വഴിതെറ്റിവരും ഇലമണങ്ങള്‍
അബ്ദുല്ല പേരാമ്പ്ര
കുട്ടിക്കാലത്ത്,
ഒരു കളിക്കോപ്പിന് കരഞ്ഞ്
തളര്‍ന്നുറങ്ങിപ്പോയ രാത്രിയിലാണ്
ഒരിക്കലും തിരിച്ചുവരാതെ
ഉപ്പ മഴയിലേക്കിറങ്ങിപ്പോയത്...
അതില്‍പിന്നെ,
വറുതിയും ഇല്ലായ്മകളും തിന്ന്
തെരുവ് കോലായകളെ ചങ്ങാതിമാരാക്കി
ഭൂമിയളന്നു നടന്നു ഞാന്‍.
നല്ലൊരു സദ്യ കൊതിച്ച്
ഉമനീരിറക്കി
വയര്‍ നിറച്ച ബാല്യത്തിലാണ്
ഉമ്മയെ പനിയെടുത്തത്.
പിന്നീട്,
ഒഴിഞ്ഞ വെപ്പ്കലം കാണുമ്പോള്‍
എന്റെ കണ്ണുകള്‍ നിറയുമായിരുന്നു.
മഞ്ഞുകാലത്ത്,
പുതപ്പില്ലാതെ
പനിച്ചു കിടക്കുമ്പോള്‍
നെറ്റിയില്‍ പുരട്ടാന്‍
ഒരു തുള്ളി മുലപ്പാലിനോടൊപ്പം
പച്ചയായ് തളിര്‍ത്തില്ല
ഒരു കൈത്തലവും...
അതിനാല്‍,
വഴിതെറ്റി വരും ഇലമണങ്ങളെ
ഓര്‍ത്തതേയില്ല ഞാന്‍.
ഇന്ന്,
വയറ് നിറഞ്ഞ്
എന്റെ മക്കള്‍ കരയുന്നത് കണ്ടപ്പോള്‍
ഓര്‍ത്തതാണിത്രയും
അത്രതന്നെ.
Comments