Prabodhanm Weekly

Pages

Search

2012 മെയ് 19

സുഡാന്‍ വിഭജന ശേഷവും ശാന്തികേടിന്റെ നട്ടുച്ചകളില്‍

വി.എ കബീര്‍

സാമ്രാജ്യത്വം കടന്നുപോയിടത്തൊക്കെ ഒരു പ്രശ്‌നം ബാക്കിയാക്കിയിട്ടേ അധികാരമൊഴിഞ്ഞ ചരിത്രമുള്ളൂ. ഇന്ത്യയില്‍ കശ്മീര്‍, മധ്യപൗരസ്ത്യ ദേശത്ത് ഫലസ്ത്വീന്‍, ഉത്തര-ദക്ഷിണ യമന്‍, ഇന്തോനേഷ്യയിലെ തിമൂര്‍, നൈജീരിയയിലെ ബായഫ്ര ഇങ്ങനെ പല രാജ്യങ്ങളും ഇതിനു ദൃഷ്ടാന്തമാണ്. ഉത്തര-ദക്ഷിണ സുഡാന്റെ വര്‍ത്തമാനാവസ്ഥയും തിക്തമായ ഈ കൊളോണിയല്‍ ദുഷ്ടലാക്കിന്റെ ബാക്കിപത്രമാണ്. അവസാനിക്കാത്ത ഇത്തരം പ്രശ്‌നങ്ങളുടെ മുഖ്യ ഗുണഭോക്താവായി ഛിദ്രശക്തികള്‍ക്കൊപ്പം ഇപ്പോഴും നവ കൊളോണിയല്‍ പാശ്ചാത്യ ഭരണകൂടങ്ങള്‍ രംഗത്തുണ്ട് എന്നതാണ് വിരോധാഭാസം. ധാതു സമ്പന്നമായ ആഫ്രിക്കയെ സ്വയം വികസിക്കാനനുവദിക്കാതെ തമ്മിലടിപ്പിച്ച് മുതലെടുക്കാനാണ് ഇന്നും കൊളോണിയല്‍ ശക്തികള്‍ക്ക് താല്‍പര്യം. കോളനിയാനന്തര കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളെ ആഭ്യന്തരയുദ്ധങ്ങളില്‍ തളച്ചിട്ടുകൊണ്ടാണ് ഭൂതന്ത്രപരവും വിഭവ ചൂഷണപരവുമായ തങ്ങളുടെ താല്‍പര്യങ്ങളെ പാശ്ചാത്യ ശക്തികള്‍ സംരക്ഷിച്ചുപോരുന്നത്. കീഴാളദൗത്യം നിര്‍വഹിക്കാത്തപക്ഷം ഒരിക്കലും സുസ്ഥിരത അനുവദിക്കാന്‍ നിയോ കൊളോണിയലിസ്റ്റുകള്‍ സമ്മതിക്കുകയില്ല എന്നതിന്റെ തെളിവാണ് സോമാലിയ. 2006-ലെ ജനകീയ ഉണര്‍വിന്റെ ഫലമായി നിലവില്‍ വന്ന ഇസ്‌ലാമിക് കോര്‍ട്ട്‌സ് പരസ്പരം പോരടിച്ചിരുന്ന യുദ്ധപ്രഭുക്കളില്‍നിന്ന് രാജ്യത്തെ സമാധാനപരമായി മോചിപ്പിക്കുകയും മിക്ക ഭാഗങ്ങളിലും സുസ്ഥിരത കൈവരിക്കുകയും ചെയ്തതായിരുന്നു. വ്യാപാരം പുനരാരംഭിക്കുകയും കര്‍ഷകര്‍ ഫാമുകളിലേക്ക് തിരിച്ചുപോവുകയും ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം ശക്തിപ്പെടുകയും അങ്ങനെ പ്രതീക്ഷ തിരിച്ചുവരികയും ചെയ്തു. പക്ഷേ, ആറു മാസത്തിനകം സി.ഐ.എ എത്യോപ്യയിലെ പാവ സര്‍ക്കാറിനെ ഉപയോഗപ്പെടുത്തി സോമാലിയക്ക് മേല്‍ യുദ്ധം അടിച്ചേല്‍പിച്ച് ആ രാജ്യത്തെ വീണ്ടും അരാജകത്വത്തിലേക്ക് തള്ളിയിട്ടു. സോമാലിയന്‍ കടല്‍കൊള്ളക്കാരുടെ പിന്നില്‍ പോലും വാഷിംഗ്ടണിന്റെ കരങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. സുഡാന്‍ വിഭജനത്തിന് മുമ്പ് ദക്ഷിണ സുഡാനിലെ വിഘടിത ശക്തികള്‍ക്ക് അമേരിക്ക ആയുധമെത്തിച്ചു കൊടുത്തിരുന്നത് കെനിയ വഴിക്കായിരുന്നു. കെനിയന്‍ തീരത്തുനിന്ന് സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ ടാങ്കുകള്‍ പിടിച്ചെടുത്തത് ഉത്തര സുഡാന്റെ എതിരാളിയായ ജൂബാ ഗവണ്‍മെന്റിനു വേണ്ടിയായിരുന്നുവെന്നാണ് വിക്കിലീക്‌സ് കേബിളുകളില്‍ വെളിവായത്.
ആധുനിക ഈജിപ്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന മുഹമ്മദലി പാഷ (ഓട്ടോമന്‍ ഖിലാഫത്തിന്റെ ഈജിപ്ഷ്യന്‍ ഗവര്‍ണര്‍) 1805-ല്‍ സുഡാന്‍ ഉള്‍പ്പെടെ സോമാലിയന്‍ തീരത്തോളം ചെന്നെത്തുന്ന നവീന വികസിത രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആരംഭിച്ചപ്പോഴാണ് അദ്ദേഹത്തില്‍ ഒരു പ്രതിയോഗിയെ കണ്ടെത്തിയ ബ്രിട്ടീഷ് സാമ്രാജ്യം ഈജിപ്തില്‍ അധിനിവേശം ചെയ്തത്. അങ്ങനെ 1898-ല്‍ സുഡാന്‍ ആംഗ്ലോ-ഈജിപ്ഷ്യന്‍ കോളനിയുടെ ഭാഗമായിത്തീര്‍ന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ സുഡാനെ വടക്കും തെക്കുമായി ബ്രിട്ടന്‍ വിഭജിച്ചു. വടക്ക് ഇസ്‌ലാമിനെ ഔദ്യോഗിക മതവും അറബി ഔദ്യോഗിക ഭാഷയുമാക്കിയപ്പോള്‍ തെക്ക് ഇംഗ്ലീഷ് അടിച്ചേല്‍പിക്കുകയും മിഷനറിമാരെ ഇറക്കുമതി ചെയ്ത് അവിടത്തെ പ്രാകൃത മതവിശ്വാസികളെ (Animists) ക്രിസ്ത്യാനികളാക്കുകയും ചെയ്തു. കരുതല്‍ മേഖലകള്‍ (Buffer Zone) സൃഷ്ടിക്കാനായി ബ്രിട്ടന്‍ ഗ്രീക്ക് -അര്‍മീനിയന്‍ ന്യൂനപക്ഷങ്ങളെ പോലും ഇറക്കുമതി ചെയ്യുകയുണ്ടായി. സുഡാനീ സംഘര്‍ഷത്തെ ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെയുള്ള അറബ് ഇസ്‌ലാം വംശവെറിയായി ചിത്രീകരിക്കാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിക്കാറുണ്ടെങ്കിലും ദക്ഷിണ സുഡാനില്‍ ഇപ്പോഴും ക്രിസ്ത്യാനികളേക്കാളേറെ പ്രാകൃതാരാധകരാണെന്നതാണ് വസ്തുത.
സുഡാന്‍ മുതല്‍ സെനഗല്‍ വരെയുള്ള വിശാല ഭൂപ്രദേശം കഴിഞ്ഞകാലത്ത് ഒരേ സാംസ്‌കാരിക പശ്ചാത്തലം പങ്കിടുന്ന അത്യന്തം വിഭവ സമ്പന്നമായ മേഖലയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യം സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി 19-ാം നൂറ്റാണ്ടില്‍ കൃത്രിമമായ അതിരുകള്‍ സൃഷ്ടിച്ചിരുന്നില്ലെങ്കില്‍ ഇന്നത്തേതില്‍നിന്ന് ഭിന്നമായി ആഫ്രിക്കയുടെ ചിത്രം വന്‍ വികസനത്തിന്റേതാകുമായിരുന്നുവെന്ന് ഭൂതന്ത്ര രാഷ്ട്രീയ, അറബ് ലോക വിദഗ്ധനായ മുഹമ്മദ് ഹസന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ശ്രദ്ധേയമത്രെ. സുഡാനിലെ പുതിയ സംഘര്‍ഷങ്ങള്‍ വിലയിരുത്തുമ്പോള്‍ ഭൂതകാല ചരിത്രത്തിലേക്കുള്ള ഈ തിരിഞ്ഞുനോട്ടം അനിവാര്യമാണ്. പഴയ കൊളോണിയല്‍ കളികളുടെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴും നടക്കുന്നത്. പുതിയ കളിക്കാരുടെ കൂട്ടത്തില്‍ ഇസ്രയേലും സജീവമായുണ്ട്. മറുവശത്ത് ചൈനയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. വംശീയമെന്നതിലുപരി എണ്ണ-ധാതു സമ്പത്തുക്കളും ജലവും ഭൂപരമായ തന്ത്രപ്രാധാന്യവുമാണ് മുഖ്യ ഘടകങ്ങളെന്ന് വ്യക്തം. ഇവയുടെ നിയന്ത്രണാധികാരം കൈപ്പിടിയിലൊതുക്കാന്‍ വംശീയതയെയും ചൂഷണം ചെയ്യുന്നുണ്ടെന്ന് മാത്രം.

ഹജ്‌ലിജ് യുദ്ധം
എണ്ണയുടെ നിയന്ത്രണാധികാരമാണ് ഇപ്പോള്‍ നടന്ന ഹജ്‌ലിജ് യുദ്ധത്തിന്റെ അടിസ്ഥാന കാരണം. ദശകങ്ങളായി തുടരുന്ന തലവേദന ഒഴിവാക്കാമെന്ന് കരുതിയാണ് ഉമറുല്‍ ബശീര്‍ ഭരണകൂടം ദക്ഷിണ സുഡാനെ റഫറണ്ടത്തിലൂടെ സ്വതന്ത്ര രാജ്യമായി വേര്‍പിരിയാന്‍ സമ്മതിച്ചത്. രണ്ട് ദശകങ്ങളിലേറെ നീണ്ടുനിന്ന ഉത്തര-ദക്ഷിണ ആഭ്യന്തര യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് 2005-ല്‍ യു.എസ് കാര്‍മികത്വത്തില്‍ നടന്ന നയ്‌വാഷ ഒത്തുതീര്‍പ്പിന്റെ ഭാഗമായിരുന്നു 2011 ജനുവരിയില്‍ നടന്ന റഫറണ്ടം. റഫറണ്ടത്തില്‍ 99 ശതമാനം വേറിട്ട് പോകലിന് അനുകൂലമായി വോട്ടു ചെയ്തു. അങ്ങനെ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്‍ രണ്ടായി വിഭജിക്കപ്പെട്ടു. 2011 ജൂലൈ 9-ന് ദക്ഷിണ സുഡാന്‍ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. പുതിയ രാജ്യത്തെ ആദ്യം അംഗീകരിച്ചത് യു.എസ് ആണ്. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്ത ദക്ഷിണ സുഡാന്‍ പ്രസിഡന്റ് സല്‍വാ കീറും ഉത്തര സുഡാന്‍ പ്രസിഡന്റ് ഉമറുല്‍ ബശീറും ഉഭയ രാജ്യങ്ങള്‍ക്കുമിടയില്‍ സുദൃഢമായ സൗഹൃദ ബന്ധം തുടരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. യുദ്ധത്തിന്റെ കാര്‍മേഘ പടലങ്ങള്‍ക്കു ശേഷം പുതിയ പുലര്‍വെട്ടം സാധ്യമാവുകയാണെന്നായിരുന്നു ദക്ഷിണ സുഡാന്റെ ജന്മത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രസിഡന്റ് ഒബാമയുടെ പ്രസ്താവന. എന്നാല്‍, ഒരു വര്‍ഷത്തിനകം തന്നെ വീണ്ടും ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതാണ് കാണാനായത്. സുഡാനിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ഹജ്‌ലിജ് കഴിഞ്ഞ ഏപ്രില്‍ 10-ന് ദക്ഷിണ സുഡാന്‍ പിടിച്ചടക്കി. ഉത്തര സുഡാന്‍ സൈനികമായി തിരിച്ചടിച്ചതോടെ പത്തുനാള്‍ക്ക് ശേഷം ദക്ഷിണ സുഡാന്‍ അവിടെ നിന്ന് പിന്‍വാങ്ങി. ഹജ്‌ലിജില്‍ ഊന്നുവടി ചുഴറ്റി വിജയമാഘോഷിച്ച പ്രസിഡന്റ് ഉമറുല്‍ ബശീറിനൊപ്പം ഉത്തര സുഡാന്‍ ജനത ഉത്സവ നൃത്തച്ചുവടുകള്‍ വെച്ചു. യുദ്ധം ഉത്തര സുഡാന്റെ ദേശീയവികാരം തൊട്ടുണര്‍ത്തിയത് ബശീറിന് സഹായകമായി. ഉത്തര കുര്‍ദുഫാനിലെ വന്‍ജനക്കൂട്ടത്തെ സംബോധന ചെയ്ത പ്രസിഡന്റ് ബശീര്‍ ജുബയിലും വിജയം ആവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. ''ഹജ്‌ലിജ് അവസാനമല്ല; തുടക്കം മാത്രം.'' യുദ്ധ പ്രഖ്യാപനം നടത്തിയ ബശീര്‍ ദക്ഷിണ സുഡാന്‍ ജനതയെ 'വിഷജീവിക'ളുടെ ഭരണകൂടത്തില്‍നിന്ന് മോചിപ്പിക്കാനുള്ള ആഗ്രഹ പ്രകടനം കൂടി നടത്തി. ''അവരാണ് യുദ്ധം തുടങ്ങിയത്. എപ്പോള്‍ അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഞങ്ങളുടെ മുന്നേറ്റം അവസാനിക്കാന്‍ പോകുന്നില്ല.'' ബശീര്‍ ആവേശം കൊണ്ടു.
ദക്ഷിണ സുഡാന്‍ പ്രസിഡന്റിന്റെ പ്രതികരണം ബശീറിന്റേതു പോലെ വികാരഭരിതമാവാഞ്ഞത് സ്വാഭാവികം. കീറിന്റെ മനസ്സില്‍ അന്താരാഷ്ട്ര സമൂഹമായിരുന്നു ലക്ഷ്യം. അന്താരാഷ്ട്ര സമൂഹത്തിന്റെ അപേക്ഷ മാനിച്ചാണ് സേനാ പിന്മാറ്റം എന്നു മാത്രമേ സല്‍വാകീര്‍ പറഞ്ഞുള്ളൂ. 'ഹജ്‌ലിജ് ആക്രമണം സുഡാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും വ്യക്തമായ നിയമവിരുദ്ധ നടപടിയുമാണെന്ന്' യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രസ്താവന ബശീറിന്റെ നിലപാടിന് ന്യായീകരണമായി. അമ്പരപ്പിക്കുന്നതായിരുന്നു ദക്ഷിണ സുഡാന്‍ വക്താവ് ബര്‍ണബ മാരിയല്‍ ബഞ്ചമിന്റെ പിന്നീടുണ്ടായ പ്രസ്താവന. തങ്ങള്‍ ഒരിഞ്ചുപോലും അതിര്‍ത്തി മുറിച്ചു കടന്നിട്ടില്ലെന്നും ഉത്തര സുഡാന്‍ 'അയലത്തെ സുഹൃദ് രാജ്യ'മാണെന്നുമുള്ള ബഞ്ചമിന്റെ പ്രസ്താവന ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
സുഡാന്റെ എണ്ണശേഖരങ്ങളില്‍ കൂടുതലും ദക്ഷിണ സുഡാനിലാണ്. എണ്ണ വരുമാനം വീതം വെക്കുന്നത് സംബന്ധമായി 2005-ല്‍ ഒരു കരാറുണ്ടായിരുന്നു. ദക്ഷിണ സുഡാന്റെ വിഘടനത്തോടെ കരാറിന്റെ നിയമപ്രാബല്യം സംശയാസ്പദമാണ്. എണ്ണ വരുമാനം കൈയടക്കുമെന്ന് ദക്ഷിണ സുഡാന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ ഉത്തര സുഡാനിലൂടെ സുഡാന്‍ തുറമുഖത്തിലേക്കും ചെങ്കടലിലേക്കും പോകുന്ന എണ്ണക്കുഴലുകള്‍ തടസ്സപ്പെടുത്തുമെന്ന മറു ഭീഷണിയിലൂടെയാണ് ഉമറുല്‍ ബശീര്‍ അതിനോട് പ്രതികരിച്ചിരുന്നത്. ഇരു സുഡാനുകള്‍ക്കുമിടയിലുള്ള അതിരുകള്‍ ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുകയാണെന്നതാണ് യാഥാര്‍ഥ്യം. അബ്‌യായ് മേഖല ഇപ്പോഴും തര്‍ക്ക പ്രദേശമാണ്. ഇരു രാഷ്ട്രങ്ങളുടെയും അതിജീവന ശക്തിയായ എണ്ണവരുമാനത്തിന്റെ വീതംവെപ്പും അനിശ്ചിതമായി തുടരുകയാണ്. ഹജ്‌ലിജിലാണ് ചില കണക്കുകള്‍ പ്രകാരം സുഡാന്റെ പാതി എണ്ണ ഉല്‍പാദനവും നടക്കുന്നത്. അതെന്തായാലും ദക്ഷിണ സുഡാനെതിരെ പൂര്‍ണമായ ഒരു യുദ്ധ നീക്കം സുഡാന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്കനുഗുണമായിരിക്കുകയില്ല. ഒരേസമയം പല യുദ്ധമുഖങ്ങളും ഉമറുല്‍ ബശീറിന് നേരിടേണ്ടിവരും. ചൈനയും റഷ്യയുമെടുക്കുന്ന നിലപാടുകള്‍ (എണ്ണ സംസ്‌കരണത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും സുഡാനില്‍ പങ്കാളിത്തമുണ്ട്) എന്തായാലും പടിഞ്ഞാറന്‍ ശക്തികള്‍ ദക്ഷിണ സുഡാന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുമെന്നു വേണം കരുതാന്‍. ദര്‍ഫൂറിലെ ശിഥിലീകരണ ശക്തികളും അവസരം ഉപയോഗപ്പെടുത്തും.
ഒ.എ.യു(ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂനിയന്‍)വിനകത്ത് പരിഹരിക്കപ്പെടേണ്ടതായിരുന്നു സുഡാന്‍ പ്രതിസന്ധി. അബൂജാ കരാര്‍ പോലെ ചില ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ഒ.എ.യുവിന്റെ ആഭിമുഖ്യത്തില്‍ മുമ്പ് നടന്നിരുന്നെങ്കിലും പ്രസ്തുത സംഘടന ഇപ്പോള്‍ പണ്ടത്തെപ്പോലെ ശക്തമല്ല. ആഫ്രിക്കന്‍ രാജ്യങ്ങള്‍ തന്നെ സാമ്രാജ്യത്വ താല്‍പര്യങ്ങളെ ഉപചരിച്ചുകൊണ്ടാണ് നാള്‍ കഴിക്കുന്നത്. ദക്ഷിണ സുഡാന്‍ ഭരണകൂടത്തെ ബശീര്‍ തള്ളിയിടുകയാണെങ്കില്‍ തന്റെ സേന യുദ്ധത്തില്‍ ഇടപെടുമെന്ന് ഉഗാണ്ടന്‍ പ്രതിരോധ സേനാ മേധാവി ജനറല്‍ അരോണ്ട ന്യാകയ്‌രിമ ഭീഷണിപ്പെടുത്തുകയുണ്ടായി. രണ്ട് രാജ്യങ്ങളിലും പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകള്‍ ധാരാളമാണ് താനും. ദക്ഷിണ സുഡാനുള്ള യു.എസ് പിന്തുണ പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. വിക്കിലീക്‌സ് റിപ്പോര്‍ട്ട് പ്രകാരം വര്‍ഷം തോറും ദക്ഷിണ സുഡാനിലെ സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(എസ്.പി.എല്‍.എ)ക്ക് 100 മില്യന്‍ ഡോളറിന്റെ സൈനിക സഹായമാണ് യു.എസ് നല്‍കിപ്പോന്നിട്ടുള്ളത്. എഴുപതുകളില്‍ സോവിയറ്റ് യൂനിയനായിരുന്നു എസ്.പി.എല്‍.എയുടെ മുഖ്യ സൈനിക സഹായ സ്രോതസ്. അന്ന് എസ്.പി.എല്‍.എ മേധാവി ജോണ്‍ ഗരാംഗ് അറിയപ്പെട്ടിരുന്നത് ഒരു കമ്യൂണിസ്റ്റായിട്ടാണ്. സോവിയറ്റ് ബ്ലോക്കിന്റെ തകര്‍ച്ചക്ക് ശേഷമാണ് ഗരാംഗ് മോസ്‌കോവില്‍നിന്ന് വാഷിംഗ്ടണിലേക്ക് തിരിയുന്നത്. ഇക്കാലത്ത് അല്‍ജസീറ ചാനല്‍ ഗരാംഗുമായി നടത്തിയ ഒരു അഭിമുഖം ഓര്‍ക്കുന്നു. ഇത്രയേറെ ആയുധം എവിടെന്നാണ് കിട്ടുന്നതെന്ന ചോദ്യത്തിന് ഗരാംഗ് മുറി അറബിയില്‍ നല്‍കിയ മറുപടി തങ്ങളുടെ പക്കല്‍ ധാരാളം പശുക്കളുണ്ടെന്നും പശുക്കളെ വിറ്റ കാശ് കൊണ്ടാണ് ആയുധങ്ങള്‍ വാങ്ങുന്നതെന്നുമായിരുന്നു. ഇത് പറയുമ്പോള്‍ ഗരാംഗിന്റെ ചുണ്ടില്‍ ഒരു കള്ളച്ചിരി പടരുന്നുണ്ടായിരുന്നു. ഇരു സുഡാന്റെയും പല ഭാഗങ്ങളും ഭക്ഷ്യക്ഷാമം കൊടുമ്പിരികൊള്ളുമ്പോഴാണ് ഈ ആയുധ പ്രവാഹം.
ജൂബയിലാകട്ടെ യു.എസിന് പുറമെ ഇസ്രയേലിന്റെയും സൈനിക സഹായമുണ്ട്. നിര്‍ബാധമായ സൈനിക സഹായമില്ലായിരുന്നെങ്കില്‍ രണ്ടാം ആഭ്യന്തരയുദ്ധം (1983-2005) അത്രയും കാലം നീളുമായിരുന്നില്ല.

ജലപ്രശ്‌നം
എണ്ണ പോലെ സുഡാന്‍ പ്രതിസന്ധിയില്‍ ഉള്ളടങ്ങിയ പ്രധാന പ്രശ്‌നമാണ് ജലം. ഇസ്രയേലിന്റെ കണ്ണ് അതിലാണ്. സുഡാനിലൂടെയാണ് നൈല്‍ നദി ഈജിപ്തില്‍ ചെന്നെത്തുന്നത്. ക്യാമ്പ് ഡേവിഡ് കരാര്‍ ഒപ്പുവെച്ച ഈജിപ്തല്ല ഇന്നത്തെ ഈജിപ്‌തെന്ന് ഇസ്രയേലിനറിയാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുഡാനിലെ തന്ത്രപരമായ താല്‍പര്യങ്ങള്‍ വളരെ പ്രധാനമാണെന്ന് ഇസ്രയേല്‍ മനസ്സിലാക്കുന്നു. നൈല്‍ നദിയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കിയാല്‍ ഈജിപ്തിനെ വരച്ച വരക്ക് നിര്‍ത്താമെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടല്‍. നാസിറിന്റെ കാലത്തേ ദക്ഷിണ സുഡാനിലെ അന്‍യാന്‍യാ പ്രസ്ഥാനത്തെ ഇസ്രയേല്‍ പിന്തുണച്ചിരുന്നത് ഈ ദുഷ്ട ലാക്കോടു കൂടിയാണ്. നൈല്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞാല്‍ വര്‍ധിച്ചുവരുന്ന ജല ദൗര്‍ലഭ്യത്തിനു പരിഹാരം കാണാമെന്ന് കൂടി ഇസ്രയേല്‍ പ്രതീക്ഷിക്കുന്നു.
ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെയാണ് നൈല്‍ നദി ഒഴുകുന്നത്. എത്യോപ്യ, ഉഗാണ്ട, റുവാണ്ട, കെനിയ എന്നീ രാജ്യങ്ങള്‍ നൈല്‍ ജലം പങ്കിടുന്നത് സംബന്ധമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ബറൂണ്ടിയും ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോയും പുതിയ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ല. നൈല്‍ ജലത്തിന്റെ സിംഹഭാഗവും പങ്കിടുന്ന ഈജിപ്തും സുഡാനും ജീവല്‍ പ്രധാനമായ ഈ വിഭവം പങ്കിടുന്ന പുതിയ പദ്ധതികള്‍ നിരാകരിച്ചിട്ടുണ്ട്. പുതിയ ഡാമുകള്‍ പണിയുന്നതിനെ വീറ്റോ ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. ഈജിപ്തിന്റെ കൃഷിയും വൈദ്യുതിയും നൈലിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇപ്പോള്‍ നൈലില്‍നിന്ന് ലഭിക്കുന്ന 84 ബില്യന്‍ ക്യൂബിക് മീറ്ററില്‍ അല്‍പം പോലും നഷ്ടപ്പെടുന്നത് ഈജിപ്തിന് പൊറുക്കാനാകില്ല.
ദാര്‍ഫൂര്‍ വിഘടനവാദികളും ഇസ്രയേലും തമ്മിലുള്ള ബാന്ധവം മറനീക്കി പുറത്ത് വന്നിട്ടുള്ളതാണ്. അമേരിക്കയിലെ ജൂത സംഘടനകള്‍ ദാര്‍ഫൂറിനു വേണ്ടി കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നുണ്ട്. ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ അറബ് ലീഗ് ഇതേവരെ ഗൗരവത്തിലെടുത്തതായി തോന്നുന്നില്ല. സുഡാന്റെ ആഭ്യന്തര പ്രശ്‌നമെന്നതിലുപരിയായ മാനങ്ങള്‍ ഇപ്പോഴത്തെ പ്രശ്‌നത്തിനുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ ബാധ്യസ്ഥമാണ്.
ദക്ഷിണ സുഡാന്‍ സ്വതന്ത്രമായെങ്കിലും പരസ്പരം പോരടിക്കുന്ന വിഭാഗങ്ങള്‍ അവിടെ ഇപ്പോഴുമുണ്ട്. ആ സ്വാതന്ത്ര്യം തന്നെ പേരിനു മാത്രമുള്ളതാണ്. ഉത്തര സുഡാനില്‍ നിന്ന് സ്വാതന്ത്ര്യം നേടി വിദേശ ശക്തികളുടെ നുകം പേറുകയാണ് ആ രാജ്യം. രണ്ടാം ആഭ്യന്തര യുദ്ധത്തിന് വിരാമമിട്ടു നൈവാശ കരാറില്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് സമ്പത്തിന്റെ തുല്യ പങ്കാളിത്തത്തിന്റെ പേരില്‍ ആറു ബില്യന്‍ ഡോളര്‍ ദക്ഷിണ സുഡാന്‍ നേടിയെടുത്തെങ്കിലും പുതുതായൊരു സ്‌കൂള്‍ കെട്ടിടം പോലും നിര്‍മിക്കാന്‍ അവര്‍ക്കായിട്ടില്ല. ആര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ചാവേറുകളാവുന്നതെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയാണ് ദക്ഷിണ സുഡാന്‍ നേതൃത്വത്തിനില്ലാതെ പോയത്.
സുഡാനിലെ ആഭ്യന്തര പോരിന് മൂന്ന് ദശകത്തിലേറെ പഴക്കമുണ്ടെങ്കിലും രാജ്യം വിഭജിക്കപ്പെട്ടത് സൈനിക അട്ടിമറിയിലൂടെ ഭരണത്തിലേറിയ ഇസ്‌ലാമിസ്റ്റുകളുടെ (നാഷ്‌നല്‍ ജനറല്‍ കോണ്‍ഗ്രസ്- 'അല്‍മുഅ്തമറുല്‍ ആം അല്‍ ഖൗമി) കൈയോടെയായി എന്നത് ഒരു കളങ്കമായി അവശേഷിക്കും. അധികാരത്തിലെത്തിയ ശേഷം ഉമറുല്‍ ബശീര്‍ ഗ്രൂപ്പും തുറാബി ഗ്രൂപ്പു(പീപ്പിള്‍സ് കോണ്‍ഗ്രസ്)മായി അവര്‍ വേര്‍പിരിയുകയും ചെയ്തു. ബശീറിന്റെ പട്ടാള അട്ടിമറി മറ്റൊരു അട്ടിമറിയെ മറികടക്കാനായിരുന്നുവെന്ന് വ്യാഖ്യാനമുണ്ടെങ്കിലും ജനാധിപത്യപരമായ മാര്‍ഗം ഉപേക്ഷിച്ചതിന്റെ വിന കൂടിയാണ് ഈ വിപരിണാമമെന്ന് പറയേണ്ടിവരും. സാദിഖുല്‍ മഹ്ദിയുടെയും മീര്‍ഗനിയുടെയും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുനിന്ന് അകറ്റപ്പെട്ടതിനാല്‍ പൊതു പ്രശ്‌നത്തിലുള്ള ദേശീയ ഏകീകരണമാണ് ബശീര്‍ ഭരണകൂടം നഷ്ടപ്പെടുത്തിയത്- വൈദേശിക ഇടങ്കോലിടലുകള്‍ നടന്നിട്ടുണ്ടെങ്കില്‍ കൂടി.
വിഭവ വിതരണത്തിന്റെയും വികസനത്തിന്റെയും അസന്തുലിതത്വമാണ് സുഡാന്‍ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വാശയത്തിലേക്ക് ആകര്‍ഷിച്ചുകൊണ്ട് ദക്ഷിണ സുഡാനെ പിടിച്ചുനിര്‍ത്താന്‍ ബശീര്‍ ഭരണകൂടത്തിനും സാധിച്ചില്ല എന്നത് ഒരു പരാജയം തന്നെയാണ്. മുന്‍ ഭരണകൂടങ്ങളില്‍നിന്ന് ഭിന്നമായി വിഭജനത്തിന് സമ്മതം മൂളി എളുപ്പ പരിഹാരത്തിന്റെ മാര്‍ഗമാണ് ബശീര്‍ ഭരണകൂടം തെരഞ്ഞെടുത്തത്. അതും ഒരു കണക്കിന് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കുള്ള പരോക്ഷമായ കീഴടങ്ങല്‍ തന്നെയാണ്. വിഭജനത്തിന് സമ്മതിച്ചാല്‍ പ്രതിഫലമായി ഉപരോധം നീക്കുകയും ഭീകര രാഷ്ട്ര പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുമെന്ന യു.എസ് വാഗ്ദാനം നേടിയെടുക്കാന്‍ പോലും സുഡാന് കഴിഞ്ഞതുമില്ല!
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം