Prabodhanm Weekly

Pages

Search

2012 മെയ് 19

ഭീകരതയുടെ പേരില്‍ നിരപരാധികളെ ജയിലിലടക്കുന്നു

വിവ: പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍

ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്യല്‍, വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലല്‍, മുസ്‌ലിം പ്രദേശങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവിധം റെയ്ഡ് നടത്തല്‍, അറസ്റ്റിലായവരെയും ജയിലിലടച്ചവരെയും ക്രൂരമായി പീഡിപ്പിക്കല്‍, സങ്കീര്‍ണമായ കേസുകളില്‍ പ്രതികളാക്കല്‍, കള്ള സാക്ഷികളെ നിരത്തല്‍, ആയിരക്കണക്കിന് പേജുകളുള്ള ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കല്‍ തുടങ്ങിയ നീക്കങ്ങള്‍ 9/11 ന് ശേഷം എന്‍.ഡി.എയുടെ ഭരണത്തിലാണ് ഇന്ത്യയില്‍ ആരംഭിച്ചത്. എന്നാല്‍, മുസ്‌ലിം യുവാക്കള്‍ പ്രതികളായ നിരവധി കേസുകള്‍ തെളിവില്ലാത്തതിനാലും മറ്റും വെറുതെ വിട്ട സാഹചര്യത്തിലും ഇത്തരം നടപടികള്‍ തുടരുക തന്നെയാണ്. ജീവിതത്തിന്റെ വിലയേറിയ വര്‍ഷങ്ങളാണ് ആ യുവാക്കള്‍ക്ക് ജയിലറകളില്‍ നഷ്ടപ്പെട്ടത്. മീഡിയയാല്‍ ഇരകളാക്കപ്പെട്ട ഈ യുവാക്കളും കുടുംബവും സമൂഹമധ്യത്തില്‍ കളങ്കിതരും സാമൂഹിക ബഹിഷ്‌കരണത്തിന്റെ ബലിയാടുകളുമായാണ് ഇന്നും ജീവിക്കുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളിലെ മുസ്‌ലിം പങ്കാളിത്താരോപണം നിരവധി കേസുകളില്‍ കോടതി നിരാകരിച്ചതിനെത്തുടര്‍ന്ന് മുസ്‌ലിം യുവാക്കളെ വേട്ടയാടുന്ന പോലീസിന്റെ പതിവ് ശൈലി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചെറിയൊരു ഇടവേളക്ക് ശേഷം രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ നീക്കങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. മറുവശത്ത് ഭീകരരാണെന്ന് സ്വാമി അസിമാനന്ദ വെളിപ്പെടുത്തിയ സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നൊരാളെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടുമില്ല. മുസ്‌ലിം വിദ്യാര്‍ഥി സംഘടനയായ സിമിയുടെ നിരോധം തുടര്‍ച്ചയായി നീട്ടുന്നതും നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം (യു.എ.പി.എ) പാസ്സാക്കിയതും ഒപ്പം ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സാങ്കല്‍പിക സംഘടനയെ പടച്ചതുമൊക്കെ ഭരണ കൂട ഭീകരതയുടെ ലക്ഷണങ്ങളായേ മനസ്സിലാക്കാനാവൂ.
നമ്മുടെ ദേശീയ മാധ്യമങ്ങള്‍ പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും മെനഞ്ഞെടുക്കുന്ന ഭീകരതയുടെ കഥകള്‍ ഒന്നുമന്വേഷിക്കാതെ പ്രചരിപ്പിക്കുകയും ചിലപ്പോള്‍ തൊങ്ങലുകള്‍ ചേര്‍ത്ത് സംപ്രേക്ഷണം നടത്തുകയും ചെയ്യുന്നതിന്റെ ഫലമായി മുസ്‌ലിംകള്‍ മുഴുക്കെ കുറ്റവാളികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കപ്പെടുന്നു. അവര്‍ നിരപരാധികളെന്ന് തെളിയിക്കപ്പെട്ടിട്ടും കഥ മെനഞ്ഞതിലോ അത് പ്രചരിപ്പിച്ചതിലോ യാതൊരു കുറ്റബോധവും മീഡിയക്കില്ലതാനും.
കേന്ദ്ര കൂടിയാലോചനാ സമിതി താഴെ പറയുന്ന കാര്യങ്ങള്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളോടാവശ്യപ്പെടുന്നു
1. തീവ്രവാദത്തിന്റെ പേരില്‍ നിരപരാധികളായ മുസ്‌ലിംകളെ വേട്ടയാടുന്നത് ഉടനെ അവസാനിപ്പിക്കുക.
2. തീവ്രവാദത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മുസ്‌ലിംകളുടെ വിചാരണക്കായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക. അതുവരെ അവര്‍ക്ക് ജാമ്യം അനുവദിക്കുക.
3. നിരപരാധികളാണെന്ന് കണ്ട് കോടതി വെറുതെ വിട്ടവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുക. അവരുടെ അറസ്റ്റിന് വഴിവെച്ച കള്ളക്കേസുകള്‍ ചുമത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക.
4. തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ നിയമിക്കുക. അതു സംബന്ധിച്ച നടപടിക്രമങ്ങളെ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ധവള പത്രമിറക്കുക.
5. ഭരണകൂടങ്ങള്‍ക്കും പോലീസിനും പൗരാവകാശ ധ്വംസനത്തിനും മനുഷ്യാവകാശ ലംഘനത്തിനും ഇടംനല്‍കുന്ന യു.എ.പി.എ നിയമം പാസ്സാക്കാതിരിക്കുക. പോട്ടയിലെ മുഴുവന്‍ കരിനിയമങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കെ ഇത് തള്ളേണ്ടതാണ്.
6. വിദേശ രഹസ്യാന്വേഷകരുടെ ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചുപൂട്ടുക. വിദേശ രഹസ്യ ഏജന്‍സികള്‍ക്ക് രാജ്യത്തിനകത്ത് കുഴപ്പമുണ്ടാക്കാനുള്ള അവസരം കൊടുക്കാതിരിക്കുക. ബുദ്ധിപൂര്‍വമല്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സുരക്ഷക്കുമാത്രമല്ല മാന്യതക്കും ക്ഷതമേല്‍പിക്കും.

ഭീകരതാ വിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി) പൗരാവകാശങ്ങളിലുള്ള കൈയേറ്റം


ഭീകരതാ വിരുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നീക്കം ആശങ്കയോടെയാണ് ജമാഅത്തെ ഇസ്‌ലാമി കാണുന്നത്. ഇത് ഇന്റലിജന്‍സ് ബ്യൂറോക്ക് അനര്‍ഹമായ അധികാരങ്ങള്‍ കൈവരാന്‍ ഇടവരുത്തും. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കൈകടത്താനുള്ള അവസരം മാത്രമല്ല കേന്ദ്ര ഗവണ്‍മെന്റിന് ഐ.ബിയിലൂടെ പൗരാവകാശങ്ങളില്‍ കൈയേറ്റം നടത്താനുമുള്ള അധികാരം ലഭിക്കും. അതുകൊണ്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും സമാധാനകാംക്ഷികളും ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നത്.
എന്‍.സി.ടി.സി സ്ഥാപിക്കുകവഴി ഐ.ബിക്ക് പൗരന്മാരുടെ രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും അന്വേഷിക്കാനും സ്വത്തുവഹകള്‍ കണ്ടുകെട്ടാനും മറ്റു രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് വിവരം ആവശ്യപ്പെടാനും സ്‌പെഷ്യല്‍ ഫോഴ്‌സ് മുഖേന കല്‍പനകള്‍ നടപ്പിലാക്കാനുമുള്ള വിപുലമായ അധികാരമാണ് നല്‍കപ്പെടുക. അതേസമയം ഐ.ബിക്ക് മറ്റാരുടെ മുമ്പിലും മറുപടി ബോധിപ്പിക്കേണ്ടതുമില്ല. കര്‍ണാടക ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച കേസില്‍ ഐ.ബി. നിയമ സ്ഥാപനമല്ലെന്നും ആരോടും മറുപടി ബോധിപ്പിക്കാന്‍ ബാധ്യസ്ഥമല്ലെന്നും വ്യക്തമാക്കുകയുണ്ടായി. ഇത്തരമൊരു ഏജന്‍സിക്ക് പോലീസിന്റെ അധികാരങ്ങള്‍ നല്‍കുന്നത് അതിനെ രാക്ഷസവല്‍ക്കരിക്കലാണ്. നിരവധി നിരപരാധികളായ മുസ്‌ലിംകളെ ഭീകരവാദ കേസുകളില്‍ ജയിലിലടച്ചതും കോടതികള്‍ വെറുതെ വിട്ടതും ഇതേ ഐ.ബിയുടെ അടിസ്ഥാനരഹിതമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നത് ജമാഅത്തെ ഇസ്‌ലാമിയെ ആശങ്കപ്പെടുത്തുന്നു.
ഇതുവരെയായി ഭീകരതാവിരുദ്ധ നിയമങ്ങള്‍ എന്ന പേരില്‍ ഉണ്ടാക്കിയ ടാഡ, പോട്ട, യു.എ.പി.എ തുടങ്ങിയവയൊക്കെ നിരപരാധികളായ ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളെ, പ്രത്യേകിച്ചും മുസ്‌ലിംകളെ വേട്ടയാടുക മാത്രമാണ് ചെയ്തത് എന്നതാണ് അനുഭവം. പുതിയ കേന്ദ്രത്തിന്റെ ഉന്നവും മുസ്‌ലിംകളും അവശവിഭാഗങ്ങളുമായിരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി ആശങ്കപ്പെടുന്നു. ഭീകര പ്രവര്‍ത്തനമില്ലാതാക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ കാര്യക്ഷമമായി ഉപയോഗിച്ചാല്‍ മതിയാവും. അതുകൊണ്ട് ഈ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് സമിതി ആവശ്യപ്പെടുന്നു.

ഉത്തര്‍ പ്രദേശിലെ
ഭരണ മാറ്റം

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ യു.പിയില്‍ മുസ്‌ലിംകള്‍ കാണിച്ച പക്വമായ സമ്മതിദാനാവകാശ വിനിയോഗം നല്ലൊരു സൂചനയായി ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നു. സംവരണംപോലുള്ള പ്രശ്‌നങ്ങളില്‍ ചില നേതാക്കള്‍ അവധാനതാപൂര്‍വമല്ലാത്ത പ്രസ്താവനകള്‍ നടത്തിയിരുന്നെങ്കിലും മുസ്‌ലിംകള്‍ പൊതുവെ ദീര്‍ഘ വീക്ഷണത്തോടെയാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഭൂരിപക്ഷ മണ്ഡലങ്ങളിലും തങ്ങളുടെ വോട്ടുകള്‍ ചിതറിപോകാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു.
രണ്ട് വലിയ ദേശീയ പാര്‍ട്ടികള്‍ക്ക് യു.പിയില്‍ നേരിട്ട പതനം വൈകാരികവും വഞ്ചനാപരവുമായ മുദ്രാവാക്യങ്ങള്‍ക്ക് ഇനിയും സാധാരണക്കാരെ പറ്റിക്കാനാവില്ലെന്നതിന് തെളിവാണ്. മായാവതിക്കും അവരുടെ പാര്‍ട്ടിക്കും ജനങ്ങള്‍ 2007-ല്‍ അവസരം നല്‍കിയെങ്കിലും അധികാരം അവരെ സ്വാര്‍ഥികളും രാഷ്ട്രവിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നവരുമാക്കി മാറ്റി. അതിന്റെ ഫലമായി ജനം അവരെ അവിശ്വസിക്കുകയും അധികാരത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തു. അഴിമതിയും കെടുകാര്യസ്ഥതയുമാണ് ബി.എസ്.പി ഭരണത്തില്‍ ജനങ്ങള്‍ കൂടുതലും അനുഭവിച്ചത്. യു.പിയില്‍ മുസ്‌ലിംകള്‍ നിര്‍ണായക ശക്തിയാണെന്ന് ഇപ്പോള്‍ കൂടുതല്‍ ബോധ്യമായിരിക്കുന്നു. കോണ്‍ഗ്രസിനെ പാഠം പഠിപ്പിച്ചത് മുസ്‌ലിംകള്‍ മാത്രമാണ്. ഭീകരതാ വിരുദ്ധമെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചേടത്തോളം മുസ്‌ലിംവിരുദ്ധമാണെന്ന് യു.പിയിലെ വോട്ടര്‍മാര്‍ കരുതിയെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
എസ്.പിയും അതിന്റെ നേതാക്കളും പ്രചാരണഘട്ടത്തില്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി പ്രതീക്ഷിക്കുന്നു. മായാവതിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ സമാജ്‌വാദി പാര്‍ട്ടി തയാറാവുമെന്ന് പ്രതീക്ഷിക്കാം. മുഖ്യമന്ത്രിയായ ഉടനെ അഖിലേഷ് യാദവ് നടത്തിയ ചുവടുവെപ്പുകള്‍ പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. തീവ്രവാദത്തിന്റെ പേരില്‍ ജയിലിലടച്ച നിരപരാധികളെ വിട്ടയക്കാനും അവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കാനും അദ്ദേഹം മുന്‍കൈയെടുക്കുമെന്ന് പ്രത്യാശിക്കുന്നു.

