Prabodhanm Weekly

Pages

Search

2012 മെയ് 19

ഫ്രാന്‍സ് പ്രതീക്ഷകളുടെ പ്രഭാതങ്ങളില്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമൂഴത്തിന് കാത്തിരുന്ന നിക്കോളാസ് സര്‍കോസിയെ യൂറോസോണിലെ 'അറബ് വസന്തം' പിടികൂടുമെന്ന് മിഡിലീസ്റ്റിലെ പ്രമുഖ കോളമിസ്റ്റുകള്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. വെറുതെ പ്രവചിച്ചുനോക്കിയതല്ല, അതിനവര്‍ക്ക് തക്കതായ കാരണങ്ങളും നിരത്താനുണ്ടായിരുന്നു. ഫ്രഞ്ച് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുകൊണ്ടിരിക്കെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനു പകരം ഇസ്‌ലാമിക തീവ്രവാദം ചര്‍ച്ചക്കെടുത്തിട്ടപ്പോഴാണ് പ്രമുഖ അറബ് രാഷ്ട്രീയ നിരീക്ഷകരില്‍നിന്നും ഇങ്ങനെയൊരു പ്രതികരണമുണ്ടായത്.
ഫ്രാന്‍സ് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, യൂറോസോണിലെ സാമ്പത്തിക അച്ചടക്കം, തൊഴില്‍ സുരക്ഷ തുടങ്ങിയ കാതലായ വിഷയങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്നതിനു പകരം സാധാരണ ഫ്രഞ്ചുകാരന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത മുസ്‌ലിം സ്ത്രീകളുടെ 'ബുര്‍ഖ'യും 'ഹലാല്‍ മീറ്റു'മായി ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കാനും അതിലൂടെ തീവ്ര വലതുപക്ഷ ചിന്താധാരയെയും ജൂത വോട്ടര്‍മാരെയും സ്വാധീനിക്കുവാനുമുള്ള രാഷ്ട്രീയമായിരുന്നു സര്‍ക്കോസി പയറ്റിയത്. ഫ്രാന്‍സിലേക്കുള്ള ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് വാദിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് ലി ഫിഗറൊയുമായി കൂടിക്കാഴ്ച നടത്തി ഇമിഗ്രേഷന്‍ നിയന്ത്രിക്കുമെന്ന് ഉറപ്പ് നല്‍കി. പ്രചാരണത്തിലുടനീളം അമേരിക്കയും ബ്രിട്ടനും ജര്‍മന്‍ ചാന്‍സലര്‍ അഞ്ചേല മെര്‍ക്കലുമെല്ലാം 'കരുത്തുറ്റ'പിന്തുണ നല്‍കി സര്‍ക്കോസിയെ സഹായിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിയുക്ത പ്രസിഡന്റ് ഫ്രാന്‍സ്വാ ഹോളണ്ടെയുടെ സോഷ്യലിസ്റ്റ് സാമ്പത്തിക നയത്തെ ശക്തമായ ഭാഷയിലാണ് സര്‍ക്കോസി വിമര്‍ശിച്ചിരുന്നത്. ഹോളണ്ടെയുടെ വിജയം ഫ്രാന്‍സിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ഗ്രീസിന്റെയും സ്‌പെയിനിന്റെയും ഗതി ആവര്‍ത്തിക്കുമെന്നും വരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഫ്രഞ്ച് ജനത ഇത്തരം വാദങ്ങള്‍ക്ക് കാര്യമായി ചെവികൊടുത്തില്ല എന്നാണ് ഹോളണ്ടെയുടെ വിജയം സൂചിപ്പിക്കുന്നത്.
സോഷ്യലിസ്റ്റ് നേതാവ് ഫ്രാന്‍സ്വാ ഹോളണ്ടെയുടെ വിജയം യൂറോപ്പിലുടനീളമുള്ള ഇടതുപക്ഷം ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. യൂറോസോണിലെ മുതലാളിത്ത വ്യവസ്ഥിതിക്ക് നടുവില്‍ സോഷ്യലിസ്റ്റ് പ്രതീക്ഷകളുടെ പുതിയ അരുണോദയം എന്നാണ് ഇടതുപക്ഷ ബുദ്ധിജീവികളും മാധ്യമങ്ങളും ഹോളണ്ടെയുടെ വിജയത്തെ വിലയിരുത്തിയത്. അഞ്ചേല മെര്‍ക്കലിന്റെയും നിക്കോളാസ് സര്‍ക്കോസിയുടെയും രാഷ്ട്രീയ നിലപാടുകള്‍ യൂറോപ്പിനെ വളരെ വലിയ പ്രതിസന്ധിയിലെത്തിച്ചുവെന്ന് സോഷ്യല്‍ ഡെമോക്രാറ്റ് നേതാവ് സിഗ്മര്‍ ഗ്രാബ്രിയല്‍ (Sigmar Gabriel) പറഞ്ഞു. ഫ്രാന്‍സ്വാ ഹോളണ്ടെയുടെ വിജയം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസക്തിതന്നെ ഇല്ലാതാക്കിയെന്ന് ഡെയ്‌ലി ടെലഗ്രാഫ് ഡെപ്യൂട്ടി എഡിറ്റര്‍ ബെനഡിക്ട് ബ്രോഗന്‍ (Benedict Brogan) തന്റെ ബ്ലോഗില്‍ കുറിച്ചിട്ടു.
ഫ്രാന്‍സ്വാ ഹോളണ്ടെയുടെ വിജയത്തിനു ശേഷം യൂറോപ്പിലുടനീളമുണ്ടായ പ്രതികരണങ്ങള്‍ വായിച്ചാല്‍ ഹോളണ്ടെയുടെ വിജയവും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉദയവും യൂറോസോണിന് പുത്തനുണര്‍വ് പകരുമെന്ന ശുഭാപ്തിയാണ് പ്രതിഫലിക്കുന്നതെന്ന് കാണാം. വലതുപക്ഷ പ്രസിഡന്റായിരുന്ന നിക്കോളാസ് സര്‍ക്കോസിക്കെതിരെ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ഫ്രാന്‍സ്വാ ഹോളണ്ടെയുടെ വിജയം യൂറോപ്പിലെ സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തുമെന്നാണ് കരുതപ്പെടുന്നത്. വിജയമാഘോഷിക്കാന്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് 'സാമ്പത്തിക മാന്ദ്യം യൂറോപ്പിന്റെ നാശത്തിനു കാരണമാകാന്‍ അനുവദിക്കില്ല' എന്ന് ഹോളണ്ടെ പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിലുടനീളം ഒരുപക്ഷേ ലോകത്തും ഉയര്‍ന്നുവരുന്ന തരംഗമാണ് നിങ്ങള്‍ ഉയര്‍ത്തിവിട്ടതെന്നും തടിച്ചു കൂടിയ ജനങ്ങളോട് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സോഷ്യലിസ്റ്റ് തരംഗം യൂറോസോണില്‍ തുടരുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
പ്രസിഡന്റ് പദവിയിലേക്ക് കാലെടുത്തു വെക്കുന്ന ഹോളണ്ടെയെ കാത്തിരിക്കുന്നത് വിദേശ നയങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങളാണ്. തെരഞ്ഞെടുപ്പ് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആദ്യ സംഭാഷണത്തില്‍ തന്നെ ഇരു രാജ്യങ്ങളുമായുള്ള സാമ്പത്തിക, സുരക്ഷാ കാര്യങ്ങളിലെ സഹകരണത്തിന്റെ ആവശ്യകത ഉന്നയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാന്‍ സേനാ പിന്മാറ്റവും യൂറോപ്യന്‍ കടപ്രതിസന്ധികളും മറ്റുമാണ് ഒബാമ സൂചിപ്പിക്കുന്ന 'സഹകരണ'മെന്നര്‍ഥം. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ജര്‍മന്‍ ചാന്‍സലര്‍ അഞ്ചേല മെര്‍ക്കല്‍ സര്‍ക്കോസിയെ ശക്തമായി പിന്തുണക്കാനും ഹോളണ്ടെയെ എതിര്‍ക്കാനും മുഖ്യകാരണമായ 'യൂറോപ്യന്‍ സാമ്പത്തിക അച്ചടക്ക കരാര്‍' പുനഃപരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഹോളണ്ടെ ആവര്‍ത്തിച്ചു. എന്നാല്‍ നിയുക്ത പ്രസിഡന്റ് ഹോളണ്ടെയെ സന്ദര്‍ശിക്കാന്‍ അഞ്ചേല മെര്‍ക്കല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഹോളണ്ടെയുടെ സ്ഥാനാര്‍ഥിത്വം പോലും അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന മെര്‍ക്കലിന്റെ ചുവടുമാറ്റവും അനുനയത്തിനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാനിസ്താനില്‍ താവളമടിച്ച 'നാറ്റോ' സഖ്യ സേനയുടെ ഭാഗമായ 3400 ഓളം വരുന്ന ഫ്രഞ്ച് സൈനികരെ നടപ്പുവര്‍ഷംതന്നെ പിന്‍വലിക്കുന്നതായി ഒബാമയെ അറിയിക്കുമെന്ന് ഹോളണ്ടെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കി. എന്നാല്‍ 'നാറ്റോ' തീരുമാനത്തിന് വിപരീതമായി പെട്ടെന്നൊരു സേനാപിന്മാറ്റത്തിനുളള സാങ്കേതിക സാധ്യതയില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഹോളണ്ടെയുടെ ഇറാന്‍ നയത്തില്‍ പ്രത്യേകിച്ച് ഇറാന്‍ ആണവ സാങ്കേതികവിദ്യ കരസ്ഥമാക്കുന്ന കാര്യത്തില്‍ പെട്ടെന്ന് കാര്യമായ മാറ്റമുണ്ടാകാനിടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. എന്നാല്‍, ഇറാന്‍ വിഷയത്തില്‍ സര്‍ക്കോസിയുടെ 'തെറ്റു'തിരുത്തി ഇരു രാജ്യങ്ങള്‍ക്കും അനുകൂലമായ രീതി ഹോളണ്ടെ സ്വീകരിക്കുമെന്ന് ഇറാന്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
സിറിയന്‍ വിഷയത്തില്‍ സര്‍ക്കോസിയെ വിമര്‍ശിച്ചുകൊണ്ട് ബശ്ശാര്‍ ഭരണകൂടത്തിനെതിരായി ശക്തമായ നിലപാടാണ് ഹോളണ്ടെ സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ താന്‍ വിജയിച്ചാല്‍ സിറിയയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ സൈനിക ഇടപെടല്‍ ആവശ്യപ്പെട്ട് സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം വന്നാല്‍ പിന്തുണക്കുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ വ്യക്തമായൊരു നിലപാട് ഹോളണ്ടെ എടുത്തിട്ടില്ല. വിഷയത്തില്‍ കാര്യമായ മാറ്റം ഉടനെയൊന്നും പ്രതീക്ഷിക്കുന്നുമില്ല. തുര്‍ക്കിയുടെ കാര്യത്തില്‍ കൂടുതല്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് അദ്ദേഹത്തോടടുപ്പമുള്ള വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍ പ്രവേശത്തിന് അനുകൂലമാകും ഹോളണ്ടെയുടെ നിലപാടെന്നാണ് കരുതപ്പെടുന്നത്. വിഷയം നീട്ടിക്കൊണ്ടുപോകുന്നതിനെ അദ്ദേഹം ഒരിക്കല്‍ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ഹോളണ്ടെ സ്വീകരിച്ച ജനകീയ സമീപനം തുര്‍ക്കി-ഫ്രഞ്ച് ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന് സഹായമാകുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യയും ചൈനയും ഹോളണ്ടെയുടെ വിജയം പ്രതീക്ഷ നല്‍കുന്നതാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരുപടികൂടി മുന്നോട്ട് കടന്ന്, ചൈന- ഫ്രഞ്ച് സഹകരണം ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങള്‍ക്കപ്പുറം ലോക സമാധാനത്തിനുതന്നെ മുതല്‍കൂട്ടാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറഞ്ഞു. യൂറോ സോണിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയും ആണവ വിദ്യ കൈവശമുള്ള യു.എന്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗവുമായ ഫ്രാന്‍സിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്്രടീയ രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മറ്റുമായി അതീവ ഗുരുതര പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
തീവ്ര വലതുപക്ഷ വോട്ട് ബാങ്കിനെ ആകര്‍ഷിക്കാന്‍ നിക്കോളാസ് സര്‍ക്കോസി മുസ്‌ലിം വിരോധമാണ് പുറത്തെടുത്തത്. ഫ്രാന്‍സിന്റെ സെക്യുലര്‍ സ്വഭാവം കാത്തുസൂക്ഷിക്കാത്തവര്‍ ഫ്രാന്‍സിലേക്ക് വരേണ്ടതില്ലെന്ന് പശ്ചിമ നഗരമായ ബോര്‍ഡെക്‌സില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ നോക്കി സര്‍ക്കോസി പറഞ്ഞിരുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കുടിയേറ്റ നിയമം കര്‍ശനമാക്കുമെന്നും പ്രഖ്യാപിച്ചു. ഫ്രഞ്ച് രാഷ്ട്രീയത്തിന്റെ പതിവുശൈലി ഉപേക്ഷിച്ച സര്‍ക്കോസി അമേരിക്കന്‍ താല്‍പര്യങ്ങളോട് അരികുചേര്‍ന്ന് നടക്കുകയായിരുന്നു. ഇസ്രയേലിന്റെ 'സുരക്ഷ' ഏറ്റെടുക്കുന്ന കാര്യത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലയറിനോടും ജര്‍മന്‍ ചാന്‍സലര്‍ അഞ്ചേല മെര്‍ക്കലിനോടും സര്‍ക്കോസി മത്സരിക്കുന്ന കാഴ്ച ഫ്രാന്‍സില്‍ പുതിയ അനുഭവമായിരുന്നു. താരതമ്യേന സ്വതന്ത്രമെന്നു കരുതിയിരുന്ന ഫ്രാന്‍സിന്റെ വിദേശനയം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കു വിധേയപ്പെടുത്തിയത് സര്‍ക്കോസിയായിരുന്നു. അമേരിക്കയുടെ വലംകൈയായിരുന്ന ടോണി ബ്ലയര്‍ പുറത്തായതോടെ പ്രസ്തുത വിടവ് നികത്തിയത് സര്‍ക്കോസിയാണ്. അമേരിക്കന്‍ താല്‍പര്യങ്ങളുടെ കാവല്‍ക്കാരനായി മാറിയ അദ്ദേഹം മിഡിലീസ്റ്റില്‍ ഇസ്രയേലിന്റെ സംരക്ഷകനായി നിലകൊണ്ടു.
സര്‍ക്കോസിയുടെ ഖദ്ദാഫി സൗഹൃദവും രാഷ്ട്രീയ രംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ലിബിയന്‍ കുട്ടികളില്‍ എയ്ഡ്‌സ് രോഗാണുക്കള്‍ നിറഞ്ഞ രക്തം കുത്തിവെച്ച കേസില്‍ ലിബിയയില്‍ അറസ്റ്റിലായ ബള്‍ഗേറിയന്‍ നഴ്‌സുമാരുടെ മോചനത്തിനു വേണ്ടി മുന്‍ ഭാര്യയോടൊപ്പം ലിബിയ സന്ദര്‍ശിക്കുകയും പ്രസ്തുത സംഭവത്തിനുശേഷം ഖദ്ദാഫിയുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തിരുന്നു സര്‍ക്കോസി. ഖദ്ദാഫിയെ പോരാളികള്‍ പിടികൂടാതെ കൊന്നു കളഞ്ഞതില്‍ സര്‍ക്കോസി ഏറെ സന്തോഷിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാരണം, ഖദ്ദാഫിയെ വിചാരണ ചെയ്യുകയാണെങ്കില്‍ ഖദ്ദാഫി-സര്‍ക്കോസി ബന്ധത്തെക്കുറിച്ച് പുറത്തുവന്നേക്കാവുന്ന വെളിപ്പെടുത്തലുകള്‍ ഫ്രഞ്ച് രാഷ്ട്രിയത്തില്‍ കോളിളക്കം സൃഷ്ടിക്കുമെന്നതു തന്നെ. ഫ്രഞ്ച് പൗരത്വം നേടിയ കുടിയേറ്റക്കാരുടെ കാര്യത്തില്‍ അനുകൂല നിലപാടായിരുന്നില്ല സര്‍ക്കോസി സ്വീകരിച്ചത്. ഫ്രാന്‍സില്‍ ജനിച്ച തലമുറയില്‍പ്പെട്ടവര്‍ക്കുപോലും നീതി ലഭിക്കുന്നില്ലെന്ന തോന്നല്‍, പ്രത്യേകിച്ച് മുസ്‌ലിം പൗരന്മാരുടെ കാര്യത്തില്‍, വ്യാപകമായിരുന്നു. തൊഴില്‍ ബിസിനസ് രംഗങ്ങളില്‍ മികച്ച സേവനം മുസ്‌ലിംകളായ ഫ്രഞ്ച് പൗരന്മാര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി നിരന്തരമായി ഉന്നയിക്കപ്പെട്ടു. എന്നാല്‍, കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഫ്രഞ്ച് പൗരന്മാരെന്ന നിലക്ക് വിവേചനരഹിതമായ നിലപാടായിരിക്കും സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഹോളണ്ടെയും സ്വീകരിക്കുകെയന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം