ഞാനും നീയും
നീയെന്ന സത്യത്തില്‍ നിന്നാണ്
ഞാനെന്ന സ്വത്വമുണ്ടായത്
നീ ഒരുക്കിയ മണ്ണിലാണ്
ഞാനെന്ന വിത്ത് മുളപൊട്ടിയത്
നീ പകര്‍ന്ന വെളിച്ചത്തിലേക്കാണ്
എന്റെ ശിഖരങ്ങള്‍ വളര്‍ന്നുയര്‍ന്നത്.
നീ ചൊരിഞ്ഞ കാരുണ്യത്തില്‍നിന്നാണ്
ഞാനെന്റെ ദാഹം തീര്‍ത്തത്.
ഞാന്‍ താണ്ടിക്കടന്നതെല്ലാം
നിന്നിലേക്കുള്ള യാത്രാ ദൂരങ്ങള്‍
ഞാനിരുന്ന വഴികളിലെല്ലാം
നീ വിരിച്ച തണല്‍ശീതങ്ങള്‍
ഞാന്‍ കുടിച്ചുതീര്‍ത്തതെല്ലാം
നീ തന്ന സ്നേഹപാനീയങ്ങള്‍
ഞാന്‍ രുചിച്ചറിഞ്ഞതെല്ലാം
നീയൊരുക്കിയ ഭക്ഷണത്തളികകള്‍
ഞാന്‍ മൊഴിഞ്ഞ വാക്കുകളെല്ലാം
നിന്റെ കീര്‍ത്തനാക്ഷരങ്ങള്‍
ഞാന്‍ ഒഴുക്കിയ കണ്ണുനീരെല്ലാം
നിന്നരികിലേക്കുള്ള ബലിദാനങ്ങള്‍
ഞാന്‍ പുല്‍കിയ രാവുകളെല്ലാം
നിന്റെ പ്രീതിയുടെ ഉണര്‍ത്തുപാട്ടുകള്‍
ഞാന്‍ അര്‍പ്പിച്ച നിവേദ്യങ്ങളെല്ലാം
നിന്നിലേക്കുള്ള തിരുമുല്‍ക്കാഴ്ചകള്‍
ഞാന്‍ എഴുതിയ അക്ഷരങ്ങളെല്ലാം
നിന്റെ മഹിമയുടെ പൊരുള്‍ പാട്ടുകള്‍
ഞാന്‍ മൊഴിഞ്ഞ വാക്കുകളെല്ലാം
നിന്നപദാന വാങ്മയങ്ങള്‍
ഞാന്‍ നല്‍കിയ ദാനങ്ങളെല്ലാം
നിന്നിലേക്കൊഴുക്കിയ കാണാക്കടങ്ങള്‍
ഞാന്‍ സഹിച്ച വേദനകളെല്ലാം
നിന്റെ സ്നേഹ സാന്ത്വനപ്പൊരുളുകള്‍
ഞാന്‍ വഹിച്ച ഭാരങ്ങളെല്ലാം
നിന്നിലേക്കുള്ള കര്‍മകാണ്ഡങ്ങള്‍...
Comments