Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 12

3263

1444 മുഹര്‍റം 14

ഇമാം അബൂ യൂസുഫിന്റെ ബാല്യം

മുഹമ്മദ് യൂസുഫ് ഇസ്വ്‌ലാഹി

 

ചരിത്രം /

ചെറുപ്രായത്തില്‍ തന്നെ പിതൃവാത്സല്യം അനുഭവിക്കാന്‍ ഭാഗ്യമില്ലാതെപ്പോയ ബാലനുമായി മാതാവ് ഒരു കൊല്ലപ്പണിക്കാരനെ സമീപിച്ചു കൊണ്ടു പറഞ്ഞു: 'സഹോദരാ! ഇവനെ ഇവിടെ ഇരുത്തി പോവുകയാണ്. ഭാവിയില്‍ ഈ തൊഴില്‍ പരിശീലിക്കുകയാണെങ്കില്‍ ജീവിക്കാനുള്ള ഒരു വരുമാനമാകുമല്ലോ.'
അനാഥ ബാലന്‍ കൃത്യമായി കൊല്ലപ്പണിക്കാരന്റെ അടുത്തെത്തുകയും തൊഴില്‍ പഠിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അവിടന്ന് അല്‍പമകലെ ഒരു വയോവൃദ്ധന്‍ പൊതുജനങ്ങളെ മതവിജ്ഞാനം പഠിപ്പിക്കുന്നുണ്ടായിരുന്നു. ആ അനാഥ ബാലനും അവിടത്തെ നിത്യസാന്നിധ്യമായി. ഏതാനും മാസങ്ങള്‍ക്കകം പാഠശാലയില്‍ അവന് അതീവ താല്‍പര്യവും അഭിനിവേശവുമുണ്ടായി; കൊല്ലപ്പണിയില്‍ നിന്നു മാറിനില്‍ക്കുകയും ചെയ്തു. എന്നും കൊല്ലപ്പണിക്കാരന്റെ അടുത്തേക്കെന്ന ഭാവത്തില്‍ വീടുവിട്ടിറങ്ങും; എത്തിച്ചേരുന്നത് ഗുരുവിനടുത്തും. വിജ്ഞാന കുതുകിയായ ബാലനെ ഗുരുനാഥനും ഏറെ ശ്രദ്ധിക്കുകയും ഗൗനിക്കുകയും ചെയ്തു.
ഏറെ നാളുകള്‍ക്കു ശേഷമാണ്, കൊല്ലപ്പണിക്കാരന്റെ പണിശാലക്ക് പകരം പാഠശാലയിലേക്കാണ് മകന്‍ പോകാറുള്ളതെന്ന് മാതാവ് അറിയുന്നത്. പരിഭ്രാന്തയായ അവര്‍ ഉടനെ അവിടെ എത്തി മകനെ കൂട്ടി വീട്ടിലേക്ക് കൊണ്ടുപോയി. അവനെ കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിച്ചു: 'മോനേ, നിന്റെ പിതാവിന്റെ നിര്യാണത്തിനു ശേഷം നീയാണ് എന്റെ ഏക അത്താണി. നിന്റെ ഭാവി നീ തന്നെ സ്വയം നിര്‍ണയിക്കണം. എന്തെങ്കിലും കൈത്തൊഴില്‍ ശീലിക്കുക.  ജീവിതത്തിനായി  വല്ലതും സമ്പാദിക്കാം.'
അറിവ് നേടണമെന്ന അതിയായ അഭിലാഷമുണ്ടായിരുന്ന ബാലന്‍ ഏതു വിധേനയും പാഠശാലയിലെത്താന്‍ സമയം കണ്ടെത്തി. ഒരിക്കല്‍ അത്യന്തം രോഷാകുലയായ മാതാവ് നേരെ ഗുരുനാഥന്റെ അടുത്തെത്തി അദ്ദേഹത്തെ അധിക്ഷേപിച്ചു: 'മഹാനവര്‍കളേ, താങ്കള്‍ എന്റെ കുട്ടിയെ ദുരിതത്തിലാക്കിയിരിക്കുന്നു. ഇതൊരു വാപ്പയില്ലാത്ത കുട്ടിയാണെന്നറിയില്ലേ? അവന്‍ വല്ല കൈത്തൊഴിലും പഠിച്ചാല്‍ ഒരു ജീവിതമാര്‍ഗം തുറന്നു കിട്ടിയേനേ! താങ്കളാണെങ്കില്‍ അവനെ പുസ്തകങ്ങള്‍ക്കിടയില്‍ തളച്ചിട്ടു നശിപ്പിക്കുകയാണ്. ദാരിദ്ര്യത്തിലും നിസ്സഹായതയിലും ജീവിക്കുന്ന ഒരു അനാഥക്കുട്ടിയോട് താങ്കള്‍ക്ക് ഒട്ടും സഹതാപമില്ലേ?'
സുസ്‌മേരവദനനായ ഗുരുനാഥന്‍ പറഞ്ഞു: 'ഉമ്മാ, നിങ്ങളെന്തിനാണിത്ര വികാരം കൊള്ളുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത്? യഅ്ഖൂബ് പഠിച്ചു വലുതായി ഉന്നതമായ ജീവിതം നയിക്കുക തന്നെ ചെയ്യും. പിസ്തയുടെ സത്തുകൊണ്ടുള്ള ഫാലൂദ(ഒരു തരം മധുര പാനീയം)യും കഴിക്കും.'
ക്ഷുഭിതയായി അവര്‍ അവിടം വിട്ടിറങ്ങി.. 'ഈ പടുവൃദ്ധന് എന്തോ ബുദ്ധിമാന്ദ്യമുണ്ട്. യുക്തിക്കു ബോധിക്കുന്നതല്ല അയാള്‍ പറയുന്നതൊന്നും'- മാതാവ് ആത്മഗതം ചെയ്തു.
യഅ്ഖൂബ് അതീവ താല്‍പര്യത്തോടെ കഠിനാധ്വാനം ചെയ്തു പഠനം പൂര്‍ത്തീകരിച്ചു. വൈജ്ഞാനിക ലോകത്തിലെ പേരും പെരുമയും കാരണം ഖലീഫ ഹാറൂന്‍ റശീദ് അദ്ദേഹത്തെ രാഷ്ട്രത്തിന്റെ മുഖ്യ ന്യായാധിപസ്ഥാനം നല്‍കി ആദരിച്ചു.
യഅ്ഖൂബ് തന്നെ ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്: ഞാന്‍ ഖലീഫയുടെ ദര്‍ബാറില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു. അപ്പോള്‍ ഖലീഫ പറഞ്ഞു: ഇമാം അബൂ യൂസുഫ്, ഇന്ന് ഭക്ഷണം നമുക്ക് ഒരുമിച്ചു കഴിക്കാം. ഞാന്‍ താങ്കള്‍ക്കായി ഒരു വിശിഷ്ട ഇനം തയാറാക്കുവാന്‍ നിര്‍ദേശിച്ചിരിക്കുന്നു.
യഅ്ഖൂബ്: എന്താണത്?
ഖലീഫ: ഇമാം, പിസ്തയുടെ സത്തുപയോഗിച്ചുള്ള ഫാലൂദ.
'ഫാലൂദ' എന്ന് കേട്ടപ്പോള്‍ എനിക്ക് ചിരി നിയന്ത്രിക്കാനായില്ല. അത് കണ്ട് ഖലീഫ കാരണം ചോദിച്ചു. ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സമ്മര്‍ദം ചെലുത്തിയപ്പോള്‍ എനിക്ക് ആ രഹസ്യം വെളിപ്പെടുത്തേണ്ടിവന്നു. ഹാറൂന്‍ റശീദിനോട് ഞാന്‍ പറഞ്ഞു: ബാല്യകാലത്തെ ഒരു സംഭവം ഞാന്‍ ഓര്‍മിക്കുകയാണ്.  ഉമ്മ എന്റെ ഗുരുവര്യന്‍ ഇമാം അബൂ ഹനീഫയെ വല്ലാതെ അധിക്ഷേപിക്കാറുണ്ടായിരുന്നു. പുസ്തകങ്ങള്‍ക്കിടയില്‍ എന്റെ ജീവിതം നശിപ്പിക്കുകയാണെന്ന് അദ്ദേഹത്തോട് ആവലാതി പറയാറുണ്ടായിരുന്നു. കൈത്തൊഴില്‍ വല്ലതും പഠിക്കുകയാണെങ്കില്‍ ജീവിത സന്ധാരണത്തിനുള്ള മാര്‍ഗം കണ്ടെത്താമായിരുന്നുവെന്നും.
എല്ലാം ശ്രവിച്ച ഇമാം അങ്ങേയറ്റം മാന്യതയും നര്‍മവും കലര്‍ന്ന സ്വരത്തില്‍ അവരോട് പറഞ്ഞു: ഉമ്മാ നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത്? നിങ്ങളുടെ മകന്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടി നാളെ പിസ്തയുടെ ഫാലൂദ ഭക്ഷിക്കും. ഇത് കേട്ട മാതാവ് കുപിതയായി പുറത്തിറങ്ങി. ഇന്ന് താങ്കള്‍ ഫാലൂദ വിഭവം ഒരുക്കിയിരിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍  ആ കഥ ഓര്‍ത്തു പോയതാണ്.'
വളരെ അത്ഭുതത്തോടെയും കൗതുകത്തോടെയും ഖലീഫ എല്ലാം കേട്ടു: 'വിജ്ഞാനം ദുനിയാവിലെ ഏറ്റവും അമൂല്യമായ സമ്പത്താണ്.' പിന്നീട് ഇമാം അബൂഹനീഫക്കായി പ്രാര്‍ഥിച്ചു കൊണ്ട് പറഞ്ഞു: 'സാധാരണ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തത് അകക്കണ്ണുകൊണ്ടാണ് അദ്ദേഹം കണ്ടിരുന്നത്.' 
(റോഷന്‍ സിതാരെ എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-52-54
ടി.കെ ഉബൈദ്‌

ഹദീസ്‌

അനീതിക്ക് കുടപിടിക്കാതിരിക്കുക
ഫായിസ് നിസാര്‍