാനീയര്‍- രാഷ്ട്ര ഭരണ നേതാക്കള്‍ ഉള്‍പ്പെടെ-  പിതൃബിംബം എന്ന അധികാര സ്വഭാവത്തിലേക്ക് പോകാതെ ജനനേതാക്കള്‍ എന്ന സ്വാഭാവികതയില്‍ നിലകൊള്ളണം.
സ്വയം ബിംബവത്കരിച്ച് അധികാരസ്ഥാനമുറപ്പിക്കുന്നവരെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ത്വാഗൂത്ത് എന്നാണ്. അല്ലാഹുവിന് ഇബാദത്ത് ചെയ്യണമെങ്കില്‍ ത്വാഗൂത്തിനെ വെടിയുകയും തള്ളിക്കളയുകയും ചെയ്യണം എന്ന് ഖുര്‍ആന്‍ കര്‍ശനമായി ആജ്ഞാപിക്കുന്നുണ്ട്.
പിതൃപൂജയിലും പിതുരധികാര ഘടനയിലും ഉറച്ചുപോയിരുന്ന ചീനന്‍ സംസ്‌കാരത്തെ ധര്‍മത്തിലേക്ക് പുനരുദ്ധരിക്കാന്‍ വന്ന പ്രവാചകനായോ പ്രവാചകതുല്യനായോ കങ് ഫ്യൂഷ്യസിനെ കാണുകയാണെങ്കില്‍, അദ്ദേഹത്തിന്റെ ദര്‍ശനത്തില്‍ നൈസര്‍ഗിക വിശുദ്ധി എന്നത് പ്രധാന ഘടകമാണ്. അദ്ദേഹത്തിന്റെ അധ്യാപനത്തില്‍ മനുഷ്യജീവിതത്തിന് ആന്തരികവും ബാഹ്യവുമായി ഉണ്ടാകുന്ന വികസനം, അവന്റെ നൈസര്‍ഗികതയുടെ അനുബന്ധമായിരിക്കുമ്പോള്‍ അവന്‍ നല്ലവനായിരിക്കും. അവന്റെ നൈസര്‍ഗിക വികാസത്തിന് കോട്ടം തട്ടിക്കുന്നതാണ് അതെങ്കില്‍ അവന്‍ ചീത്തയുമായിരിക്കും. പ്രവാഹത്തിന് തടസ്സം നേരിടുമ്പോള്‍ ജലം മലിനമാകുന്നതു പോലെ.
തടസ്സം വരാതെ ഈ ഒഴുക്ക് നിലനിര്‍ത്തുക എന്നതാകുന്നു ഭരണകൂടത്തിന്റെ ബാധ്യത. അതായത്, സ്വാതന്ത്ര്യവാഞ്ഛ ഉള്‍പ്പെടെ മനുഷ്യപ്രകൃതത്തിന്റെ സവിശേഷതകളെ മുഴുവന്‍ നിലനിര്‍ത്തേണ്ടതാണ്. വ്യക്തി ഭരണകൂടത്തിന് വാഗ്ദാനം ചെയ്യുന്നത് സമൂഹത്തോടും നേതൃത്വത്തോടുമുള്ള കൂറാണ്. അല്ലാതെ തന്റെ സ്വാതന്ത്ര്യം അടിയറ വെക്കലല്ല.
ശുദ്ധപ്രകൃതത്തെയും നൈസര്‍ഗിക നന്മയെയും അടിത്തറയാക്കുന്ന ദര്‍ശനം വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഭയപ്പെടുകയുമില്ല. ക്രിയാത്മക സ്വാതന്ത്ര്യം എന്ന ആശയം അതിന്റെ പൂര്‍ണതയില്‍ നിലനില്‍ക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം.

രാഷ്ട്രീയം

സൊസൈറ്റിക്കകത്ത് ഭരണകൂടം ചുമത്തുന്ന നിയന്ത്രണങ്ങള്‍, വിലക്കുകള്‍ എന്നിവയില്‍ നിന്ന് ന്യായ- അന്യായ പരിഗണനകള്‍ കൂടാതെ വ്യക്തിയുടെ പെരുമാറ്റം, രാഷ്ട്രീയ വീക്ഷണം, ജീവിതരീതി എന്നിവ സ്വതന്ത്രമായിരിക്കണം എന്ന വാദത്തെ രാഷ്ട്രീയമായി നിഷേധാത്മക സ്വാതന്ത്ര്യം (നെഗറ്റീവ് ലിബര്‍ട്ടി) എന്ന് വിശേഷിപ്പിക്കാം. അതേസമയം, സമൂഹത്തെ വിഭജിക്കുന്ന അസമത്വങ്ങളെ മറികടക്കേണ്ടി വരുന്ന ഒരു പരിതഃസ്ഥിതിയിലും ഭരണവ്യവസ്ഥയിലും ആ മറികടക്കലിനനുകൂലമായി പ്രവര്‍ത്തിക്കാനുള്ള ശക്തിയും വിഭവങ്ങളും സ്വായത്തമാക്കുന്നതിനെ ക്രിയാത്മക സ്വാതന്ത്ര്യമായും (പോസിറ്റീവ് ലിബര്‍ട്ടി) കാണാം.
ഭരണകൂടത്തോടുള്ള ഗുണകാംക്ഷയും പ്രതിബദ്ധതയും അനുസരണയും ഇസ്‌ലാമിന്റെ ധാര്‍മികതത്ത്വങ്ങളില്‍ പ്രധാനമാണ്. നസീഹത്താണ് (ഗുണകാംക്ഷ) ധര്‍മം (ദീന്‍) എന്ന ഒരു നബിവചനമുണ്ട്. 'അല്ലാഹുവിനോടും റസൂലിനോടും എന്നതു പോലെ മുസ്‌ലിം ജനസാമാന്യത്തോടും നേതൃത്വത്തോടുമുള്ള ഗുണകാംക്ഷ' എന്ന് അത് വിശദീകരിക്കപ്പെടുന്നു. 'അനുധാവനമില്ലാതെ നേതൃത്വമില്ലെന്നും നേതൃത്വമില്ലാതെ സമൂഹമില്ലെന്നും സമൂഹമില്ലാതെ ഇസ്‌ലാമില്ലെ'ന്നും ഉമര്‍ പ്രസ്താവിച്ചിട്ടുണ്ട്.
അതേസമയം, ഭരണകൂടത്തിന്റെ നെറികേടുകളെ എതിര്‍ക്കലാണ് ഏറ്റവും ശ്രേഷ്ഠമായ സമരമായി പ്രവാചകന്‍ അടയാളപ്പെടുത്തിയത്. അധര്‍മിയും അനീതിക്കാരനുമായ 'ഭരണാധികാരി'യുടെ മുഖത്തു നോക്കി സത്യം പറയുന്നവനെ ഏറ്റവും വലിയ ധീരനായും അവിടുന്ന് വിശേഷിപ്പിക്കുന്നു. നേതാവിന് തുല്യമായോ അതിലും മേലെയോ പൗരന്‍ സ്വതന്ത്രനായിത്തീരുന്ന വ്യവസ്ഥയാണത്. 'ഈ നീളന്‍ കുപ്പായം തയ്ക്കാനുള്ള തുണി താങ്കള്‍ക്കെവിടെ നിന്ന് കിട്ടി എന്ന് വെളിപ്പെടുത്തുന്നത് വരെ ഞങ്ങള്‍ താങ്കളെ ഗൗനിക്കുകയോ അനുസരിക്കുകയോ ഇല്ല' എന്ന് നേതാവിന് നേരെ കൈചൂണ്ടി ഉറക്കെപ്പറയാന്‍ പൗരന് പ്രോത്സാഹനം നല്‍കിയ കാലമായിരുന്നു ഉമറിന്റെ ഭരണകാലം. താങ്കള്‍ തെറ്റിലേക്ക് പോയാല്‍ ഞങ്ങള്‍ തിരുത്തുന്നത് വെറും വാക്കു കൊണ്ടാവില്ല, മറിച്ച് ഈ വാളുകൊണ്ടായിരിക്കും എന്ന് അബൂബക്‌റിനോടും പറഞ്ഞിട്ടുണ്ട് ജനത.
സ്വാതന്ത്ര്യത്തിന്റെ ക്രിയാത്മകതയെ ഇതിലും നന്നായി അടയാളപ്പെടുത്താന്‍ ചരിത്രത്തിന് വേറെ കഴിഞ്ഞിട്ടുണ്ടാവുമോ എന്ന് സംശയമാണ്. അങ്ങനെയാണ് തന്റെ പിതാവിന്റെ അധികാരം എന്ന ഹുങ്കില്‍ ഒരു സാധാരണ പൗരനോട് അക്രമം പ്രവര്‍ത്തിച്ച ഒരാളുടെ, ഗവര്‍ണറായ പിതാവിനെ ഉമര്‍ ശാസിച്ചത്. ആ മകനല്ലാതെ പിതാവ് പ്രത്യക്ഷത്തില്‍ ഒരു തെറ്റും ചെയ്തിരുന്നില്ലെന്നോര്‍ക്കണം. നിയമത്തിന്റെ പിടിയില്‍ നിന്ന് മകനെ രക്ഷിക്കാന്‍ പോലും അദ്ദേഹം തുനിഞ്ഞിട്ടില്ല. എന്നിട്ടും ആ ഗവര്‍ണറുടെ നേരെ ഉമര്‍ ഒരു സിംഹത്തെപ്പോലെ ഗര്‍ജിച്ചു:
''എന്നു മുതല്‍ തുടങ്ങി, ജനങ്ങളെ അടിമകളാക്കി മാറ്റുന്ന പരിപാടി? അല്ലാഹു അവരെ സൃഷ്ടിച്ചത് സ്വതന്ത്രരായിട്ടല്ലേ? അവരുടെ ഉമ്മമാര്‍ അവരെ പ്രസവിച്ചതും സ്വതന്ത്രരായിട്ടല്ലേ?''
സ്വാതന്ത്ര്യത്തിന് ശരിയായ നിര്‍വചനം നല്‍കുകയായിരുന്നു ഉമര്‍.

ദൈവശാസ്ത്രപരം

മാനസികവും ആത്മീയവുമായ അടിമത്തത്തില്‍ നിന്നുള്ള വിമോചനത്തെയാണ് ദൈവശാസ്ത്ര ദൃഷ്ടിയില്‍ ലിബര്‍ട്ടി എന്ന് വിളിക്കുക. അതോടൊപ്പം പാപം, ലൗകിക ബന്ധങ്ങളോടും അഷ്ടരാഗങ്ങളോടുമുള്ള (കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ എന്നിവയെ അഷ്ടരാഗങ്ങളായി ഗണിക്കുന്നു) വിധേയത്വപരമായ ബന്ധനം തുടങ്ങിയവ ദൈവശാസ്ത്ര ദൃഷ്ടിയില്‍ ഈ വിമോചനത്തിന് തടസ്സവുമാണ്.
ലൗകിക ബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കും കൂടുതല്‍ കീഴ്പ്പെട്ടു കൊണ്ടുള്ള ജീവിതമാണ് സ്വതന്ത്രജീവിതം എന്നത് തെറ്റായ ധാരണയാണ്. മറ്റൊരു നിലക്ക് ചിന്തിച്ചാല്‍ നെഗറ്റീവ് ലിബര്‍ട്ടി എന്ന് അതിനെ വിളിക്കാം. വൈയക്തിക ഉദാരവാദങ്ങളും ലിബറല്‍ മൂല്യങ്ങളുമൊക്കെ നിലകൊള്ളുന്നത് ഇതിന് മേലാണ്. തൃഷ്ണയെയും വികാരങ്ങളെയും പൂര്‍ണമായും നിഗ്രഹിക്കുന്നിടത്താണ് ക്രിയാത്മകമായ സ്വാതന്ത്ര്യം നേടാന്‍ സാധിക്കുക എന്ന ഒരു ആത്മീയ വീക്ഷണവുമുണ്ട്. എന്നാല്‍, ഇസ്‌ലാം അതംഗീകരിക്കുന്നില്ല. ഇന്ദ്രിയങ്ങളുടെ നിഗ്രഹം നിഷ്‌ക്രിയത്വമാണ്.
പാപാസക്തിയും ലൗകിക ബന്ധങ്ങളോടുള്ള ബന്ധനവും യഥാര്‍ഥത്തില്‍ അസ്വാതന്ത്ര്യമാണ്. 'ഹവ'യെ ഇലാഹാക്കുന്നവന്‍, ജഡികേഛകള്‍ക്ക് പരമാധികാരം നല്‍കുന്നവന്‍ അസ്വതന്ത്രനാണ്. ഇഛകളെ നിഗ്രഹിക്കുന്നവന്‍ നിഷ്‌ക്രിയനുമാണ്. ക്രിയാത്മകമായ സ്വാതന്ത്ര്യമെന്നാല്‍ ഇഛകളെ പാപങ്ങളില്‍ നിന്ന് മുക്തമാക്കലാണ്.

പ്രവാചകദൗത്യത്തിന്റെ പൊരുള്‍

നബിയുടെ ധര്‍മമായി ഖുര്‍ആനില്‍ വിവരിക്കുന്ന കാര്യങ്ങളില്‍ ഒട്ടുമിക്കതും ക്രിയാത്മക സ്വാതന്ത്ര്യത്തെക്കുറിച്ച അധ്യാപനങ്ങളാണ്. അതില്‍ ഏറ്റവും വലിയ വിമോചന പ്രഖ്യാപനമാണ് സൂറഃ അല്‍അഅ്റാഫിലെ നൂറ്റി അമ്പത്തേഴാം വചനം: ''പ്രവാചകന്‍ അവരോട് സദാചാരം കല്‍പിക്കുകയും ദുരാചാരങ്ങളെ തടയുകയും ചെയ്യുന്നു. ഉത്തമമായതെല്ലാം അനുവദിക്കുകയും നിന്ദ്യമായവ നിഷിദ്ധമാക്കുകയുംചെയ്യുന്നു. (മുതുകുകളെ ഞെരുക്കുന്ന) ഭാരങ്ങള്‍ ഇറക്കിവെക്കുകയും (വരിഞ്ഞുമുറുക്കുന്ന) വിലങ്ങുകള്‍ അഴിച്ചു കളയുകയും ചെയ്യുന്നു.''
ഈ പാഠത്തില്‍ നാം മുകളില്‍ വിവരിച്ചിട്ടുള്ള ക്രിയാത്മക സ്വാതന്ത്ര്യത്തെക്കുറിച്ച പാഠങ്ങളെല്ലാമുണ്ട്. നിര്‍ണയവാദത്തില്‍ നിന്ന് ഇഛാശക്തിയെ സ്വതന്ത്രമാക്കലാണത്. സാമൂഹിക ഉടമ്പടിയുടെ പേരില്‍ സ്വേഛാപരമായി വാഴുന്ന അധികാര ശക്തികളെ നിരാകരിക്കലുമാണ്. അധാര്‍മികമായ രാഷ്ട്രീയാധികാരം തീര്‍ക്കുന്ന ചങ്ങലകളെ പൊട്ടിച്ചെറിയാനുള്ള ധൈര്യമാണത്. അത്തരം വ്യവസ്ഥകള്‍ സൃഷ്ടിക്കുന്നതാണ് ഒരുഭാഗത്ത് മനുഷ്യരുടെ തോളെല്ലുകളെ തകര്‍ക്കുന്ന ഭാരങ്ങള്‍. അനൈതികമായ അധികാരങ്ങളാണ് ചങ്ങലകളാല്‍ ജനങ്ങളെ വരിഞ്ഞുമുറുക്കുന്നതും. മറുഭാഗത്ത് ഈ ഭാരവും ബന്ധനവും പാപങ്ങളുമായിക്കൂടി ബന്ധപ്പെട്ടതാണ്. പാപങ്ങളില്‍ നിന്നുള്ള മുക്തി, സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മഹത്തരമായ രൂപമാകുന്നു.
കേവല സ്വാതന്ത്ര്യം അഥവാ ഫ്രീഡത്തെയും, പ്രതിബദ്ധ സ്വാതന്ത്ര്യം അഥവാ ലിബര്‍ട്ടിയെയും പല കോണുകളിലും വിശദീകരിക്കാന്‍ പറ്റും. ഒരാള്‍ക്ക് കൊലപാതകം ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നത് കേവല ഫ്രീഡത്തിന്റെ നിര്‍വചനത്തില്‍ വന്നേക്കാം. എന്നാല്‍, ഇസ്‌ലാമികമായ വീക്ഷണത്തില്‍ അത് അയാളുടെ പ്രവൃത്തി മാത്രമല്ല, മറിച്ച് മറ്റൊരാളുടെ ജീവനെ ഹനിക്കലും കൂടിയാണ്. ഒരാളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം മറ്റൊരാളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെത്തന്നെ ഇല്ലാതാക്കുന്നു എന്നു വരുന്നേടത്താണ് ഫ്രീഡം എന്ന ആശയത്തെക്കാള്‍ ലിബര്‍ട്ടി എന്ന മൂല്യം ഇസ്‌ലാമികമായി പ്രധാനമായിത്തീരുന്നത്.   
അവകാശലംഘനത്തിന്റെ പ്രശ്നം മതം പാപമായി കണക്കാക്കുന്ന എല്ലാറ്റിലുമുണ്ട്. കേവല കര്‍മം എന്ന നിലക്ക് അതെല്ലാം വ്യക്തിയുടെ പ്രവൃത്തിയും വൈയക്തികമായ സ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണ്. എന്നാല്‍, ഇതരന്റെ ജീവനെയോ സ്വത്തിനെയോ അഭിമാനത്തെയോ ബാധിക്കുമ്പോള്‍ ആ പ്രവൃത്തി അധമവും ശിക്ഷാര്‍ഹവുമായി മാറുന്നു.
ഒരാളുടെ സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ ഇതരന്റെ സ്വാതന്ത്ര്യവും അവകാശവും എന്ന മാനദണ്ഡത്തില്‍ നിയന്ത്രിതമായേ പറ്റൂ. ഇവിടെയാണ് സാമൂഹികമായ സ്വാതന്ത്ര്യം എന്ന ആശയം പ്രസക്തമാകുന്നത്. പാപത്തില്‍ നിന്നുള്ള വിമുക്തിയും പാപപ്രേരകമാകും വിധം ലൗകിക ബന്ധങ്ങളുമായി ഉണ്ടാകുന്ന ബന്ധനങ്ങളില്‍ നിന്നുള്ള വിമുക്തിയും ഇവിടെ യഥാര്‍ഥ സ്വാതന്ത്ര്യമായി അടയാളപ്പെടുന്നു.

ഭയവും വ്യസനവും

തന്റെ വഴി പിന്തുടരുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന വാഗ്ദാനം വിവരിക്കുന്ന ഒരു ഭാഗമുണ്ട് വിശുദ്ധ ഖുര്‍ആനില്‍. ആദമിനോട് അല്ലാഹു പറയുന്നു: 'എന്നില്‍ നിന്നു മാര്‍ഗദര്‍ശനം വന്നെത്തിക്കഴിഞ്ഞാല്‍, ആരൊക്കെ അതിനെ അനുധാവനം ചെയ്യുന്നുവോ അവരെ അതിജയിക്കുന്ന ഭയങ്ങളൊന്നുമുണ്ടാവില്ല; അവരെ ബാധിക്കുന്ന വ്യസനങ്ങളുമുണ്ടാവില്ല.'
ഭയം ഉണ്ടാക്കുന്ന പല കാര്യങ്ങളുമുണ്ട്. അധികാരം തന്നെയാണ് അതില്‍ മുഖ്യം. വ്യസനമുണ്ടാക്കുന്നത് നഷ്ടങ്ങളുമാവാം. ഈ ആധികളെയും വ്യഥകളെയും അതിജയിക്കാന്‍ സാധിക്കുക എന്നാല്‍ പരിപൂര്‍ണ സ്വതന്ത്രരായിത്തീരുക എന്ന് കൂടിയാണ് അര്‍ഥം. അതായത്, ഇസ്‌ലാം അതിന്റെ ഒന്നാം തീയതി തൊട്ടേ വാഗ്ദാനം ചെയ്യുന്നത് സ്വാതന്ത്ര്യമാണ്. അധികാരത്തില്‍ നിന്നും ഭൗതിക നഷ്ടങ്ങളില്‍ നിന്നുമുള്ള സ്വാതന്ത്ര്യം. അത് സാമൂഹികവും ഭൗതികവുമായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ഖൗഫ് (ആധി), ഹുസ്ന്‍ (വ്യഥ) എന്നിതുകളെ മറ്റൊരു രീതിയിലും കാണാം. ഭാവിയെക്കുറിച്ച ആശങ്കയാണ് മൗലികമായി മനുഷ്യനില്‍ ഭയം നിറക്കുന്നത്. വ്യസനം ഭൂതകാലാനുഭവങ്ങളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നും തന്നെ ഉണ്ടാകുന്നു. അതൊരു പക്ഷേ, കടുത്ത പാപപീഡയുമാവാം. പശ്ചാത്താപത്തിലൂടെ ശുദ്ധി നേടിയ ഒരാള്‍ക്ക് ഈ പാപപീഡയുടെ (guilty consciousness) ആവശ്യമേയില്ല. ഭൂതത്തെക്കുറിച്ച അറിവോടും ഭാവിയെക്കുറിച്ച കരുതലോടുംകൂടി വര്‍ത്തമാനത്തില്‍, ഇന്നില്‍ ജീവിക്കുന്ന മനുഷ്യനായിത്തീരും ദൈവികസന്മാര്‍ഗം അനുധാവനം ചെയ്താല്‍ എന്നാണ് ദൈവവചനം വാഗ്ദാനം ചെയ്യുന്നത്.
ഇന്നില്‍ ജീവിക്കുന്ന മനുഷ്യന്‍ സ്വതന്ത്രനായിരിക്കും; ആത്മീയമായും ഭൗതികമായും സ്വതന്ത്രന്‍. ആധികളില്‍ നിന്നും വ്യഥകളില്‍ നിന്നും സ്വതന്ത്രന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-52-54
ടി.കെ ഉബൈദ്‌

ഹദീസ്‌

അനീതിക്ക് കുടപിടിക്കാതിരിക്കുക
ഫായിസ് നിസാര്‍