Prabodhanm Weekly

Pages

Search

2012 മെയ് 19

ഇബ്നു സുബൈര്‍: ധീരമാതാവിന്റെ വീരപുത്രന്‍

സുബൈര്‍ കുന്ദമംഗലം

നക്കരുത്തിലും ബുദ്ധിശക്തിയിലും മികവ് പുലര്‍ത്തിയ ഇബ്നു സുബൈര്‍ മാതാവിന്റെ ധീരതയും വിവേകവും പൈതൃകമെടുത്തു. ജീവിത വിശുദ്ധിയിലും ആരാധനകളിലും അതീവ ശ്രദ്ധ പുലര്‍ത്തിയ അബ്ദുല്ലയില്‍ യുവത്വത്തിന്റെ ചാപല്യങ്ങള്‍ കടന്ന് വന്നതേയില്ല.

അന്ന് യസ്രിബിലെ മുസ്ലിംകള്‍ക്ക് ആഘോഷത്തിന്റെ നിറവായിരുന്നു. മുഹാജിറുകളില്‍ ആദ്യമായി പിറന്ന ആ കണ്‍മണിയെയോര്‍ത്ത് അവര്‍ തഹ്ലീലും തക്ബീറും ചൊല്ലി ആനന്ദനൃത്തം ചവിട്ടി. മദീനയിലേക്ക് പലായനം ചെയ്തെത്തിയ മുഹാജിറുകള്‍ക്ക് ജൂത പുരോഹിതന്മാര്‍ മാരണം ചെയ്തിട്ടുണ്ടെന്നും ഇനിയവര്‍ക്ക് സന്താനലബ്ധി ഉണ്ടാവില്ലെന്നുമുള്ള കുപ്രചാരണങ്ങള്‍ക്ക് മറുപടിയായിരുന്നു അബ്ദുല്ലാഹിബ്നു സുബൈര്‍.
അത്ഭുതകരമായിരുന്നു അബ്ദുല്ലയുടെ ഹിജ്റ. അസ്മയുടെ ഉദരത്തില്‍ നീന്തിത്തുടിച്ചുകൊണ്ടാണ് അബ്ദുല്ല തന്റെ ചരിത്ര നിയോഗം നിറവേറ്റിയത്. മരുഭൂമിയുടെ അനന്തതയില്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് പൂര്‍ണ ഗര്‍ഭിണിയായ അസ്മ ആ ചെറുസംഘത്തോടൊപ്പം വേച്ചു വേച്ചു നടന്നു നീങ്ങി. പിറന്ന നാടും പിച്ച വെച്ച മേടും നാഴികകള്‍ക്ക് അകലെ വിദൂരതയില്‍ വിട്ടേച്ച് ഖുബയിലെത്തിയ അസ്മ ഇസ്ലാമിക ചരിത്രത്തില്‍ വീരേതിഹാസം വിരചിച്ച യുഗ പുരുഷന് ജന്മം നല്‍കി. അബ്ദുല്ലയുടെ ജനനത്തില്‍ മനം നിറയെ സന്തോഷിച്ച പ്രവാചകന്‍ കുഞ്ഞിനെ മടിയില്‍ കിടത്തി അനുമോദനങ്ങള്‍ ചൊരിഞ്ഞു.
മനക്കരുത്തിലും ബുദ്ധിശക്തിയിലും മികവ് പുലര്‍ത്തിയ ഇബ്നു സുബൈര്‍ മാതാവിന്റെ ധീരതയും വിവേകവും പൈതൃകമെടുത്തു. ജീവിത വിശുദ്ധിയിലും ആരാധനകളിലും അതീവ ശ്രദ്ധ പുലര്‍ത്തിയ അബ്ദുല്ലയില്‍ യുവത്വത്തിന്റെ ചാപല്യങ്ങള്‍ കടന്ന് വന്നതേയില്ല. പാതിരാവുകളില്‍ ആത്മീയതയുടെ ലഹരിയില്‍ മുങ്ങിക്കുളിച്ച അദ്ദേഹം പകലിന്റെ ബഹളത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ക്കെതിരെ നിരന്തരം പോരാടി. റുഹ്ബാബുന്‍ ഫില്ലൈലി വഫുര്‍സാനുന്‍ ഫിന്നഹാര്‍ എന്ന പ്രയോഗത്തിന്റെ തനിപ്പകര്‍പ്പായിരുന്നു അബ്ദുല്ല.
ആഫ്രിക്ക, സ്പെയിന്‍ കോണ്‍സ്റാന്റിനേപ്പിള്‍ വിജയങ്ങളില്‍ തനത് മുദ്ര പതിപ്പിച്ച ഇബ്നു സുബൈര്‍ ആഫ്രിക്കന്‍ പോരാട്ടത്തില്‍ കാഴ്ചവെച്ച ധീരതക്ക് സമാനതകളില്ല. അന്ന് ഇരുപതിനായിരം മുസ്ലിം ഭടന്മാരാണ് ഒരു ലക്ഷത്തി ഇരുപതിനായിരം ശത്രുഭടന്മാരെ നേരിട്ടത്. യുദ്ധം കൊടുമ്പിരിക്കൊണ്ടു. മുസ്ലിം സേന ആപത്കരമായ വിനാശം അഭിമുഖീകരിക്കേണ്ട ഘട്ടമെത്തി. ഇബ്നു സുബൈര്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. അദ്ദേഹം അറച്ചുനിന്നില്ല. കേവലം പതിനേഴ് പോലും പിന്നിട്ടിട്ടില്ലാത്ത ആ യുവാവ് ശത്രുമധ്യത്തിലേക്ക് ഒരു കൊടുങ്കാറ്റ് കണക്കെ ചീറിപ്പാഞ്ഞു. ശത്രു സൈന്യത്തിന്റെ നായകന്‍ കൂടിയായ ബര്‍ബറികളുടെ രാജാവിനെ വകവരുത്തിയ ഇബ്നു സുബൈര്‍ മുസ്ലിം സൈന്യത്തെ ആപത്തില്‍നിന്ന് കരകയറ്റി.
സേന നായകന്‍ അബ്ദുല്ലാഹിബ്നു അബീ സര്‍ഹ് ഇബ്നു സുബൈറിന്റെ ധീരമായ മുന്നേറ്റത്തെയും കടന്നാക്രമണത്തെയും മുക്തകണ്ഠം പ്രശംസിച്ചു. ആഫ്രിക്കന്‍ വിജയവാര്‍ത്ത ഖലീഫ ഉസ്മാനുബ്നു അഫ്ഫാനെ ഔദ്യോഗികമായി അറിയിക്കാനും മദീനയില്‍ വിളംബരം ചെയ്യാനും അദ്ദേഹത്തെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു.
രണാങ്കണത്തിലെ ഇബ്നു സുബൈറിന്റെ മിന്നല്‍ പ്രകടനങ്ങളെ തോല്‍പിക്കുന്നതായിരുന്നു ആരാധനകളില്‍ അദ്ദേഹത്തിന്റെ ഭക്തിയും സൂക്ഷ്മതയും. ഒരിക്കല്‍ ഉമറുബ്നു അബ്ദില്‍ അസീസ് ഇബ്നു അബീമുലൈകയോട് അബ്ദുല്ലാഹിബ്നു സുബൈറിനെക്കുറിച്ച് ആരാഞ്ഞു. തദവസരം ഇബ്നു അബീമുലൈക പറഞ്ഞു: "ഇബ്നു സുബൈറിനെപ്പോലെ ജീവിതത്തിന്റെ ഇരു വശങ്ങളും ഒരുപോലെ സംയോജിപ്പിച്ച ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. നമസ്കാരത്തില്‍ പ്രവേശിക്കുന്നതോടെ അദ്ദേഹം മറ്റെല്ലാറ്റില്‍ നിന്നും പുറത്ത് കടക്കും. റുകൂഇലോ സുജൂദിലോ ആയിരിക്കെ കുരുവികള്‍ അദ്ദേഹത്തിന്റെ മുതുകിലും ചുമലിലും ചെന്നിരിക്കും. സുദീര്‍ഘമായ റുകൂഓ സുജൂദോ കാരണം വല്ല ചുമരോ തൂക്കിയിട്ട തുണിയോ ആയിരിക്കുമെന്ന് കരുതിയാവണം കുരുവികള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ചേക്കേറുന്നത്.''
ഇബ്നു സുബൈറിനെക്കുറിച്ച് അഭിപ്രായം തേടിയ ആളോട് ഇബ്നു അബ്ബാസ്(റ) പറഞ്ഞു: "അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്യുകയും പ്രവാചക സരണി പിന്‍പറ്റുകയും ചെയ്യുന്ന വിനയാന്വിതനായിരുന്നു. ദൈവഭയം കാരണം അവിഹിതമായതെന്തും അദ്ദേഹം കൈയൊഴിച്ചു. നബി തിരുമേനി (സ)യുടെ ഹവാരിയ്യായ ഒരാളുടെ മകനായ അബ്ദുല്ലയുടെ മാതാവ് അബൂബക്കര്‍ സിദ്ദീഖിന്റെ മകള്‍ അസ്മയാണ്. ഇളയുമ്മ ആഇശ പ്രവാചക പത്നിയും. അന്ധനായ ഒരാളല്ലാതെ ആരും ഇബ്നു സുബൈറിന്റെ മഹത്വം തള്ളിപ്പറയുകയില്ല.''
*****
യസീദിന്റെ അധികാരാരോഹണം ഇസ്ലാമിക ഖിലാഫത്തിനേറ്റ ഒന്നാമത്തെ പ്രഹരമായിരുന്നു. ഇസ്ലാമിക ജനാധിപത്യം കുടുംബാധിപത്യത്തിലേക്കും പയ്യെപ്പയ്യെ രാജാധിപത്യത്തിലേക്കും തെന്നി വീഴുന്നത് സാത്വികരായ സഹാബിമാര്‍ക്ക് കത്തുന്ന ഖല്‍ബുമായി നോക്കി നില്‍ക്കാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. അധികാരത്തിന്റെ ഉരുക്കു മുഷ്ടി കാട്ടി ഉമവി ഭരണകൂടം ഏകാധിപത്യത്തിനെതിരെ നാവനക്കിയവരെ നിശ്ശബ്ദരാക്കി.
ഭീഷണിയുടെ കരിനിഴല്‍ വകഞ്ഞ് മാറ്റി പ്രമുഖ സ്വഹാബിമാരായ അബ്ദുല്ലാഹിബ്നു ഉമര്‍ അബ്ദുല്ലാഹിബ്നു അബ്ബാസ്, അബ്ദുല്ലാഹിബ്നു സുബൈര്‍, അബ്ദുര്‍റഹ്മാനുബ്നു അബീബകര്‍, ഹുസൈനുബ്നു അലി പോലുള്ളവര്‍ രംഗത്തെത്തി. മുസ്ലിംകളുടെ പൊതുസമ്മതി കൂടാതെ പുത്രന്‍ യസീദിനെ ഖലീഫയായി നിശ്ചയിച്ച മുആവിയയുടെ നടപടിയെ അവര്‍ ചോദ്യം ചെയ്തു.
മുആവിയക്ക് ശേഷം ഭരണത്തിലേറിയ യസീദ് സുഖലോലുപനും ആഡംബരപ്രിയനുമായിരുന്നു. സ്വമേധയാ തന്റെ അധികാരാരോഹണം അംഗീകരിക്കാത്തവരെ യസീദ് പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും ബൈഅത്ത് വാങ്ങി. ബൈഅത്ത് നിഷേധികളെ കര്‍ശനമായി നേരിടാന്‍ അദ്ദേഹം മദീന ഗവര്‍ണര്‍ വലീദുബ്നു ഉഖ്ബക്ക് നിര്‍ദേശം നല്‍കി. യസീദിന്റെ ഭീഷണിക്ക് വഴങ്ങി ചില സ്വഹാബിമാര്‍ മനസ്സില്ലാ മനസ്സോടെ ബൈഅത്ത് ചെയ്തു. എന്നാല്‍ ഇബ്നു സുബൈര്‍ ഒരു നിലക്കുള്ള അനുരജ്ഞനത്തിനും തയാറായില്ല. അദ്ദേഹം മക്കയിലേക്ക് പോയി ഖിലാഫത്ത് പുനഃസ്ഥാപനത്തിന് പദ്ധതികള്‍ ആവിഷ്കരിച്ചു.
അധികാര മോഹമോ ഭൌതിക കാമനകളോ അല്ല അമവി ഭരണത്തിനെതിരെ തിരിയാന്‍ ഇബ്നു സുബൈറിനെ പ്രേരിപ്പിച്ചത്. മനസ്സിന്റെ ക്ഷുദ്രമായ പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടാന്‍ മാത്രം ദുര്‍ബലവിശ്വാസിയായിരുന്നില്ല അദ്ദേഹം. ഇസ്ലാമിക ഖിലാഫത്തിനെ രാജാധിപത്യത്തില്‍നിന്ന് മോചിപ്പിച്ച് ശൂറ വ്യവസ്ഥിതിയിലേക്കും ജനപക്ഷത്തേക്കും തിരികെ കൊണ്ട് വരാനുള്ള അദമ്യമായ അഭിനിവേശമായിരുന്നു ഇബ്നു സുബൈറിന്റെ പോരാട്ടങ്ങളുടെ പ്രചോദനം. ഇസ്ലാമിക മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനായി സ്വയം എരിഞ്ഞടങ്ങാന്‍ തയാറായ ഇബ്നു സുബൈര്‍ തന്റെ പോരാട്ടങ്ങളിലൂടെ വിണ്ണിന്റെ അനന്തതയിലേക്ക് പാറിയകലുകയായിരുന്നു.
ഹിജ്റ 61 മുഹര്‍റം 10 (ക്രി. 650 ഒക്ടോബര്‍ 10)ന് നടന്ന കര്‍ബല സംഭവം മുസ്ലിം ലോകത്താകമാനം മ്ളാനത പരത്തി. രാജാധിപത്യത്തിന് നേരെയുള്ള കടുത്ത അമര്‍ഷവും ഖിലാഫത്ത് പുനഃസ്ഥാപനത്തിനുള്ള അടങ്ങാത്ത കൊതിയുമായിരുന്നു കര്‍ബലയുടെ ചരിത്ര പശ്ചാത്തലം. ജീവന്‍ വെടിയേണ്ടി വന്നാലും യസീദിനോ സേനാ നായകന്‍ ഇബ്നു സിയാദിനോ മുമ്പില്‍ തല കുനിക്കില്ലെന്ന ഹുസൈന്റെ(റ) ദൃഢപ്രതിജ്ഞയാണ് ഒരു പാതി പകല്‍ മാത്രം നീണ്ട കര്‍ബല സംഭവത്തിന് നിത്യജീവന്‍ പകര്‍ന്നത്.
കര്‍ബല കൂട്ടുക്കുരുതിക്കെതിരെ ഇസ്ലാമിക കേന്ദ്രമായ മക്കയിലും മദീനയിലും അതിശക്തമായ പ്രതികരണമുണ്ടായി. മദീന നിവാസികള്‍ യസീദിന് നല്‍കിയ ബൈഅത്ത് പിന്‍വലിക്കുകയും ഇബ്നു സുബൈറിനെ ഖലീഫയായി പ്രഖ്യാപിക്കുകയും ചെയ്തു.
മദീനയിലെ സംഭവവികാസങ്ങള്‍ യസീദിനെ അങ്കലാപ്പിലാക്കി. 1200 ഭടന്മാരടങ്ങുന്ന വ്യൂഹത്തെ യസീദ് മദീനയിലേക്ക് അയച്ചു. യസീദിന്റെ പട്ടാളം ചരിത്രത്തില്‍ തുല്യതയില്ലാത്ത നരമേധം തന്നെ നടത്തി. 'ഹര്‍റ സംഭവ'മെന്നാണ് ഇതറിയപ്പെടുന്നത്.
മക്ക, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളില്‍ ഇബ്നു സുബൈറിന്റെ സ്വാധീനം വര്‍ധിച്ചു വന്നു. അവിടങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക ഖിലാഫത്ത് നിലവില്‍ വന്നു. ഇത് യസീദിനെ പ്രകോപിതനാക്കി. അദ്ദേഹം മക്കയെ ആക്രമിക്കാന്‍ പ്രത്യേക സൈന്യം സജ്ജീകരിച്ചു. യസീദിന്റെ സൈന്യത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കഅ്ബാലയത്തിന് പോലും കേട്പാടുണ്ടായി. ഇതിനിടെ, യസീദിന്റെ മരണ വാര്‍ത്തയറിഞ്ഞ സൈന്യം ആക്രമണം നിര്‍ത്തി തിരിച്ചുപോയി. അല്ലാഹു കഅ്ബാലയത്തെ എന്നും സംരക്ഷിച്ചു പോന്നിട്ടുണ്ട്. ഖലീഫ ഉസ്മാന്റെ സെക്രട്ടറിയായിരുന്ന മര്‍വാനുബ്നു ഹകം അമവി ഖലീഫയായി അധികാരമേല്‍ക്കുമ്പോള്‍ സിറിയ ഒഴികെ ഇസ്ലാമിക രാഷ്ട്രത്തിന്റെ മിക്ക ഭാഗങ്ങളും ഇബ്നു സുബൈറിന്റെ അധീനതയില്‍ വന്നുചേര്‍ന്നിരുന്നു.
അബ്ദുല്‍ മാലിക്കിന്റെ കാലത്ത് ഇബ്നു സുബൈറിനെതിരെ ശക്തമായ സൈനിക നീക്കമുണ്ടായി. അബ്ദുല്‍ മാലിക്കിന്റെ സേനാ നായകന്‍ ഹജ്ജാജുബ്നു യൂസുഫ് തന്ത്രപരമായ നീക്കത്തിലൂടെ മക്ക തിരിച്ചു പിടിച്ചു. ക്രൂരനായ ഹജ്ജാജിന്റെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അബ്ദുല്ലാഹിബ്നു സുബൈര്‍ വീരമൃത്യു വരിച്ചതോടെ സംഭവബഹുലമായ ഒരു യുഗത്തിന് തിരശ്ശീല വീണു.
ഇബ്നു സുബൈറിന്റെ രക്തസാക്ഷ്യം മുസ്ലിം ലോകത്ത് കടുത്ത നിരാശയുണ്ടാക്കി. ഈജിപ്തിലും ഇറാഖിലും ഇബ്നു സുബൈറിന്റെ ആധിപത്യം തകര്‍ന്നു. അദ്ദേഹം നിശ്ചയിച്ചിരുന്ന ഗവര്‍ണര്‍മാര്‍ അബ്ദുല്‍ മാലിക്കിന്റെ സൈന്യത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ രംഗത്ത് നിന്ന് വിടവാങ്ങി. ഇതോടെ ഖിലാഫത്തിനെക്കുറിച്ച അവസാന പ്രതീക്ഷയും അസ്തമിക്കുകയും ഇസ്ലാമിക രാഷ്ട്രം അമവി ഖലീഫമാരുടെ രാജാധിപത്യത്തില്‍ അമരുകയും ചെയ്തു. അവരുടെ ഏകാധിപത്യത്തിനെതിരെ ചെറുവിരലനക്കാന്‍ ആളില്ലാതായി.

അടുത്ത ലക്കത്തില്‍:
ധീരമാതാവിന്റെ കഥ

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം