Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 12

3263

1444 മുഹര്‍റം 14

സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച്  തികയുമ്പോള്‍


    ഈ വര്‍ഷത്തെ നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. ഇന്ത്യ എന്ന നമ്മുടെ മാതൃരാജ്യം സ്വാതന്ത്ര്യത്തിന്റെയും സ്വയം നിര്‍ണയാധികാരത്തിന്റെയും മുക്കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. തീര്‍ച്ചയായും ഇത് ചെറിയ കാലയളവല്ല. ലോകത്തെ സകല ജനാധിപത്യ സംവിധാനങ്ങള്‍ക്കും കുറ്റങ്ങളും കുറവുകളുമുള്ളത് പോലെ നമ്മുടെ ജനാധിപത്യ സംവിധാനവും ന്യൂനതകളില്‍നിന്ന് മുക്തമല്ല. അവ പരിഹരിക്കാനും രാഷ്ട്രസംവിധാനങ്ങളെ കൂടുതല്‍ സുതാര്യമാക്കാനും ജനാധിപത്യവത്കരിക്കാനും എന്തു ചെയ്യാനാവുമെന്ന ചിന്തയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഏറ്റവും മര്‍മപ്രധാനമായിട്ടുള്ളത്. വീഴ്ചകള്‍ എന്തൊക്കെയെന്ന് വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടും ചിലതിനെല്ലാം പരിഹാരം കാണാനായതുകൊണ്ടും കൂടിയാണ് നമ്മുടെ ജനാധിപത്യത്തിന് എഴുപത്തിയഞ്ച് സംവത്സരത്തിന്റെ നിറവിലെത്താനായത്. അയല്‍നാടുകള്‍ക്കൊന്നും ആ സൗഭാഗ്യമുണ്ടായിട്ടില്ല. അവിടങ്ങളില്‍ പലപ്പോഴും സൈനിക ഭരണമായിരുന്നു. ജനകീയ ഭരണം വന്നപ്പോഴും അതിന് സൈന്യത്തിന്റെ പിടിത്തത്തില്‍നിന്ന് കുതറിമാറാന്‍ കഴിഞ്ഞിരുന്നില്ല. ശ്രീലങ്കയെപ്പോലെ തികഞ്ഞ രാഷ്ട്രീയ അരാജകത്വത്തിലേക്ക് വീണുപോയ രാജ്യങ്ങളും നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ ശക്തമെന്ന് തോന്നിച്ചിരുന്ന ശ്രീലങ്കയാണ് ഭരണാധികാരികളുടെ വംശീയ മുന്‍വിധികളാലും പിടിപ്പുകേടുകളാലും ഈ വിധം നാനാവിധമായിപ്പോയത്.
തീര്‍ച്ചയായും ഇതില്‍നിന്നൊക്കെ ധാരാളം പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. അതിന് ആദ്യമായി വേണ്ടത് ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുത്വവും നാനാത്വവും തിരിച്ചറിഞ്ഞ് അതിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ്. രാമചന്ദ്ര ഗുഹ എഴുതിയ ഒരു പുസ്തകമുണ്ട്- ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി/ഗാന്ധിജിക്ക് ശേഷമുള്ള ഇന്ത്യ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള രണ്ട് പതിറ്റാണ്ട് എത്ര പ്രശ്‌നകലുഷമായിരുന്നു എന്ന് പുസ്തകം പറഞ്ഞു തരുന്നു. തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റും സംഘര്‍ഷമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. മൂന്ന് പതിറ്റാണ്ടിലധികം ഇന്ത്യന്‍ ജനാധിപത്യത്തിന് ഭാവിയില്ല എന്ന് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ച കാലം. പ്രശ്‌നകലുഷിത സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവികള്‍ അനുവദിച്ചും മറ്റുമാണ് അന്ന് ആ പ്രതിസന്ധിയെ ഒരുവിധം മറികടന്നത്. വിവിധ ജനവിഭാഗങ്ങളെ കേള്‍ക്കാന്‍ ഭരണകൂടം തയാറായി എന്നത് തന്നെയാണ് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയെ അന്ന് അതിജീവനത്തിന് പ്രാപ്തമാക്കിയ ഒരു പ്രധാന ഘടകം.
നാനാത്വത്തില്‍ ഏകത്വം എന്ന വിശാലത ഇല്ലാതാവുന്നു എന്നതാണ് നാമിന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. എല്ലാറ്റിനെയും ഏകശിലാ സംസ്‌കാരത്തിലേക്ക് ചുരുക്കിക്കെട്ടാന്‍ നോക്കുകയാണ്. വൈവിധ്യങ്ങള്‍ക്കും വിസമ്മതങ്ങള്‍ക്കും നേരെ ബലപ്രയോഗങ്ങള്‍ നടക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളെ നോക്കുകുത്തികളാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നു. സൗഹൃദാന്തരീക്ഷം ബോധപൂര്‍വം തകര്‍ക്കപ്പെടുന്നു. വിദ്വേഷാഗ്നി ആദ്യം അപരനെയും പിന്നെ തന്നെയും കരിച്ചുകളയുമെന്ന് വിദ്വേഷ പ്രചാരകര്‍ ഓര്‍ക്കുന്നില്ല. ഇതെല്ലാം വലിയൊരു വിഭാഗം പൗരന്മാരുടെ മനസ്സുകളില്‍ ഭയവും ആശങ്കകളും നിറക്കുന്നുണ്ട്. ഇതൊന്നും കാണാതെ സ്വാതന്ത്ര്യദിനാഘോഷം ചടങ്ങുപോലെ കൊണ്ടാടിയിട്ട് കാര്യമില്ല. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം എന്ന പേരില്‍ വിപുലമായ പരിപാടികളാണ് ഇത്തവണ കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ചിരിക്കുന്നത്. സൗഹൃദവും സാഹോദര്യവും സമഭാവനയും നിലനിര്‍ത്തി ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതാവട്ടെ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ആവിഷ്‌കരിക്കുന്ന പരിപാടികള്‍ എന്ന് ആശംസിക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-52-54
ടി.കെ ഉബൈദ്‌

ഹദീസ്‌

അനീതിക്ക് കുടപിടിക്കാതിരിക്കുക
ഫായിസ് നിസാര്‍