Prabodhanm Weekly

Pages

Search

2012 മെയ് 19

സിറിയയില്‍ വിപ്ളവകാരികളുടെ താല്‍ക്കാലിക പാര്‍ലമെന്റ്

സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ സര്‍ക്കാറിന് തുടരാന്‍ ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പുതിയ ഇടക്കാല പാര്‍ലമെന്റ് രൂപീകരിക്കുന്നതായി സ്വാതന്ത്യ്രത്തിനുവേണ്ടി പൊരുതുന്ന സിറിയന്‍ വിപ്ളവകാരികള്‍ പ്രഖ്യാപിച്ചു. 'സിറിയന്‍ ജനതയുടെ ആവശ്യപ്രകാരമാണ് ഇത്തരം ഒരു സംവിധാനത്തിന് രൂപം നല്‍കുന്നത്. അസദ് ഭരണകൂടം ഫലത്തില്‍ ഇല്ലാതായതിലൂടെ ഉളവായ ഭരണ ഘടനാ പ്രതിസന്ധി ഒഴിവാക്കാനും കൂടിയാണ് പുതിയ ഭരണ സംവിധാനം' - പ്രഖ്യാപനം വ്യക്തമാക്കി. മെയ് 6 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഭരണ സംവിധാനം വിപ്ളവത്തിന്റെ ലക്ഷ്യം കാത്തുസൂക്ഷിക്കുന്നതും അസദ് ഭരണ കൂടത്തിന്റെ സമ്പൂര്‍ണ പതനത്തോടെ രാജ്യത്തിന്റെ ദിശ നിര്‍ണയിക്കുന്നതുമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പുതിയ പാര്‍ലമെന്റിനു കീഴില്‍ സ്വതന്ത്ര സേന രൂപീകരിക്കും. ബശ്ശാറുല്‍ അസദിന്റെ അധിനിവേശത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ പ്രസ്തുത സേനയെ ഉപയോഗിക്കും. രാജ്യത്തെ ഭരണ സംവിധാനം ജനകീയാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുമെന്നും വിപ്ളവ പാര്‍ലമെന്റ് കരട്രേഖ പറയുന്നു.
പാര്‍ലമെന്റ് അംഗങ്ങളായി സിറിയക്കകത്തെ സ്വാതന്ത്യ്രസമര പോരാളികളെ മാത്രമാണ് ആദ്യപടിയായി അംഗങ്ങളായി ചേര്‍ക്കുക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പാര്‍ലമെന്റില്‍ അംഗത്വമുണ്ടായിരിക്കും. എല്ലാ പ്രവിശ്യകള്‍ക്കും പ്രാതിനിധ്യമുണ്ടാകും. പാര്‍ലമെന്റ് രുപീകരണത്തിനുശേഷം ചേര്‍ന്ന പ്രഥമ സമ്മേളനത്തില്‍ പല പ്രധാന തീരുമാനങ്ങളും കൈകൊണ്ടിട്ടുണ്ട്. നിലവിലെ ഭരണഘടന റദ്ദ്ചെയ്ത് 'വിമോചന ഭരണഘടന'യെന്ന പേരിലറിയപ്പെടുന്ന 1950 ലെ ഭരണ ഘടന പുനഃസ്ഥാപിക്കും. പുതുതായി രൂപീകരിച്ച പാര്‍ലമെന്റിനെയും സിറിയന്‍ ഭരണ സംവിധാനത്തെയും അംഗീകരിക്കാന്‍ ഐക്യരാഷ്ട്ര സഭയോടും അറബ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫ്രന്‍സ് തുടങ്ങിയ സംഘടനകളോടും ലോക രാഷ്ട്രങ്ങളോടുമെല്ലാം കരട് പ്രമേയം ആവശ്യപ്പെടുന്നു.

ഇറാന്‍ രാഷ്ട്രീയത്തില്‍ ദിശാമാറ്റത്തിന്റെ സൂചന

ഇറാന്‍ പാര്‍ലമെന്റിലേക്ക് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് അഹ്മദീ നിജാദിന്റെ പാര്‍ട്ടി വീണ്ടും പിറകോട്ടടിച്ചു. ഭരണകക്ഷി സഖ്യങ്ങളില്‍തന്നെയാണ് വിള്ളലുണ്ടായതെന്ന് ഇറാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ആത്മീയ നേതാവ് മുഹമ്മദ് തഖി മിസ്ബാഹ് യസ്ദിയോട് കൂറ് പുലര്‍ത്തുന്ന 'ഇസ്ലാമിക് റെവല്യൂഷന്‍ പാര്‍ട്ടി' അംഗങ്ങള്‍ തഹ്റാനിലെ 30 സീറ്റില്‍ 16 ഉം നേടി വിജയിച്ചത് ഇറാന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം ഇറാന്‍ ഭരണത്തെ ബാധിക്കാനിടയില്ലെങ്കിലും നജാദ് മുന്നോട്ട് വെച്ച സാമ്പത്തിക പരിഷ്കരണ പദ്ധതി നടപ്പാക്കല്‍ എളുപ്പമാവില്ല. പ്രത്യേകിച്ച് വിലക്കയറ്റത്തിനെതിരെയും ഇന്ധന വില വര്‍ധിപ്പിക്കാനുള്ള സാധ്യതക്കെതിരെയും കടുത്ത പ്രതിഷേധം നിലനില്‍ക്കെ. എന്നാല്‍ ഇറാന്‍ ആണവ പദ്ധതിയെ ഫലം ബാധിക്കാനിടയില്ല. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഇറാന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ ഫലം എങ്ങനെ ബാധിക്കുമെന്നാണ് ഇറാന്‍ രാഷ്ട്രീയ രംഗത്ത് നടക്കുന്ന ചൂടേറിയ ചര്‍ച്ച.

എ.കെ പാര്‍ട്ടിക്കെതിരെ
ജല്‍പനങ്ങളുമായി സെക്യുലരിസ്റുകള്‍

സിറിയന്‍ ജനതയുടെ സ്വാതന്ത്യ്രപോരാട്ടങ്ങളെ സായുധമായി അടിച്ചമര്‍ത്തുന്ന ഏകാധിപതി ബശ്ശാറുല്‍ അസദുമായി തുര്‍ക്കി ഭരണകൂടം അനുനയത്തിലാണെന്ന് സെക്യുലരിസ്റുകള്‍ ആരോപിച്ചു. തുര്‍ക്കിയുടെ വിദേശനയം പാശ്ചാത്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും ഉര്‍ദുഗാന്‍ ഭരണകൂടത്തെ എതിര്‍ത്തുകൊണ്ട് തുര്‍ക്കി പാര്‍ലമെന്റിലെ സെക്യുലറിസ്റുകള്‍ പറയുന്നു.
എന്നാല്‍ തുര്‍ക്കിയുടെ വിദേശനയം വ്യക്തമാണെന്നും സിറിയന്‍ പ്രശ്നത്തില്‍ തുര്‍ക്കി സിറിയന്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും വിദേശകാര്യ മന്ത്രി ദാവൂദ് ഓഗ്ലു പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ ജസ്റീസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടിയുടെ ജനകീയ ഭരണത്തിന്‍ കീഴിലുണ്ടായ തുര്‍ക്കിയുടെ രാഷ്ട്രീയ അഭിവൃദ്ധിയില്‍ അസൂയ പൂണ്ടവരുടെ ജല്‍പനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഏകാധിപത്യത്തിനും മതനിരാസത്തിനുമെതിരെ പോരാടുന്ന ജസ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടിക്ക് സിറിയന്‍ ഏകാധിപത്യത്തെയും 'ബഅസ്'പാര്‍ട്ടിയെയും അംഗീകരിക്കാനാവില്ല. സിറിയയില്‍ ബശ്ശാറുല്‍ അസദ് നടത്തിക്കൊണ്ടിരിക്കുന്ന രക്തച്ചൊരിച്ചില്‍ അംഗീകരിക്കാന്‍ തുര്‍ക്കിക്ക് കഴിയില്ലെന്നും സിറിയയില്‍നിന്ന് അക്രമം ഭയന്ന് പാലായനം ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് അതിര്‍ത്തിയില്‍ അഭയകേന്ദ്രമൊരുക്കി സഹായം നല്‍കുകയാണ് തുര്‍ക്കി ചെയ്യുന്നതെന്നും ഓഗ്ലു പറഞ്ഞു. തുര്‍ക്കിയുടെ വിദേശനയം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളായ അള്‍ട്ര സെക്യുലരിസ്റുകള്‍ ഉന്നയിച്ച 'തുര്‍ക്കി ഭരണകൂടം പാശ്ചാത്യരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നു'വെന്നുതുടങ്ങിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ദാവൂദ് ഓഗ്ലു.
പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയ തുര്‍ക്കി വിദേശകാര്യ മന്ത്രി മിഡിലീസ്റില്‍ മാറ്റത്തിന്റെ തിരയിളക്കത്തിന് തുര്‍ക്കി നേതൃത്വം നല്‍കുമെന്നും പറഞ്ഞു. കഴിഞ്ഞ പത്ത്വര്‍ഷംകൊണ്ട് തുര്‍ക്കിയുടെ മുഖഛായതന്നെ മാറ്റിപണിയാന്‍ കഴിഞ്ഞതുപോലെ മിഡിലീസ്റില്‍ മാറ്റത്തിന്റെ തേരുതെളിക്കാനും ജസ്റീസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടിക്ക് കഴിയുമെന്നും മാറ്റങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ദാവൂദ് ഓഗ്ലു പറഞ്ഞു.
വളരെ ശോചനീയമാണ് ഇസ്ലാമിസ്റുകളുടെ ഭരണത്തിന്‍ കീഴിലെ കമാല്‍ അത്താതുര്‍ക്കിന്റെ പിന്‍ഗാമികള്‍ അനുഭവിക്കുന്ന ജാള്യത. ഒരു കാലത്ത് 'പടിഞ്ഞാറി'ന്റെ നിഴലായിരുന്ന അത്താതുര്‍ക്കിന്റെ പിന്‍ഗാമികള്‍ ഇപ്പോള്‍ ഇസ്ലാമിസ്റുകളുടെ മേല്‍ അതേകുറ്റം അടിച്ചേല്‍പിക്കുന്ന കാഴ്ച രസകരമാണ്. ജനകീയ ഭരണത്തിലൂടെ തുര്‍ക്കിയെ മുന്‍നിരയിലെത്തിച്ച ഉര്‍ദുഗാന്‍ ഭരണകൂടത്തെ എതിര്‍ക്കാന്‍ മറ്റൊന്നും ലഭിക്കാത്തപ്പോഴാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി മതനിരാസ പാര്‍ട്ടികള്‍ രംഗത്ത്വന്നത്.

സോറി, ഞാന്‍ മുസ്ലിമാണ് മദ്യം ഉപയോഗിക്കില്ല

മാഞ്ചസ്റര്‍ സിറ്റി മിഡ് ഫീല്‍ഡറും പ്രീമിയര്‍ ലീഗ് സൂപ്പര്‍ സ്റാറുമായ യഹ്യ തോറെ പറഞ്ഞതാണിത്. മാഞ്ചസ്റര്‍ സിറ്റിയും ന്യൂകാസല്‍ യുണൈറ്റഡും തമ്മില്‍ നടന്ന മല്‍സരത്തില്‍ രണ്ടു ഗോളുകള്‍ നേടി ടീമിനെ വിജയത്തിലെത്തിച്ചതിന് 'മാന്‍ ഓഫ് ദ മാച്ച്'ായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാരിതോഷികമായി ലഭിച്ച വിലപിടിപ്പുള്ള മദ്യക്കുപ്പി തിരസ്കരിച്ചുകൊണ്ടാണ് ഐവറി കോസ്റുകാരനായ 28 കാരന്‍ സൂപ്പര്‍ സ്റാര്‍ ഇങ്ങനെ പ്രതികരിച്ചത്. തോറെയുടെ ഗോള്‍ മികവില്‍ ടീമിന്റെ വിജയത്തോടെ 44 വര്‍ഷത്തിനുള്ളില്‍ മാഞ്ചസ്റര്‍ സിറ്റി പ്രഥമ പ്രീമിയര്‍ ലീഗ് വിജയത്തിന്റെ വക്കിലെത്തി.
'മാന്‍ ഓഫ് ദ മാച്ചാ'യി തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും എന്നാല്‍ വിശ്വാസത്തിന്റെ ഭാഗമായി മദ്യം ഉപയോഗിക്കാത്തതിനാല്‍ പാരിതോഷികമായി ലഭിച്ച വലിയ മദ്യക്കുപ്പി തന്റെ കൂട്ടുകാരന് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും യഹ്യ പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം