Prabodhanm Weekly

Pages

Search

2012 മെയ് 19

തീവ്രവാദ മുദ്ര തിരിച്ചു കിട്ടിയപ്പോള്‍

മുജീബ്

സുബൈര്‍ മണലൊടി, കിണാശ്ശേരി
"തീവ്രവാദത്തോട് മുഖാമുഖം പോരാടിയ കേരളത്തിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം മുസ്ലിം ലീഗ് മാത്രമാണെന്ന് മന്ത്രി എം.കെ മുനീര്‍. എന്നിട്ടും ലീഗിനുമേല്‍ വര്‍ഗീയം ആരോപിക്കുന്നവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല. മുസ്ലിം ലീഗിനു എതിരെ നിരന്തരം കുപ്രചാരണം അഴിച്ചുവിട്ട് തീവ്രവാദികളെ സഹായിക്കാനുള്ള നീക്കത്തില്‍ ചില മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പങ്കാളികളായിക്കാണുന്നത് നിര്‍ഭാഗ്യകരമാണ്. മുറിവ് ഉണ്ടാക്കലല്ല, മുറിവ് ഉണക്കലാണ് മാധ്യമധര്‍മം എന്ന് അവര്‍ വിസ്മരിക്കരുത്'' (മാധ്യമം 3.5.2012). പ്രതികരണം?

 


ഞ്ചാം മന്ത്രിക്ക് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം സാമുദായിക സന്തുലനത്തെ പ്രതികൂലമായി ബാധിച്ചു എന്ന ശക്തമായ പ്രചാരണവും അത് തനി വര്‍ഗീയവും തീവ്രവാദപരവുമായ നിലപാടാണെന്ന പ്രതികരണവും രാഷ്ട്രീയ വൃത്തങ്ങളിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്നപ്പോള്‍ സ്വാഭാവികമായും പാര്‍ട്ടി പ്രതിരോധത്തിലായി. ആര്യാടന്‍, മുരളി ടീമിന്റെ കടുത്ത ആക്രമണങ്ങള്‍ ലീഗിനെ ശരിക്കും പിടിച്ചുലച്ചു. ഈ പശ്ചാത്തലത്തിലാണ് മുനീറിന്റെ പ്രസംഗം. കേരളത്തിലെ അതിശക്തമായ സവര്‍ണ ലോബിയും അവരുടെ കൈയിലെ ഉപകരണങ്ങള്‍ മാത്രമായ മുഖ്യധാരാ മാധ്യമങ്ങളും മുസ്ലിം ലീഗിന് മിതത്വത്തിന്റെയും മതേതരത്വത്തിന്റെയും മുദ്രകള്‍ ചാര്‍ത്തിക്കൊടുക്കുമ്പോള്‍ അതിലെ ചതിക്കുഴി കാണാതെ പോയ ലീഗ് നേതൃത്വം മതിമറന്ന് ആഹ്ളാദിക്കുക തന്നെ ചെയ്തു. യഥാര്‍ഥത്തില്‍ കേരളീയ മുസ്ലിം സമൂഹത്തില്‍ ഒരു കാലത്തും വര്‍ഗീയതയോ തീവ്രവാദമോ ശക്തമായ സാന്നിധ്യമായിരുന്നില്ല. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട പ്രത്യേക സാഹചര്യത്തില്‍ മതബോധവും സമുദായ സ്നേഹവുമുള്ളവരില്‍ അത് വേദനയും അസ്വാസ്ഥ്യവും പടര്‍ത്തിയത് വാസ്തവമാണ്. പക്ഷേ, അതൊരിക്കലും അപകടകരമായ തിരിച്ചടിയായി രൂക്ഷത പ്രാപിച്ചില്ല. വൈകാരികമായ ചില പ്രതിഷേധ സ്വരങ്ങള്‍ മാത്രമാണ് ഏറി വന്നാല്‍ ഉയര്‍ന്നത്. എന്നാല്‍ ബാബരി മസ്ജിദ് ധ്വംസനത്തെത്തുടര്‍ന്ന് കേരളമാകെ കത്തിക്കരിയാന്‍ പോവുകയായിരുന്നുവെന്നും മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗാണ് അന്ന് സംസ്ഥാനത്തെ രക്ഷിച്ചതെന്നുമുള്ള മിഥ്യാ പ്രചാരണത്തില്‍ അന്നും ഇന്നും അഭിരമിക്കുകയാണ് മാധ്യമ പിന്തുണയോടെ പാര്‍ട്ടി. ശിഹാബ് തങ്ങളോ ലീഗോ ഇല്ലാത്ത മറ്റു 27 സംസ്ഥാനങ്ങള്‍ എന്തേ കത്താതിരുന്നതെന്ന ചോദ്യത്തിന് മറുപടി ഇല്ലതാനും. അതേയവസരത്തില്‍ ശിഹാബ് തങ്ങളോ മുസ്ലിം ലീഗോ ആഹ്വാനം ചെയ്യാതെ തന്നെ മുസ്ലിം കേരളം ബാബരി ദുരന്തത്തില്‍ ഹര്‍ത്താലാചരിക്കുകയും ചെയ്തു.
തൊണ്ണൂറുകളില്‍ കേരളത്തില്‍ പ്രതിരോധ അജണ്ടയുമായി രംഗത്ത് വന്ന എന്‍.ഡി.എഫാണ് തീവ്രവാദ മുദ്ര കുത്തപ്പെട്ട മുസ്ലിം സംഘടന. പക്ഷേ, തുടക്കത്തില്‍ തന്നെ ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും എന്‍.ഡി.എഫിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി തന്നെ ചൂണ്ടിക്കാട്ടിയ പോലെ ശക്തമായ പ്രചാരവേല ഈ പ്രവണതക്കെതിരെ മത സംഘടനകള്‍ നടത്തിയിട്ടുമുണ്ട്. ആദര്‍ശപരമായും പ്രായോഗികമായും പ്രതിരോധ വാദത്തിന്റെ അബദ്ധങ്ങളും ഭവിഷ്യത്തും ചൂണ്ടിക്കാട്ടിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അതിന്റെ പേരില്‍ എന്‍.ഡി.എഫിന്റെ രൂക്ഷമായ എതിര്‍പ്പിനും വിരോധത്തിനും ജമാഅത്ത് ശരവ്യമായിട്ടുമുണ്ട്. ഈ യാഥാര്‍ഥ്യം അപ്പാടെ കണ്ടില്ലെന്ന് നടിച്ച് എന്‍.ഡി.എഫ് ജമാഅത്തെ ഇസ്ളാമിയുടെ സൃഷ്ടിയാണെന്ന പെരുംകള്ളം ഇടതടവില്ലാതെ ആവര്‍ത്തിക്കുയാണ് ലീഗ് നേതാക്കളില്‍ ഒരു വിഭാഗവും ആര്യാടന്‍ പ്രഭൃതികളും ചെയ്തത്. ഇന്നും അവരത് തുടരുന്നു. മാത്രമല്ല, കഴിഞ്ഞ പഞ്ചായത്ത്-നഗരസഭ തെരഞ്ഞെടുപ്പിന് മുമ്പ് കൈവെട്ട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് കോട്ടക്കലില്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗം ജമാഅത്തെ ഇസ്ലാമിക്ക് തീവ്രവാദ മുദ്ര കുത്തി അതിനെ ഒറ്റപ്പെടുത്താനും ശ്രമം നടത്തി. അന്നേരവും ഒളി അജണ്ടയുള്ള മാധ്യമങ്ങള്‍ ആ ദുഷ്പ്രചാരണം ഏറ്റെടുത്തു. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോള്‍, ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് യു.ഡി.എഫിന് വേണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഉറക്കെ പ്രഖ്യാപിച്ചു. ലീഗിന്റെ മതേതരത്വത്തിന് മാറ്റുകൂട്ടുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇതൊക്കെ ചെയ്തത്. യഥാര്‍ഥത്തില്‍ തീവ്രവാദം ആരോപിക്കപ്പെടുന്ന എസ്.ഡി.പി.ഐ.യുടെ തെരഞ്ഞെടുപ്പ് പ്രചാരണം പോലും ജമാഅത്തിനെ ടാര്‍ജറ്റ് ചെയ്തുകൊണ്ടായിരുന്നു. അതേസമയം, പരോക്ഷമായി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ തുടക്കം മുതല്‍ എന്‍.ഡി.എഫ് നേതാക്കളുമായി രഹസ്യ ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. ജമാഅത്തെ ഇസ്ലാമി മുന്‍കൈയെടുത്ത് രൂപവത്കരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി തങ്ങളുടെ കുത്തകയെന്ന് ലീഗ് വിശ്വസിക്കുന്ന സാമുദായിക ഭൂമികയിലേക്ക് കടന്നുകയറിയതിനെക്കുറിച്ച ഭീതിയായിരുന്നു, പിന്നിട്ട അരനൂറ്റാണ്ടിനിടയില്‍ ഒരിക്കലും ജമാഅത്തിനെതിരെ ലീഗ് ഉന്നയിച്ചിട്ടില്ലാത്ത തീവ്രവാദാരോപണം പുതുതായി തൊടുത്ത് വിട്ടതിന്റെ പിന്നില്‍. പക്ഷേ, അതേയാരോപണം ഇപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ലീഗിന്റെ നേരെ ചുഴറ്റി എറിയുമ്പോള്‍ നേതൃത്വം അന്തം വിടുകയാണ്. നേരാംവണ്ണം പ്രതികരിക്കാന്‍ പോലും വയ്യാത്ത നിസ്സഹായാവസ്ഥ. രാജ്യത്ത് അഭംഗുരം തുടരുന്ന ന്യൂനപക്ഷ വേട്ടയുടെ നേരെ പോലും ലീഗ് വിമുഖമായത് തീവ്രവാദ മുദ്ര ഭയന്നായിരുന്നു എന്നോര്‍ക്കണം. പ്രമാദമായ ഇമെയില്‍ വിവാദത്തില്‍ വേട്ടക്കാരൊടൊപ്പം ചേര്‍ന്ന് ഇരകളെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ ലീഗ് വക്താക്കളും പത്രവും തുനിഞ്ഞിറങ്ങിയതും മറക്കാറായിട്ടില്ല. ആരിലും സഹതാപമുണര്‍ത്താത്ത വിലാപം മതിയാക്കി, ഒരു പുനരാലോചനക്ക് ലീഗ് നേതൃത്വത്തിലെ വിവേകശാലികളെങ്കിലും തയാറാവേണ്ട സന്ദര്‍ഭമാണിത്.

 

വിസ്മരിക്കപ്പെടുന്ന ഇസ്ലാമിക തത്ത്വങ്ങള്‍

നസ്വീര്‍ പള്ളിക്കല്‍ രിയാദ്
'അവര്‍ണരില്ല, സവര്‍ണരില്ല, നമ്മള്‍ക്കെല്ലാം ഒരു വര്‍ണം, നാമൊരു വര്‍ഗം, നാമൊരു ജാതി, നാം മനുഷ്യര്‍ നാമൊന്ന്' എന്ന ഇസ്ലാമിക മാനവിക സങ്കല്‍പം ഇവിടെ അവഗണിക്കപ്പെടുന്നു. പക്ഷേ, 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന ചില മഹാന്മാരുടെ വീക്ഷണം ഇവിടെ ഉയര്‍ന്നു കേള്‍ക്കുന്നു. ഇസ്ലാമിന്റെ ഏകദൈവ വിശ്വാസം ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. പക്ഷേ, ബഹുദൈവ സങ്കല്‍പം ഇവിടെ വാനോളം വാഴ്ത്തപ്പെടുന്നു. 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന പ്രവാചക വചനം ഇവിടെ വേണ്ടവിധത്തില്‍ ഉയരുന്നില്ല. പക്ഷേ, 'നീ ഉടുത്തില്ലെങ്കിലും നിന്റെ അയല്‍ക്കാരനെ ഉടുപ്പിക്കുക' പോലുള്ള മഹദ്വചനങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുന്നു. 'പറയാത്തത് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കാത്തത് പറയുകയും അരുത്' എന്ന വേദ വാക്യങ്ങള്‍ വിസ്മരിക്കുകയും 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' പോലുള്ള മൊഴികള്‍ക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടിങ്ങനെ?

സ്ലാമിന്റെ സര്‍വ സ്വീകാര്യവും മഹത്തരവുമായ അധ്യാപനങ്ങള്‍ ഇന്ത്യയില്‍ പൊതുവെ അറിയപ്പെടാതിരിക്കാനും അവഗണിക്കപ്പെടാനും കാരണങ്ങള്‍ പലതാണ്. ഇസ്ലാമിന്റെ യുക്തിപൂര്‍വകവും സമാധാനപരവുമായ പ്രബോധനം എന്ന ദൌത്യ നിര്‍വഹണത്തില്‍ മുസ്ലിംകള്‍ കാണിച്ചതും ഇപ്പോഴും കാണിക്കുന്നതുമായ കുറ്റകരമായ അനാസ്ഥ തന്നെ ഒന്നാമത്തെ കാരണം. ക്രിസ്തുമത പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സഭാ പിതാക്കളും കന്യാസ്ത്രീകളും നിരന്തരം കര്‍മനിരതരാവുമ്പോഴാണ് മുസ്ലിംകളുടെ ഈ അനാസ്ഥ. നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച മുസ്ലിം രാജാക്കന്മാര്‍ ഇസ്ലാമിന്റെ പ്രബോധനത്തിന് ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, ഇസ്ലാമിനെ തെറ്റായി പ്രതിനിധീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭാഷകളില്‍ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും വിവര്‍ത്തനം ചെയ്യാന്‍ പോലും കാര്യമായ ശ്രമങ്ങള്‍ നടന്നില്ല. അക്കാര്യം ഇന്ത്യയിലെ ഇസ്ലാമികപ്രസ്ഥാനം ഇപ്പോള്‍ ചെയ്യുന്നുണ്ട്. അതിന് ശുഭകരമായ ഫലങ്ങളുമുണ്ട്. ഇന്ത്യന്‍ മുസ്ലിംകള്‍ ഉര്‍ദുവിലും അറബിയിലുമായി ആശയവിനിമയം നടത്തുന്നതുകൊണ്ട് തൃപ്തിപ്പെടാതെ ഇന്ത്യന്‍ ഭാഷകളിലെല്ലാം പ്രാവീണ്യം നേടുകയും ഇസ്ലാമിക സാഹിത്യത്തിന്റെ മാധ്യമങ്ങളായി അവയെ പ്രയോജനപ്പെടുത്തുകയും വേണം.


തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം

ശാദിയ എച്ച്. റഷീദ് ശ്രീകാര്യം, തിരുവനന്തപുരം
"മുസ്ലിം തീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകര്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു. എസ്.ഡി.പി.ഐ, എന്‍.ഡി.എഫ്, സിമി തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരാണ് ഇങ്ങനെ ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ഏര്‍പ്പാടാണിത്.'' എടക്കാട് മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് (മാധ്യമം 30.4.2012). പ്രതികരണം?


തേതര ജനാധിപത്യ പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവര്‍ എല്ലാ തരത്തിലുമുള്ള അഴിമതിയും അത്യാചാരങ്ങളും അധാര്‍മികതയും പയറ്റുന്നവരാണെന്നതില്‍ തെളിവുകള്‍ ആവശ്യമില്ല. അതുപോലെ വോട്ടിനും നോട്ടിനും അധികാരത്തിനും വേണ്ടി വര്‍ഗീയതയും തീവ്രവാദവും ജാതീയതയും തരംപോലെ ഉപയോഗിക്കുന്നു. എന്നിട്ട് പ്രശ്നങ്ങളുണ്ടാവുമ്പോള്‍ മത സംഘടനകളെയും ധാര്‍മിക പ്രസ്ഥാനങ്ങളെയും പ്രതിക്കൂട്ടില്‍ കയറ്റി രക്ഷപ്പെടാനും ശ്രമിക്കുന്നു. അതിന്റെ ഭാഗമാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയും. നട്ടെല്ലുണ്ടെങ്കില്‍ കോണ്‍ഗ്രസിലോ മുസ്ലിം ലീഗിലോ നുഴഞ്ഞുകയറുന്ന തീവ്രവാദികളെ കണ്ടുപിടിക്കാനും പിടികൂടാനും വല്ല പ്രയാസവുമുണ്ടോ? ഒന്നുകില്‍ അങ്ങനെ ഒരു സംഭവം നടക്കുന്നില്ല. അല്ലെങ്കില്‍ ബോധപൂര്‍വം തീവ്രവാദികളെ സംരക്ഷിക്കുകയും ആവശ്യം വരുമ്പോള്‍ അവരെ ഉപയോഗിക്കുകയും ചെയ്യുന്നു.
നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും കൊള്ളരുതായ്മകളെ മുഖം നോക്കാതെ തുറന്നു കാട്ടുന്ന ജമാഅത്തെ ഇസ്ലാമിക്ക് അവയിലൊന്നിലും കടന്നുകൂടേണ്ട ഗതികേടില്ല. നുഴഞ്ഞുകയറിയിട്ട് ഒന്നും നേടാനുമില്ല. പകരം ഈ പാര്‍ട്ടികളുടെ തെറ്റായ നിലപാടുകളെയും നടപടികളെയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് അതിന്റെ ദൌത്യം. ജമാഅത്തിനെക്കുറിച്ച ആര്യാടന്റെ ജല്‍പനങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല. തന്നെ ജയിപ്പിക്കുകയും ഭരിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത മുസ്ലിം ലീഗിനെക്കുറിച്ച് പോലും ഒരു നല്ലവാക്ക് പറയാനില്ലാത്ത ആര്യാടന്‍ ഇസ്ലാമിക പ്രസ്ഥാനത്തെ ശത്രുവായി കാണുന്നതില്‍ എന്തത്ഭുതം!

തീവ്രവാദത്തിന്റെ തലതൊട്ടപ്പന്മാര്‍


അബ്ദുല്‍ മലിക് മുടിക്കല്‍
കേരള മുസ്ലിംകള്‍ക്കിടയില്‍ ആദ്യമായി തീവ്രവാദ -വിധ്വംസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് കാന്തപുരമാണെന്നും സുന്നി ടൈഗര്‍ ഫോഴ്സ്, ജംഇയ്യത്തുല്‍ ഇഹ്സാനിയ്യ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സായുധ സജ്ജരായ വിഭാഗത്തെ വളര്‍ത്തുകയും മറ്റും ചെയ്തത് കാന്തപുരം ഗ്രൂപ്പാണെന്നും എസ്.കെ.എസ്.എസ്.എഫ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് (ചന്ദ്രിക 21.4.2012). മുസ്ലിം സമുദായത്തിനിടയില്‍ തീവ്രവാദത്തിന്റെയും മതമൌലികവാദത്തിന്റെയും വിത്തുകള്‍ പാകിയത് ജമാഅത്തെ ഇസ്ലാമിയാണ് എന്നാണല്ലോ ഇതുവരെയും ഇവരൊക്കെ പറഞ്ഞുപോന്നത്. ഇപ്പോള്‍ ഈ അഭിപ്രായത്തിന് മാറ്റം വരുത്തിയതാണോ ഇവര്‍?

മസ്ത കേരള ജംഇയ്യത്തില്‍ ഉലമായെ പിളര്‍ത്തി എ.പി അബൂബക്കര്‍ മുസ്ളിയാര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കിയ ആദ്യ ഘട്ടത്തില്‍ അത്യന്തം തീവ്രവാദപരമായ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത് എന്നത് വസ്തുതയാണ്. 'വഹാബി മൌദൂദികള്‍ക്ക്' സലാം പറയരുതെന്ന് മദ്റസ പാഠപുസ്തകങ്ങളില്‍ എഴുതി ചേര്‍ത്തതും കെ.എന്‍.എം, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളുടെ നേതാക്കളോടൊപ്പം വേദി പങ്കിട്ടത് സമസ്തയുടെ മഹാപരാധമായി ഘോഷിച്ചതും പലേടത്തും പള്ളികളും മദ്റസകളും പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമൊക്കെ അതിന്റെ ഭാഗമായിരുന്നു. മുജാഹിദ് സെന്ററിലെ ബോംബാക്രമണം, ചേകനൂര്‍ മൌലവിയെ തട്ടിക്കൊണ്ട് പോയി കൊല ചെയ്തത് മുതലായ പ്രമാദ സംഭവങ്ങളുടെ പിന്നിലും കാന്തപുരത്തിന്റെ സുന്നി ടൈഗര്‍ ഫോഴ്സ് ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ പില്‍ക്കാലത്ത് കാന്തപുരത്തിന്റെ സമസ്ത ഇത്തരം വിവാദ നിലപാടുകള്‍ മയപ്പെടുത്തുകയും മുഖ്യധാരാ മത സംഘടനയായംഗീകരിക്കപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുമുള്ള പിടിവാശി മാറ്റമില്ലാതെ തുടരുന്നു. മാത്രമല്ല നാടുനീങ്ങിയ മൂഢവിശ്വാസങ്ങളും ആചാരങ്ങളും പുനര്‍ജീവിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള ത്വരയും കാണുന്നു. പരക്കെ അപലപിക്കപ്പെട്ടതാണ് 'തിരുകേശ'പൂജ.
ജമാഅത്തെ ഇസ്ലാമി വിശ്വാസപരമായോ കര്‍മപരമായോ തീവ്രവാദത്തിന്റെ അംശലേശമുള്ള ഒരു കാര്യവും കൊണ്ടുനടക്കുന്ന സംഘടനയല്ലെന്ന് പ്രതിയോഗികള്‍ക്ക് നന്നായറിയാം. ഇസ്ലാമിനെ രാഷ്ട്രീയം കൂടി ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ ജീവിത ദര്‍ശനമായവതരിപ്പിച്ചതാണ് സാമുദായിക രാഷ്ട്രീയക്കാര്‍ക്കും സങ്കുചിത സലഫി തീവ്രവാദികള്‍ക്കും പിന്തിരിപ്പന്‍ യാഥാസ്ഥിതികര്‍ക്കും ദഹിക്കാതെ പോയത്. സാമുദായിക രാഷ്ട്രീയത്തോടുള്ള അനാരോഗ്യകരമായ ആഭിമുഖ്യമാണ് എസ്.കെ.എസ്.എസ്.എഫിനെ ജമാഅത്തിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മുസ്ലിം ലീഗ് രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ കാന്തപുരം വിഭാഗത്തെ പ്രീണിപ്പിക്കാന്‍ നടത്തുന്ന ശ്രമം എസ്.കെ.എസ്.എസ്.എഫിന് അസഹ്യമായിത്തീരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. അതിനാല്‍ അവര്‍ ഇടതുപക്ഷത്തോട് പോലും അടുക്കാന്‍ ശ്രമിക്കുന്നതാണ് ഒടുവിലത്തെ സംഭവവികാസം. ഇസ്ലാമിനെ അരാഷ്ട്രീയവത്കരിച്ചതിന്റെ സ്വാഭാവിക പരിണതിയാണിതെന്ന് വ്യക്തം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം