Prabodhanm Weekly

Pages

Search

2012 മെയ് 19

പ്രത്യാശയുടെ സ്വപ്നഭൂമികളില്‍

ബാബുലാല്‍

''യൂസുഫ് തന്റെ പിതാവിനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: പ്രിയ പിതാവേ, ഞാന്‍ സ്വപ്നം കണ്ടു; പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും. അവ എന്നെ പ്രണമിച്ചുകൊണ്ടിരിക്കുന്നു'' (യൂസുഫ് 4).
''(പട്ടണത്തില്‍ പ്രവേശിച്ച ശേഷം) അദ്ദേഹം തന്റെ മാതാപിതാക്കളെ പൊക്കി തനിക്കരികില്‍ പീഠത്തിലുപവിഷ്ടരാക്കി. എല്ലാവരും അദ്ദേഹത്തിന്റെ മുമ്പില്‍ സുജൂദ് ചെയ്തു.യൂസുഫ് പറഞ്ഞു: പ്രിയ പിതാവേ, ഞാന്‍ പണ്ടു കണ്ടിട്ടുണ്ടായിരുന്ന ആ സ്വപ്നത്തിന്റെ പുലര്‍ച്ചയാകുന്നു ഇത്. എന്റെ റബ്ബ് അത് യാഥാര്‍ഥ്യമാക്കിയിരിക്കുന്നു'' (യൂസുഫ് 100).
സ്വപ്നവും പ്രത്യാശയും മനുഷ്യനാഗരികതയുടെ കുതിപ്പിന് വലിയ അളവില്‍ കാരണമായിട്ടുണ്ട്. സ്വപ്നത്തിന് അതിര്‍വരമ്പുകളില്ല. യാഥാര്‍ഥ്യബോധത്താല്‍ പ്രത്യാശാഭരിതമായ സ്വപ്നങ്ങള്‍ ചിറകുള്ളവയായിരിക്കും. അനന്തമായ ആകാശത്തിലേക്കും കടലാഴങ്ങളിലേക്കും ഊളിയിട്ടിറങ്ങാനുള്ള ഊര്‍ജം ആ ചിറകുകള്‍ ആവാഹിച്ചിട്ടുണ്ടാവും.
നേട്ടങ്ങള്‍ പലപ്പോഴും സ്വപ്നങ്ങള്‍ കൊയ്‌തെടുക്കുന്നതാണ്. വിപ്ലവങ്ങളുടെ ഗര്‍ഭവും പേറ്റ്‌നോവും പേറും വളര്‍ച്ചയും ഈ സ്വപ്നങ്ങളില്‍ നിന്നാണ്. ''ടൈഗ്രീസിന്റെയോ യൂഫ്രട്ടീസിന്റെയോ തീരത്ത് ഒരാട്ടിന്‍കുട്ടി വിശന്ന് മരിച്ചാല്‍ ഉമറിന്റെ ഗതി എന്നതാവും'' എന്ന രണ്ടാം ഖലീഫയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ സ്വപ്നരാജ്യത്തിന്റെ ആഴം നമുക്ക് വരച്ചുകാണിക്കുന്നു.
ഇസ്‌ലാം സ്വപ്നത്തെ പോസിറ്റീവായി കാണുന്ന ദര്‍ശനമായിട്ടാണ് അനുഭവപ്പെടുന്നത്. ഖുര്‍ആനിക വായനയും പ്രവാചക വചനങ്ങളുമാണ് ഈ ചിന്തയുടെ പ്രേരകം. പ്രത്യാശാഭരിതമായ ഒരു സാമൂഹിക ക്രമത്തെക്കുറിച്ചും നീതിയെക്കുറിച്ചും മതം മനുഷ്യനില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന നന്മയുടെ അനന്ത സാധ്യതകളെക്കുറിച്ചുമെല്ലാം പ്രവാചകന്‍(സ) ദാറുല്‍ അര്‍ഖമില്‍ നിന്ന് ദീര്‍ഘ ദര്‍ശനം ചെയ്തു. സുറാഖ ബിന്‍ മാലിക്കിന്റെ കൈയില്‍ കിസ്‌റയുടെ വളകള്‍ അണിയിക്കപ്പെടുമെന്നും ഹിരാ ക്ലീറ്റസിന്റെ പട്ടണം തനിക്കധീനപ്പെടുമെന്നുമുള്ള റസൂലി(സ)ന്റെ പ്രവചനങ്ങളില്‍ ദൈവിക വെളിപാടിന്റെ ശക്തമായ ഇടപെടലുണ്ടെങ്കിലും, പ്രത്യാശയുടെ സ്വപ്നങ്ങളാണ് ഒരു സംഘത്തിന്റെ വിജയത്തിന്റെ ആണിക്കല്ല് എന്ന് ഊട്ടിയുറപ്പിക്കുന്നു.
പ്രത്യാശാഭരിതമായ നാളെ എന്നത് ഭാരമേറിയ സ്വപ്നമാണ്. ഇതിന്റെ ഭാരലഘൂകരണം സാക്ഷാത്കരിക്കപ്പെടുന്നത് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന 'അനശ്വര' ജീവിതത്തിലൂടെയാണ്. ബദ്‌റില്‍ ഉമൈറുബ്‌നു ഹുമാം (റ) കഴിച്ചുകൊണ്ടിരിക്കുന്ന ഈത്തപ്പഴം വലിച്ചെറിഞ്ഞ് പറഞ്ഞത് 'തന്നെ കാത്തിരിക്കുന്നത് ഒരു നീണ്ട ജീവിതമാണ്' എന്നാണ്. ഉഹുദില്‍ ഹന്‍ളല അല്‍ ഗസീല്‍(റ) യുദ്ധമുന്നണിയിലേക്ക് ഓടിയത് മണിയറയുടെ ചൂടാറും മുമ്പേ.
ഇസ്‌ലാം പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ദര്‍ശനമാണ്. അനീതിയോടും അക്രമത്തോടുമുള്ള കലഹങ്ങളാണ് അതിന്റെ സ്വപ്നങ്ങള്‍ക്ക് ചൂട് പകര്‍ന്നിട്ടുള്ളത്. ഇസ്‌ലാമിന്റെ 'അതിജീവന കല' സത്ത കൊണ്ടത് നന്മയുടെ പെയ്തിറങ്ങല്‍ കൊണ്ടാണെന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. ''എന്റെ സമുദായത്തിന്റെ ഉപമ മഴ പോലെയാണ്. അതിന്റെ തുടക്കമോ ഒടുക്കമോ നന്മ എന്ന് പറയാന്‍ പറ്റില്ല'' (അഹ്മദ്, തിര്‍മിദി). അഥവാ ഫലഭൂയിഷ്ഠമായ നാടിന് മഴ എന്ന പോലെ നന്മയുള്ള നാഗരികതക്ക് ഇസ്‌ലാമിക സമൂഹം അതത് കാലഘട്ടങ്ങളില്‍ അനിവാര്യമാണ് എന്ന ചൂണ്ടല്‍.
ബാലനായ യൂസുഫ് സ്വപ്നം കാണുകയും പൊട്ടക്കിണറ്റിന്റെയും അടിമത്തത്തത്തിന്റെയും പ്രലോഭനത്തിന്റെയും ജയിലിന്റെയും വെല്ലുവിളികള്‍ക്ക് മുമ്പില്‍ പതറാതെ തന്റെ സ്വപ്ന പൂര്‍ത്തീകരണത്തിലേക്ക് നടന്നടുക്കുകയും ചെയ്തതിന്റെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. ആ ഓര്‍മകളും പ്രത്യാശയുടെ ഖുര്‍ആനിക വചനങ്ങളും കടംകൊണ്ട ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സ്വപ്നസാക്ഷാത്കാരത്തിലേക്ക് നീങ്ങാതെ തരമില്ല.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം