സകാത്തുല്‍ ഫിത്വ്ര്‍ സാമൂഹിക സുരക്ഷയുടെ പെരുന്നാള്‍ ഭാഷ്യം
ഒരു മാസം നീണ്ടുനിന്ന ആരാധനാ കര്‍മങ്ങളുടെയും നിരന്തരവും നിസ്തന്ദ്രവുമായ ആത്മസംസ്‌കരണ സാധനയുടെയും വിജയകരമായ പരിസമാപ്തി വിളംബരം ചെയ്യുകയാണ് ഈദുല്‍ ഫിത്വ്ര്‍. പെരുന്നാളിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ ദാനമാണ് ഫിത്വ്ര്‍ സകാത്ത്. വ്രതാനുഷ്ഠാനം അവസാനിച്ചു എന്ന സൂചനയാണ് അത് നല്‍കുന്നത്. സകാത്തുല്‍ ഫിത്വ്‌റിന് 'സകാത്തുല്‍ അബ്ദാന്‍' എന്നും പാഠഭേദമുണ്ട്. ഓരോ വ്യക്തിക്കും വേണ്ടി നല്‍കുന്ന സകാത്ത് എന്ന് ധ്വനി. 'ഫിത്വ്‌റത്തല്ലാഹില്ലത്തീ ഫത്വറന്നാസ അലൈഹാ' (അല്ലാഹു മനുഷ്യനെ ഏത് പ്രകൃതിയിലാണോ സൃഷ്ടിച്ചത് ആ പ്രകൃതിയില്‍ നിലകൊള്ളുക- അര്‍റൂം 30) എന്ന സൂക്ത സാരമനുസരിച്ച് വ്യക്തിയുടെ സംസ്‌കരണത്തിനും വിമലീകരണത്തിനും അനുപേക്ഷ്യമായ ദാനധര്‍മമാകുന്നു സകാത്തുല്‍ ഫിത്വ്ര്‍. ചിലര്‍ സകാത്തുല്‍ ഫിത്വ്‌റഃ എന്നും ഉച്ചരിക്കാറുണ്ട്. ഇമാം ശാഫിഈയുടെ ഗുരുവര്യനായ ഇമാം വകീഇന്റെ അഭിപ്രായത്തില്‍, സഹ്‌വിന്റെ സുജൂദിലൂടെ നമസ്‌കാരത്തിലെ പോരായ്മകള്‍ പരിഹരിക്കപ്പെടുന്നത് പോലെ, ഫിത്വ്ര്‍ സകാത്ത് റമദാനിലെ പോരായ്മകള്‍ക്ക് പരിഹാരമാകും. ചെറിയ പെരുന്നാള്‍ പകലിലും രാത്രിയിലും തനിക്കും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആശ്രിതര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, സാമ്പത്തിക ബാധ്യത എന്നിവ കഴിച്ച് മിച്ചം വരുന്ന ഓരോ വ്യക്തിയും ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്. 'സാമൂഹിക സുരക്ഷിതത്വം' എന്ന ക്ഷേമസങ്കല്‍പത്തിലെ സുപ്രധാന ഘടകത്തെയാണ് 'സകാത്തുല്‍ ഫിത്വ്ര്‍ അഭിസംബോധന ചെയ്യുന്നത് എന്ന് കാണാം.
സ്‌നേഹം, സഹകരണം, സഹാനുഭൂതി, സഹായം, ഐക്യദാര്‍ഢ്യം എന്നീ വിശിഷ്ട മാനുഷിക ഗുണങ്ങള്‍ സമൂഹത്തിന്റെ ജീവിതാന്തരീക്ഷത്തില്‍ തിളങ്ങിനില്‍ക്കണം എന്ന നിര്‍ബന്ധം ഇസ്‌ലാമിനുണ്ട്. ഇസ്‌ലാം വിഭാവന ചെയ്യുന്ന സാമൂഹിക സുരക്ഷിതത്വ ക്രമത്തിന്റെ പ്രായോഗിക ആവിഷ്‌കാരം കൂടിയാണ് സകാത്തുല്‍ ഫിത്വ്ര്‍. അബ്ദുല്ലാഹിബ്‌നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്യുന്നു: ''വ്രതമനുഷ്ഠിച്ചവന് വ്യര്‍ഥ വേലകളില്‍നിന്നും മ്ലേഛവൃത്തികളില്‍നിന്നുമുള്ള ശുദ്ധീകരണമായും സാധുക്കള്‍ക്ക് ആഹാരമായും നബി (സ) സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കി. ഒരാള്‍ നമസ്‌കാരത്തിന് മുമ്പ് അത് കൊടുത്താല്‍ സ്വീകാര്യമായ സകാത്തായി ഗണിക്കപ്പെടും. നമസ്‌കാരത്തിന് ശേഷമാണെങ്കില്‍ നിരവധി ദാനധര്‍മങ്ങളില്‍ ഒരു ദാനമായി കണക്കാക്കും'' (അബൂദാവൂദ്, ഇബ്‌നുമാജ).
ദരിദ്രര്‍ക്കും സാധുജനങ്ങള്‍ക്കും ധനാഢ്യരായ വിശ്വാസികളുടെ സമ്പത്തില്‍ അവകാശമുണ്ട്. ''അവരുടെ ധനത്തില്‍ ചോദിച്ചുവരുന്നവര്‍ക്കും ഉപജീവനം തടയപ്പെട്ടവര്‍ക്കും നിര്‍ണിതമായ വിഹിതമുണ്ട്'' (അല്‍മആരിജ് 24,25). ആനന്ദത്തിന്റെയും ആമോദത്തിന്റെയും ദിനമായ ഈദ് വേളയില്‍ ജീവിത ക്ലേശങ്ങളും പ്രയാസങ്ങളും പേറുന്ന ദുര്‍ബല വിഭാഗങ്ങളെ ചേര്‍ത്തുപിടിച്ച് സന്തോഷം പകരാന്‍ സമ്പന്നര്‍ക്ക് ബാധ്യതയുണ്ട്. പെരുന്നാള്‍ സന്ദര്‍ഭത്തില്‍ പരാശ്രയമില്ലാതെ കഴിയാനുള്ള വിഭവങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കണം. ഈദുല്‍ ഫിത്വ്‌റില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് പോലെ ഈദുല്‍ അദ്ഹാ വേളില്‍ മാംസ വിഭവങ്ങളും ആവശ്യക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും നല്‍കണം. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ജീവിക്കുന്ന സമൂഹത്തെയാണ് ഇസ്‌ലാം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു കൈ കഴുകാന്‍ മറുകൈ വേണമെന്നത് പോലെ ഓരോ വ്യക്തിയും അപരനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. നുഅ്മാനുബ്‌നു ബശീര്‍ ഉദ്ധരിച്ച ഒരു നബി വചനം: ''പരസ്പര സ്‌നേഹത്തിലും ആര്‍ദ്രതയിലും സഹാനുഭൂതിയിലും വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. ശരീരത്തിലെ ഒരു അവയവം രോഗഗ്രസ്തമായാല്‍ മറ്റു അവയവങ്ങള്‍ പനിച്ചും ഉറക്കമിളച്ചും അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നില്ലേ, അതുപോലെ'' (മുസ്‌ലിം).
മദീനയില്‍ നിത്യോപയോഗത്തിലും പ്രചാരത്തിലുമുള്ള ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനാണ് നബി നിര്‍ദേശിച്ചത്. അബൂ സഈദില്‍ ഖുദ്‌രി റിപ്പോര്‍ട്ട് ചെയ്യുന്നു: ''നബിയുടെ കാലത്ത് ഒരു സ്വാഅ് ഭക്ഷണമോ കാരക്കയോ ബാര്‍ലിയോ പനീറോ (പാല്‍ക്കട്ടി) ഉണക്ക മുന്തിരിയോ ഒക്കെയാണ് ഫിത്വ്ര്‍ സകാത്തായി നല്‍കാറുണ്ടായിരുന്നത്'' (ബുഖാരി, മുസ്‌ലിം). അതിനാല്‍ ഫിത്വ്ര്‍ സകാത്ത് ഭക്ഷണമായി നല്‍കണമെന്നാണ് ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ് എന്നിവര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇമാം അബൂഹനീഫ പണമായും നല്‍കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം അവയുടെ മൂല്യം പണമായി നല്‍കാമോ എന്ന ചര്‍ച്ച പണ്ഡിതലോകത്ത് സജീവമായി നടന്നതായി കാണാം.
ജനക്ഷേമം പരിഗണനീയം
സകാത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയതിന്റെ ഉദ്ദേശ്യം നബി തന്നെ വ്യക്തമാക്കിയിരിക്കെ, കല്‍പനയില്‍ അന്തര്‍ഭവിച്ച കാരണങ്ങള്‍ തിരക്കി പോകേണ്ട ആവശ്യമില്ല. ജനങ്ങള്‍ക്കേറ്റവും പ്രയോജനകരമായ വിഭവമെന്തോ അത് നല്‍കലാണ് ആവശ്യം. ഹലാല്‍-ഹറാം വിഷയങ്ങളെക്കുറിച്ച് അഭിജ്ഞനെന്ന് നബി തന്നെ വിശേഷിപ്പിച്ച മുആദുബ്‌നു ജബലിന് ഫിത്വ്ര്‍ സകാത്തിന്റെ ജനക്ഷേമമാനം കൃത്യമായി ബോധ്യമായിരുന്നു. യമന്‍ രാജ്യക്കാരില്‍നിന്ന് ഫിത്വ് ര്‍ സകാത്ത് സംഭരിക്കുമ്പോള്‍ അദ്ദേഹം തന്റെ ഇംഗിതം അറിയിച്ചതിങ്ങനെ: ''ഗോതമ്പിന്റെയും യവത്തിന്റെയും സ്ഥാനത്ത് വസ്ത്രങ്ങള്‍ കൊണ്ടുവരൂ. ഞാനത് സ്വീകരിച്ചുകൊള്ളാം. നിങ്ങള്‍ക്ക് അതാണ് ഏറ്റവും പ്രയാസരഹിതമായിട്ടുള്ളത്. മുജാഹിറുകള്‍ക്ക് ഏറെ പ്രയോജനകരവുമായതാണ് അത്.'' ഹമ്പലി ഫിഖ്ഹില്‍ പ്രഗത്ഭനായ ഇബ്‌നു ഖുദാമ ഇത് തെളിവായുദ്ധരിച്ച് രേഖപ്പെടുത്തി: ''ഭക്ഷ്യവിഭവത്തിന്റെ മൂല്യവും (പണമായി) നല്‍കാമെന്നതിന്റെ തെളിവാണിത്.''
'സാധുക്കള്‍ക്ക് ആഹാരമായും' എന്ന് ചട്ടങ്ങളില്‍ വ്യക്തമാക്കിയിരിക്കെ മറ്റൊന്നു കൂടി പറഞ്ഞു: 'ഈ ദിവസം അവരെ സ്വയം പര്യാപ്തരാക്കുക' (ദാറഖുത്‌നി). അപ്പോള്‍ പെരുന്നാളിലെ ആവശ്യമാണ് മുഖ്യം. പെരുന്നാളിന്റെ ആനന്ദ ലബ്ധിക്ക് അനിവാര്യമായ ആവശ്യപൂര്‍ത്തീകരണം സാധുക്കളെ സംബന്ധിച്ചേടത്തോളം അഭിലാഷമാണ്. ദരിദ്രരുടെയും പാവങ്ങളുടെയും ആവശ്യങ്ങള്‍ ഇക്കാലത്ത് ആഹാരങ്ങളില്‍ പരിമിതമല്ല. വസ്ത്രം, മധുര പലഹാരങ്ങള്‍ തുടങ്ങി പലതും വേണമല്ലോ അവര്‍ക്ക്. ഫിത്വ്ര്‍ സകാത്തായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കച്ചവട സ്ഥാപനങ്ങളിലും മില്ലുകളിലും കൊണ്ടുപോയി വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ആവശ്യങ്ങള്‍ നിറവേറ്റുന്ന ആളുകളുണ്ട് ഇക്കാലത്ത്.
നബിയുടെ കാലത്ത് ലബ്ധമായിരുന്ന ഭക്ഷ്യധാന്യങ്ങളായിരുന്നു നല്‍കാന്‍ കല്‍പിച്ചത്. ആഹാരാവശ്യമായിരുന്നു അന്ന് മുന്നിട്ടുനിന്നത്. അതിനായിരുന്നു പ്രഥമ പരിഗണനയും. കറന്‍സി നാണ്യരീതി അന്ന് പ്രചാരം നേടിയിരുന്നില്ല. ബാര്‍ട്ടര്‍ സിസ്റ്റമായിരുന്നു നടപ്പുരീതി. സകാത്ത് നല്‍കുമ്പോള്‍, ദാതാവിന് ഇല്ലാത്ത ഒരവകാശം ഫിത്വ്ര്‍ സകാത്ത് ദാതാവിനുണ്ട്. ആവശ്യവും സാഹചര്യവും വിലയിരുത്തി അത് നല്‍കാം. ഫിത്വ്ര്‍ സകാത്തിന്റെ വിതരണ രീതി ചര്‍ച്ച ചെയ്ത പണ്ഡിതന്മാര്‍, കാശ് നല്‍കാനുള്ള അനുമതി ന്യായീകരിച്ചതിനെ കുറിച്ച് താബിഈ അബൂ ഇസ്ഹാഖ് അസ്സുബയ്ഈ രേഖപ്പെടുത്തുന്നു: ''റമദാനില്‍ ഭക്ഷ്യവിഭവങ്ങളുടെ മൂല്യം കണക്കാക്കി ദിര്‍ഹമുകള്‍ നല്‍കിയിരുന്നതായി നാം കണ്ടെത്തിയിട്ടുണ്ട്. ഇബ്‌നു അബീ ൈശബയുടെ മുസന്നിഫില്‍ ഇത് കാണാം. ഇമാം ശാത്വിബിക്ക് ശേഷം മഖാസ്വിദുശ്ശരീഅയുടെ ആധികാരിക വക്താവായി അംഗീകരിക്കപ്പെട്ട മുഹമ്മദുത്താഹിറുബ്‌നു ആശൂര്‍ ഫിത്വ്ര്‍ സകാത്ത് നാണ്യമായി നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇബ്‌നു ദീനാറിന്റെയും ഇബ്‌നു വഹബിന്റെയും മാലികി മദ്ഹബിലെ പണ്ഡിതന്മാരുടെയും നിരീക്ഷണ പ്രകാരം, സ്വാഇന്റെ മൂല്യം കണക്കാക്കി തുക നല്‍കാം. ഇബ്‌നു റുശ്ദ് ബയാനില്‍ പ്രാമുഖ്യം നല്‍കിയ അഭിപ്രായവും ഇതുതന്നെ'' (ഫതാവത്തുനിസിയ്യ 2/734).
പെരുന്നാള്‍ ദിനത്തില്‍ സന്തോഷവും സമൃദ്ധിയും കളിയാടുന്ന സാമൂഹികാന്തരീക്ഷം സംജാതമാക്കുകയാണ് ഫിത്വ്ര്‍ സകാത്തിന്റെ പരമ ലക്ഷ്യം. ആരാധനാ കര്‍മങ്ങളിലൂടെ റമദാനിലെ പകലുകളിലും പാതിരാവുകളിലും അല്ലാഹുവിനോടുള്ള ബാധ്യത നിറവേറ്റിയ സത്യവിശ്വാസികള്‍, ഫിത്വ്ര്‍ സകാത്തിലൂടെ മനുഷ്യരോടുള്ള ബാധ്യതയും നിറവേറ്റുകയാണ്. മതമെന്നത് ദൈവവും മനുഷ്യനും തമ്മിലെ ബന്ധം മാത്രമല്ലെന്നും, മനുഷ്യനും മനുഷ്യനും തമ്മിലെ ബന്ധവും അതിന്റെ പരികല്‍പനയില്‍ പെടുമെന്നുമുള്ള വസ്തുത വിളിച്ചോതുകയാണ് സകാത്തുല്‍ ഫിത്വ്ര്‍. അനുഷ്ഠിച്ച വ്രതത്തിന്റെ ശുദ്ധീകരണ പ്രക്രിയയാണ് ഫിത്വ്ര്‍ സകാത്ത് ദാനത്തിലൂടെ നടക്കുന്നത്.
Comments