ആല്‍പ്‌സ് പര്‍വതത്തിന് ഹിമാലയത്തോട് പറയാനുള്ളത്
മലകളെ ചുറ്റിപ്പടര്‍ന്നു മുകളിലേക്ക് കയറിപ്പോകുന്ന വഴികളിലൂടെ ഞങ്ങള്‍ നല്ലൊരു ഭക്ഷണശാല അന്വേഷിച്ചലഞ്ഞു. അടഞ്ഞ വാതിലുകളും അണഞ്ഞ വിളക്കുകളും ആവര്‍ത്തിച്ചു കണ്ടിട്ടും ജോര്‍ജിയോ നിരാശനായില്ല. ഉച്ചഭക്ഷണം വളരെ ലഘുവായിരുന്നതിനാല്‍ നല്ല വിശപ്പും. അന്വേഷണം ലക്ഷ്യം കാണാതെ മലകള്‍ വിട്ടു പട്ടണത്തിലേക്ക് തിരിച്ചുപോകാനും ജോര്‍ജിയോ എളുപ്പം തയാറായില്ല.
ഒടുവില്‍ കോടക്കാറുകളെ താഴെയാക്കി ഞങ്ങള്‍ ഏതോ ഒരു മലമുകളിലേക്ക് ചുരം കയറുമ്പോള്‍ പാതയരികില്‍ ഓക്ക് മരപ്പലകകള്‍ കൊണ്ട് സുന്ദരമായി പണിതുവെച്ച ഒരു കെട്ടിടം കണ്ടു. പുറത്തു വെളിച്ചമുണ്ട്. വാതില്‍ തുറന്നിരിക്കുന്നെങ്കിലും 'അടച്ചിട്ടിരിക്കുന്നു' എന്ന അപായ സൂചന ചുമരില്‍ തൂങ്ങിയാടുന്നു. ഞങ്ങള്‍ അകത്തേക്ക് കയറി.
വാതിലിനടുത്ത് കസേരയില്‍ ഒരാള്‍ പുസ്തകം വായിച്ചിരിക്കുന്നു. കൈയില്‍ ആവി പറക്കുന്ന കാപ്പി പാത്രം. ജോര്‍ജിയോ അയാളോടെന്തോ പറഞ്ഞു. അയാള്‍ തിരിച്ചങ്ങോട്ടും. പുസ്തകം താഴെ വെച്ച് കാപ്പിപ്പാത്രവുമായി അയാള്‍ എഴുന്നേറ്റു വന്നു ഹസ്തദാനം ചെയ്തു സ്വയം പരിചയപ്പെടുത്തി 'അലസ്സോ.'
''റിസോര്‍ട്ട് അടച്ചിട്ടിരിക്കുകയാണ്. പക്ഷേ താങ്കള്‍ ബ്രൂണിക്കോയുടെ അതിഥിയാണല്ലോ. അല്‍പം കാത്തിരിക്കാമെങ്കില്‍ നല്ലൊരത്താഴം കഴിച്ചു മടങ്ങാം.'' ജര്‍മന്‍ കലര്‍ന്ന ഇംഗ്ലീഷില്‍ അലസ്സോ പറഞ്ഞു. ഞങ്ങള്‍ സമ്മതത്തോടെ ഒരു തീന്‍ മേശക്കിരുപുറവുമിരുന്നു.
അകത്തേക്ക് പോയി അല്‍പം കഴിഞ്ഞു മടങ്ങി വന്ന അലസ്സോ ഞങ്ങളുടെയടുത്ത് കസേര വലിച്ചിട്ടിരുന്നു.
''അടുക്കളയില്‍ പഴകാത്ത കാട്ടു കൂണും മാനിറച്ചിയും പ്രത്യേകമായെടുത്ത് പാകം ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. കൂടെ അല്‍പം പച്ചക്കറിയും പാസ്തയും'' അലസ്സോ ഞങ്ങളെ സമാധാനിപ്പിച്ചു.
''താങ്കള്‍ ഖത്തറില്‍ നിന്നാണല്ലേ?'' അലസ്സോ ചോദിച്ചു.