സിറിയയിലെ നരഹത്യ


സിറിയയിലെ ആഭ്യന്തര യുദ്ധവും ഗവണ്‍മെന്റ് സേന സ്വന്തം പൗരന്മാര്‍ക്കെതിരെ നടത്തുന്ന ആയുധ പ്രയോഗവും ജമാഅത്തെ ഇസ്‌ലാമി ആശങ്കയോടെയാണ് കാണുന്നത്. അവിടെ പാശ്ചാത്യ ലോബി പിന്നില്‍നിന്ന് കളിക്കുന്നുവെന്നാണ് വാര്‍ത്തകളില്‍നിന്ന് മനസ്സിലാവുന്നത്. ഒരുവശത്ത് അവര്‍ ബശ്ശാറുല്‍ അസദിനെതിരെ പ്രസ്താവന നടത്തുകയും ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ ആഭ്യന്തര യുദ്ധത്തിന് കരുത്തേകുംവിധം പ്രവര്‍ത്തിച്ചുകൊണ്ട് രാജ്യത്തെ ദുര്‍ബലമാക്കാന്‍ രഹസ്യ അജണ്ടയുമായി പിന്നില്‍ കളിക്കുകയും ചെയ്യുന്നു. അറബ്‌ലീഗുമായി സഹകരിച്ച് യു.എന്‍ നടത്തിയ സമാധാന നീക്കത്തിന്റെ ഭാഗമായി കോഫി അന്നന്‍, ബശ്ശാറുല്‍ അസദുമായി സംസാരിക്കുകയും വെടിനിര്‍ത്താനും പൊതുസ്ഥലങ്ങളില്‍നിന്ന് സായുധസേനയെ പിന്‍വലിക്കാനും ജയിലിലടച്ച ജനനേതാക്കളെ വിട്ടയക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാധാനപരമായി വാര്‍ത്തകള്‍ ശേഖരിക്കാനുള്ള അന്തരീക്ഷമൊരുക്കാനും തീരുമാനിച്ചെങ്കിലും ഒന്നും നടപ്പിലായിട്ടില്ല. പൊതുജനത്തിനെതിരെ സൈനികാക്രമണം തുടരുകയാണിപ്പോഴും. ഏപ്രില്‍ 13-ന് ജുമുഅക്ക് ശേഷം നടന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ റാലിക്ക് നേരെ സൈന്യം പലയിടത്തും വെടിവെക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തു. മറ്റു അറബ് നാടുകളിലെപ്പോലെതന്നെ സിറിയയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചതെങ്കിലും അവിടെ മാത്രമാണ് പതിനായിരക്കണക്കിന് ജനങ്ങള്‍ മരിച്ചു വീണത്. ഭീകരവാദികളെന്നും കൊള്ളക്കാരെന്നും പറഞ്ഞാണ് സൈന്യം ജനങ്ങളെ കൊന്നുതള്ളുന്നത്.
സിറിയയെ ഇത്തരം നിഷ്ഠുര ചെയ്തികളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്നും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് സിറിയയില്‍ അധിനിവേശത്തിന് അവസരം നല്‍കരുതെന്നും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെടുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം