ടി.വി തോമസിന്റെ സകാത്തും സ്‌ക്വാഡിനിടയിലെ നോമ്പുതുറയും
നീണ്ടകാലം എം.എല്‍.എയും പിന്നീട് മന്ത്രിയുമായിരുന്ന ടി.വി തോമസ് ആലപ്പുഴ നിവാസികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ്. കുട്ടികള്‍, മുതിര്‍ന്നവര്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ടി.വി തോമസിനെ അറിയും. രാഷ്ട്രീയ കേരളം എന്നെന്നും അനുസ്മരിക്കുന്ന നേതാവാണ് ടി.വി എന്ന രണ്ടക്ഷരത്താല്‍ അറിയപ്പെട്ടിരുന്നത്. ഒട്ടനവധി സമരങ്ങള്‍ക്കും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ആലപ്പുഴ നഗരം വാര്‍ത്തെടുത്ത അതുല്യ രാഷ്ട്രീയ പ്രതിഭാസമായിരുന്നു ടി.വി. മതസൗഹാര്‍ദവും ബഹുസ്വരതയും മുഖമുദ്രയായി എന്നെന്നും കാത്തുസൂക്ഷിക്കുന്ന ആലപ്പുഴയുടെ സവിശേഷതകളുമായി ഇഴുകിച്ചേര്‍ന്ന് പൊതു പ്രവര്‍ത്തന രംഗത്ത് അദ്ദേഹം പ്രശോഭിച്ചു.
എപ്പോഴും അനുയായികളോടൊപ്പമോ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പമോ നടന്നുപോകാറുള്ള ടി.വി തോമസ്സ് ഒരു ദിവസം സന്ധ്യക്കുശേഷം സകരിയാ ബസാര്‍ ജംഗ്ഷനില്‍നിന്ന് വട്ടപ്പള്ളി റോഡിലേക്ക് നടക്കുന്നത് കണ്ടു. എം.എല്‍.എ ആയ അദ്ദേഹം ഒറ്റക്കു നടന്നു പോകുന്നതു കണ്ട് വിദ്യാര്‍ഥികളായ ഞങ്ങളില്‍ ചിലര്‍ മുതിര്‍ന്നവരോട് അതിശയം പങ്കുവെച്ചു. അപ്പോഴാണ് കാര്യം മനസ്സിലായത്. എല്ലാ റമദാന്‍ മാസവും അവസാനത്തെ നാളുകളില്‍ അദ്ദേഹം ഇങ്ങനെ പതിവായി ചെയ്യാറുണ്ടായിരുന്നത്രേ. പരിചിതരില്‍ പാവപ്പെട്ടവരും കഷ്ടപ്പെടുന്നവരുമായവരെ സന്ദര്‍ശിച്ച് സഹായ സഹകരണം നല്‍കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. 'സകാത്ത് നല്‍കാനായി ടി.വി എത്തി' എന്നായിരുന്നു ഈ സഞ്ചാരത്തെ പഴയ തലമുറക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. പട്ടണത്തിന്റെ പല ഭാഗങ്ങളിലും സ്വന്തമായെത്തി ഇത്തരം സഹായങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു.
എന്തുകൊണ്ടാണ് മറ്റാരെയും കൂട്ടാതെ ഒറ്റക്ക് സഞ്ചരിച്ച് സഹായം നല്‍കുന്നതെന്ന് ചോദിച്ചപ്പോള്‍ 'വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയാതിരിക്കലല്ലേ നല്ലത്? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
****
പ്രിന്‍സിപ്പലിന്റെ ചേംബറില്‍ ഒരു നോമ്പുതുറ
ചങ്ങനാശ്ശേരി എന്‍.എസ്.എസ് ട്രെയ്‌നിംഗ് കോളേജില്‍ ബി.എഡ് കോഴ്‌സ് ചെയ്യുമ്പോള്‍ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ എനിക്കായി മാത്രം ഒരുക്കിയ നോമ്പുതുറയില്‍ പങ്കെടുത്തത് അത്ഭുതകരമായ അനുഭവമായിരുന്നു. കേരളാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഒരു ഔദ്യോഗിക സംഘം കോളേജ് സന്ദര്‍ശിക്കാനെത്തിയ ദിവസമായിരുന്നു അത്. എന്‍.എസ്.എസിന്റെ പ്രധാന നേതാക്കള്‍, അധ്യാപകര്‍, അക്കാദമിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഗംഭീര സ്വീകരണ പരിപാടി. കോളേജ് യൂനിയന്‍ സെക്രട്ടറി എന്ന നിലയില്‍ അതിഥികളെ സ്വാഗതം ചെയ്യാനുള്ള ഉത്തരവാദിത്തം എന്നെയാണ് പ്രിന്‍സിപ്പല്‍ ഏല്‍പിച്ചത്. പ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ മഗ്‌രിബ് ബാങ്കും കേട്ടു. സ്വാഗത ഭാഷണം കഴിഞ്ഞയുടന്‍ പ്രിന്‍സിപ്പല്‍ അവരുടെ ചേംബറിലേക്ക് വിളിപ്പിച്ചു. നോമ്പുതുറ വിഭവങ്ങളെല്ലാം റെഡി. ആ ചേംബറില്‍ വെച്ചുതന്നെ മഗ് രിബ് നമസ്‌കാരവും നോമ്പുതുറയും കഴിഞ്ഞ് സമ്മേളന ഹാളില്‍ തിരിച്ചെത്തിയപ്പോള്‍ പ്രിന്‍സിപ്പലിനോട് നന്ദി രേഖപ്പെടുത്താന്‍ വാക്കുകള്‍ കിട്ടിയില്ല. ഞാനവശ്യപ്പെടാതെ തന്നെ ഒരു നോമ്പുകാരന്റെ ആവശ്യം മുന്‍കൂട്ടി കണ്ടറിഞ്ഞ് നിര്‍വഹിച്ച പ്രിന്‍സിപ്പലിന്റെ വിശാല മനസ്സിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപകനും സമുദായാചാര്യനുമായിരുന്ന ശ്രീ മന്നത്ത് പത്മനാഭന്റെ ചെറുമകള്‍ (പേരക്കുട്ടി) എന്‍. സുമതിക്കുട്ടി അമ്മയായിരുന്നു പ്രിന്‍സിപ്പല്‍.
****
സ്‌ക്വാഡിനിടയിലെ നോമ്പുതുറ
വില്‍പന നികുതി വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞ നോമ്പുതുറ അനുഭവം കൂടുതല്‍ ആകര്‍ഷകമായി തോന്നി. കോഴിക്കോട് ജില്ലയിലെ കച്ചവട കേന്ദ്രത്തില്‍ പരിശോധന നടത്തുകയായിരുന്നു സ്‌ക്വാഡ് അംഗങ്ങള്‍. മഗ്‌രിബ് സമയമായപ്പോള്‍ സ്‌ക്വാഡിലുണ്ടായിരുന്ന ഏക മുസ്‌ലിം ഉദ്യോഗസ്ഥന്‍ ഓഫീസറോട് പള്ളിയില്‍ പോയി നോമ്പ് തുറക്കാനും മഗ്‌രിബ് നമസ്‌കാരത്തിനുമായി 10 മിനിറ്റ് സമയത്തേക്ക് ഓഫ് നല്‍കണമെന്നഭ്യര്‍ഥിച്ചു. ഹിന്ദു മതവിശ്വാസിയായ ഓഫീസര്‍ സ്‌ക്വാഡ് അംഗങ്ങളെ മുഴുവനും ജീപ്പില്‍ കയറ്റി തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ നോമ്പുതുറക്കാനും നമസ്‌കാരത്തിനുമുള്ള സൗകര്യങ്ങള്‍ ഓഫീസര്‍ നേരത്തെ തന്നെ കണ്ടറിഞ്ഞ് ഏര്‍പ്പാട് ചെയ്തിരുന്നു. അങ്ങനെ ഓഫീസറുടെ നേതൃത്വത്തില്‍ അതൊരു സൗഹൃദ നോമ്പുതുറയായി മാറി.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്.
Comments