''വരുന്നത് ഖത്തറില്‍നിന്നാണെങ്കിലും ഞാന്‍ ഇന്ത്യക്കാരനാണ്.'' ഇന്ത്യയും ഖത്തറും ഞങ്ങളുടെ തീന്മേശ ചര്‍ച്ചാ വിഷയമായി. പുതിയ ലോക സാമ്പത്തിക ക്രമവും മധ്യ പൗരസ്ത്യ ദേശത്തെ സങ്കീര്‍ണതകളും ഇന്ത്യയുടെയും ചൈനയുടെയും സാമ്പത്തിക വളര്‍ച്ചയുമൊക്കെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അലസ്സോ പുതിയൊരു വിഷയത്തിലേക്ക് തെന്നി മാറി.
''കശ്മീര്‍ എന്തുകൊണ്ട് ശാന്തമാവുന്നില്ല?''
പ്രശ്‌നം ഏറെ സങ്കീര്‍ണമാണെന്ന എന്റെ മറുപടിയില്‍ തൃപ്തിവരാതെ അലസ്സോ തുടര്‍ന്നു:
''സങ്കീര്‍ണമല്ലാത്ത പ്രശ്‌നങ്ങളുണ്ടോ? പക്ഷേ, പരിഹാരം കാണാന്‍ ആര്‍ക്കെങ്കിലും സന്മനസുണ്ടോ എന്നതാണ് പ്രശ്‌നം. ഞങ്ങളെ നോക്കൂ. ഇറ്റലിയും ഓസ്ട്രിയയും തെക്കന്‍ ടിരോള്‍ നിവാസികളും ഒന്നിച്ചിരുന്നു പരിഹാരം കണ്ട പോലെ ഇന്ത്യയും പാകിസ്താനും കശ്മീര്‍വാസികളും ആത്മാര്‍ഥമായി ഒരു മേശക്ക് ചുറ്റുമിരുന്നാല്‍ തീരാത്ത പ്രശ്‌നമുണ്ടോ?'' അലസ്സോ സത്യം പറയുകയാണ്. രാജഭരണത്തിന്റെ തകര്‍ച്ച, യുദ്ധം, കൂട്ടിച്ചേര്‍ക്കലുകള്‍, പറിച്ചു മാറ്റലുകള്‍, കുടിയിരുത്തലുകള്‍, തീവ്രവാദം, വിഘടനവാദം, പട്ടാളവും വെടിയൊച്ചകളും. തെക്കന്‍ ടിരോളുമായി കശ്മീരിന് എന്തെല്ലാം സാമ്യതകള്‍. എങ്കിലും പരിഹാരമെന്തേ അനിശ്ചിതമായി നീണ്ടുപോകുന്നു? ചര്‍ച്ചകളൊക്കെയെന്തേ ഫലം കാണാതെ പോകുന്നു? പരസ്പരം പഴിചാരലല്ലാതെ മറ്റൊന്നും ആരും പറഞ്ഞു കേള്‍ക്കാത്തതെന്തുകൊണ്ട്?
ആവി പറക്കുന്ന പാത്രങ്ങളില്‍ ഭക്ഷണം വന്നു. പുഴുങ്ങിയ കാട്ടു കൂണും ചുട്ടെടുത്ത മാനിറച്ചിയും വെട്ടിനുറുക്കിയ പച്ചക്കറികളും പാസ്തയും. എല്ലാറ്റിനും കൂട്ട് കുരുമുളക് മണികള്‍ കുതിര്‍ത്തിയിട്ട ഒലീവെണ്ണ. അത്യപൂര്‍വ വിഭവങ്ങളും അതിയായ വിശപ്പും. ഞങ്ങള്‍ ഭക്ഷണ പാത്രങ്ങളിലേക്കിറങ്ങി.
ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോഴും കശ്മീര്‍ ഒരു ദുഃഖമായി മനസ്സില്‍ കുരുങ്ങി നിന്നു. നനഞ്ഞു പുകയുന്ന പ്രശ്‌നങ്ങളാണ് ഏഷ്യന്‍ രാഷ്ട്രീയത്തെ സജീവമാക്കുന്നത്. ഭരണം മാത്രം ലക്ഷ്യമാക്കുന്ന പാര്‍ട്ടികള്‍ക്ക് അവിടെയാണ് ചാകര. പരിഹാരം ആര്‍ക്കു വേണം? ആരൊക്കെയോ ചേര്‍ന്ന് വിഡ്ഢിവേഷം കെട്ടുകയാണ്. ആത്മാര്‍ഥതയില്ലാത്ത പൊറാട്ട് നാടകം.
''ആല്‍പ്‌സ് പര്‍വതത്തിന് സാധ്യമായത് എന്തുകൊണ്ട് ഹിമവാന് അപ്രാപ്യമാവുന്നു?''- അലസ്സോയുടെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ ഉത്തരം മുട്ടി.
''സത്യത്തില്‍ കശ്മീരും തിബറ്റും ശാന്തമാവുന്നതില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും ഏറെ താല്‍പര്യമുണ്ടാവില്ല. കിലുങ്ങുന്ന മടിശ്ശീലകളുമായി വര്‍ഷാവര്‍ഷം വിരുന്നെത്തുന്ന മഞ്ഞുകാല സഞ്ചാരികള്‍ മാത്രമല്ല, ചൂട് കാലത്ത് തണലും തണുപ്പും തേടിപ്പോകുന്നവരും ആല്‍പ്‌സ് വിട്ട് ഏറെ ആദായകരമായ ഹിമാലയം തേടി പോകും. പ്രത്യേകിച്ച് കൈയില്‍ പണം കുറവായ ഇക്കാലത്ത്.'' അലസ്സോ കശ്മീര്‍ പ്രശ്‌നത്തിന്റെ പടിഞ്ഞാറന്‍ ദര്‍ശനം ഭംഗിയായി അവതരിപ്പിച്ചു.
ആഗോള വിനോദ സഞ്ചാര വരുമാനത്തിന്റെ നാലിലൊന്ന് ഒഴുകിയെത്തുന്നത് ആല്‍പ്‌സ് പര്‍വത നിരകളിലേക്കാണ്. അതിനുതകുന്ന തരത്തില്‍ മലനിരകളിലും താഴ്‌വരകളിലും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചിട്ടുണ്ട്. ആല്‍പ്‌സിനേക്കാള്‍ ഗാംഭീര്യവും മലനിരകളുടെ ബാഹുല്യവും ഹിമാലയത്തിനാണ്. പര്‍വതാരോഹണത്തിനും മഞ്ഞു വിനോദങ്ങള്‍ക്കും ആല്‍പ്‌സിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ കഴിയുമായിരുന്ന ഹിമാലയത്തിലും താഴ്‌വരകളിലും പക്ഷേ വെടിക്കോപ്പുകളും ഗ്രനേഡുകളും കൈയിലേന്തി നില്‍ക്കുന്ന പട്ടാളക്കാരല്ലാതെ ഒന്നുമില്ല. ഹിമവാന്റെ സ്വപ്ന സൗന്ദര്യം പട്ടാള ബൂട്ടുകള്‍ക്കിടയില്‍ ഞരിഞ്ഞമര്‍ന്നു വീര്‍പ്പു മുട്ടുമ്പോള്‍ പട്ടാളമിറങ്ങിപ്പോയ ആല്‍പ്‌സ് നിരകളില്‍ ചിരിക്കുന്ന കാട്ടു പൂക്കുകളും പാടുന്ന പയിന്‍ മരങ്ങളും കലപില കൂട്ടുന്ന കാട്ടാറുകളും സഞ്ചാരികള്‍ക്ക് സ്വര്‍ഗം തീര്‍ക്കുന്നു. നമുക്കൊന്ന് മാറി ചിന്തിക്കാന്‍ സമയമായില്ലേ?
ഭക്ഷണശേഷവും ഞങ്ങള്‍ ഏറെ നേരം ലോക കാര്യങ്ങള്‍ സംസാരിച്ചിരുന്നു. നാളെ യൂറോക്ലീമയുടെ രണ്ടാമത്തെ ഫാക്ടറിയിലാണ് പരിപാടി. ഇറ്റാലിയന്‍ അതിര്‍ത്തിക്കപ്പുറം 'സില്യന്‍' എന്ന കൊച്ചു ഓസ്ട്രിയന്‍ ഗ്രാമത്തില്‍. അലസ്സോയോട് യാത്ര പറഞ്ഞു ഞങ്ങള്‍ മലയിറങ്ങി.
രാവിലെ തന്നെ ബ്രൂണിക്കോയില്‍ നിന്ന് ഓസ്ട്രിയന്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. ഫാക്ടറിയിലെത്തുന്നതിന് മുമ്പായി അതിര്‍ത്തി പ്രദേശങ്ങള്‍ വിശദമായി കാണണം. മലനിരകള്‍ക്കിടയിലെ താഴ്‌വരയിലൂടെയാണ് പാത. അകം കുളിര്‍പ്പിക്കുന്ന തണുപ്പ്. ചുറ്റിലും ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകള്‍ക്കൊക്കെ തിളങ്ങുന്ന പച്ച നിറം. ചെറിയ കുന്നുകള്‍ക്കു പിറകില്‍ വലിയ കുന്നുകളും പിന്നെ വന്‍മലകളും പര്‍വതങ്ങളും നിരനിരയായി നില്‍ക്കുന്നു. അടുത്ത് കാണുന്ന കുന്നിന്‍ ചെരുവുകളെല്ലാം ചേതോഹരമായ പച്ച പുല്‍മേടുകള്‍. അവിടങ്ങളില്‍ ആഹാര സമൃദ്ധി ആഘോഷിക്കുന്ന തടിച്ച കൊഴുത്ത കാലിക്കൂട്ടങ്ങള്‍.
മഞ്ഞുമാറിയാല്‍ കര്‍ഷകര്‍ അവിടം പച്ചപ്പുല്ലുകള്‍ വളര്‍ത്തുന്നു.യന്ത്രമുപയോഗിച്ച് അരിഞ്ഞെടുത്ത് കറ്റകളാക്കി അടുത്ത മഞ്ഞുകാലത്തേക്ക് വേണ്ടി സൂക്ഷിച്ചുവെക്കുന്നു.
വണ്ടികള്‍ ഓടുന്ന റോഡിനു സമാന്തരമായി പുല്‍ക്കാടുകള്‍ക്കപ്പുറം വീതി കുറഞ്ഞ മറ്റൊരു പാത. അതിലൂടെ കുട്ടികളും മുതിര്‍ന്നവരും സൈക്കിള്‍ ചവിട്ടുന്നു.
വണ്ടി നിര്‍ത്തി അല്‍പനേരം ഈ കുന്നിന്‍ചെരുവിലൂടെ ഇറങ്ങി നടക്കാമെന്ന് ഞാന്‍ ജോര്‍ജിയോട് പറഞ്ഞു. മുന്നോട്ടടിച്ചു പോയി ഒരു സ്‌കിയിംഗ് റിസോര്‍ട്ടിന്റെ താഴ്‌വാരത്തില്‍ ജോര്‍ജിയോ വണ്ടി നിര്‍ത്തി. ഇളം വെയിലേറ്റു ശോഭിച്ചു നില്‍ക്കുന്ന പുല്‍തിട്ടകളിലൂടെ ഞങ്ങള്‍ അല്‍പനേരം നടന്നു. മാദക സുന്ദരമായ പ്രകൃതി.
മലകയറാമെന്ന് ജോര്‍ജിയോ. കുന്നിന്‍ മുകളിലേക്ക് കേബിളുകള്‍ ഉണ്ട്. ഉരുക്ക് കയറില്‍ തൂങ്ങിയാടുന്ന ഒരു തുറന്ന ഊഞ്ഞാലില്‍ കാലും തൂക്കിയിരുന്ന ഞങ്ങളെ യന്ത്രങ്ങള്‍ മലമുകളിലേക്ക് വലിച്ചുകയറ്റി. താഴെ മരങ്ങള്‍ വെട്ടിമാറ്റി പുല്ലു പിടിപ്പിച്ച വീതികൂടിയ ചെരുവുതലം മലയുടെ ഉച്ചിയില്‍ നിന്ന് താഴോട്ടൊഴുകുന്ന ഒരു ഹരിത നദി പോലെ. ഇവിടം മഞ്ഞു നിറയുന്ന കാലത്താണ് കാലില്‍ നീണ്ട പാദുകങ്ങളും കൈയില്‍ മുള്‍മുനയുള്ള വടികളുമായി മുകളില്‍ നിന്ന് താഴോട്ട് നിരങ്ങി നീങ്ങാനെത്തുന്ന വിനോദ സഞ്ചാരികളെ കൊണ്ട് സാന്ദ്രമാവുക.
മലയുടെ ഉച്ചിയിലെ ഒരു ചെറിയ കെട്ടിടത്തിനു മുന്നില്‍ ഞങ്ങളിറങ്ങി. മരം കോച്ചുന്ന തണുപ്പ്. അവിടെ കണ്ട തുറന്ന ഒരു റസ്റ്റോറന്റിലേക്ക് ജോര്‍ജിയോ സ്‌നേഹത്തോടെ എന്നെ ഒരു ഐസ്‌ക്രീം തിന്നാന്‍ ക്ഷണിച്ചു. കമ്പിളി വസ്ത്രങ്ങളിലൂടെയും തുളച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാന്‍ കൈകളും കാലുകളും വിറപ്പിച്ചു നില്‍ക്കുമ്പോള്‍ ഈ ക്ഷണം എനിക്ക് ഏറെ ആശ്ചര്യകരമായി തോന്നി.
ജോര്‍ജിയോ തമാശ പറഞ്ഞതല്ല. പുറത്തിരിക്കുന്ന എല്ലാവരുടെയും കൈയില്‍ പാതിയൊഴിഞ്ഞ ഐസ്‌ക്രീം പാത്രം. തണുപ്പ് കാലത്താണ് തണുത്ത ഐസ്‌ക്രീം കഴിക്കേണ്ടത് എന്ന അയാളുടെ ഉപദേശം സ്വീകരിച്ചു ഞാനും ഒരു പാത്രം പിസ്താചിയോ ഐസ്‌ക്രീം വാങ്ങി. കഴിച്ചുതുടങ്ങിയപ്പോള്‍ പതിയെ പതിയെ ശരീരം പുറത്തെ തണുപ്പുമായി രാജിയാവാന്‍ തുടങ്ങുന്നത് ഒരു നവ്യാനുഭവമായി.
മലകള്‍ക്ക് മേലെ വീണ്ടും മലകള്‍. ഒരുകാലത്ത് ഈ മലകളിലൊക്കെ പട്ടാള ബാരക്കുകളായിരുന്നു. യുദ്ധകാലത്ത് മഞ്ഞുമലകളില്‍ അവര്‍ സുരക്ഷിത താവളം തീര്‍ത്തു. മഞ്ഞിലൂടെ നിരങ്ങി സഞ്ചരിക്കാന്‍ പട്ടാളക്കാര്‍ പഠിച്ചെടുത്ത വിദ്യകളാണ് ഇന്ന് മഞ്ഞുകാല വിനോദങ്ങളായി നമ്മള്‍ കൊണ്ടാടുന്നത്.
കനംകൂടിയ മഞ്ഞു ശിലകള്‍ക്ക് പുറത്തു തമ്പടിച്ച പട്ടാളക്കാരെ അവരേക്കാള്‍ ഉയരങ്ങളില്‍ വെടിമരുന്നുകള്‍ കൊണ്ട് ഐസ് പാളികള്‍ പൊട്ടിച്ചു കൃത്രിമ ഹിമ പ്രവാഹത്തിലൂടെ ഒഴുക്കി കളഞ്ഞ കഥകള്‍ ഏറെയാണ്. ഈ മഞ്ഞുമലകളിലെത്രയോ ജീവന്‍ മരവിച്ചു മറഞ്ഞിട്ടുണ്ട്.
ബോള്‍സാനോ മ്യൂസിയത്തില്‍ സൂക്ഷിച്ചുവെച്ച ലോകത്തിലെ ഏക മഞ്ഞു മനുഷ്യനായ 'ഒറ്റ്‌സി'യെ എനിക്ക് പിന്നിലെ മഞ്ഞുകാടുകളില്‍നിന്നാണ് കണ്ടെത്തിയത്. അയ്യായിരത്തി മുന്നൂറ് വര്‍ഷം പഴക്കമുള്ള ആ മനുഷ്യ ശരീരത്തിന്റെ സൂക്ഷിപ്പവകാശത്തിനു വേണ്ടി ഒരുകാലത്ത് ഇറ്റലിയും ഓസ്ട്രിയയും ലോകകോടതി കയറിയിറങ്ങിയിരുന്നു.
താഴെയിറങ്ങിയ ഞങ്ങള്‍ യാത്ര തുടര്‍ന്ന് ഓസ്ട്രിയന്‍ അതിര്‍ത്തിയിലെത്തി. ഒരുകാലത്ത് മുറിച്ചുകടക്കാന്‍ പ്രാണന്‍ പണയം വെക്കേണ്ടിയിരുന്ന കമ്പിവേലികള്‍ ഇന്നില്ല. ഷെങ്കന്‍(Schengen) രാജ്യങ്ങള്‍ അതിര്‍ത്തികള്‍ പൊഴിച്ച് മാറ്റിയതോടെ ഇറ്റലിക്കും ഓസ്ട്രിയക്കുമിടയിലും അതിരുകളില്ലാതായി. ഞങ്ങള്‍ ആരോടും ഒന്നും ചോദിക്കാതെ ആരും ഒന്നും ചോദിക്കാതെ തുറന്ന വഴിയിലൂടെ ജില്ലകള്‍ മാറുന്ന ലാഘവത്തോടെ ഇറ്റലിയില്‍ നിന്ന് ഓസ്ട്രിയയിലേക്ക് കടന്നു. അതിര്‍ത്തി പ്രദേശത്ത് ലഹരി മരുന്നുകള്‍ കടത്തുന്നത് ശ്രദ്ധിക്കാനല്ലാതെ യാത്രാ രേഖകള്‍ പോലും പരിശോധിക്കുന്നില്ല. തുറന്നു മലര്‍ത്തിയിട്ട കവാടങ്ങള്‍.
ഓസ്ട്രിയയിലേക്ക് കടന്നിട്ടും ഭൂപ്രകൃതി മാറിയില്ല. മനുഷ്യ മുഖങ്ങളോ വേഷങ്ങളോ ഭാഷയോ മാറിയില്ല. മലകളും മേഘങ്ങളും ആകാശവും മാറിയില്ല. ഒന്നും മാറുന്നില്ല. പിന്നെയെന്തിനായിരുന്നു ഈ വരകളില്‍ ആയിരക്കണക്കിന് മനുഷ്യാത്മാക്കളെ കുരുതി കൊടുത്തത്?
സില്യനിലെ സന്ദര്‍ശനം പെട്ടെന്ന് തീര്‍ത്തു. ഓസ്ട്രിയന്‍ അതിര്‍ത്തി തിരിച്ചു കടന്നു ഞങ്ങള്‍ ഉച്ചയോടെ മടങ്ങി. വൈകുന്നേരം ബ്രൂണിക്കോയോട് യാത്ര പറഞ്ഞു ജോര്‍ജിയോക്കൊപ്പം മടക്ക യാത്രയാരംഭിച്ചു.
ഞാന്‍ ഹിമാലയത്തെ ഓര്‍ത്തു. ആല്‍പ്‌സിനേക്കാള്‍ ചേതോഹരമാണ് ആ മലകളും താഴ്‌വാരങ്ങളും. പക്ഷേ, തോക്ക് നീട്ടി നില്‍ക്കുന്ന പട്ടാളക്കാര്‍. ഭയന്നു വിറച്ചു കരയുന്ന കാട്ടുപൂവുകളും കാട്ടാറുകളും. കീറി വരഞ്ഞുവെച്ച വരകള്‍. മുള്ള് പല്ലുകള്‍ നീട്ടി നില്‍ക്കുന്ന കമ്പി വേലികള്‍. അവയില്‍ തൂങ്ങിയാടുന്ന ഒരുപാട് മനുഷ്യ ജന്മങ്ങള്‍. അവരുടെ ശിരസ്സുകള്‍ ചവിട്ടുപടികളാക്കി ഉയരങ്ങളിലേക്ക് കയറുന്നവരും തെന്നി വീഴുന്നവരും. ഹിമവല്‍ക്കത്തിനകത്തു പുകയുന്ന അഗ്നിയുമായി ഹിമവാന്‍.
മലകളെ ചുറ്റി വരിഞ്ഞും താഴ്‌വരകളെ കീറിമുറിച്ചും കടന്നുപോകുന്ന പാതകളിലൂടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങി. ശാന്ത ഗംഭീരമായി ആകാശത്തേക്ക് തല നീട്ടി നില്‍ക്കുന്ന ആല്‍പ്‌സ് പര്‍വതനിരകളില്‍ നിന്ന് താഴോട്ടു പറന്നിറങ്ങി വന്ന കോട മേഘങ്ങള്‍ തന്റെ കിഴക്കന്‍ സഹോദരന് കൈമാറാന്‍ സാന്ത്വന സന്ദേശത്തിന്റെ മേഘദൂതുമായി ഞങ്ങളെ പൊതിഞ്ഞു കടന്നുപോയി.
അലസ്സോയുടെ ചോദ്യം അപ്പോഴും ഉത്തരം കിട്ടാതെ എന്റെ ചെവികളില്‍ മദ്ദളം കൊട്ടുന്നുണ്ടായിരുന്നു. ''ആല്‍പ്‌സ് പര്‍വത നിരകള്‍ക്കു പ്രാപ്യമായതെന്തേ ഹിമാലയത്തിനു അപ്രാപ്യമായി?''
(അവസാനിച്ചു)
[email protected]
Comments