ഈ സമീകരണങ്ങള്‍ അര്‍ഥശൂന്യം
കേരള ശബ്ദത്തില്‍ (ജൂണ്‍ 16-30) ഹമീദ് ചേന്ദമംഗലൂരിന്റെ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു:
1. 'ആര്‍.എസ്.എസിനെ പോലെ ഫാഷിസ്റ്റ് സ്വഭാവമുള്ള സംഘടനകള്‍ ന്യൂനപക്ഷ സമുദായത്തിലുമുണ്ട്. ഉദാഹരണമാണ് ജമാഅത്തെ ഇസ്‌ലാമി. അതില്‍ നിന്ന് പൊട്ടിമുളച്ചതാണ് പഴയ സിമിയും സോളിഡാരിറ്റിയും, എസ്.ഐ.ഒയുമെല്ലാം.'
2. 'ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്‌ലാമിസത്തിന്റെ മുഖ്യ പ്രതിനിധാനമാണ് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമി വാസ്തവത്തില്‍ മുസ്‌ലിം ആര്‍.എസ്.എസ് ആണ്. രണ്ടും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ സാക്ഷ്യം പരിശോധിച്ചാല്‍ അത് വ്യക്തമാകും. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും പ്രത്യയശാസ്ത്ര മച്ചുനന്മാര്‍ (Ideological Cousins)ആണ്.'
ജമാഅത്തെ ഇസ്‌ലാമിയെ അടിസ്ഥാനരഹിതമായി വിമര്‍ശിക്കുന്ന ഹമീദ് അതിനെ ആര്‍.എസ്.എസുമായി സമീകരിക്കുന്നത് ആട്ടിനെ പട്ടിയും പിന്നെ പട്ടിയെ പേപ്പട്ടിയുമാക്കി അവതരിപ്പിക്കുന്ന വിക്രിയയാണ്. ഇതുവഴി ആര്‍.എസ്.എസിന് മാന്യത ഉണ്ടാക്കിക്കൊടുക്കാനാണ് ഹമീദ് യത്‌നിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിക്കുള്ള നന്മയോ മേന്മയോ ആര്‍.എസ്.എസിന് ഇല്ല. ആര്‍.എസ്.എസിനുള്ള ഭീകര സ്വഭാവവും അക്രമോത്സുകതയും അസഹിഷ്ണുതയും ജമാഅത്തെ ഇസ്‌ലാമിക്ക് തീരെയില്ല. അങ്ങനെയുണ്ടെന്ന് തെളിയിക്കുക ആര്‍ക്കും സാധ്യമല്ല. നിരവധി വര്‍ഗീയ കലാപങ്ങളെപ്പറ്റി അന്വേഷിച്ച കമ്മീഷനുകള്‍ കലാപത്തിന്റെ കാരണമായി ആര്‍.എസ്.എസിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും ആര്‍.എസ്.എസ് ചെറുതും വലുതുമായ ഒരുപാട് കലാപങ്ങള്‍ പലയിടങ്ങളില്‍ സൃഷ്ടിക്കുന്നുമുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാരും പ്രതിചേര്‍ക്കപ്പെട്ടിട്ടുമില്ല. മറിച്ച്, കലാപത്തിനിരയായ പാവങ്ങള്‍ക്ക് മത-ജാതി ഭേദമന്യേ പലനിലക്കും സഹായങ്ങളെത്തിക്കാനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താനും ജമാഅത്തെ ഇസ്‌ലാമി ആവുംവിധം ആത്മാര്‍ഥമായി ശ്രമിച്ചത് ആര്‍ക്കും അറിയാവുന്ന വസ്തുതയാണ്. ആര്‍.എസ്.എസിനെ പരോക്ഷമായും സമര്‍ഥമായും മഹത്വവല്‍ക്കരിക്കുന്ന ഹമീദ് മനപ്പൂര്‍വം കുയുക്തി പ്രയോഗിക്കുകയാണ്. ആര്‍.എസ്.എസിനെയും ജമാഅത്തെ ഇസ്‌ലാമിയെയും സമീകരിക്കുന്നത് 'അഞ്ജനമെന്നത് ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും' എന്ന പ്രയോഗം പോലെയുള്ള മഹാവങ്കത്തം തന്നെയാണ്.
ആര്‍.എസ്.എസ് വംശീയ സംഘടനയാണ്. സവര്‍ണ ഹൈന്ദവതയെ മുറുകെ പിടിച്ച്, ജാതി വ്യവസ്ഥ എല്ലാ നിലക്കും ഉള്‍ക്കൊണ്ട് അതിലൂന്നി പ്രവര്‍ത്തിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി എല്ലാവിധ വംശീയതയെയും വര്‍ഗീയതയെയും നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. എല്ലാ മനുഷ്യരെയും ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളും എന്ന നിലയില്‍ പരസ്പരം സഹോദരന്മാരാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതേ ആശയം നാനാ മാര്‍ഗേണ പ്രബോധനം ചെയ്യുന്നു. സത്യശുദ്ധവും സമഗ്ര സമ്പൂര്‍ണവുമായ ഏകദൈവ വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരും, ബഹുദൈവ വിശ്വാസത്തെയും തദടിസ്ഥാനത്തിലുള്ള സമ്പ്രദായങ്ങളെയും സജീവമായി പിന്തുടരുന്നവരും ഒരുപോലെയാണെന്ന വാദം വളരെ വിചിത്രമാണ്; അബദ്ധജടിലവുമാണ്.
ജമാഅത്തെ ഇസ്‌ലാമി ഒറ്റ വര്‍ഗീയ കലാപത്തിലും ഇതേവരെ പങ്കാളിയായിട്ടില്ല. സംഘ് പരിവാര്‍ ഉള്‍പ്പെട്ട വര്‍ഗീയ കലാപങ്ങളില്‍ നിരവധി നിരപരാധികള്‍ വധിക്കപ്പെടുകയും വലിയ തോതില്‍ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി ആരുടെയും സ്വത്തുക്കള്‍ നശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടില്ല.
ആര്‍.എസ്.എസ് ഉള്‍പ്പെടെ സംഘ് പരിവാറിലെ നല്ലൊരു വിഭാഗം മത വിശ്വാസമോ ധാര്‍മിക മൂല്യങ്ങളോ കണിശമായി പാലിക്കണമെന്ന് നിര്‍ബന്ധമുള്ളവരല്ല (ഉദാ: സവര്‍ക്കര്‍). ആകയാല്‍ തന്നെ ദൈവവിശ്വാസം ഇല്ലാത്തവര്‍ അതിന്റെ നേതൃത്വത്തില്‍ ഉണ്ടായിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി സത്യ ശുദ്ധമായ ഏകദൈവ വിശ്വാസത്തിലും സദാചാര ധാര്‍മിക മൂല്യങ്ങളിലും ഊന്നി നിന്ന് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ആദര്‍ശ പ്രസ്ഥാനമാണ്. രചനാത്മകതയിലൂന്നിയുള്ളതാണ് അതിന്റെ നയനിലപാടുകള്‍.
ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ് പരിവാര്‍ സംഘങ്ങള്‍ ഹിന്ദുത്വയില്‍ ഊന്നിക്കൊണ്ടുള്ള ഏകശിലാ സംസ്‌കാരത്തിന് വേണ്ടി യത്‌നിക്കുന്നു. സങ്കുചിത ദേശീയതയെ ദേശസ്‌നേഹമായി തെറ്റായി പരിചയപ്പെടുത്തി അനര്‍ഥകവും വിധ്വംസകവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. തങ്ങളുടെ നിലപാടിനെ നിരാകരിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിച്ച് അവര്‍ക്കെതിരെ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നു. ജമാഅത്തെ ഇസ്‌ലാമി വിശാല മാനവികതയിലും വിശ്വ സാഹോദര്യത്തിലും അധിഷ്ഠിതമായ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ സങ്കുചിത ദേശീയ ഭ്രാന്തിനോട് ശക്തിയായി വിയോജിക്കുകയും, എന്നാല്‍ ദേശസ്‌നേഹത്തെ അതിന്റെ നല്ല അര്‍ഥത്തില്‍ അംഗീകരിക്കുകയും ചെയ്യുന്നു. ഫാഷിസ്റ്റ് ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസും സംഘ് പരിവാറും തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി ആരുടെ മേലും സ്വന്തം ആശയാദര്‍ശങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നില്ല. സമാധാനപരമായ ആശയപ്രബോധനമാണ് അതിന്റെ ശൈലി. സംഘ് പരിവാര്‍ മറ്റുള്ളവരുടെ ആചാരാനുഷ്ഠാനങ്ങളിലും സമ്പ്രദായങ്ങളിലും ആഹാര പാനീയങ്ങളിലും ധിക്കാരപൂര്‍വം ഇടപെടുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍, ആര്‍.എസ്.എസിനെയും ജമാഅത്തെ ഇസ്‌ലാമിയെയും സമീകരിക്കുന്നത് ദുരുദ്ദേശ്യപരവും അന്യായവുമാണ്; അത് ആര്‍.എസ്.എസിനെ വെള്ളപൂശാനുള്ള വൃഥാശ്രമമാണ്. ആര്‍.എസ്.എസിന് ഹമീദ് പ്രിയങ്കരനാകുന്നതും അതുകൊണ്ടായിരിക്കും.
ഇസ്രായേലിന്റെ
അസ്തിത്വം ഉറപ്പിക്കുക
അമേരിക്കയുടെ ലക്ഷ്യം
അബ്ദുല്‍ മാലിക്, മുടിക്കല്‍
ഈയിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പശ്ചിമേഷ്യന്‍ സന്ദര്‍ശനം അറബികള്‍ക്കുള്ള സമാധാന സന്ദേശവുമായിട്ടായിരുന്നില്ല. മറിച്ച്, അറബ് രാജ്യങ്ങള്‍ക്കുമേല്‍ ഇസ്രായേലിന്റെ അസ്തിത്വം ഒന്നുകൂടി ഉറപ്പിച്ചു നിറുത്തുകയെന്ന ലക്ഷ്യം വെച്ചായിരുന്നു. ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച് അറബ് രാഷ്ട്രങ്ങളെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയെന്നതും ബൈഡന്റെ യാത്രാ ലക്ഷ്യമായിരുന്നു. എന്നാല്‍, അറബ് രാജ്യങ്ങള്‍ക്കുമേല്‍ ബൈഡന്റെ തന്ത്രങ്ങളൊന്നും ഏറ്റില്ല എന്നതാണ് നേര്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പല്ല് കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇസ്രായേലിന്റെ താല്‍പര്യങ്ങളും ഇനി അറബികള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നത് അധിക നാള്‍ തുടരാന്‍ കഴിയില്ല.
ഓഹരി നിക്ഷേപം
ഹറാമല്ല!
ഷമീം മഞ്ഞേരകത്ത്
പ്രബോധനം വാരികയില്‍ (2022 ജൂലൈ 29, ലക്കം 3261) വന്ന യാസര്‍ ഖുതുബിന്റെ 'ഓഹരി വിപണി എത്തിക്കല്‍ ഷെയര്‍ ഇന്‍വെസ്റ്റ്‌മെന്റ്' എന്ന ലേഖനം തികച്ചും കാലിക പ്രസക്തവും, ഓഹരി നിക്ഷേപത്തെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ മനസ്സിലാക്കുന്നതിനും തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും ഉതകുന്നതായിരുന്നു. ലേഖനത്തില്‍ സൂചിപ്പിക്കുന്നതുപോലെ, ഓഹരി നിക്ഷേപം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അനഭിലഷണീയം, നിഷിദ്ധം എന്നൊെക്ക കരുതുന്ന അഭ്യസ്തവിദ്യരും സാധാരണക്കാരും, നിഷിദ്ധം എന്ന് ഫത്വ നല്‍കുന്ന പണ്ഡിതന്മാരും മുസ്‌ലിം സമുദായം ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് കാരണമായി. 'ഇന്ത്യയില്‍ ഹലാലായ ഓഹരി നിക്ഷേപത്തിന് സംവിധാനമുള്ളതായി തനിക്കറിയില്ലെ'ന്ന് ഓണ്‍ലൈന്‍ ചോദ്യോത്തര പംക്തിയിലൂടെ ഒരു പണ്ഡിതന്‍ ഒന്നിലധികം തവണ ഫത്വ നല്‍കിയത് കേള്‍ക്കാന്‍ ഇടയായിട്ടുണ്ട്.
ജ്വല്ലറി തട്ടിപ്പിലും മറ്റും കാശ് പോവുന്ന ഈ കാലത്ത് മാസ ശമ്പളക്കാര്‍ക്ക് പോലും SIP (Systematic Investment Plan) യിലൂടെ നിക്ഷേപം നടത്താനും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല ആദായം നേടാനും Tata Ethical Fund പോലെയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം സഹായിക്കുമെന്നിരിക്കെ, അതിന് തടസ്സമാവുന്ന ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയുടെ പുകമറ നീക്കുന്നതും, ഈ മേഖലയെക്കുറിച്ച് കൂടുതല്‍ വെളിച്ചം പകരുന്നതുമായി ലേഖനം. ലേഖകനും അത് പ്രസിദ്ധീകരിച്ച പ്രബോധനത്തിനും അഭിനന്ദനങ്ങള്‍.
Comments