Prabodhanm Weekly

Pages

Search

2012 മെയ് 19

കൊര്‍ദോവ ഇസ്‌ലാമിക് ഫെയര്‍ മുസ്‌ലിം ഐക്യത്തെ അടയാളപ്പെടുത്തിയ കാര്‍ണിവല്‍

പ്രത്യേക ലേഖകന്‍

മെയ് 2 മുതല്‍ 7 വരെ കോഴിക്കോട് ജൂബിലി ഹാളില്‍ നടന്ന കൊര്‍ദോവ ഇസ്‌ലാമിക് ഫെയര്‍, അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരുമിച്ചിരിക്കാനും ആരോഗ്യകരമായി സംവദിക്കാനുമുള്ള പക്വത മുസ്‌ലിം സമുദായം കൈവരിച്ചതിന്റെ അനുഭവ സാക്ഷ്യമായി. കോഴിക്കോട് ആസ്ഥാനമായ മുസ്‌ലിം പുസ്തക പ്രസാധകരുടെ കൂട്ടായ്മയായ ഇസ്‌ലാമിക് ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആറു നാള്‍ നീണ്ടുനിന്ന ഇസ്‌ലാമിക് ഫെയര്‍ സംഘടിപ്പിച്ചത്. കേരളത്തിന്റെ പൊതുമണ്ഡലത്തെ രൂപപ്പെടുത്തുന്നതിലും വളര്‍ത്തിയെടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ച കേരള മുസ്‌ലിംകളുടെ ചരിത്രപരവും സാംസ്‌കാരികവുമായ ഈടുവെപ്പുകളെ മുസ്‌ലിം സമുദായത്തിലും പൊതു സമൂഹത്തിലും പരിചയപ്പെടുത്തുന്നതിനുള്ള ഒരു സ്ഥിരം വേദിയാണ് ഇസ്‌ലാമിക് ഹെറിറ്റേജ് ട്രസ്റ്റ്. ട്രസ്റ്റിന്റെ പ്രഥമ സംരംഭമായിരുന്നു കൊര്‍ദോവ ഇസ്‌ലാമിക് ഫെയര്‍.
കേരളത്തിലെ അറിയപ്പെടുന്ന പ്രസാധകരായ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്), ഇസ ബുക്‌സ്, യുവത ബുക്‌സ്, കെ.എന്‍.എം ബുക്‌സ്, ഐ.പി.ബി, പൂങ്കാവനം, നിച്ച് ഓഫ് ട്രൂത്ത്, തേജസ് പബ്ലിക്കേഷന്‍സ്, മുഫക്കിറുല്‍ ഇസ്‌ലാം, അദര്‍ ബുക്‌സ്, എജുമാര്‍ട്ട്, അല്‍ഹുദാ ബുക്സ്റ്റാള്‍, വചനം, വിചാരം, അറേബ്യന്‍ ബുക്‌സ് തുടങ്ങിയ 40-ഓളം പ്രസാധകരും, മാധ്യമം, ചന്ദ്രിക, തേജസ്, സിറാജ്, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങളും, പ്രബോധനം, വിചിന്തനം, ശബാബ്, രിസാല, സന്തുഷ്ടകുടുംബം, ആരാമം, പുടവ തുടങ്ങിയ ആനുകാലികങ്ങളും ഒന്നിച്ചണിനിരന്നപ്പോള്‍ ഒരേ സമയം മുസ്‌ലിം ഐക്യത്തിന്റെയും കേരള മുസ്‌ലിംകള്‍ കൈവരിച്ച സാംസ്‌കാരിക വളര്‍ച്ചയുടെയും കൊടിയടയാളമായി അത് മാറി.
കേരളത്തിലെ ഉന്നത ഇസ്‌ലാമിക കലാലയങ്ങളായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ചെമ്മാട്, അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം, വാഫി കോളേജ്, മര്‍കസ് വളാഞ്ചേരി, ഇസ്‌ലാഹിയ ചേന്ദമംഗല്ലൂര്‍, അസ്ഹറുല്‍ ഉലൂം ആലുവ, മടവൂര്‍ സി.എം സെന്റര്‍, കേരള ഇസ്‌ലാമിക് മിഷന്‍ തുടങ്ങിയവയും സ്റ്റാളുകളുടെ കൂട്ടത്തിലുണ്ടായിരുന്നു.
മേളയുടെ ഉദ്ഘാടനവേദി കുറെ കാലമായി മുസ്‌ലിം കേരളം കാണാന്‍ കൊതിച്ചിരുന്ന മുസ്‌ലിം ഐക്യത്തിന്റെ അപൂര്‍വ സംഗമമായി മാറി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത പവലിയന്‍ മാധ്യമം എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, ചന്ദ്രിക എഡിറ്റര്‍ ടി.പി ചെറൂപ്പ, തേജസ് എഡിറ്റര്‍ പ്രഫ. പി. കോയ, രിസാല എഡിറ്റര്‍ അലി അശ്‌റഫ്, സംഘടനാ നേതാക്കളായ ശൈഖ് മുഹമ്മദ് കാരകുന്ന്, സൈദ് മുഹമ്മദ് നിസാമി, സുഹൈര്‍ ചുങ്കത്തറ എന്നിവര്‍ സംബന്ധിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ കുഞ്ഞാലന്‍ കുട്ടി ഹാജി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി റസൂല്‍ ഗഫൂര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ കെ.ടി ഹുസൈന്‍ നന്ദിയും പറഞ്ഞു.
വിവിധ പ്രസാധകരുടെ ഏഴോളം പുതിയ പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. കേരള മുസ്‌ലിം ചരിത്രത്തിന്റെ സൂക്ഷിപ്പുകാരനായ അബ്ദുര്‍റഹ്മാന്‍ മങ്ങാടിനെ ചടങ്ങില്‍ ആദരിച്ചു. വ്യത്യസ്ത ദിവസങ്ങളിലായി വിവിധ സംഘടനാ നേതാക്കളും എഴുത്തുകാരും ഫെയര്‍ സന്ദര്‍ശിച്ചതും പുതിയൊരു അനുഭവമായി. മുനവ്വറലി ശിഹാബ് തങ്ങള്‍, പ്രഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, ടി. ആരിഫലി, ഹുസൈന്‍ മടവൂര്‍, ഇ.ടി മുഹമ്മദ് ബശീര്‍, കക്കാട് ഫൈസി, പി.ഐ നൗഷാദ്, ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. അന്‍വര്‍, ഒ. അബ്ദുല്ല, എ.പി കുഞ്ഞാമു, ജമാല്‍ കൊച്ചങ്ങാടി, കെ.പി കുഞ്ഞിമൂസ, നടന്‍ മാമുക്കോയ തുടങ്ങിയവര്‍ മേള സന്ദര്‍ശിച്ച പ്രമുഖരില്‍ പെടുന്നു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം