പതിച്ചുനല്‍കുന്നതിനുള്ള ഉപാധികള്‍
രാജാക്കന്മാര്‍ തങ്ങളുടെ സ്വന്തക്കാര്‍ക്ക് സമ്മാനങ്ങള്‍ വാരിക്കോരി നല്‍കുന്നത് പോലെ എന്തോ ആണ് ഇസ്‌ലാമിലെ ഭൂദാനം എന്ന് കരുതരുത്. കര്‍ശനമായ ചില ഉപാധികളോടെ ആയിരുന്നു ഈ ഭൂദാനം. നബിചര്യയും ഇസ്‌ലാമിക ചരിത്രവും പരിശോധിച്ചാല്‍ ആ ഉപാധികള്‍ നമുക്കിങ്ങനെ സംഗ്രഹിക്കാം.
ഒന്ന്, ഭൂമി പതിച്ചു കിട്ടിയ വ്യക്തി അത് മൂന്ന് വര്‍ഷം ഒരു പണിയും ചെയ്യാതെ വെറുതെയിട്ടാല്‍ അയാളുടെ ഉടമസ്ഥത റദ്ദായിപ്പോകും. ഇതിന് തെളിവായി ഇമാം അബൂയൂസുഫ് ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. മുസൈന, ജുഹൈന ഗോത്രക്കാര്‍ക്ക് പ്രവാചകന്‍ ഏതാനും സ്ഥലങ്ങള്‍ പതിച്ചുനല്‍കി. അവരാ ഭൂമി ഒന്നും ചെയ്യാതെ വെറുതെയിട്ടു. വേറെ ചിലയാളുകള്‍ വന്നു ആ ഭൂമിയില്‍ കൃഷിയും മറ്റും തുടങ്ങി. ഖലീഫ ഉമറിന്റെ ഭരണകാലത്ത് മുസൈന, ജുഹൈന ഗോത്രക്കാര്‍ പരാതിയുമായെത്തി. ഉമര്‍(റ) അവരോട് പറഞ്ഞു: ''ഞാനോ അബൂബക്കറോ ആണ് ഭൂമി നല്‍കിയിരുന്നതെങ്കില്‍ നിങ്ങള്‍ക്കുള്ള ഉടമസ്ഥത ഞാന്‍ റദ്ദാക്കുമായിരുന്നു. ഇത് പ്രവാചകന്‍ നല്‍കിയതല്ലേ, അതുകൊണ്ട് മാത്രം ഞാനത് റദ്ദാക്കുന്നില്ല.'' ഈ പ്രശ്‌നത്തിലുള്ള യഥാര്‍ഥ നിയമം ഇതാണ്. 'ഒരു വിഭാഗത്തിന് ഭൂമി കിട്ടിയിട്ട് മൂന്ന് വര്‍ഷം അവരത് വെറുതെയിട്ടു, അപ്പോള്‍ മറ്റൊരു വിഭാഗം വന്ന് ആ ഭൂമി ഉല്‍പാദനയോഗ്യമാക്കി, എങ്കില്‍ ആ ഭൂമിക്ക് ഏറ്റവും അര്‍ഹര്‍ രണ്ടാമത്തെ വിഭാഗമാണ്.'
രണ്ട്, പതിച്ചു കിട്ടിയ ഭൂമി ശരിയായ നിലയില്‍ ഉപയോഗിച്ചില്ലെങ്കിലും ഉടമസ്ഥത ഇല്ലാതായേക്കാം. അബൂ ഉബൈദ് കിതാബുല്‍ അംവാലിലും യഹ്‌യ ബ്‌നു ആദം അല്‍ഖറാജിലും ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. പ്രവാചകന്‍ തിരുമേനി ബിലാലുബ്‌നു ഹാരിസ് മുസ്‌നി എന്നൊരാള്‍ക്ക് അഖീഖ് താഴ്‌വര മുഴുവനും പതിച്ചു നല്‍കുകയുണ്ടായി. പക്ഷേ, അതിന്റെ വലിയൊരു ഭാഗത്ത് കൃഷിയിറക്കാന്‍ അദ്ദേഹത്തിന് സാധ്യമായില്ല. തന്റെ ഭരണകാലത്ത് ഖലീഫ ഉമര്‍ അദ്ദേഹത്തോട് പറഞ്ഞു: ''ഭൂമി തരിശായിടാനോ മറ്റുള്ളവര്‍ അതില്‍ കൃഷിയിറക്കുന്നത് തടയാനോ അല്ല പ്രവാചകന്‍ താങ്കള്‍ക്ക് ഈ ഭൂമി പതിച്ചു നല്‍കിയത്. അതിനാല്‍ താങ്കള്‍ താങ്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത് മാത്രം സ്വന്തമാക്കി വെക്കുക. ബാക്കി വിട്ടുതരിക. ഞാനത് മുസ്‌ലിംകള്‍ക്കിടയില്‍ വിതരണം ചെയ്‌തോളാം.'' ബിലാലുബ്‌നു ഹാരിസ് സമ്മതിച്ചില്ല. ഉമര്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍, കൃഷിയിറക്കിയ ഭാഗം മാത്രം ബിലാലിന് വിട്ടുകൊടുത്തുകൊണ്ട് ബാക്കി ഭാഗം ഉമര്‍ തിരിച്ചുപിടിക്കുകയും മറ്റുള്ളവര്‍ക്കിടയില്‍ അത് വിതരണം ചെയ്യുകയുമാണുണ്ടായത്.
മൂന്ന്, ഗവണ്‍മെന്റിന്റെ അധീനതയിലുള്ള ഭൂമി മാത്രമേ ഇങ്ങനെ വിതരണം ചെയ്യാന്‍ അധികാരമുള്ളൂ. ഒരാളുടെ ഭൂമി പിടിച്ചെടുത്ത് മറ്റേയാള്‍ക്ക് കൊടുക്കുക, അല്ലെങ്കില്‍ ഒരാളുടെ തോട്ടത്തിന്റെ പാട്ടാവകാശം മറ്റൊരാള്‍ക്ക് നല്‍കുക, അങ്ങനെ യഥാര്‍ഥ ഉടമസ്ഥരെ കേവലം കുടിയാന്മാരാക്കി മാറ്റുക തുടങ്ങിയ അധികാര പ്രയോഗങ്ങള്‍ക്കൊന്നും ഭരണകൂടത്തിന് അവകാശമുണ്ടായിരിക്കുന്നതല്ല.
നാല്, രാഷ്ട്രത്തിനും സമൂഹത്തിനും ഉയര്‍ന്ന സേവനങ്ങളും ത്യാഗങ്ങളുമര്‍പ്പിക്കുന്ന നിസ്വാര്‍ഥരായ വ്യക്തികള്‍ക്കോ, മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഒക്കെയാണ് ഭൂമി പതിച്ചു നല്‍കുക. ഭരണാധികാരികള്‍ അവരുടെ ശിങ്കിടികള്‍ക്കും സ്തുതിപാഠകര്‍ക്കും നല്‍കുന്ന, പൊതുതാല്‍പര്യങ്ങളെ വഞ്ചിച്ച് തങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ക്ക് ഏകാധിപതികള്‍ നല്‍കുന്ന പാരിതോഷികങ്ങളൊന്നും നിയമാനുസൃത ഭൂദാനത്തിന്റെ പരിധിയില്‍ വരുന്നതല്ല.
അവസാനം പറഞ്ഞ ഈ രണ്ട് ഉപാധികളെക്കുറിച്ച് ഇമാം അബൂയൂസുഫ് കിതാബുല്‍ ഖറാജില്‍ ഇങ്ങനെ എഴുതുന്നു: ''ഇസ്‌ലാമിന് സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടി പാരിതോഷികങ്ങളും മറ്റും നല്‍കാന്‍ ഭരണാധികാരിക്ക് ഉടമസ്ഥനോ അവകാശിയോ ഇല്ലാത്ത സ്വത്തുക്കള്‍ ഉപയോഗിക്കാം. നീതിനിഷ്ഠരായ ഭരണാധികാരികള്‍ ഏതെങ്കിലും വ്യക്തിക്ക് ഭൂമിയോ മറ്റോ ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. എന്നാല്‍, ഒരാളുടെ ഭൂമിയെടുത്താണ് ഭരണാധികാരി മറ്റൊരാള്‍ക്ക് കൊടുക്കുന്നതെങ്കില്‍ അത് ഒരാളില്‍നിന്ന് പിടിച്ചു പറിച്ച് മറ്റൊരാള്‍ക്ക് ദാനം ചെയ്യുന്നത് പോലെയാണ്.''
അദ്ദേഹം വീണ്ടും: ''നേരത്തെ പറഞ്ഞ വ്യവസ്ഥകളോടെ നീതിമാന്മാരായ ഭരണാധികാരികളാണ് ഇറാഖ്, അറേബ്യ, ജിബാല്‍ പോലുള്ള മേഖലകളില്‍ പൊതുഭൂമി പതിച്ചു നല്‍കിയതെങ്കില്‍, പിന്നീട് വരുന്ന ഖലീഫമാര്‍ക്ക് ആ ഭൂദാനം റദ്ദാക്കാന്‍ അവകാശമുണ്ടാവുകയില്ല. അതിന്റെ നിലവിലുള്ള ഉടമകള്‍ അനന്തരാവകാശമായി അത് നേടിയതാണെങ്കിലും ആ ഉടമകളില്‍ നിന്ന് മറ്റാളുകള്‍ അത് വില കൊടുത്തു വാങ്ങിയതാണെങ്കിലും ശരി.''
ചര്‍ച്ച സമാഹരിച്ചു കൊണ്ട് ഇമാം അബൂയൂസുഫ് ഇങ്ങനെ കുറിക്കുന്നു: ''പ്രവാചകന്റെയും സച്ചരിതരായ ഖലീഫമാരുടെയും ഭൂദാന രീതികള്‍ പരിശോധിച്ചാല്‍, പൊതു താല്‍പര്യങ്ങളായിരുന്നു അതില്‍ പരിഗണിച്ചിരുന്നത് എന്ന് കാണാം. പുതുവിശ്വാസികള്‍ക്ക് ആശ്വാസവും സാമ്പത്തിക പിന്‍ബലവും നല്‍കുക, ഭൂമി ഉല്‍പാദനക്ഷമമാക്കുക തുടങ്ങിയ പൊതു കാര്യങ്ങള്‍ക്ക്. ഇസ്‌ലാമിന് വേണ്ടി മികച്ച സേവനം കാഴ്ചവെച്ചവര്‍ക്കോ, ശത്രുക്കള്‍ക്കെതിരെ കരുത്തുറ്റ പിന്‍ബലമാകുമെന്ന് കരുതപ്പെടുന്നവര്‍ക്കോ ഒക്കെയാണ് സച്ചരിതരായ ഖലീഫമാര്‍ ഭൂമി നല്‍കിയതെന്ന് കാണാവുന്നതാണ്'' (കിതാബുല്‍ ഖറാജ്, 32-35).
പതിച്ചു നല്‍കുന്ന ഭൂമി(ജാഗിര്‍)യെക്കുറിച്ചുള്ള ഇസ്‌ലാമിക വിധിയെന്ത് എന്ന അബ്ബാസി ഖലീഫ ഹാറൂന്‍ അല്‍ റശീദിന്റെ അന്വേഷണത്തിന് മറുപടിയായാണ് മേല്‍ക്കൊടുത്ത പരാമര്‍ശങ്ങളടങ്ങിയ പുസ്തകം ഇമാം അബൂയൂസുഫ് രചിച്ചത്. ഭൂദാനം ഇസ്‌ലാമികമായി സാധുവാണെന്നും എന്നാല്‍ എല്ലാതരം പതിച്ചുനല്‍കലും അതിന്റെ കൂട്ടത്തില്‍ പെടുത്താന്‍ പറ്റില്ലെന്നുമാണ് ഇമാം സമര്‍ഥിക്കുന്നത്. നീതിയും ന്യായവും നോക്കി ദൈവഭക്തരായ ഭരണാധികാരികള്‍ ചെയ്യുന്ന ഭൂദാനമാണ് ഇസ്‌ലാമികമായി ശരി. ധിക്കാരികളും ഏകാധിപതികളും തങ്ങളുടെ പാര്‍ശ്വവര്‍ത്തികള്‍ക്കും ദുരുദ്ദേശ്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കും ചാര്‍ത്തിക്കൊടുക്കുന്ന ഭൂമിക്ക് ഇസ്‌ലാമികമായി നിയമസാധുതയില്ല. അതിനാല്‍ ഈ രണ്ട് തരം ഭൂദാനങ്ങളെയും ഒരേപോലെ കാണാന്‍ കഴിയില്ല. നിയമസാധുതയുള്ളത് നിലനിര്‍ത്തുകയും നിയമവിരുദ്ധമായത് റദ്ദാക്കുകയും വേണം. രണ്ട് ഭൂദാനങ്ങളെയും ഒരേപോലെ കാണുന്നതിലപ്പുറം അനീതി മറ്റെന്തുണ്ട്?
സ്വകാര്യ ഉടമസ്ഥതയോടുള്ള
ആദരവ്
പ്രവാചകന്റെയും സച്ചരിതരായ ഖലീഫമാരുടെയും കാലത്ത് ഭൂമി കൈകാര്യം എങ്ങനെയായിരുന്നു എന്നതിന്റെ ഒരു ചിത്രമാണ് നാം കണ്ടത്. ഇതിലൂടെ കണ്ണോടിച്ച് പോകുന്ന ആരെങ്കിലും പറയുമോ, ഭൂസ്വത്തുകള്‍ മുഴുവന്‍ സ്വകാര്യ ഉടമയില്‍ നിന്ന് പൊതു ഉടമയിലേക്ക് മാറ്റുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യമെന്ന്? തീര്‍ത്തും സ്വാഭാവികമായിട്ടുള്ളത് സ്വകാര്യ ഉടമസ്ഥതയാണെന്നും അതാണ് ശരിയായ ഉടമസ്ഥതയുടെ രീതിയെന്നും ഈ വിവരണത്തില്‍നിന്ന് ഏതൊരാള്‍ക്കും എളുപ്പത്തില്‍ ബോധ്യമാവും. അതുകൊണ്ടാണ് പ്രവാചകന്‍ പഴയ ഉടമകളില്‍ തന്നെ ഉടമസ്ഥത നിലനിര്‍ത്തിയത്. പഴയ ഉടമസ്ഥത നീക്കം ചെയ്ത സന്ദര്‍ഭങ്ങളിലാകട്ടെ പുതിയ ഉടമസ്ഥരെ കണ്ടെത്തി അതേല്‍പിക്കുകയും ചെയ്തു. തരിശ് നിലങ്ങള്‍ വരെ സ്വകാര്യ ഉടമസ്ഥതയിലേക്ക് കൊണ്ട് വരാനുള്ള വാതിലുകള്‍ തുറന്നിട്ടു. പ്രവാചകന്‍ ഭൂമി ദാനം ചെയ്തപ്പോഴെല്ലാം അതിന്റെ സകല ഉടമസ്ഥാവകാശങ്ങളും വ്യക്തികള്‍ക്ക് കൈമാറിയിരുന്നു. അതിനര്‍ഥം, പഴയ ഉടമസ്ഥതാ സമ്പ്രദായം പ്രവാചകന്‍ 'അനിവാര്യമായ തിന്മ' എന്ന നിലക്ക് സ്വീകരച്ചതല്ല എന്നാണ്. അതാണ് സ്വാഭാവികവും ഭാവിയിലേക്ക് പ്രയോജനം ചെയ്യുന്നതും എന്ന് മനസ്സിലാക്കി തന്നെ ചെയ്തതാണ്.
സ്വകാര്യ ഉടമസ്ഥതയെ നബി ആദരിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവ് പറയാം. ഇമാം മുസ്‌ലിം വിവിധ സ്രോതസ്സുകളെ അവലംബിച്ച് രേഖപ്പെടുത്തിയ സംഭവമാണ്. മര്‍വാനുബ്‌നു ഹകമിന്റെ ഭരണകാലത്ത് ഒരു സ്ത്രീ പരാതിയുമായി എത്തി. സ്വഹാബിയായ സഈദ് ബ്‌നു സൈദ് (ഹസ്രത്ത് ഉമറിന്റെ ഭാര്യാ സഹോദരന്‍) തന്റെ ഭൂമിയുടെ ഒരു ഭാഗം കവര്‍ന്നെടുത്തു എന്നാണ് ആ സ്ത്രീയുടെ പരാതി. അപ്പോള്‍ സഈദ് ബ്‌നു സൈദ് ഇങ്ങനെ ബോധിപ്പിച്ചു: ഞാനെങ്ങനെയാണ് ഈ മഹതിയുടെ ഭൂസ്വത്ത് തട്ടിയെടുക്കുക, പ്രവാചകന്‍ ഇങ്ങനെ പറയുന്നത് ഞാന്‍ നേരില്‍ കേട്ടിരിക്കെ: 'ആരെങ്കിലും അതിക്രമം കാണിച്ച് ഒരു ചാണ്‍ ഭൂമി കൈവശപ്പെടുത്തിയാല്‍ അതിന്റെ ഏഴിരട്ടി നീളത്തില്‍ ഭൂമി അവന്റെ കഴുത്തില്‍ മാലയായി ചാര്‍ത്തിയിടും.' ഇതേ ആശയമുള്ള ഹസീദുകള്‍ അബൂഹുറയ്‌റ, ആഇശ(റ) എന്നിവരും ഉദ്ധരിച്ചിട്ടുണ്ട് (മുസ്‌ലിം-കിതാബുല്‍ മുസാഖാത്ത് വല്‍ മുസാറഅ, ബാബു തഹീരീമി ദ്ദുല്‍മി വ ഗസ്വ്ബില്‍ അര്‍ദ്). വിവിധ വഴികളിലൂടെ നസാഇയും തിര്‍മിദിയും ഉദ്ധരിച്ച ഒരു പ്രവാചകവചനം ഇങ്ങനെയാണ്: ''മറ്റൊരാളുടെ ഭൂമി അതിക്രമിച്ചു കൈയേറുന്നവന് അതില്‍ കൃഷി ചെയ്യാനുള്ള അവകാശമില്ല.'' ''മറ്റൊരാളുടെ ഭൂമിയില്‍ അയാളുടെ അനുവാദമില്ലാതെ കൃഷി ചെയ്താല്‍ കൃഷി ചെയ്തയാള്‍ക്ക് ഉല്‍പന്നങ്ങളെടുക്കാന്‍ അവകാശമില്ല. ചെലവ് ഈടാക്കാം'' എന്ന് മറ്റൊരു ഹദീസ് (അബൂദാവൂദ്, ഇബ്‌നുമാജ, തിര്‍മിദി).
ഉര്‍വതുബ്‌നു സുബൈര്‍ പറയുന്നു: ''ഒരു അന്‍സ്വാരി സ്വഹാബിയുടെ ഭൂമിയില്‍ മറ്റൊരാള്‍ ഈത്തപ്പന കൃഷി ചെയ്തതായി നബിക്ക് പരാതി ലഭിച്ചു. ഈത്തപ്പനത്തൈകള്‍ പിഴുത് മാറ്റാനും ഭൂമി അതിന്റെ അവകാശിക്ക് തിരിച്ചുകൊടുക്കാനുമാണ് പ്രവാചകന്‍ ഉത്തരവിട്ടത്'' (അബൂദാവൂദ്).
ഈ സംഭവങ്ങളെല്ലാം നല്‍കുന്ന സന്ദേശമെന്താണ്? സ്വകാര്യ ഉടമസ്ഥത 'അനിവാര്യ തിന്മയെന്നോണം ഇസ്‌ലാം പൊറുപ്പിക്കുകയാണ്' എന്നാരെങ്കിലും പറയുമോ? സ്വകാര്യ ഉടമസ്ഥത അംഗീകരിക്കുക മാത്രമല്ല, അതിനെ ആദരിക്കാന്‍ വ്യക്തിയും ഭരണകൂടവും ബാധ്യസ്ഥമാണ് എന്നു കൂടി ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നില്ലേ?
(തുടരും)
Comments