Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 12

3263

1444 മുഹര്‍റം 14

ബഗ്ദാദിലെ ശീഈ- ശീഈ പോര്

അബൂ സ്വാലിഹ

ഇറാഖിലെ ജനകീയനായ ശീഈ നേതാവ് മുഖ്തദാ സ്വദ്‌റിന്റെ അനുയായികള്‍ ദിവസങ്ങള്‍ക്കകം രണ്ടാം തവണയും ബഗ്ദാദിലെ അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണും അതിനകത്തെ പാര്‍ലമെന്റ് മന്ദിരവും കൈയേറി അവിടെ നിലയുറപ്പിച്ചിരിക്കുകയാണ് ഇതെഴുതുമ്പോള്‍. അവര്‍ തിരിച്ചുപോകാന്‍ കൂട്ടാക്കുന്നില്ല. അമേരിക്കയുടെ ഇറാഖ് അധിനിവേശക്കാലത്ത് നിര്‍മിക്കപ്പെട്ടതാണ് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള ബഗ്ദാദ് നഗര മധ്യത്തിലെ ഈ ഗ്രീന്‍ സോണ്‍. മിലീഷ്യകള്‍ക്ക് വരെ അങ്ങോട്ട് കടക്കുക ദുഷ്‌കരമാണ്. പിന്നെ എങ്ങനെ മുഖ്തദായുടെ അനുയായികള്‍ക്ക് അതിക്രമിച്ചു കടക്കാന്‍ കഴിഞ്ഞു എന്ന് ചോദിച്ചാല്‍ ഭരണകൂടം കണ്ണ് ചിമ്മി എന്നേ ഉത്തരമുള്ളൂ. പ്രക്ഷോഭകരെ സായുധമായി നേരിട്ടാല്‍ വലിയ രക്തച്ചൊരിച്ചിലിന് ഇടയാക്കും. കടുത്ത അരാജകാവസ്ഥയിലേക്കായിരിക്കും അത് ഇറാഖിനെ എത്തിക്കുക. കാവല്‍ പ്രധാനമന്ത്രി മുസ്തഫ കാളിമിയുടെ പ്രസ്താവനകളില്‍ മുഖ്തദായെ പ്രകോപിപ്പിക്കാതിരിക്കാനുള്ള വല്ലാത്ത കരുതല്‍ കാണാനാകും.
ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് വരാം. 2021 ഒക്ടോബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 73 സീറ്റുകള്‍ നേടി മുഖ്തദാ സ്വദ്‌റിന്റെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സുന്നി, കുര്‍ദ് കക്ഷികളെ കൂട്ടുപിടിച്ചിട്ടും അദ്ദേഹത്തിന് മന്ത്രിസഭ രൂപീകരിക്കാന്‍  കഴിഞ്ഞില്ല. ഇറാന്‍ അനുകൂല ശീഈ പാര്‍ട്ടികളുടെ മുന്നണിയായ കോ-ഓര്‍ഡിനേഷന്‍ ഫ്രെയിംവര്‍ക്കി(അല്‍ ഇത്വാര്‍ അത്തന്‍സീഖി)ന്റെ പിന്നാമ്പുറ കളികളാണ് ഇതിന് പ്രധാന കാരണം. മുഖ്തദായുടെ ബദ്ധശത്രുവായ, രണ്ട് തവണ ഇറാഖ് പ്രധാനമന്ത്രിയായിരുന്ന നൂരി മാലികിയാണ് പിന്നില്‍ നിന്ന് ചരട് വലിക്കുന്നത്. മുഖ്തദായെ വഞ്ചകനെന്ന് വിശേഷിപ്പിക്കുന്ന നൂരി മാലികിയുടെ ഫോണ്‍ സംഭാഷണം ഈയിടെ പുറത്ത് വന്നിരുന്നു. ലബ്‌നാനിലെ ഹിസ്ബുല്ലാ നേതാവ് ഹസന്‍ നസ്വ്‌റുല്ലായെപ്പോലെ കൂറുള്ള ഒരാളെയാണ് ഇറാന്‍ മുഖ്തദാ സ്വദ്‌റില്‍ നിന്ന് പ്രതീക്ഷിച്ചതെങ്കിലും സുന്നി- കുര്‍ദ് കക്ഷികളുമായി കൂട്ടുകൂടി മുഖ്തദാ വഞ്ചന കാണിച്ചുവെന്നാണ് നൂരി മാലികി ആരോപിച്ചത്.
തെരഞ്ഞെടുപ്പു കഴിഞ്ഞ് പത്ത് മാസമായിട്ടും മന്ത്രിസഭ രൂപീകരിക്കാനാവാതെ വന്നപ്പോള്‍ കഴിഞ്ഞ ജൂണില്‍ തന്റെ എല്ലാ എം.പിമാരോടും പാര്‍ലമെന്റ് അംഗത്വം രാജിവെക്കാന്‍ മുഖ്തദാ ആവശ്യപ്പെട്ടു. തൊട്ടുടനെ, ഇപ്പോള്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ബ്ലോക്കായ ഇറാന്‍ അനുകൂല മുന്നണി മന്ത്രിസഭ തട്ടിപ്പടക്കാനുള്ള ശ്രമം ആരംഭിച്ചു. നൂരി മാലികിയുടെ മന്ത്രിസഭയില്‍ 2010 മുതല്‍ 2014 വരെ മനുഷ്യാവകാശ വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് ശിയാഅ് സൂദാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശവും ചെയ്തു. ഇതിനെ തെരുവില്‍ നേരിടുക എന്ന തീരുമാനത്തിലാണ് മുഖ്തദാ വിഭാഗം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സൂദാനി മുന്‍ പ്രധാനമന്ത്രി നൂരി മാലികിയുടെ ബിനാമിയാണെന്നും അവര്‍ ആരോപിക്കുന്നു. ഇറാന്‍ അനുകൂല വിഭാഗം മന്ത്രിസഭയുണ്ടാക്കാന്‍ നടത്തുന്ന ഏത് ശ്രമത്തെയും തെരുവിലിറങ്ങി പൊളിക്കുക എന്ന തീരുമാനത്തിലാണ് മുഖ്തദാ വിഭാഗം. ഗ്രീന്‍ സോണും പാര്‍ലമെന്റും കൈയേറിയ മുഖ്തദാ വിഭാഗം അവിടെനിന്ന് ഒഴിഞ്ഞുപോകാതിരിക്കാനുള്ള കാരണവും ഇതാണ്. പാര്‍ലമെന്റ് പിരിച്ചുവിട്ട് എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അവരുടെ ആവശ്യം.
അമേരിക്കന്‍ അധിനിവേശത്തിനെതിരെ സ്വന്തമായി മിലീഷ്യ രൂപീകരിച്ചുകൊണ്ടാണ് മുഖ്തദാ സ്വദ്ര്‍ ഇറാഖ് രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തിന് ശേഷം ഇറാഖിനെ തങ്ങളുടെ സാമന്ത രാജ്യമാക്കാനായിരുന്നു ഇറാന്റെ ശ്രമം. സുന്നി, കുര്‍ദ് വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ആരോടും വിധേയത്വമില്ലാത്ത ഒരു ദേശീയ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ മുഖ്തദായും ശ്രമിച്ചു. ഇറാനുമായി വഴിപിരിയാനുള്ള കാരണമതാണ്. ഏതായാലും പെട്ടെന്നൊന്നും പരിഹാരം കണ്ടെത്താന്‍ കഴിയാത്ത അത്യന്തം സങ്കീര്‍ണമായ ദൂഷിത വലയത്തിലാണ് ഇറാഖ് ചെന്നുപെട്ടിരിക്കുന്നത്. 


മുഹമ്മദ് അല്‍ജുബ്ബ, വിട!
 
ഈജിപ്തിലെ യുവ മനുഷ്യാവകാശ പ്രവര്‍ത്തകരെ 'ജനുവരി വിപ്ലവ തലമുറ' എന്ന് വിശേഷിപ്പിക്കാറുണ്ട്. 2011-ല്‍ ഏകാധിപതി ഹുസ്‌നി മുബാറകിനെ കടപുഴക്കിയ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരാണ് ഈ തലമുറ. അക്കൂട്ടത്തിലെ ശ്രദ്ധേയനായ ഒരു യുവ നേതാവായിരുന്നു ഈയിടെ തുര്‍ക്കിയില്‍ അന്തരിച്ച മുഹമ്മദ് അല്‍ജുബ്ബ. മാധ്യമങ്ങളില്‍ അത്ര നിറഞ്ഞുനിന്ന ആളായിരുന്നില്ല അദ്ദേഹം. പക്ഷേ, മരണശേഷം സോഷ്യല്‍ മീഡിയയില്‍ അനുശോചന പ്രവാഹം തന്നെയായിരുന്നുവെന്ന് അറബി കോളമിസ്റ്റ് അസ്വാം തലീമ എഴുതുന്നു. പലതരം രാഷ്ട്രീയാഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. തങ്ങളുമായി ചേര്‍ന്ന് അദ്ദേഹം നടത്തിയ ആക്ടിവിസങ്ങളെക്കുറിച്ച് അവര്‍ക്ക് പലതും പറയാനുണ്ടായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ യുവ നിര പോരാളികളിലൊരാളായ മുഹമ്മദ് അല്‍ജുബ്ബ ജനുവരി വിപ്ലവത്തിന്റെ തുടക്കത്തിലേ അതില്‍ സജീവ സാന്നിധ്യമായി. പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അത്ര സജീവമായിരുന്നില്ലല്ലോ. ഇഖ്‌വാന്‍ അണികളെ പ്രക്ഷോഭപാതയിലെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരിലൊരാളാണ് അദ്ദേഹം. ഇസ്‌ലാമിക പ്രസ്ഥാനത്തെ വിവിധ ഗ്രൂപ്പുകളുമായി ബന്ധിപ്പിക്കുന്ന പാലമായി അദ്ദേഹം വര്‍ത്തിച്ചു.
നിരവധി കലാകാരന്മാര്‍ അനുശോചനമറിയിച്ച് കുറിപ്പുകളിട്ടിരുന്നു. സിനിമയായിരുന്നു അദ്ദേഹത്തിന്റെ ഒരു പ്രധാന പ്രവര്‍ത്തന മണ്ഡലം. അദ്ദേഹവും സഹപ്രവര്‍ത്തകരും കൂടി നിര്‍മിച്ച ഏറ്റവുമൊടുവിലത്തെ സിനിമയാണ് 'അല്‍ ഹത്ക്' (കൈയേറ്റം). ഈജിപ്തില്‍ ഭരണകൂടം രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതാണ് പ്രമേയം. ഇതിന്റെ കഥാതന്തു എടുത്തിരിക്കുന്നത് 1990-ല്‍ പുറത്തിറങ്ങിയ 'ഹലാവതുര്‍റൂഹ്' (ആത്മാവിന്റെ മാധുര്യം) എന്ന സിനിമയില്‍ നിന്നാണ്. രാഷ്ട്രീയമായി ഭിന്നാഭിപ്രായം പുലര്‍ത്തുന്നവരെ സുരക്ഷാ ഏജന്‍സികള്‍ ശാരീരികമായും മാനസികമായും സാമൂഹികമായും എങ്ങനെ തകര്‍ക്കുന്നു എന്നാണ് ഇരു സിനിമകളും കാണിച്ചു തരുന്നത്.
തുര്‍ക്കിയില്‍ പ്രവാസിയായി കഴിയവെ ജന്‍മനാട്ടില്‍ തന്റെ സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന കൊടും പീഡനങ്ങളില്‍ മനം നൊന്താണ് ഈ പോരാളി രോഗപീഡകളില്‍ അകപ്പെടുന്നത്. ഹമാസ് നേതാക്കളായ ഖാലിദ് മിശ്അല്‍, ഇസ്മാഈല്‍ ഹനിയ്യ എന്നിവരിലൊരാള്‍ തന്റെ ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കണമെന്നായിരുന്നു ആ യുവാവിന്റെ അന്ത്യാഭിലാഷം. അത് പൂര്‍ത്തീകരിക്കപ്പെടാന്‍ യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. പക്ഷേ, മുഹമ്മദ് അല്‍ജുബ്ബ വിടവാങ്ങിയ ദിവസം വളരെ യാദൃഛികമായി ഖാലിദ് മിശ്അല്‍ തുര്‍ക്കിയിലെത്തി. അങ്ങനെ ആ അന്ത്യാഭിലാഷം നിറവേറി. ഖാലിദ് മിശ്അല്‍ അല്‍പ്പനേരം വളരെ ഹൃദയസ്പൃക്കായി സംസാരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ സംഭാവനകളെ അനുസ്മരിക്കുന്നുമുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-52-54
ടി.കെ ഉബൈദ്‌

ഹദീസ്‌

അനീതിക്ക് കുടപിടിക്കാതിരിക്കുക
ഫായിസ് നിസാര്‍