ഇഫ്ത്വാര്‍ വെടി
ഞാന്‍ വാതില്‍ തുറന്ന് വീട്ടിനുള്ളിലേക്ക് കടന്നതും കരിച്ചതിന്റെയും പൊരിച്ചതിന്റെയും മധുര പലഹാരങ്ങളുടെയും ഗന്ധങ്ങളുടെ ഒരു ധൂമ മേഘം തന്നെ എന്നെ സ്വാഗതം ചെയ്തു. നോമ്പ് നോറ്റ എന്റെ അധരങ്ങള്‍ ഒരു നറു പുഞ്ചിരിയോടെ ഞാനൊന്ന് തടവി. അടുക്കള മുറിയില്‍ കമാന്ററായി ബീവി വിലസുന്നുണ്ട്. ആ കടുത്ത ഗന്ധങ്ങള്‍ക്കിടയിലും മൂപ്പത്തിക്ക് എന്റെ മണം കിട്ടിയെന്ന് തോന്നുന്നു. എന്നെ സ്വാഗതം ചെയ്യാന്‍ അവള്‍ ഓടി വന്നു. അവളുടെ മൊഞ്ചുള്ള മുഖത്തും ചിതറിയ നോട്ടങ്ങളിലും എന്റെ ദൃഷ്ടി പതിഞ്ഞു. എന്റെ നോട്ടം ഇഫ്ത്വാര്‍ മേശയിലേക്ക് തിരിഞ്ഞു. ഒപ്പം തന്നെ ഞാന്‍ എന്റെ നല്ല പാതിയെയും വീട്ടിലേക്കുള്ള വഴിയില്‍ കണ്ടുമുട്ടിയ മിനിസ്‌കര്‍ട്ടുകാരിയെയും തമ്മില്‍ ഒന്ന് താരതമ്യം ചെയ്തു. ത്രാസില്‍ കൂടുതല്‍ തൂക്കം കിട്ടിയത് ഇവള്‍ക്ക് തന്നെ. കൂടുതല്‍ മെച്ചവും ഇവള്‍ തന്നെ. ആ മിനിസ്‌കര്‍ട്ടുകാരിയുണ്ടോ അറിയുന്നു രണ്ടു മുട്ടകള്‍ എങ്ങനെ ഒന്നിച്ചു വിഴുങ്ങാമെന്ന്! ഗ്രാമത്തില്‍നിന്ന് നേരെ ദാമ്പത്യ കൂടാരത്തിലേക്ക് വന്നവളാണ് എന്റെ കെട്ടിയോള്‍.
ഈജിപ്ഷ്യന്‍ സര്‍ക്കാറിലെ വളരെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥനായാണ് സൗഭാഗ്യവതി എന്നെക്കുറിച്ച് കരുതുന്നത്. സര്‍ക്കാറും അങ്ങനെത്തന്നെ... ഏറ്റവും ധീരനും മഹാനും ബുദ്ധിമാനുമാണ് ഞാനെന്നാണ് അവള്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍നിന്ന് അതിന്റെ എല്ലാ ഗുണഗണങ്ങളോടും കൂടി നേരിട്ട് ഇറങ്ങിവന്ന ഒരു പെമ്പറന്നോളെ പോലെയാണ് അവള്‍.
ഇഫ്ത്വാറിനുള്ള വെടി പൊട്ടുന്നതും കാത്തിരിക്കുകയാണ് ഞങ്ങള്‍. എന്റെ മുതിര്‍ന്ന മകന്റെ കണ്ണുകള്‍ ചുമര്‍ ഘടികാരത്തിലാണ്. അവന്‍ നോട്ടം കൊണ്ട് ഘടികാര സൂചികള്‍ മുന്നോട്ടു തള്ളി നീക്കുകയാണ്... ഭക്ഷണത്തളികകളിലാണ് എന്റെ ചിന്ത മുഴുവന്‍. മാംസം, പൊട്ടാറ്റോ തുടങ്ങിയ സ്ട്രാറ്റജിക്കല്‍ ലക്ഷ്യങ്ങള്‍, ഫുല്‍1, സലാഡ് തുടങ്ങിയ ടാക്റ്റിക്കല്‍ ലക്ഷ്യങ്ങള്‍, കുനാഫ2, ഖത്വാഇഫ്3 തുടങ്ങിയ അനുപൂരക ലക്ഷ്യങ്ങളും തളികകളില്‍ ആക്രമണം കാത്തിരിക്കുകയാണ്. ഉദാരമായ റമദാന്‍ മാസമാണിതെന്ന് ഉറപ്പ് നല്‍കുന്ന വമ്പന്‍ ഭക്ഷണ കൂമ്പാരങ്ങള്‍. പരിശുദ്ധമായ നാടന്‍ പശുവിന്‍ നെയ്യ് ഉപയോഗിക്കാതെ ഒന്നും ഞങ്ങള്‍ പാകം ചെയ്യാറില്ല. പാരമ്പര്യം വിട്ടുകളിക്കാത്തവരാണ് ഞങ്ങള്‍. ഒരു ദിവസം എന്റെ പെമ്പറന്നോത്തി ഫാക്ടറിയില്‍ നിര്‍മിക്കുന്ന നെയ്യ് ഉപയോഗിച്ചു. അന്ന് ഞാനവളെ ത്വലാഖ് ചൊല്ലാന്‍ പോയതാണ്! അതാ... ഇഫ്ത്വാറിന്റെ വെടിപൊട്ടി. സൈനിക നടപടികള്‍ ആരംഭിക്കുകയായി...
അതീവ രസത്തോടെ ആഹാരം കഴിച്ചുകൊണ്ടിരുന്ന എന്റെ മക്കളെ നോക്കിയിരിക്കുകയാണ് ഞാന്‍. അവരില്‍ ഏറ്റവും ചെറിയവനോടാണ് മനസ്സ് കൊണ്ട് എനിക്ക് കൂടുതല്‍ അടുപ്പം. അവനാണെങ്കില്‍ ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുന്നില്ല. വെറുതെ മണം പിടിച്ചിരിക്കുകയാണ്. എന്തെങ്കിലും കഴിക്കാന്‍ അവന്റെ ഉമ്മ മൂന്ന് തവണ അവനോട് പറഞ്ഞു നോക്കി. പക്ഷേ, അവന്‍ കേട്ട ഭാവമില്ല. എന്നാല്‍ ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ കൈ ഭക്ഷണത്തിലേക്ക് നീണ്ടു. അപ്പോള്‍ അവന്റെ ഉമന്മ പറഞ്ഞു: ''നിങ്ങളെ മാത്രമേ അവന് പേടിയുള്ളൂ. പടച്ചോന്‍ നിങ്ങള്‍ക്ക് ആയുസ്സ് നീട്ടിത്തരട്ടെ.''
അവളുടെ പ്രാര്‍ഥന കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി. അവള്‍ തളികയിലിട്ടു തന്ന മൂന്ന് ഉണക്ക കാരക്കകളുടെ നേരെ എന്റെ കൈ നീണ്ടു. ആ മൂന്ന് കാരക്കകള്‍ എന്നെ നമ്മുടെ നബിയുടെ ഭക്ഷണം ഓര്‍മപ്പെടുത്തി. സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠനായ നബിതിരുമേനി എങ്ങനെയാണ് നോമ്പ് നോറ്റിരുന്നതെന്നും എങ്ങനെയാണ് നോമ്പ് തുറന്നിരുന്നതെന്നും അപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി. റമദാന്‍ മാസം ആദിമകാലത്തെ മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ ഇറങ്ങിയ മാസമായിരുന്നു. ശരീര ഭാരങ്ങള്‍ കുറയുന്ന മാസം. കാരുണ്യം നിഷ്‌കളങ്കതയെയും വിശപ്പിനെയും സ്‌നേഹത്തെയും കണ്ടുമുട്ടുന്ന മാസം. ആത്മാവ് അതിന്റെ വിധാതാവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന മാസം.
ഞാന്‍ ഭക്ഷണത്തില്‍നിന്ന് വിരമിച്ചു. എന്റെ ആത്മാവിന് ശ്വാസം മുട്ടുന്ന പോലെ തോന്നി. കഠിനമായ ദഹനക്കേട്. ഉറങ്ങണമെന്ന അതിയായ ആഗ്രഹം. ഞാന്‍ ഉറക്കറയില്‍ കടന്നതേയുള്ളൂ. അപ്പോഴേക്ക് സഹധര്‍മിണിയും അവിടെയെത്തി. ഖത്വാഇഫിന്റെയും കുനാഫയുടെയും തളികയുമായാണ് അവളുടെ വരവ്. ഇസ്‌ലാമിന്റെ ആദിമ ഘട്ടത്തിലുണ്ടായിരുന്ന ഖത്വാഇഫുകളെയും കുനാഫയെയും കുറിച്ച് അന്വേഷിക്കുകയാണ് വെറുതെ അവള്‍. എപ്പോഴെങ്കിലും വയറ് നിറഞ്ഞാല്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നതായിരുന്നു നബി തിരുമേനിയുടെ പതിവ്. കാരണം പട്ടിണിയിലായിരുന്നു മുസ്‌ലിംകള്‍ അക്കാലത്ത്. ഒരിക്കലും അവര്‍ക്ക് വയറ് നിറഞ്ഞിരുന്നില്ല. ഉമര്‍ പറയാറുണ്ടായിരുന്നു: ''അല്ലാഹുവാണ, മീസ്രയീമില്‍ ഒരു ആട്ടിന്‍ കുട്ടി വിശന്ന് മരിച്ചതായി കെണ്ടത്തിയാല്‍ അന്ത്യനാളില്‍ ഉമര്‍ അതിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു.''
ദാറുല്‍ ഇസ്‌ലാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഏതെങ്കിലും നഗരത്തിലെ ഏതെങ്കിലും ഒരു റോഡില്‍ തടസ്സങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദി താനാണെന്നായിരുന്നു ഉമര്‍ കരുതിയിരുന്നത്.
മനസ്സില്‍നിന്ന് സ്‌നേഹം പുറത്തിറങ്ങി പോയപ്പോഴാണ് ഇസ്‌ലാമിക ചരിത്രത്തില്‍ ആദ്യമായി ഖത്വാഇഫ്, കുനാഫ മുതലായ പലഹാരങ്ങളുടെ അരങ്ങേറ്റം സംഭവിക്കുന്നത്. അതോടെ ഇസ്‌ലാം ജീവനില്ലാത്ത ജപമാലയും, പാരമ്പര്യാവശിഷ്ടമായ പാനീസും,4 ഇഛാശക്തിയുമായി ബന്ധമറ്റുപോയ ചുണ്ടുകളുടെ മന്ത്രങ്ങളുമായി മാറി.
തിന്നു ക്ഷീണിച്ച ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞു. പുകവലിക്കാന്‍ തുടങ്ങി. പ്രഥമാനുരാഗത്തിന്റെ തലകറക്കം പോലൊരു കറക്കം അതിലുണ്ട്. മക്കളൊക്കെ റേഡിയോവിനരികെ ഇരിക്കുകയാണ്. അല്‍പം കഴിഞ്ഞാല്‍ അവര്‍ ടി.വി ഓണ്‍ ചെയ്യും. ഈ രണ്ട് യന്ത്രങ്ങള്‍ പുറപ്പെടുവിക്കുന്ന ആരവത്തിന്റെ വോള്യത്തിന് സമമായി മറ്റൊരു ആരവവും ലോകത്തില്ല.
ഞാന്‍ വീണ്ടും വെറുതെ ഉറങ്ങാനുള്ള ശ്രമത്തിലായി. അപ്പോഴാണ് എന്റെ കൊച്ചു മകന്‍ മുറിയിലേക്ക് കടന്നുവരുന്നത്. മത പാഠപുസ്തകവും കൈയിലെടുത്താണ് അവന്റെ എഴുന്നള്ളത്ത്. എന്തോ പ്രശ്‌നമുണ്ടെന്ന് വ്യക്തം.
അവനെ അരികില്‍ ചേര്‍ത്തു പിടിച്ച് ഒരു മുത്തം നല്‍കിക്കൊണ്ട് ചോദിച്ചു: ''എന്തേയ് വന്നത്?''
''നമ്മള്‍ എന്തിനാണ് ബാപ്പച്ചീ നോമ്പെടുക്കുന്നത്?'' അപ്രതീക്ഷിതമായ ചോദ്യം.
ചോദ്യം കേട്ട് ഞാനൊന്ന് അമ്പരന്നു. ''ധനികര്‍ ദരിദ്രരുടെ വിശപ്പറിയാന്‍'' - ഞാന്‍ മറുപടി പറഞ്ഞു.
''ശരി.'' അവന്‍ തുടര്‍ന്നു ചോദിക്കുകയാണ്. ''എന്നാല്‍ പിന്നെ ദരിദ്രര്‍ നോമ്പ് നോല്‍ക്കുന്നതോ?''
ചോദ്യം കേട്ട് ഞാന്‍ വീണ്ടും ഞെട്ടി. നോമ്പ് നോല്‍ക്കാന്‍ പരമ്പരാഗതമായി നമ്മെ പഠിപ്പിച്ചുപോരുന്ന കാരണം ഇതാണ്. അത് ശരിയായ ഒരു കാരണമൊന്നുമല്ല. എന്തിനാണ് നാം നോമ്പെടുക്കുന്നത്? സത്യത്തില്‍ നോമ്പ് എന്നാല്‍ ഒരുതരം സ്‌നേഹമാണ്. അനുഷ്ഠിക്കുന്ന ആളില്‍ ഒരു ചടങ്ങിന്റെയോ പ്രവൃത്തിയുടെയോ യാതൊരു ലക്ഷണവും പ്രകടമാകാത്ത ഒരേയൊരു ഇബാദത്ത്. അതുകൊണ്ടാണ് നോമ്പ് നോറ്റ് ജനങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ദൈവജ്ഞന്മാര്‍ ചുണ്ടുകള്‍ നനച്ചിരുന്നത്. ദാസനും വിധാതാവും തമ്മിലുള്ള സമ്പര്‍ക്കമാണ് ഉപവാസം. അതൊരു ആന്തരികമായ സമ്പര്‍ക്കമാണ്. ഒരുതരം പ്രണയ രഹസ്യം. നാം അത് പരസ്യമാക്കിയാല്‍ അതോടെ അതിന്റെ ജീവന്‍ പോകും. ദുന്‍യാവിന്റെ എല്ലാ നിയന്ത്രണാധികാരങ്ങളും കൈപ്പിടിയിലൊതുങ്ങിയിട്ടും അതിനോടുള്ള ആസക്തി ഉപേക്ഷിക്കുന്നതായിരുന്നു അവരുടെ ഉപവാസം. അല്ലാഹു ഒഴികെ മറ്റെല്ലാം അവര്‍ വെടിഞ്ഞു; അവനെ പ്രതിയുള്ള നാണത്താലും അവനോടുള്ള പ്രണയത്താലും. അതായിരുന്നു അവരുടെ വ്രതം. നോമ്പിന്റെ വിഷയത്തില്‍ അവര്‍ ദൈവകല്‍പനക്ക് വഴങ്ങി; അതിന്റെ പിന്നിലെ യുക്തി മനസ്സിലാകാതിരുന്നിട്ടും. കാമുകന്‍ കാമുകി പറയുന്നതിനൊക്കെ വഴങ്ങാറില്ലേ? ഒന്നും ചോദ്യം ചെയ്യാതെ. അതുപോലെത്തന്നെ. ''എന്റെ കുഞ്ഞേ, മനസ്സിലാക്കിയാലും. പ്രണയപൂര്‍ണിമ അനുസരണയിലാണ്. അതിന്റെ നടപടിക്രമങ്ങളുടെയും നിബന്ധനകളുടെയും യുക്തി ചോദ്യം ചെയ്യാതെ. പറഞ്ഞിട്ടെന്താ. ആ നല്ല കാലമൊക്കെ പോയി! കുനാഫയും ഖത്വാഇഫും എളുപ്പം വിഴുങ്ങാന്‍ നോമ്പ് നോല്‍ക്കുന്ന നോമ്പുകാലമാണിത്.''
വിവ: വി.എ.കെ
1. ഒരുതരം പയര്‍
2. ഒരുതരം മധുരപലഹാരം
3. മാവ് കൊണ്ടുള്ള വട്ടത്തിലുള്ള ഒരു അപ്പം; അതാഇഫ് എന്ന് ഈജിപ്ഷ്യന്‍ ഉച്ചാരണം
4. റമദാനില്‍ ഈജിപ്തുകാര്‍ പരമ്പരാഗതമായി ആചരിച്ചുപോരുന്ന 'ഫാനൂസ്' അഥവാ പാനീസ് വിളക്കുകള്‍ കൊണ്ടുള്ള അലങ്കാരം- വിവര്‍ത്തകന്‍
Comments