Prabodhanm Weekly

Pages

Search

2012 മെയ് 19

ഭൂമിക്കച്ചവടം: പ്രതികരണങ്ങളും വസ്തുതയും

ഭൂമിക്കച്ചവടം:പ്രതികരണങ്ങളും വസ്തുതയും

മുഹമ്മദ് കാടേരി

2012 മാര്‍ച്ച് 24-ലെ പ്രബോധനം പ്രശ്‌നവും വീക്ഷണവും പംക്തിയില്‍ ഭൂമിക്കച്ചവടം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഹമ്മദ് സലീം മൗലവി നല്‍കിയ മറുപടി വളരെ ഹൃസ്വമായിരുന്നു. ആവശ്യമായ വിശകലനത്തിന്റെ അഭാവത്തില്‍ പ്രസ്തുത മറുപടി വായനക്കാരില്‍ സംശയങ്ങള്‍ക്കും തെറ്റുധാരണകള്‍ക്കും ഇടയാക്കിയിട്ടുണ്ടെന്നത് തത്സംബന്ധമായി വന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് പരക്കെ നടന്നുവരുന്ന അഹിതകരമായ ഭൂമിയിടപാടുകള്‍ക്ക് മുഴുവന്‍ അംഗീകാരവും നിയമസാധുതയും നല്‍കുന്നതായി അതെന്ന് പലരും വ്യാഖ്യാനിച്ചു. എന്നാല്‍, ഇത് ലേഖകന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമായ വ്യാഖ്യാനമാണെന്ന് സൂക്ഷ്മമായ വിലയിരുത്തലില്‍ ഗ്രഹിക്കാനാകും. ''ഒരു കച്ചവടവും ജനജീവിതത്തിന് ശല്യമാക്കാനോ ചൂഷണത്തിന്റെ ഉപാധിയാക്കാനോ ഇസ്‌ലാം അനുവദിക്കുന്നില്ല'' എന്ന് ലേഖകന്‍ വ്യക്തമാക്കിയിരിക്കെ അക്കാര്യത്തില്‍ അദ്ദേഹത്തെ ഉപദേശിക്കുന്നതില്‍ അര്‍ഥമില്ല.
കച്ചവടമുറപ്പിച്ച ഭൂമിയുടെ വിലയില്‍ തനിക്ക് തല്‍ക്കാലം ആവശ്യമുള്ള തുക വിറ്റയാള്‍ ക്രേതാവില്‍നിന്ന് കൈപറ്റുന്നതോടെ ഭൂമി അയാള്‍ക്ക് കൈവശപ്പെടുത്തിക്കൊടുക്കുന്ന പതിവുണ്ട്. കൈവശം ലഭിച്ച വ്യക്തി അതില്‍നിന്ന് വരുമാനമെടുക്കുകയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുമുണ്ട്. ഈവിധം കൈവശം ലഭിച്ച ഭൂമി മറിച്ചു വില്‍ക്കുന്നതിന് ശരീഅത്ത് അനുവാദം നല്‍കുന്നുവെന്നാണ് മറുപടിയുടെ കാതല്‍. കൈവശം ലഭിച്ച ഭൂമിയുടെ വില്‍പന സാധുവാകുന്നതിന് അത് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നോ പുനരുദ്ധാരണ പ്രവൃത്തികള്‍ നടന്നിരിക്കണമെന്നോ നിബന്ധനയില്ല. വിലയുടെ ഒരു ഭാഗം വാങ്ങിയവന്‍ വിറ്റയാള്‍ക്ക് നല്‍കാനുണ്ടെന്നത് കച്ചവടത്തിന് നിയമ തടസ്സമാകുന്നില്ല. ''നീ ഒരു വസ്തു വാങ്ങിയാല്‍ അത് കൈവശപ്പെടുത്തുന്നത് വരെ വില്‍ക്കരുത്'' (ബുഖാരി, മുസ്‌ലിം) എന്ന് വ്യാപാരിയായ സ്വഹാബി ഹകീമുബ്‌നു ഹിസാമി(റ)ന് നബി(സ) നിര്‍ദേശം നല്‍കുകയുണ്ടായി. ഭൂമിയുടെ ഉടമസ്ഥത ക്രേതാവിലേക്ക് നീങ്ങുകയും താന്‍ ഉദ്ദേശിക്കുന്ന പോലെ ഉപയോഗപ്പെടുത്താന്‍ ഉതകുംവിധം അയാളില്‍ കേന്ദ്രീകരിക്കുകയുമാണ് സ്ഥാവര സ്വത്തുക്കളുടെ കൈവശപ്പെടലെന്ന് കര്‍മശാസ്ത്ര വിശാരദന്മാര്‍ വ്യാഖ്യാനിച്ചിരിക്കുന്നു. ഭൂമിയില്‍ കൃഷിയിറക്കുക, വീട്ടില്‍ താമസമാക്കുക, തോട്ടത്തില്‍നിന്ന് വിളവെടുക്കുക എന്നിവ ഉപയോഗപ്പെടുത്തലിനുള്ള ഉദാഹരണങ്ങളാണ്. ഇടപാട് ചെയ്യപ്പെട്ട വസ്തു ക്രേതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകിട്ടിയാല്‍ പോലും കൈവശം ലഭിക്കാതിരുന്നാല്‍ അയാള്‍ക്കത് മറിച്ചു വില്‍ക്കാവതല്ല.
എന്നാല്‍, ഭൂമി കച്ചവടം ചെയ്ത ശേഷം നാമമാത്രമായ അഡ്വാന്‍സ് നല്‍കി മറിച്ചു വില്‍ക്കുകയും അപ്രകാരം വീണ്ടും വില്‍പന നടത്തുകയും ചെയ്യുന്ന സമ്പ്രദായം നിലവിലുണ്ട്. കച്ചവടമുറപ്പിച്ച ഭൂമി കൈവശം ലഭിക്കാതെ നടത്തുന്ന ക്രയവിക്രയം അനുവദനീയമല്ല. ഈവിധം നേടുന്ന ലാഭം ഹിതകരവുമല്ല. ഇത്തരം ഇടപാട് അനുവദനീയമാണെന്ന് സൂചിപ്പിക്കുന്ന ഒരു പരാമര്‍ശവും ഉപരിസൂചിത മറുപടിയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. ''ഭൂമി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാതെ വില്‍ക്കാം. കൈവശം ലഭിക്കണമെന്നു മാത്രം. വില്‍പനക്ക് ഇസ്‌ലാം നിശ്ചയിക്കുന്ന നിബന്ധന കൈവശമുള്ള സ്വത്താവുക എന്നതാകുന്നു'' എന്നത്രെ മറുപടിയിലുള്ളത്. ഇതില്‍ കൈവശം ലഭിക്കുന്നതിന്റെ വിവക്ഷയെന്തെന്ന് കൂടി ലേഖകന്‍ വ്യക്തമാക്കിയിരുന്നുവെങ്കില്‍ വായനക്കാരുടെ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു.

സി. മുഹമ്മദ് കോയ പാലാഴി

ടി.കെ അബ്ദുല്ലാസാഹിബിന്റെ 'നടന്നുതീരാത്ത വഴികളില്‍' 37 ലക്കത്തോടെ, അദ്ദേഹം വഴിയില്‍ വെച്ച് സഡന്‍ ബ്രേക്ക് ഇട്ടിരിക്കുകയാണ്. പ്രബോധനം വായനക്കാര്‍ ആകാംക്ഷാപൂര്‍വം, ലക്കം കൈയില്‍ കിട്ടുമ്പോള്‍ ആദ്യമായും ആവര്‍ത്തിച്ചും വായിക്കുമായിരുന്നു ടി.കെയുടെ ആ 'വഴികള്‍'. ചരിത്ര വിദ്യാര്‍ഥികള്‍ക്കും പ്രസ്ഥാന ബന്ധമുള്ളവര്‍ക്കും പുതിയ വായനക്കാര്‍ക്കും ഒരു നോവല്‍ പോലെ ആ വിഭവം ആസ്വദിക്കാന്‍ കഴിയുമായിരുന്നു. ഇടക്ക് വെച്ച് ആ 'വഴി' മുറിച്ചുകളഞ്ഞത് സന്തോഷമല്ല വായനക്കാരിലുളവാക്കുന്നത്. ടി.കെയുടെ തന്നെ വാക്കുകളില്‍ 'ഏറിയ പങ്കും അച്ചടിക്കപ്പെട്ടുകഴിഞ്ഞു. ഇനിയും പറയാന്‍ ചിലതുണ്ട്' എന്നാണ്. ബാക്കിയുള്ളവ സന്ദര്‍ഭാനുസാരം പിന്നീട് പറയാമെന്നാണ് ടി.കെ ഉദ്ദേശിക്കുന്നത്. ആ സന്ദര്‍ഭം ഇതുതന്നെയാണ് എന്ന് വിനയപൂര്‍വം അറിയിക്കട്ടെ.

കെ.എം ആരിഫുദ്ദീന്‍ ചെമ്മാട് ദാറുല്‍ ഹുദാ

ഈയടുത്ത് കൊച്ചിയിലെ ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന 12 പേര്‍ വിവാഹമോചിതരായി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സംവിധാനം പരമാവധി ഉപയോഗപ്പെടുത്തിയിരുന്ന ഇവര്‍ മുഴുവന്‍ 35 വയസ്സിനു താഴെ പ്രായമുള്ളവരായിരുന്നു. പരസ്പരം വിട്ടുവീഴ്ചക്ക് തയാറാകാത്ത പ്രഫഷനലുകളായ ഇത്തരത്തിലുള്ളവരിലാണ് വിവാഹമോചനം കൂടുതല്‍ നടക്കുന്നതെന്ന് ഈയിടെ പുറത്ത് വന്ന പഠനങ്ങള്‍ തെളിയിക്കുന്നു. മുല്ലപ്പൂ വിപ്ലവമടക്കം സാധിപ്പിച്ചെടുക്കാനുള്ള വിപ്ലവക്ഷമത സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ പ്രകടിപ്പിക്കുമ്പോള്‍ തന്നെയാണ് കുടുംബബന്ധങ്ങളിലെ വില്ലനായും ഇത് പ്രത്യക്ഷപ്പെടുന്നത്.


ഗോവധ നിരോധവും
ഹിന്ദുസമൂഹവും

എസ്.എം സൈനുദ്ദീന്‍

ഉസ്മാനിയ്യ സര്‍വകലാശാലയില്‍ 'മാട്ടിറച്ചി മേള' നടത്തിയത് ഏതെങ്കിലും മുസ്‌ലിം സംഘടനകളാകാതിരുന്നത് ഭാഗ്യം! അല്ലെങ്കില്‍ സംഭവം രാജ്യത്താകെ പ്രശ്‌നമായേനെ. മുന്‍ സിമി പ്രവര്‍ത്തകരുടെ മക്കള്‍, അല്‍ഖാഇദ ബന്ധമുള്ള ഭീകരര്‍, രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ അങ്ങനെ പോകുമായിരുന്നു പ്രതി പട്ടിക. എങ്കില്‍ സകലര്‍ക്കുമെതിരില്‍ ഹൈദരാബാദ് പോലീസ് എഫ്.ഐ.ആര്‍ തയാറാക്കി കോടതിയില്‍ ഹാജരാക്കി ജാമ്യമില്ലാ വകുപ്പില്‍ പെടുത്തി അവരെ അകത്താക്കിയേനെ. കേസിന്റെ ഗൗരവം പരിഗണിച്ച് ദേശീയ കുറ്റാന്വേഷണ ഏജന്‍സി തുടരന്വേഷണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ടാകും.
അനിഷ്ടങ്ങളൊന്നും സംഭവിച്ചില്ല. കാരണം, മാട്ടിറച്ചി മാമാങ്കം നടത്തിയത് ശുദ്ധ മതേതരക്കാര്‍. ഏത് ലാബില്‍ പരിശോധിച്ചാലും മൂത്രത്തിനുനു വരെ നിറം ചുവപ്പോ മറ്റോ ആയിരിക്കും. ഇടത് വിദ്യാര്‍ഥി സംഘടന എസ്.എഫ്.ഐ, ദലിത് സംഘടന പി.എസ്.വി തുടങ്ങിയവര്‍ സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയായിരുന്നു സംഭവ ബഹുലമാകാമായിരുന്ന 'മാട്ടിറച്ചി മേള'. എന്നാലും എ.ബി.വി.പിക്കാര്‍ കിണഞ്ഞ് ശ്രമിച്ചു; സംഭവം വര്‍ഗീയമാക്കാനും വംശഹത്യക്ക് വഴിമരുന്നാക്കാനും. പക്ഷെ, ശ്രമിച്ചത് മാത്രം മിച്ചം.
ഇന്ത്യയിലെ ഏറ്റവും നൂതനവും യന്ത്രവല്‍കൃതവുമായ രണ്ട് അത്യന്താധുനിക കശാപ്പുശാലകളും ഭക്ഷ്യോല്‍പന്ന വ്യവസായ സംരംഭവും ആന്ധ്രാപ്രദേശിലാണ്.അല്‍-കബീര്‍ എന്ന ഗോമാംസ കയറ്റുമതി കമ്പനിയുടെ ഉടമ ഹിന്ദു വ്യവസായിയായ അതുല്‍ സബര്‍വാളും. കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ ടേണ്‍ ഓവര്‍ 300 കോടി രൂപയായിരുന്നു. എഴുപതുകളില്‍ ഇത് വെറും മൂന്നുന്നുകോടിയും. ഇന്നത് പേര് സൂചിപ്പിക്കുന്നത് പോലെ ആഭ്യന്തര വിപണിയിലും കയറ്റുമതി രംഗത്തും ലോകത്തെ 'The Big One' ആയി മാറിയെന്ന് The Economic Times വിലയിരുത്തുകയുണ്ടായി. അല്‍-കബീറിന്റെ ഭക്ഷ്യോല്‍പന്നങ്ങളില്‍ 45 ശതമാനം മാത്രമാണ് വെജിറ്റേറിയന്‍. ബാക്കി മുഴുവനും നോണ്‍ വെജും. അല്‍-കബീര്‍ എന്ന് പേരിട്ട് ഹിന്ദു വ്യവസായി കശാപ്പ് ശാല നടത്തുന്നതുപോലും തടയാനാകാതെ അയാളെ ഭീഷണിപ്പെടുത്തി സംഘ് സഹയാത്രികര്‍ക്ക് ബിസിനസ്സില്‍ ഷെയര്‍ തരപ്പെടുത്തുകയായിരുന്നു ഗോപൂജകരെന്നത് അറിയപ്പെടാത്ത സത്യമായിരുന്നു.


അതിരു കവിഞ്ഞ
സവര്‍ണ വിരോധം

അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്


'ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന സവര്‍ണാധിപത്യം' എന്ന ഡോ. എം.എസ് ജയപ്രകാശിന്റെ ലേഖനം (ലക്കം 48) പ്രബോധനത്തിന്റെ ഇമേജ് തകര്‍ക്കുന്നതായി എന്നു പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു. വാരികയില്‍ വരുന്ന ലേഖനങ്ങളിലെ വീക്ഷണങ്ങളും അഭിപ്രായങ്ങളും അതെഴുതുന്നവരുടേത് മാത്രമാണ്, അവ പത്രത്തിന്റെ സ്വന്തമായ വീക്ഷണങ്ങളായി കണക്കാക്കാന്‍ പറ്റില്ല എന്ന ന്യായം അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഏതെങ്കിലും ഒരു വിഭാഗത്തെ കുത്തി മുറിവേല്‍പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അഭികാമ്യമല്ല. എന്‍.എസ്.എസ്സിനെയും നായര്‍ സമുദായത്തെയും ഒന്നടങ്കം ന്യൂനപക്ഷവിരുദ്ധ ചേരിയില്‍ നിര്‍ത്തി ശത്രുവായി ചിത്രീകരിക്കാനാണ് ഡോ. ജയപ്രകാശ് ശ്രമിച്ചുകാണുന്നത്. രാഷ്ട്രീയം ജനസേവനത്തിനും ജനക്ഷേമത്തിനുമെന്നുള്ള കാഴ്ചപ്പാടുകള്‍ മാറ്റി അവസരവാദപരമായി കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപകരണമാക്കി പലരും ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരുപക്ഷേ, എന്‍.എസ്.എസ് നേതാക്കളും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ നയസമീപനങ്ങളുടെ പേരില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാനും നിരൂപിക്കാനും അവകാശമുണ്ട്. എന്നാല്‍, ഒരു സമുദായത്തെ ശത്രുചേരിയില്‍ നിര്‍ത്താന്‍ പ്രബോധനത്തിന്റെ പേജുകള്‍ ഒരിക്കലും വേദിയാക്കാന്‍ പാടില്ല. മുസ്‌ലിംകളെയും ഈഴവരെയും തകര്‍ക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമാണ് എന്‍.എസ്.എസ്സിന്റേതെന്ന ധ്വനിയാണ് ലേഖനത്തിലൂടെ മുഴങ്ങിക്കേള്‍ക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം