Prabodhanm Weekly

Pages

Search

2012 മെയ് 19

എണ്ണ, വെള്ളം, ചൈന സുഡാന്‍ പ്രശ്നത്തിലെ ഉള്‍ഘടകങ്ങള്‍

പി.വി.എസ്

വിടെയും എണ്ണയോ എന്ന് ചോദിക്കാന്‍ തോന്നുന്നുവെങ്കില്‍ അറിയുക: ഇത്തിരി എണ്ണയുടെ ഗന്ധം സുഡാന്‍ പ്രശ്നത്തിലും ഉണ്ട്. സത്യത്തില്‍ ഇത്തിരി അല്ല, ഒരു പാട് എന്ന് തന്നെ പറയാം. സുഡാനും ദക്ഷിണ സുഡാനും തമ്മിലെ രാഷ്ട്രീയ-വംശീയ ഘടകങ്ങള്‍ക്കൊപ്പം വേണമെങ്കില്‍ അല്‍പം മതപരമായ അകല്‍ച്ചകളും രണ്ട് രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അക്കൂട്ടത്തില്‍ നിലവിലെ പ്രതിസന്ധികളില്‍ ഒന്നാണ് എണ്ണയും.
2011 ജൂലൈ ഒമ്പതിനാണ് ഐക്യരാഷ്ട്രസഭയില്‍ 193-ാമത്തേതും ഏറ്റവും പുതിയതുമായ ദക്ഷിണ സുഡാന്‍ എന്ന രാഷ്ട്രം നിലവില്‍ വന്നത്. നീണ്ട കാലത്തെ തര്‍ക്കങ്ങള്‍ക്ക് ശേഷം യു.എന്‍ മേല്‍നോട്ടത്തില്‍ നടന്ന ജനഹിത പരിശോധനയിലൂടെയായിരുന്നു രാഷ്ട്രവിഭജനം നടന്നത്. ആഭ്യന്തര യുദ്ധം നടന്ന സുഡാന്‍-ദക്ഷിണ സുഡാന്‍ കക്ഷികള്‍ക്കിടയില്‍ 2005ലാണ് ഒത്തുതീര്‍പ്പിലൂടെ ഇരുപത് ലക്ഷത്തോളം ആളുകളുടെ മരണത്തിനിടയാക്കിയ 22 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ചതും ജനഹിത പരിശോധനക്കുള്ള ധാരണ ഉണ്ടായതും. പുതിയ രാഷ്ട്രത്തിന്റെ താല്‍ക്കാലിക തലസ്ഥാനം ജൂബ. ജനസംഖ്യ എട്ട് ദശലക്ഷം. ഭൂമിശാസ്ര്തപരമായി കിഴക്ക് എത്യോപ്യ, തെക്ക്കിഴക്ക് കെനിയ, തെക്ക് ഉഗാണ്ട, തെക്ക്പടിഞ്ഞാറ് കോംഗോ ജനാധിപത്യ റിപബ്ളിക്, പടിഞ്ഞാറ് മധ്യ ആഫ്രിക്കന്‍ റിപ്പബ്ളിക്, വടക്ക് സുഡാന്‍. സുഡാനുമായുള്ള സംഘര്‍ഷത്തിലെ ഒരു ഘടകമായി വര്‍ത്തിക്കുന്നത്, ഭൂപ്രകൃതിയുടെ ഒരു പ്രധാന സവിശേഷത - അഥവാ കടല്‍ത്തീരമില്ലാത്ത അതിന്റെ ഭൂപ്രകൃതി ('ലാന്റ് ലോക്ഡ്' എന്ന് ആംഗലം). അതായത് ദക്ഷിണ സുഡാനില്‍ നിന്നുള്ള എണ്ണ ബാഹ്യലോകത്തേക്ക് കപ്പല്‍ വഴി കയറ്റുമതി ചെയ്യണമെങ്കില്‍ അതിന് സുഡാന്റെ കിഴക്കുള്ള ചെങ്കടല്‍ തീരത്തെ പോര്‍ട്ട് സുഡാന്‍ എന്ന എണ്ണ ടെര്‍മിനല്‍ വരെ പൈപ് ലൈന്‍ വഴി എത്തിക്കണം. സുഡാനുമായി ഒരു കരാര്‍ വേണം എന്ന് സാരം. ധാരണ ഒന്നുണ്ടെങ്കിലും അത് അവ്യക്തതകള്‍ നിറഞ്ഞതാണ്.
അവിഭക്ത സുഡാന്റെ സമ്പദ്ഘടനയില്‍ കഴിഞ്ഞ ദശകത്തിലെ പ്രധാന സംഭവമായിരുന്നു സാമാന്യം നല്ല തോതില്‍ എണ്ണ കണ്ടെത്തിയതും അതു കയറ്റുമതി ചെയ്യാന്‍ തുടങ്ങിയതും. ഇത് വരെ ലഭ്യമായ കണക്കനുസരിച്ച് ഈ ശേഖരം 6.7 ബില്യണ്‍ ബാരല്‍ ആണ്. 2000 ആണ്ടിലെ ദിനംപ്രതി ഉല്‍പാദനം അഞ്ച് ലക്ഷത്തിനടുത്ത് ബാരല്‍ വരും. ലോക എണ്ണ ഉല്‍പാദനത്തിന്റെ വെറും അര ശതമാനത്തിനു മുകളിലേ (ദശാംശം ആറ്) ഇത് വരികയുള്ളുവെങ്കിലും 2002 ലെ ഉല്‍പാദനത്തിന്റെ ഏതാണ്ടിരട്ടി വരും ഇത്. കൂടുതല്‍ പ്രസക്തമായ വിവരം ഇതില്‍ മുക്കാല്‍ ഭാഗവും ദക്ഷിണ സുഡാനില്‍ ആണെന്നതാണ്; പക്ഷെ ഈ എണ്ണ സംസ്കരിക്കുന്നതിനുള്ള റിഫൈനറികള്‍ ഒന്നും അവരുടെ നാട്ടിലില്ല. സുഡാനിലെ മൂന്ന് എണ്ണ ശുദ്ധീകരണശാലകളില്‍ നിന്ന് വേണം സംസ്കൃത എണ്ണ ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍. കൂടാതെ പോര്‍ട്ട് സുഡാനിലൂടെ വേണം കയറ്റുമതി. ഇതിനെല്ലാം കൂടിയുള്ള തീരുവകളുടെ കാര്യത്തില്‍ ഇപ്പോഴും രണ്ട് രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. എണ്ണ വരുമാനത്തിന്റെ അമ്പത് ശതമാനം പങ്ക് വെക്കാമെന്ന നേരത്തെയുണ്ടായിരുന്ന ധാരണയും സുഡാന്‍ ഈടാക്കുന്ന തീരുവയും അമിതമാണെന്ന് പറഞ്ഞു ദക്ഷിണ സുഡാന്‍ അടവ് നിര്‍ത്തിയതാണ് പെട്ടെന്ന് പ്രശ്നം മൂര്‍ഛിക്കാന്‍ കാരണമായി കരുതപ്പെടുന്നത്. അതോടെ സുഡാന്‍ ടാങ്കറുകള്‍ തടയുകയും കയറ്റുമതി നിര്‍ത്തുകയും ചെയ്തു. അങ്ങനെ മൂന്നരലക്ഷം ദിനംപ്രതി ഉല്‍പ്പാദനം നിലക്കുന്നതോടെ, ദക്ഷിണ സുഡാന്റെ വരുമാനം നിലക്കുമെന്ന അവസ്ഥയായി. അവര്‍ സുഡാന്റെ എണ്ണപ്പാടമായ ഹജ്ലിജ് കൈയേറുകയും കൂടി ചെയ്തപ്പോള്‍ യുദ്ധാവസ്ഥ പൂര്‍ണമായി.
ഹജ്ലിജില്‍ സുഡാന്റെ സൈനിക നടപടിക്കും താമസമുണ്ടായില്ല. അന്തര്‍ദ്ദേശീയ സമ്മര്‍ദത്തെത്തുടര്‍ന്ന് ദക്ഷിണ സുഡാനു അവിടെ നിന്നും പിന്മാറേണ്ടി വന്നു; സുഡാന്‍ സൈന്യത്തിന്റെ നടപടിയാണതിനു കാരണമെന്നും തെക്കന്‍ സുഡാന്‍കാരെ അവിടെ നിന്ന് ആട്ടിയോടിച്ചതാണെന്നുമാണ് ഖര്‍ത്തൂം പറഞ്ഞുവരുന്നത്. സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ദക്ഷിണ സുഡാന്‍ പൌരന്മാര്‍ സുഡാന്റെ പല തൊഴില്‍ ദായക മേഖലകളിലും പെട്ടിരുന്നു. അവര്‍ക്ക് ഏതെങ്കിലും ഒരു രാജ്യത്തെ പൌരത്വത്തിനുള്ള രേഖകള്‍ ശരിപ്പെടുത്താനുള്ള സമയപരിധി ഏപ്രിലില്‍ അവസാനിച്ചതോടെ വഴിയില്‍ പെട്ടവരുടെ മാനുഷിക പ്രശ്നവും മൂര്‍ഛിക്കുകയാണ്. ദക്ഷിണ സുഡാന്‍ ജനത അവരുടെ ഉത്തര അയല്‍രാജ്യത്തെ അപേക്ഷിച്ച് നാഗരികതയും വിദ്യാഭ്യാസവും കുറഞ്ഞവരും കൂടുതല്‍ കാര്‍ഷികവൃത്തിയില്‍ വ്യാപൃതരുമാണ്. സുഡാന്റെ ഭൂപ്രകൃതി ഏറിയ കൂറും മരുഭൂമിയാണെങ്കില്‍ ദക്ഷിണ സുഡാന്റേത് ഏറെ ഹരിതമാണ്. പാടങ്ങളും ധാന്യവിളകളും കുറഞ്ഞ, വനതുല്യമായ പ്രദേശങ്ങളാണ് കൂടുതലും. അത് കൊണ്ട് തന്നെ മരമാണ് അവിടെ നിന്നുള്ള മുഖ്യ വരുമാനം. എന്നാല്‍ പല ആഫ്രിക്കന്‍ രാജ്യങ്ങളെയും പോലെ ദക്ഷിണ സുഡാനും ഉണ്ട് ധാതു വിഭവങ്ങളുടെ നല്ലൊരു ശേഖരം. അതൊക്കെ കണ്ടെത്തി വരുമാനമായി വരാന്‍ സമയം പിടിക്കും.
ഹജ്ലിജിനടുത്തു തന്നെയുള്ള എണ്ണപ്പാട പ്രദേശമാണ് അബിയ. രണ്ട് സുഡാനും പങ്ക് വെക്കുന്ന എണ്ണ ശേഖരമാണിത്. അത് കൊണ്ട് തന്നെ തര്‍ക്ക പ്രദേശവും. കൃത്യവും സ്ഥായിയുമായ ഉഭയകക്ഷി കരാര്‍ നിലവില്‍ വരുത്താന്‍ എടുക്കുന്ന കാലതാമസത്തിനനുസരിച്ച് സുഡാന്‍-ദക്ഷിണ സുഡാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നീളാന്‍ സാധ്യതകള്‍ ഏറെ.
ഇതിലൊക്കെ ചൈനക്കെന്ത് കാര്യം? ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ന് എവിടെയാണൊരു ചൈനീസ് ഫാക്ടര്‍ ഇല്ലാത്തത്? തങ്ങള്‍ക്കാവശ്യമായത്ര എണ്ണയും എണ്ണ ഉല്‍പ്പന്നങ്ങളും സ്വയം കൈവശമില്ലാത്ത ചൈന അതിനു എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളെയാണ് ആശ്രയിക്കുന്നത്. അതോടൊപ്പം ചൈനയുടെ പക്കല്‍ സുലഭമായുള്ള വിദേശ നാണ്യ ശേഖരത്തിന്റെ ബലത്തില്‍ അവര്‍, അവിടങ്ങളില്‍ ലഭ്യമായ വികസന-നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യൂന്നു.
ഇതിനു മുമ്പും ഉണ്ടായിരുന്നു ചൈനയുടെ ഒരു റോള്‍. ദാര്‍ഫൂറിലെ സംഘര്‍ഷത്തില്‍ സുഡാന്റെ മേല്‍ യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ചൈന ഉടക്കിയിരുന്നു. അന്നു അവിഭക്ത സുഡാന്റെ പുതിയ എണ്ണപ്പാടങ്ങളിലെ ഉല്‍പാദന പങ്കാളിയായി ചൈനയായിരുന്നു വന്‍ നിക്ഷേപങ്ങള്‍ നടത്തിയതും വീറ്റോ രാഷ്ട്രങ്ങളുടെ നീരസം ഏറ്റുവാങ്ങിയതും. അതുകൊണ്ട് തന്നെ സുഡാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ചാഢിനോട് ചേര്‍ന്നു കിടക്കുന്ന ദാര്‍ഫൂര്‍ മേലയിലെ സുഡാന്റെ സൈനിക നടപടികള്‍ക്ക് അമേരിക്കയും ഇതര പാശ്ചാത്യരാജ്യങ്ങളും ചൈനയെയായിരുന്നു കുറ്റപ്പെടുത്തിയിരുന്നത്. സുഡാന്റെ എണ്ണ ചൈനയുടെ മൊത്തം ഇറക്കുമതിയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമേ വരികയുള്ളൂവെങ്കിലും, സുഡാന്റെ കയറ്റുമതിയുടെ വലിയ ഭാഗം ചൈനയാണ് വാങ്ങുന്നത്. ഇന്ന് ദക്ഷിണ സുഡാന്റെ കാര്യത്തിലും ചൈനാ ഫാക്ടര്‍ പുകഞ്ഞു വരുമ്പോള്‍ രണ്ട് രാജ്യങ്ങളിലുമായി വിഭജിച്ചു നില്‍ക്കുന്ന ചൈനയുടെ വ്യാപാര-സാമ്പത്തിക താല്‍പര്യങ്ങള്‍ക്കിടയില്‍ ചൈനീസ് അധികാരികള്‍ പക്ഷം പിടിക്കാതെ നില്‍ക്കാന്‍ പാടുപെടുകയാണ്.
സംഘട്ടനങ്ങള്‍ക്കിടയില്‍ ചൈന സന്ദര്‍ശനത്തിലായിരുന്ന ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വാ കീര്‍, സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചു പോയിരുന്നു. ബെയ്ജിങ്ങില്‍ അദ്ദേഹത്തിന്റെ ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്, തെക്ക് കിഴക്ക് കെനിയയുടെയോ, ജിബൂട്ടിയുടെയോ കിഴക്കായി ഇന്ത്യന്‍ മഹാസമുദ്രതീരത്തെ ഒരു തുറമുഖത്തേക്ക് പാത പണിയാനുള്ള സാമ്പത്തിക സഹായം ആയിരുന്നത്രെ. അത് നിലവില്‍ വന്നാല്‍ വടക്കുള്ള ശത്രുരാജ്യത്തിലെ പോര്‍ട്ട് സുഡാനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാമല്ലോ. എന്നല്ല തങ്ങളുടെ വരുമാനത്തിന്റെ 98 ശതമാനവും ലഭിക്കുന്ന എണ്ണയുടെ കാര്യം ദക്ഷിണ രാജ്യത്തിന് മര്‍മപ്രധാനവുമാണ്.
ചൈനയുടെ ഇടപാടുകള്‍ ഒരു രാഷ്ട്രീയ പരിഗണനയുമില്ലാതെ, കേവലം സാമ്പത്തിക-വ്യാപാര താല്‍പര്യങ്ങളാല്‍ നിയന്ത്രിതമാണ്. അതിലുമുണ്ട് നവ-വികസ്വര രാജ്യങ്ങള്‍ക്കും ഒരു പരാതി. ചൈന നിക്ഷേപം നടത്തി കരാറുകള്‍ നേടുകയും പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ വിരളമായേ അതിന്റെ തൊഴില്‍പരമായ മെച്ചം തദ്ദേശീയര്‍ക്ക് ലഭിക്കാറുള്ളൂ. ജോലിക്ക് അവര്‍ തങ്ങളുടെ നാട്ടില്‍ സുലഭമായ തൊഴിലാളികളെ തന്നെ കൊണ്ട് വരും. ചൈനീസ് ബാങ്കുകളുടെ കൈയിലുള്ള ഭീമമായ വിദേശ നാണ്യ നിക്ഷേപങ്ങളുടെ പിന്‍ബലത്താലും, ക്രമശ്ശയായി നേടിയെടുത്തു വരുന്ന നിര്‍മാണ മേഖലയിലെ സാങ്കേതിക മികവ് കാരണത്താലും ചൈനയെ പെട്ടെന്നങ്ങ് അവഗണിക്കാനും വയ്യ.
ഒരു പക്ഷേ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നമായിത്തീര്‍ന്നേക്കാവുന്ന എണ്ണ ശേഖരത്തിന്റെ ഉടമകളായ ഈ രണ്ട് രാജ്യങ്ങളും എണ്ണ തന്നെ തങ്ങളുടെ നാശഹേതുവാകുമോ എന്ന് ഭയപ്പെടേണ്ടി വരും. എണ്ണ വിഷയത്തില്‍ താല്‍പര്യമുള്ള അന്താരാഷ്ട്ര ശക്തികള്‍ ഇത് വരെ നേരിട്ട് ഇടപെടല്‍ നടത്തിയിട്ടില്ല. ഭൂമിശാസ്ര്തപരമായും അതിനു പരിമിതികളുണ്ട്. അമേരിക്കയാണെങ്കില്‍ പുറമെ നിഷ്പക്ഷ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും അകമേ ദക്ഷിണ സുഡാനു ധാര്‍മിക പിന്തുണ നല്‍കി വരികയാണ്. ദാര്‍ഫൂര്‍ വിഷയത്തില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയുടെ വാറന്റ് സുഡാന്‍ പ്രസിഡന്റ് ഉമറുല്‍ ബശീറിനു മേല്‍ വാളായി തൂങ്ങി നില്‍ക്കാന്‍ ഇടവരുത്തിയതും അമേരിക്കന്‍ ഇടപെടല്‍ തന്നെ. ഒപ്പം ബശീറിന്റെ ഇസ്ലാമിക ചായ്വിലും യു.എസ്. സമ്മര്‍ദത്തിനു വഴങ്ങാത്ത നിലപാടിലും കടുത്ത രോഷവുമുണ്ട് അമേരിക്കക്ക്. ഉഭയകക്ഷി പ്രശ്നങ്ങളില്‍ വന്‍ശക്തി ഇടപെടല്‍ എപ്പോഴും തങ്ങളുടെ സാമ്പത്തിക-ശാക്തിക താല്‍പര്യങ്ങളനുസരിച്ചായിരിക്കും എന്ന പൊതു നിയമം ഇവിടെയും ബാധകം.
വെള്ളത്തിന്റെ കാര്യത്തിലുമുണ്ട് ഭാവിയില്‍ ചില പ്രശ്നങ്ങള്‍; ഇന്ന് അത് അധികമാരും അംഗീകരിക്കുകയോ സുഡാന്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചചെയ്യുകയോ ചെയ്യുന്നില്ലെങ്കിലും. ലോകത്തെ ഏറ്റവും ദീര്‍ഘമായ നദിയായ (വടക്കൊട്ടൊഴുകുന്ന അപൂര്‍വം നദിയും) നൈല്‍ ഒഴുകുന്ന രാജ്യങ്ങളുടെ എണ്ണം സുഡാന്‍ വിഭജനത്തോടെ പത്തായി. അന്തര്‍ദേശീയ തലത്തില്‍ ജലസ്രോതസുകളുള്ള ഭൂപ്രദേശങ്ങളുടെ ഉടമാവകാശം തര്‍ക്ക വിഷയമാകും. നൈലിന്റെ കാര്യത്തില്‍ അത് കടന്നു പോകുന്ന രാജ്യങ്ങള്‍ക്ക് അത് വഴി വെള്ളത്തിന്മേല്‍ കൈവരുന്ന അവകാശത്തെക്കുറിച്ചാണ് തര്‍ക്കം. നൈല്‍ സംബന്ധമായ മുന്‍കാല കരാറുകളുടെ ദീര്‍ഘകാല പ്രാബല്യത്തെക്കുറിച്ച് പില്‍ക്കാലത്ത് ഉടലെടുത്ത വിവാദവും ഇട കലര്‍ന്നു വരുന്നു.
2010ല്‍ ആണ് നൈല്‍ സംബന്ധമായ ചര്‍ച്ചകള്‍ ഉടലെടുത്തത്. അന്ന് ഒന്‍പത് രാജ്യങ്ങളില്‍ (എത്യോപ്യ, കോംഗോ, ബുറുണ്ടി, ഉഗാണ്ട, റുവാണ്ട, ടാന്‍സാനിയ, കെനിയ, സുഡാന്‍, ഈജിപ്ത്) കൂടി ഒഴുകിയിരുന്ന നൈല്‍ ജലത്തിന്മേല്‍ ഈജിപ്തും സുഡാനും ഒഴികെയുള്ള രാജ്യങ്ങളും എരിത്രിയയുമാണ് മുഖ്യമായും തടസം ഉന്നയിച്ചത്. ഈ രാജ്യങ്ങളിലൂടെ വെള്ളം കടന്നു പോകുന്നുവെങ്കിലും സുഡാനും ഈജിപ്തുമാണ് നൈലിന്റെ തൊണ്ണൂറ് ശതമാനവും ഉപയോഗിക്കുന്നത്. ഈ അവകാശം 1929ല്‍ അന്നത്തെ കൊളോണിയല്‍ ശക്തിയായ ബ്രിട്ടനുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുമാണ്. 1999ല്‍ ലോക ബാങ്കിന്റെ രൂപം കൊണ്ട പ്രസ്തുത ഒമ്പത് രാജ്യങ്ങളുടെ 'നൈല്‍ ബയ്സിന്‍ ഇനിഷിയേറ്റിവ്' എന്ന സഖ്യം ജലത്തിന്റെ ഉപയോഗം പരമാവധി ഫലപ്രദമാക്കാനായിരുന്നു ശ്രമിച്ചുവന്നത്. പ്രസ്തുത കരാര്‍ കൊളോണിയല്‍ ബലത്തില്‍ ഒപ്പ് വെച്ചതാണെന്നും അത് വര്‍ത്തമാന സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നുമാണ് ഇപ്പോള്‍ ശക്തിപ്പെട്ടുവരുന്ന വാദമുഖങ്ങള്‍.
പ്രശ്നം പുകയുമ്പോള്‍ ദക്ഷിണ സുഡാനും അതില്‍ കക്ഷിയാവുകയും, സുഡാനുമായുള്ള തര്‍ക്കത്തില്‍ ഒരിനം വര്‍ധിക്കുകയും ചെയ്യും. നൈല്‍ നദിയില്‍ കെട്ടിയ അണക്കെട്ടുകളില്‍ മുഖ്യം സുഡാന്‍ അതിര്‍ത്തിക്കടുത്ത് ഈജിപ്ത് പണിത അസ്വാന്‍ അണക്കെട്ടാണെങ്കില്‍ സുഡാനും ഉണ്ട് അത്ര വലുതല്ലാത്ത നാല് അണക്കെട്ടുകള്‍. ഈജിപ്തും സുഡാനുമാണ് ജനസംഖ്യയുടെയും മറ്റും പിന്‍ബലത്തില്‍ നൈലിന്റെ ജലം കൂടുതല്‍ അവകാശപ്പെടുന്നത്. ഈജിപ്തിന്റെ വാദം തങ്ങളുടെ കൃഷിഭൂമിയുടെ വലിയൊരു ഭാഗം കൃഷിയോഗ്യമല്ലാതാവും എന്നാണ്. ഒരു പൊതു വിലപേശല്‍ സഖ്യമായി എത്യോപ്യ, ഉഗാണ്ട, റുവാണ്ട, ടാന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങള്‍ മാറിയിരിക്കുന്നു. ബാഹ്യ ശക്തികള്‍ക്ക് വേണ്ട പോലെ ഇടപെടാന്‍ പാകത്തിലാണ് അവയുടെ നില്‍പ്പും. സുഡാനു പുറമെ ഇപ്പോള്‍ ദക്ഷിണ സുഡാനും ഇതില്‍ കക്ഷിയായിരിക്കുന്നു എന്നത് ഭാവിയില്‍ മറ്റൊരു പ്രശ്നത്തിലേക്ക് കൂടിയുള്ള വാതില്‍ തുറക്കലായിരിക്കും.


[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം