സ്വന്തം മകള്‍ സയ്യിദ് മൗദൂദിയുടെ ജീവിതം പറയുന്നു
വിശ്രുതനായ പണ്ഡിതന്‍, സൂക്ഷ്മ ഗ്രാഹിയായ ഗവേഷകന്‍, ധിഷണാശാലിയായ ഖുര്‍ആന്‍ വ്യാഖ്യാതാവ്, ചിന്തകന്‍, ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, ചൈതന്യവാനായ പ്രബോധകന്‍, സാരള്യം മുറ്റിയ ഭാഷാകാരന്‍, സര്‍വോപരി ദീര്‍ഘദൃക്കായ രാഷ്ട്രീയക്കാരന്‍- ഈ നിലയിലൊക്കെ അനുചാരികളില്‍ മാത്രമല്ല വിമര്‍ശകരിലും ഒരു വിസ്മയമാണ് സയ്യിദ് മൗദൂദിയുടെ കര്‍മ ലോകം.
മതത്തിലും മത ബാഹ്യത്തിലും പെട്ട വിമര്‍ശകര്‍ പക്ഷേ വിയോജിപ്പുകള്‍ ഉന്നയിക്കുന്നത് ആ പ്രതിഭാവിലാസത്തിനെതിരെയല്ല, മറിച്ച് അദ്ദേഹം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടുകളോടാണ്. സ്വാഭാവികമായും കൊളോണിയല്‍ ആധുനികാനന്തര ഇസ്‌ലാമിനെ പഠിച്ച സര്‍വരും ഒപ്പം സയ്യിദ് മൗദൂദിയെയും മൗലികമായി പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. സയ്യിദിന്റെ രാഷ്ട്രീയ ആവിഷ്‌കാരങ്ങള്‍, മതനിര്‍വഹണങ്ങള്‍ ഇവയൊക്കെയും വിപുലതയാര്‍ന്ന ഇത്തരം പഠനങ്ങളുടെ ഭാഗമാണ്.
കേരളത്തിലാകട്ടെ മതത്തിലും മതരഹിതരിലും നിത്യസാന്നിധ്യമാണ് സയ്യിദ്. ഇസ്‌ലാമിക സമൂഹത്തിലെ യാഥാസ്ഥിതികരും അരാഷ്ട്രീയ മതക്കാരും ഒരുപോലെ സയ്യിദിനെ ഭര്‍ത്സിച്ചു നടക്കുന്നു. രാഷ്ട്രീയക്കാരാവട്ടെ അവരുടെ സര്‍വാപരാധങ്ങള്‍ക്കും സയ്യിദിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. ഇതിനൊക്കെയിടയിലും തന്റെ ചൈതന്യ ധന്യമായ നിയോഗജീവിതം കൊണ്ട് സാമൂഹിക മണ്ഡലത്തില്‍ മൗദൂദിയന്‍ പ്രഭാവം ഏറെ ശക്തവുമാണ്.
ധന്യതയാര്‍ന്ന ആ വിശ്രുതജീവിതത്തെ പ്രതി നിരവധി ജീവചരിത്രങ്ങളും വ്യക്തി സത്താ പഠനങ്ങളും ഇന്ന് ലഭ്യമാണ്. മലയാളത്തില്‍ തന്നെ വേണ്ടത്രയുണ്ട്. പക്ഷേ, ഇതൊക്കെയും തീര്‍ത്തും അക്കാദമിക സ്വഭാവത്തിലുള്ള പഠനങ്ങളാണ്. സയ്യിദിന്റെ ജനനം, ബാല്യകൗമാരം, പഠന-മനന സപര്യകള്‍, പത്രപ്രവര്‍ത്തനം, എഴുത്ത് ലോകം, പാക് രാഷ്ട്രീയം, ഇസ്‌ലാമിക പ്രസ്ഥാനം - ഇങ്ങനെ ആദിമധ്യാന്തപ്പൊരുത്തത്തില്‍ വികസിക്കുന്ന ജീവിത ചരിത്രമാണവയൊക്കെയും. എന്നാലിതാ തികച്ചും വ്യത്യസ്തതയാര്‍ന്നൊരു മൗദൂദി പഠനം മലയാളത്തിലേക്ക് വന്നിരിക്കുന്നു. സയ്യിദിന്റെ മകള്‍ ഹുമൈറാ മൗദൂദി തന്റെ പിതാവിനെയും മാതാവ് ബീഗം മൗദൂദിയെയും പ്രതി എഴുതിയ ഹൃദയ സ്പൃക്കായൊരു ജീവചരിത്രം. അക്കാദമിക ഭാരമില്ലാത്ത തീര്‍ത്തും വേറിട്ട രചന. ആത്മനിഷ്ഠത കിനിയുന്നൊരു കുടുംബ ചരിത്രം. സയ്യിദിന്റെ മൂത്ത പുത്രിയാണ് ഹുമൈറാ. അതുകൊണ്ടുതന്നെ പിതാവിന്റെ സജീവ സാമൂഹിക ജീവിതത്തിന് നേര്‍സാക്ഷി.
തനിക്കോര്‍മ വെച്ച കാലം തൊട്ടുള്ള ആ വീട്ടിലെ ജീവിതം, അതിന്റെ പൊലിവുകള്‍, ആതംഗഹര്‍ഷങ്ങള്‍, ഭാവ സംത്രാസങ്ങള്‍, സാമ്പത്തിക ഞെരുക്കങ്ങള്‍, അതിനിടയിലും ഇരമ്പുന്ന പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍, സന്ദര്‍ശകര്‍, കൊടും തടവ്, വധശിക്ഷാവിധികള്‍, പ്രഭാഷണ സഞ്ചാരങ്ങള്‍, അതിനുള്ള ഒരുക്കങ്ങള്‍, സദ്യകള്‍, ദാരിദ്ര്യക്കാഴ്ചകള്‍, അവസാനം സയ്യിദിന്റെ അന്ത്യനിമിഷങ്ങള്‍ - ഇതൊക്കെയും മിഴിവുള്ള വര്‍ണചിത്രങ്ങള്‍ കണക്കെ അടരടരായി ഈ പുസ്തകത്തിലുണ്ട്.
സയ്യിദിന്റെ ഉമ്മയും സഹോദരനും തുടങ്ങി നിരവധി കുടുംബാംഗങ്ങളുമായി ഹുമൈറക്ക് പ്രത്യേകമായ ഹൃദയവായ്പ്പുകളുണ്ട്. അവരുടെയൊക്കെ നേര്‍സ്മൃതികളും സ്വഭാവ നൈര്‍മല്യങ്ങളും ഹുമൈറയുടെ പ്രത്യേക കൗതുകമായിരുന്നു. ഇതൊക്കെയും രചനയില്‍ ഇവര്‍ക്ക് കൂട്ടാവുന്നു. പുസ്തകം ആരംഭിക്കുന്നത് ഹുമൈറയുടെ ആമുഖക്കുറിപ്പോടെയാണ്. നിരവധി പതിറ്റാണ്ടുകളിലേക്ക് ദീര്‍ഘമായ ആ ധന്യ ജീവിതം മകള്‍ അനുസ്മരിക്കുന്നത് ഹൃദ്യത മുറ്റിയ വായനാനുഭവമാണ്. ഒമ്പത് കുഞ്ഞുങ്ങളും ആസ്ത്മ രോഗിയും ദുര്‍ബല ശരീരിണിയുമായ ജീവിത പങ്കാളിയും വൃദ്ധയായ മാതാവും ഇവരൊക്കെയും അരിഷ്ടിച്ച് ജീവിക്കുന്ന ഒരു സാധാരണ വീട്ടില്‍ നിന്നാണ് ഈ കുടുംബനാഥന്‍ തന്റെ മഹത്തായ പ്രസ്ഥാനത്തിന്റെ പലതരം നിര്‍വഹണങ്ങള്‍ക്കായി ധന്യതയോടെ ഇറങ്ങിനടന്നത്.
സാമ്പത്തിക സമൃദ്ധിയുടെ അതിവിപുല പാരമ്പര്യമുണ്ട് ബീഗം മൗദൂദിക്ക്. പക്ഷേ, തന്റെ ഭര്‍ത്താവ് ഏറ്റെടുത്ത ജീവിത ദൗത്യത്തില്‍ ഇതത്രയും ത്യജിക്കാന്‍ ആ കുടുംബിനി കാട്ടിയ സമര്‍പ്പണം വിശ്രുതമാണ്. അതിനൊക്കെയും ഈ മകള്‍ സാക്ഷിയുമാണ്. ആ സാക്ഷ്യം വികാര തീക്ഷ്ണതയോടെ പുസ്തകത്തിലുണ്ട്. മൗദൂദിയുടെ കുടുംബം കുലീനമായൊരു സയ്യിദ് പരമ്പരയിലാണ് ചെന്ന് മുട്ടുന്നത്. മതവും രാഷ്ട്രീയവും സാഹിത്യവും സ്വൂഫീ സരണിയും കവിതയും തുളുമ്പി സംഗമിക്കുന്നൊരു മഹാ പരമ്പര. തന്റെ പതിനേഴാം വയസ്സില്‍ ഇംഗ്ലീഷ് കൊളോണിയല്‍വിരുദ്ധ ലേഖനമെഴുതിക്കൊണ്ടാണ് പത്രപ്രവര്‍ത്തന മണ്ഡലത്തിലേക്ക് സയ്യിദ് പ്രവേശിക്കുന്നത്. മൗലാനാ മുഹമ്മദലിയുടെ അഭ്യര്‍ഥന മാനിച്ചാണ് ഇസ്‌ലാമിലെ ധര്‍മസമരമെന്ന തന്റെ വിഖ്യാത പുസ്തകമെഴുതുന്നത്. അന്നാ എഴുത്തുകാരന് പ്രായം ഇരുപത്തിനാല്. ഈയൊരു പുസ്തക ചൈതന്യമാണ് വിശ്വകവി അല്ലാമാ ഇഖ്ബാലിനെ സയ്യിദിലേക്കാകര്‍ഷിച്ചത്. കൊളോണിയല്‍ ആധുനികതയോടെ മുസ്‌ലിംകളില്‍ ശക്തിപ്പെട്ട മതനിരാസം ഇസ്‌ലാമിക വിശ്വാസത്തിന്റെ ദീപ നാളത്തെ തന്നെ കെടുത്തിത്തുടങ്ങിയ കാലത്താണ് സയ്യിദ് തന്റെ വിശ്വാസ ദൗത്യം ഏറ്റെടുക്കുന്നത്. പിന്നീടതൊരു കൊടുങ്കാറ്റാവാന്‍ സമയമെടുത്തില്ല.
ദല്‍ഹിയിലെ ഒരു സമ്പന്ന ഗൃഹത്തില്‍ ജനിച്ചു വളര്‍ന്നതാണ് ബീഗത്തിന്റെ ബാല്യ-കൗമാര- യൗവനങ്ങള്‍. നല്ല ധനസ്ഥിതിയും അതിനൊത്ത ജീവിത പരിതഃസ്ഥിതിയും. പക്ഷേ, സയ്യിദ് തടവില്‍ കിടക്കുമ്പോള്‍ ദയനീയമായിരുന്നു ആ വീട്ടിലെ സാമ്പത്തികാവസ്ഥ. തന്റെ കൈകളിലെ അവസാനത്തെ പൊന്‍വളയും അഴിച്ചുവിറ്റാണ് ആ ഗൃഹസ്ത വീട്ടു ചെലവുകള്‍ക്കും മക്കളുടെ സ്‌കൂള്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗം കണ്ടത്. പെരുന്നാളില്‍ അവിടെ പുതുവസ്ത്രങ്ങള്‍ പതിവായില്ല. കുട്ടികള്‍ക്ക് ചപ്പാത്തി നല്‍കാന്‍ അയല്‍ വീടുകളില്‍ നിന്ന് മാവു കടം കൊണ്ടു. ആസ്ത്മാ രോഗിയായിരുന്ന ബീഗം ഒറ്റക്ക് മക്കളുടെ വസ്ത്രമലക്കി. ജോലിക്കാര്‍ക്ക് നല്‍കാന്‍ ആ വീട്ടില്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഒരു ദിവസം കൂട്ടുകാരോടൊത്ത് സയ്യിദിന്റെ മക്കള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ പത്രവില്‍പനക്കാര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു: 'മൗദൂദിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നു.' പത്ര വില്‍പനക്കാരനത് വെറും കച്ചവട തന്ത്രം മാത്രമായിരുന്നു. പക്ഷേ, ഈ കുഞ്ഞുങ്ങള്‍ക്കതങ്ങനെയല്ല. അവരുടെ പ്രിയ പിതാവാണത്. അതു കേട്ട കുഞ്ഞുങ്ങള്‍ ഉടന്‍ തന്നെ പുസ്തകക്കെട്ടും ഡപ്പ ചോറുമായി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നു. എത്ര നിശ്ചയദാര്‍ഢ്യത്തോടെ ഉലര്‍ന്നു നിന്നുമാണാ വീട്ടമ്മ ഒട്ടും വിതുമ്പാതെ തങ്ങളുടെ പ്രിയപ്പെട്ട മക്കളെ അന്ന് ആശ്ലേഷിച്ചതെന്നത് സ്‌നിഗ്ധത മുറ്റിയ വായനാ സന്ദര്‍ഭമാണ്.
പള്ളിക്കൂടത്തില്‍ നിന്ന് ഒരിക്കല്‍ സഹപാഠികളോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ ഒരുത്തന്‍ സയ്യിദിന്റെ മകനോട് ചോദിച്ചു: 'നിന്റെ അബ്ബയെ എന്തിനാണ് ഇടക്കിടക്ക് പോലീസ് പിടിച്ച് ജയിലിലിടുന്നത്?' ഉത്തരം പറഞ്ഞത് മറ്റൊരു കുസൃതി: 'അതയാള്‍ എന്തെങ്കിലും കളവു നടത്തിയതാകും. അല്ലെങ്കില്‍ ആരെയെങ്കിലും കൊന്നൊടുക്കിയിട്ടുണ്ടാവും. അല്ലാതെ എങ്ങനെയാണൊരാള്‍ നിരന്തരം ജയിലിലടക്കപ്പെടുക.' ഇത്തരം പരിഹാസങ്ങളും പുഛങ്ങളും നിരന്തരം ഏറ്റുവാങ്ങിക്കൊണ്ടാണാ കുടുംബം വര്‍ഷങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. സ്‌നേഹനിധിയായ സ്വന്തം പിതാവിനെ ഈ മകള്‍ കനിവോടെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ, അവര്‍ കൂടി ഭാഗഭാക്കാവുന്ന നിരവധി സംഭവങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ്.
പഴയ കമ്യൂണിസ്റ്റ് റഷ്യയിലെ താഷ്‌കന്റില്‍, ഇസ്‌ലാമിക ആവേശം രഹസ്യമായി സൂക്ഷിക്കുന്ന ഒരാള്‍ തന്റെ സുഹൃത്ത് വശം സയ്യിദിനൊരു മുന്തിയ എഴുത്തുപേന കൊടുത്തയച്ച സംഭവം ഗ്രന്ഥകാരി അനുസ്മരിക്കുന്നുണ്ട്. കമ്യൂണിസത്തെ എഴുതിത്തോല്‍പിച്ച പ്രതിഭയാണ് സയ്യിദ്. അതിനു മാത്രം പ്രതിഭ കാട്ടിയ നവോത്ഥാന നായകര്‍ അന്ന് സയ്യിദിനോളം പോന്ന ഒരാള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു കൂടിയാണാ പേന താഷ്‌കന്റില്‍ നിന്ന് പാകിസ്താനിലെത്തിയത്. സര്‍വകലാശാലയില്‍ ഇംഗ്ലീഷ് ഭാഷാധ്യാപികയാണ് ഹുമൈറ മൗദൂദി. പ്രതിഭാശാലിയായൊരു എഴുത്തുകാരന്റെ പ്രിയപുത്രിയാണ് ഹുമൈറ. അതുകൊണ്ടുതന്നെയാകാം രചനക്കൊരു ആഖ്യായികയുടെ ചാരുതയുണ്ട്. തീര്‍ച്ചയായും മുക്കാല്‍ നൂറ്റാണ്ടുകാലം ലോക ഇസ്‌ലാമിക ഭൂമികയില്‍ സര്‍ഗാത്മക പ്രതിരോധത്തിന്റെ കവിതകള്‍ രചിച്ച ഒരു മഹാ ജീവിതത്തിന്റെ അറിയപ്പെടാത്ത നിരവധി ചിത്രപട ഭംഗികള്‍ ഈ പുസ്തകത്തിലുണ്ട്.
എഴുത്തുകാരനായ വി.എ കബീറാണ് കൃതി പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
മൗദൂദി ബീഗം മൗദൂദി
രണ്ട് വൃക്ഷങ്ങളുടെ തണലില്‍
ഹുമൈറ മൗദൂദി
വിവ: വി.എ കബീര്‍.
പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിങ്ങ് ഹൗസ്
വില: 199
Comments