എങ്ങനെ ഇംറാന്‍ ഖാന്‍ കളിയില്‍ നിന്ന് പുറത്തായി?
രാഷ്ട്രീയ അസ്ഥിരതയും സംഘര്‍ഷങ്ങളുമുള്ള പാകിസ്താന്‍ പോലുള്ള ഒരു നാട്ടില്‍ പ്രധാനമന്ത്രി തന്റെ കാലാവധി തികക്കുക എന്നത് വളരെ അപൂര്‍വമാണ്. 1947-ല്‍ ഇന്ത്യയില്‍ നിന്ന് വേറിട്ട് പോന്നതിന് ശേഷം സൈന്യവും രാഷ്ട്രീയക്കാരും അതിന്റെ ചരിത്രം പങ്കിട്ടെടുക്കുകയായിരുന്നു. പുറത്താക്കപ്പെടുകയോ രാജി വെക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ പാക് രാഷ്ട്രീയക്കാര്‍ ഒരേ ടോണില്‍ സംസാരിക്കുന്നതും നമുക്ക് കാണാം. പാക് രാഷ്ട്രീയത്തില്‍ ഏറ്റവും വില്‍പ്പന മൂല്യമുള്ളത് 'അമേരിക്കന്‍ വിരുദ്ധത' ആയത് കൊണ്ട് അതില്‍ തന്നെയാണ് പുറത്താക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ പൊതുവേ കയറിപ്പിടിക്കുക. അത് മാര്‍ക്കറ്റ് ചെയ്യാന്‍ അവര്‍ക്കൊരു വൈമനസ്യവും ഉണ്ടാകാറില്ല.
1993-ല്‍ ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സന്ദര്‍ഭം ഞാന്‍ ഓര്‍ക്കുകയാണ്. അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് ഫാറൂഖ് ലഗാരിയാണ് അവരെ പുറത്താക്കിയത്. ഭരണ പരാജയം പറഞ്ഞായിരുന്നു പുറത്താക്കല്‍. ആ ദിവസം ഇസ്‌ലാമാബാദിലെ വസതിയില്‍ പോയി ഞാന്‍ ബേനസീറിനെ സന്ദര്‍ശിച്ചിരുന്നു. ചെന്ന പാടെ അവര്‍ എന്നോട് പറഞ്ഞു, 'എന്നെ പുറത്താക്കിയത് യൂനികോള്‍ കമ്പനിയാണ്' എന്ന്! യൂനികോള്‍ അമേരിക്കന്‍ കമ്പനിയാണ്. അഫ്ഗാന്‍ വഴി പാകിസ്താനിലേക്ക് തുര്‍ക്കുമാന്‍ ഗ്യാസ് പൈപ് ലൈനിന്റെ ചര്‍ച്ച നടക്കുന്ന കാലമാണ്. ഇതിന്റെ കരാര്‍ യൂനികോളിന് നല്‍കാതെ അര്‍ജന്റീനിയന്‍ കമ്പനിയായ പരേഡസിന് നല്‍കാന്‍ തന്റെ ഭരണകൂടം തീരുമാനിച്ചതാണ് പുറത്താക്കപ്പെടാന്‍ കാരണമെന്നാണ് ബേനസീര്‍ സൂചിപ്പിച്ചത്.
സംസാരിച്ചപ്പോള്‍ ബേനസീര്‍ വളരെ കരുതലോടെയാണ് വാക്കുകള്‍ പ്രയോഗിച്ചത്. പുറത്താക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം നേരിട്ട് അമേരിക്കയില്‍ ചുമത്താതെ ഒരു അമേരിക്കന്‍ കമ്പനിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് ചെയ്തത്. പാക് രാഷ്ട്രീയത്തില്‍ അമേരിക്കക്കുള്ള പിടിത്തം നന്നായി അറിയുമായിരുന്നല്ലോ ബേനസീറിന്. അമേരിക്കന്‍ ഭരണകൂടത്തെ നേര്‍ക്ക് നേരെ കൈ ചൂണ്ടിയാല്‍ അതിന് താനും തന്റെ പാര്‍ട്ടിയും ഒടുക്കേണ്ട വില എന്തായിരിക്കുമെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. മുന്‍ ക്രിക്കറ്ററായ, ലോക രാഷ്ട്രീയ വേദിയില്‍ പുതുമുഖമായ, ഭരണാധികാരിയെന്ന നിലക്ക് അനുഭവ പരിചയം കുറഞ്ഞ ഇംറാന്‍ ഖാന്‍ പുറത്താക്കപ്പെട്ടപ്പോള്‍ ഈ വളച്ചുകെട്ടലുകളൊന്നും ഉണ്ടായില്ല. തന്നെ പുറത്താക്കിയത് അമേരിക്കയാണെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനകീയ ഗവണ്‍മെന്റിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അമേരിക്കക്ക് ഏജന്‍സിപ്പണി ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഈ പറച്ചിലുകള്‍ കൊണ്ട് ഇംറാന്‍ ഖാന് തന്റെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നുണ്ടാവണം. പക്ഷെ ഒരു കാര്യം ഉറപ്പാണ്. പാകിസ്താന്‍ സൈന്യത്തിന്റെ സഹായമില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിനൊരിക്കലും 2018 മധ്യത്തില്‍ പ്രധാനമന്ത്രിയാവാന്‍ കഴിയുമായിരുന്നില്ല. പാക് രാഷ്ട്രീയത്തില്‍ ആഴത്തില്‍ വേരുകളുള്ള നേതാക്കളെ തള്ളി മാറ്റാന്‍ ഈ സഹായം അനിവാര്യമായിരുന്നു. പിന്നീട് പാക് സൈന്യം തയാറാക്കിയ തിരക്കഥയില്‍ നിന്ന് ഇംറാന്‍ ഖാന്‍ കുതറി മാറുകയാണുണ്ടായത്; പ്രത്യേകിച്ച് ഭരണത്തിന്റെ അവസാന നാളുകളില്‍. വിദേശ നയത്തിലാണ് ഈ കുതറിമാറല്‍ നന്നായി കാണാനാവുക. ഇംറാന്‍ ഖാന് സഡന്‍ ബ്രേക്കിടാന്‍ പാക് സൈന്യം നിര്‍ബന്ധിതമായി. വ്‌ളാഡ്മിര്‍ പുടിന്‍ യുക്രെയ്‌നെതിരെ യുദ്ധം തുടങ്ങിയ അന്നേ ദിവസമാണ് ഇംറാന്‍ ഖാന്‍ റഷ്യയിലെത്തിയതും പുടിനോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതും. യുദ്ധത്തിന് പ്രോത്സാഹനം കൊടുക്കുന്നത് പോലെ തോന്നിച്ചു ഇത്. ഇതാണ് പാശ്ചാത്യ വൃത്തങ്ങളെ ശുണ്ഠി പിടിപ്പിച്ചത്. അത് സ്വാഭാവികമായും പാക് സൈന്യത്തെയും പ്രകോപിതരാക്കി. റഷ്യയുടെ അഫ്ഗാന്‍ അധിനിവേശക്കാലത്തേ പാക് സൈന്യത്തിന് ആ രാഷ്ട്രത്തില്‍ നിന്ന് കയ്‌പേറിയ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തൊള്ളായിരത്തി എണ്‍പതുകളില്‍ തങ്ങള്‍ അഫ്ഗാന്‍ മുജാഹിദുകളോടൊപ്പം നിലയുറപ്പിച്ചത് റഷ്യ ഒരിക്കലും പൊറുക്കില്ലെന്ന് പാക് സൈന്യത്തിനറിയാം. സോവിയറ്റ് യൂനിയന്‍ ശിഥിലമാകാന്‍ അതാണ് നിമിത്തമായത്. അതിന്റെ ഉത്തരവാദിത്തം ഇപ്പോഴും പാകിസ്താന്റെ മേല്‍ ചുമത്തപ്പെടുന്നുണ്ട്.
ചൈനയുമായി വലിയ സാമ്പത്തിക ചുവടുകള്‍ വെക്കാനുളള ശ്രമത്തിലായിരുന്നു ഇംറാന്‍ ഖാന്‍. പാക് സൈന്യമാവട്ടെ രണ്ടറ്റവും തൊടുവിച്ചുളള ഒരു ഞാണിമേല്‍ കളിയിലും. അമേരിക്കയെയും ചൈനയെയും അവര്‍ക്ക് കൈ വിട്ടു കൂടാ. വളരെ കരുതലോടെ ബാലന്‍സൊപ്പിച്ചുള്ള നടത്തമാണ് അവരുടേത്. ചൈനയുമായി പരമ്പരാഗതമായി തന്നെ സൈനിക സഖ്യം ഉണ്ടെങ്കിലും, തങ്ങളുടെ രാജ്യത്തിന്റെ സമ്പദ് ഘടനയും ടെക്‌നോളജിയും മറ്റും ആശ്രയിച്ചു നില്‍ക്കുന്നത് പാശ്ചാത്യ ബ്ലോക്കിനെയാണെന്ന യാഥാര്‍ഥ്യ ബോധവും സൈന്യത്തിനുണ്ട്. അവരെ തഴയുന്നതോ പ്രകോപിപ്പിക്കുന്നതോ ബുദ്ധിയല്ല.
തീവ്ര വലത്പക്ഷത്തും തീവ്ര ഇടത് പക്ഷത്തുമൊക്കെ നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ ഒരു പോലെ ഇംറാനെതിരെ ഉയര്‍ത്തുന്ന ചില ആരോപണങ്ങളുണ്ട്. നാണ്യപ്പെരുപ്പം, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പാകിസ്താന്‍ കറന്‍സിയുടെ വിലയിടിവ് പോലുള്ളവ. ഇന്ന് ഇതൊക്കെ ഏത് നാട്ടിലാണ് ഇല്ലാത്തത്! വികസിത നാടുകളിലെ വരെ നാണ്യപ്പെരുപ്പം ഒരു പക്ഷെ പാകിസ്താനിലേക്കാള്‍ ഉയര്‍ന്ന തോതിലുമാണ്. പക്ഷെ പാകിസ്താനിലെ സാധാരണക്കാരനെ വീഴ്ത്താന്‍ ഈ മുദ്രാവാക്യങ്ങള്‍ മതിയാവും. ആഭ്യന്തരമായി പാക് സൈന്യവും, വൈദേശികമായി ചൈനയും റഷ്യയും അമേരിക്കയും നടത്തുന്ന കളികള്‍ മറച്ചുവെക്കാന്‍ ഈ ഒച്ചപ്പാടുകള്‍ മതിയാകും.
പ്രോട്ടോകോള്‍ പ്രകാരം സൈനികത്തലവന്റെ കാലാവധി നീട്ടി നല്‍കിക്കൊണ്ടിരിക്കേണ്ടതാണ്. അതില്‍ ഇംറാന്‍ ഖാന്‍ കാലതാമസം വരുത്തുന്നത് സൈന്യത്തിന് ഒട്ടും പിടിച്ചിരുന്നില്ല. സൈന്യത്തിന്റെ പിടിത്തത്തില്‍ നിന്ന് സ്വതന്ത്രമാവാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെട്ടത്. താലിബാനെ പരസ്യമായി പിന്തുണച്ചതും സൈന്യത്തെ ചൊടിപ്പിച്ചു. അമേരിക്കയോടുളള പ്രതികാരം എന്ന നിലക്ക് ചൈനയുമായും റഷ്യയുമായും വല്ലാതെ അടുക്കുകയും ചെയ്തു. ഇംറാന്‍ ഖാന്റെ ഫോണ്‍വിളികള്‍ക്ക് മറുപടി പറയാന്‍ പോലും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒന്നിലധികം തവണ തയാറാകാതിരുന്നിട്ടുണ്ട്. ഇംറാനുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ബൈഡന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പ്രതിഫലനം പാകിസ്ഥാന്‍ രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലുമൊക്കെ ഉണ്ടാകാതെ തരമില്ല. സമ്പദ്ഘടനക്ക് ലഭിക്കുന്ന പ്രധാന സഹായം അമേരിക്കയില്‍ നിന്നും മറ്റു പാശ്ചാത്യ നാടുകളില്‍ നിന്നുമുള്ളതാണ്.
പാകിസ്താനിലെ രാഷ്ട്രീയ- സൈനിക നേതൃത്വങ്ങള്‍ അസ്വസ്ഥരായത്, ഇംറാന്റെ രാഷ്ട്രീയം അമേരിക്കയുമായുള്ള ബന്ധ വിഛേദനത്തില്‍ എത്തും എന്നതിനാലാണ്. അതോടെ പാകിസ്താന്‍ റഷ്യയിലേക്കും ചൈനയിലേക്കും ചായും. ഇത് തോല്‍ക്കുമെന്ന് ഉറപ്പുള്ള കുതിരകളുടെ പേരില്‍ പന്തയം വെക്കുന്നത് പോലെയാണെന്ന് അവര്‍ കണ്ടു. റഷ്യ - ചൈന - ഇറാന്‍ ഏകാധിപത്യ അച്ചുതണ്ടില്‍ രാജ്യത്തെ തളച്ചിടാനുള്ള ശ്രമമാണ്. അപ്പോള്‍ പാശ്ചാത്യ ചേരിയില്‍ നിന്ന് അത് പുറത്തായിപ്പോകും. ഇത് പാക് രാഷ്ട്രീയത്തെ അടിമുടി മാറ്റും. സൈനിക, സാമ്പത്തിക, സാമൂഹിക മേഖലകളിലും ഈ മാറ്റം പ്രതിഫലിക്കാതിരിക്കില്ല. ഇപ്പോഴത്തെ പരിസ്ഥിതിയാല്‍ ഇത് വെച്ചുപൊറുപ്പിക്കാനാറില്ല. ഈയൊരു ചിന്തയാണ് സൈന്യത്തെ ഇടപെടാന്‍ പ്രേരിപ്പിച്ചത്.
(സിറിയന്‍ രാഷ്ട്രീയ നിരീക്ഷകനായ ലേഖകന്‍ വര്‍ഷങ്ങളോളം അല്‍ ജസീറയുടെ പാകിസ്താന്‍ ബ്യൂറോ ചീഫായിരുന്നു. പാക് - അഫ്ഗാന്‍ വിഷയങ്ങളില്‍ ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്)
Comments