പരാന്നഭോജിയായ ഒരു സര്‍വകലാശാല
1968-ല്‍ സ്ഥാപിതമായ സര്‍വകലാശാലയാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മലബാറിലാണ് പ്രസ്തുത സര്‍വകലാശാല നിലനില്‍ക്കുന്നത്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയും സി.എച്ച് മുഹമ്മദ് കോയയുടെയും ഇഛാശക്തിയാണ് ഈ സ്ഥാപനം നിലവില്‍ വരാനുള്ള കാരണം. പില്‍ക്കാലത്ത് ഈ രണ്ട് രാഷ്ട്രീയ നായകരുടെയും പിന്‍തലമുറക്കാര്‍ തന്നെയാണ് ഇതിനെ താളം തെറ്റിക്കുന്നതില്‍ വലിയ പങ്കുവഹിച്ചതും. പിന്നാക്ക പ്രദേശങ്ങളുടെ മുന്നേറ്റത്തിനു ഏറെ സഹായകമാവുമെന്ന് കരുതപ്പെട്ടിരുന്ന യൂനിവേഴ്‌സിറ്റി തന്നെ മലബാറിന്റെ പിന്നാക്കാവസ്ഥക്ക് വലിയ നിമിത്തമാകുന്ന വൈരുധ്യത്തിനാണ് കാലം സാക്ഷ്യം വഹിച്ചത്. സര്‍വകലാശാലകള്‍ ഒരു ദേശത്തിന്റെ വിദ്യാഭ്യാസപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അജണ്ടകള്‍ രൂപപ്പെടുത്തുന്നവയാണ്. ഉന്നത നിലവാരമുള്ള ഗവേഷണങ്ങള്‍, സാംസ്‌കാരിക പഠനങ്ങള്‍ എന്നിവയാണ് സര്‍വകലാശാലകളിലൂടെ നിര്‍വഹിക്കപ്പെടുന്നത്.
വികസിത രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍നിന്ന് പത്തു ലക്ഷത്തോളം ഗവേഷണ പഠനങ്ങള്‍ ഓരോ വര്‍ഷവും പുറത്തുവരുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. കേരളത്തിലുള്ള ഒരു സര്‍വകലാശാലയിലും ഇത്തരത്തിലുള്ള മഹദ് ദൗത്യങ്ങളൊന്നും നിര്‍വഹിക്കപ്പെടുന്നില്ല. രാഷ്ട്രീയ അതിപ്രസരം, ട്രേഡ് യൂനിയനിസം എന്നിവയാണ് നമ്മുടെ സര്‍വകലാശാലകളില്‍ കൃത്യമായും ഉല്‍പാദിപ്പിക്കപ്പെടുന്നത്. രാഷ്ട്രീയ പുനരധിവാസ കേന്ദ്രങ്ങളായി സിന്‍ഡിക്കേറ്റുകളും പ്രവര്‍ത്തിക്കുന്നു. അക്കാദമിക നിലവാരം മുന്‍നിര്‍ത്തിയാണ് സിന്‍ഡിക്കേറ്റുകളും സെനറ്റുകളും എല്ലാം സ്ഥാപനങ്ങളിലും ഉണ്ടാകാറുള്ളത്. എന്നാല്‍, എം.ജി, കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റും സെനറ്റും ഒരു രാഷ്ട്രീയ കളരിയും പകപോക്കലിന്റെ വേദിയുമായിട്ടാണ് നിലവിലുള്ളത്.
ഇതിനെ രാഷ്ട്രീയാതീതമായി പുനഃസംഘടിപ്പിക്കുന്നതിലൂടെ സര്‍വകലാശാലകളുടെ ഗുണമേന്മ വര്‍ധിക്കും. അതിനു ഇടതു-വലതു സര്‍ക്കാറുകള്‍ ഇതുവരെ തയാറായിട്ടില്ല. ഭരിക്കുന്നവരുടെ ഗര്‍വും പ്രതിപക്ഷത്തുള്ളവരുടെ ഗുസ്തിയും ചേരുമ്പോള്‍ ഉന്നത പഠന കേന്ദ്രമായി മാറേണ്ട യൂനിവേഴ്‌സിറ്റികള്‍ കേവലം രാഷ്ട്രീയ ഓഫീസുകളും തെരുവു രാഷ്ട്രീയവുമായി അധഃപതിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി. അനേകായിരം വിദ്യാര്‍ഥികള്‍ റഗുലറായും പ്രൈവറ്റായും വിദൂര സംവിധാനത്തിലൂടെയും ഇവിടെ പഠിക്കുന്നു. യൂനിവേഴ്‌സിറ്റിയുടെ താളപ്പിഴക്ക് കാരണം അതിന്റെ ഭാരക്കൂടുതലാണെന്നാണ് സാധാരണ പറയാറുള്ള ന്യായം. ഇത് വെറും ജല്‍പനമാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ബജറ്റ് വകയിരുത്തിയ 'ഓപ്പണ്‍' സര്‍വകലാശാല നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തിയാല്‍ വിദൂര, പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് അതില്‍ വിദ്യാഭ്യാസം നേടാവുന്നതാണ്. അതുമല്ലെങ്കില്‍ തൃശൂര്‍, പാലക്കാട് ജില്ലകള്‍ക്ക് വേണ്ടി മറ്റൊരു യൂനിവേഴ്‌സിറ്റിയെന്ന ആശയവും മുന്നോട്ടുവെക്കാവുന്നതാണ്. ഈ രണ്ടു നടപടികളിലൂടെയും 'ഭാരക്കൂടുതല്‍' എന്ന വിലാപം അവസാനിപ്പിക്കാന്‍ സാധിക്കും.
പത്തു ലക്ഷവും 20 ലക്ഷവും വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാലകള്‍ ഇന്ത്യയില്‍ തന്നെയുണ്ട്. അവരുടെ പരീക്ഷാ സമയങ്ങളോ സര്‍ട്ടിഫിക്കറ്റുകളോ 'ഭാരം കൂടിയതി'ന്റെ പേരില്‍ മുടങ്ങിയിട്ടില്ല. യഥാര്‍ഥ പ്രശ്‌നം അവകാശങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, ജോലിയെടുക്കാന്‍ വൈമനസ്യമുള്ള ട്രേഡ് യൂനിയന്‍ രാഷ്ട്രീയത്തിന്റെ തിമിരം സര്‍വകലാശാലയെ ആഴത്തില്‍ പിടികൂടി എന്നതാണ്. ലോകത്തുതന്നെ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ കേട്ടുകൊണ്ടിരിക്കുന്നത്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനും വേണ്ടി സമരം ചെയ്യുക, ഉത്തരക്കടലാസുകള്‍ കാണാതാവുക, ഉത്തരക്കടലാസുകള്‍ പശു തിന്നുക, പരീക്ഷകള്‍ നിരന്തരമായി മാറ്റുക, പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശം നിഷേധിക്കുക തുടങ്ങിയ വിചിത്ര പ്രതിഭാസങ്ങളും നിയമങ്ങളുമാണ് ഇവിടെയുള്ളത്.
1968-ല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ നിരവധി പേര്‍ ഭൂമിദാനം ചെയ്യാന്‍ തയാറായി. വിദ്യാഭ്യാസ സ്ഥാപനത്തിനു വേണ്ടി നല്ല മനുഷ്യര്‍ ദാനം ചെയ്ത ഭൂമിയാണ് സര്‍വകലാശാലയുടേത്. പക്ഷേ, ഇവരുടെ പിന്‍തലമുറയോട് ഈ സര്‍വകലാശാല കൊടും ചതിയാണ് ചെയ്തത്. ക്രമപ്രവൃദ്ധമായി ഒരു വിദ്യാര്‍ഥിയുടെ ആഗ്രഹങ്ങളെയും ഭാവിയെയും നശിപ്പിക്കുന്ന പരാന്നഭോജിയായ സര്‍വകലാശാലയായി ഇത് രൂപാന്തരപ്പെട്ടു. ഇതിന്റെ നിയമാവലിയില്‍ പറയുന്നത് ന്യൂനപക്ഷ സമുദായത്തിനു ജോലിയില്‍ മൂന്നിലൊന്ന് സംവരണം ചെയ്യണമെന്നാണ്. പക്ഷേ, സര്‍വകലാശാലയുടെ ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുള്ള പിന്നാക്ക മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്. തുടക്കം മുതലേ ഈ നിയമത്തെ അട്ടിമറിച്ചുകൊണ്ടാണ് സര്‍വകലാശാല തുടങ്ങുന്നത്. പിന്നീടങ്ങോട്ട് നിരവധി മലക്കം മറിച്ചിലുകളുടെയും അട്ടിമറികളുടെയും കഥയാണ് ഈ സ്ഥാപനത്തിനു പറയാനുള്ളത്.
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം വ്യാപകമായി നടപ്പിലാക്കി തുടങ്ങിയ സന്ദര്‍ഭത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയും അതേറ്റെടുത്തു. ഇപ്പോള്‍ അത് യു.ജി.സിയുടെ നിബന്ധനയായി മാറിക്കഴിഞ്ഞു. എല്ലാ യൂനിവേഴ്‌സിറ്റികളും അത് നടപ്പിലാക്കാന്‍ നിര്‍ബന്ധിതമായി. കേരളത്തില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയാണ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം ആദ്യം നടപ്പിലാക്കിയത്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു സമ്പ്രദായമാണ് ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍. ആറ് സെമസ്റ്ററുകള്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് മൂന്നു സെമസ്റ്റര്‍ ഫലം മാത്രമാണ് യൂനിവേഴ്‌സിറ്റിക്ക് നല്‍കാന്‍ സാധിച്ചത്. അതിനിടയില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ പതിനൊന്നായിരം ഉത്തരക്കടലാസുകള്‍ കാണാതാവുകയും ചെയ്തു.
ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റത്തിലൂടെ പുറത്തുവന്ന കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുകയാണ്. അവരുടെ മാര്‍ക്ക് ലിസ്റ്റുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും ലഭ്യമാക്കാനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. നേരത്തെത്തന്നെ അര ലക്ഷത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്യാന്‍ സാധിക്കാത്തവരാണ് സര്‍വകലാശാലാധികാരികള്‍. അതായത് വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഓരോ വീട്ടിലെയും ശല്യക്കാരനായി ഈ സ്ഥാപനം മാറിയിരിക്കുന്നു. കാല്‍ ലക്ഷത്തോളം കുട്ടികളുടെയും അത്രയും രക്ഷിതാക്കളുടെയും സ്വപ്നങ്ങളിലാണ് യൂനിവേഴ്‌സിറ്റി കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള ഇവരുടെ ഉപരിപഠന സാധ്യത മങ്ങിയിരിക്കുന്നു. കേരളത്തിനു പുറത്തുപോയി പഠിക്കാന്‍ ആഗ്രഹിച്ച വിദ്യാര്‍ഥികളുടെ അഭിലാഷങ്ങളെയാണ് ഈ സര്‍വകലാശാല അരിഞ്ഞുവീഴ്ത്തിയിരിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ മലയാളമറിയാത്ത അന്യനാട്ടുകാരായ വൈസ് ചാന്‍സലര്‍മാരെയാണ് ഇവിടെ ഇറക്കുമതി ചെയ്തത്. ഈ കാലയളവുകളാണ് യൂനിവേഴ്‌സിറ്റിയെ ഏറ്റവും പരിതാപകരമായ ഒരവസ്ഥയിലെത്തിച്ചത്. മലയാളമറിയുന്ന വൈസ് ചാന്‍സലറാണ് ഇപ്പോള്‍ നിയമിതനായിട്ടുള്ളത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ആശങ്കയിലാഴ്ത്തുന്ന ഈ പ്രശ്‌നത്തില്‍ എസ്.ഐ.ഒ വളരെ ശക്തമായി ഇടപെടുകയും വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് അവകാശരേഖ സമര്‍പ്പിക്കുകയുമുണ്ടായി. സര്‍വകലാശാലകളുടെ പ്രശ്‌നങ്ങളും അതിനുള്ള പരിഹാരങ്ങളുമടങ്ങുന്നതായിരുന്നു പ്രസ്തുത രേഖ. യൂനിവേഴ്‌സിറ്റിയില്‍ ആരംഭിക്കേണ്ട പുതിയ കോഴ്‌സുകളെയും സംവിധാനങ്ങളെയും കുറിച്ച് വിദ്യാഭ്യാസമന്ത്രി, കേന്ദ്ര മാനവവിഭവശേഷി മന്ത്രി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. അധികൃതരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തി. ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം അപാകതകള്‍ പരിഹരിക്കുക എന്ന തലക്കെട്ടില്‍ യൂനിവേഴ്‌സിറ്റിയില്‍ തന്നെ പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണരുടെ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അതിനു ശേഷം നിരവധി സമരപ്രവര്‍ത്തനങ്ങള്‍ നടത്തി. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഉപരോധങ്ങള്‍, നിരവധി കാമ്പസുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ പങ്കാളികളായ 40 ദിവസം നീണ്ടുനിന്ന ഉപവാസം, സിന്‍ഡിക്കേറ്റ് മാര്‍ച്ചുകള്‍, ഘൊരാവോകള്‍ തുടങ്ങിയ നിരവധി സമര പ്രവര്‍ത്തനങ്ങള്‍ എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ നടന്നു. സമരങ്ങള്‍ നടക്കുമ്പോള്‍ മാത്രം റിസല്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പരമ്പരാഗത വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ അപ്രസക്തമാകുന്ന തരത്തിലുള്ള ഇടപെടലുകളായിരുന്നു എസ്.ഐ.ഒ നടത്തിയത്. തീക്ഷ്ണമായ സമരങ്ങളിലൂടെ നിരവധി പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചില പ്രവര്‍ത്തകരെ റിമാന്റിലാക്കുകയും ചെയ്തു.
യൂനിവേഴ്‌സിറ്റി അധികൃതര്‍ കോടതിയെ കൂട്ടുപിടിച്ച് അടിയന്തരാവസ്ഥ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധങ്ങളും അവകാശ പോരാട്ടങ്ങളും നിരോധിച്ചുകൊണ്ട് വിദ്യാര്‍ഥികളെ കൂടുതല്‍ ദ്രോഹിക്കുകയാണ്. അറിവും വിവരവും നേടാന്‍ തുനിഞ്ഞിറങ്ങിയ പുതിയ ചെറുപ്പത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെയാണ് ഇത് തടയിടുന്നത്. അന്തസ്സും ആത്മാഭിമാനവുമുള്ള ഒരു സമൂഹത്തിനും നിഷ്‌ക്രിയമായിരിക്കാന്‍ സാധിക്കാത്തവണ്ണം ഇതൊരു ഭീകര രൂപമായി വളര്‍ന്നിരിക്കുന്നു. ആസൂത്രിതമായ നീക്കങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത് പുറത്തുകൊണ്ടുവരാനും അധികാരികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യാനും വിദ്യാര്‍ഥികള്‍ തയാറാവേണ്ടിവരും.
ഒരു ജനത ജീവിക്കണമെന്ന് തീരുമാനിച്ചാല്‍ അവരെ തടഞ്ഞുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധിക്കുകയില്ലെന്ന് അബുല്‍ ഖാസിം ശാബിയുടെ വരികളെ അന്വര്‍ഥമാക്കാന്‍ പുതിയ ചെറുപ്പം തുനിഞ്ഞിറങ്ങിയാല്‍, ധാര്‍ഷ്ട്യത്തിന്റെ അധികാരത്തിന് അമര്‍ന്നിരിക്കാന്‍ സാധിക്കുകയില്ല. പുതിയ വിദ്യാര്‍ഥി സമൂഹം എഴുപതുകളുടെയും എണ്‍പതുകളുടെയും ഗൃഹാതുരത്വത്തില്‍ കെട്ടികിടക്കുന്നവരല്ല. ലോകമാകെ അലയടിച്ച നന്മയുടെ തിരിച്ചുവരവിന്റെ പാരമ്പര്യമാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത്.
[email protected]
Comments