Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 29

3250

1443 റമദാന്‍ 27

ഈദുല്‍ ഫിത്വ്‌റിലേക്ക്

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

റമദാന്‍ അവസാനിക്കുന്നു. നോമ്പിന്റെയും രാത്രി നമസ്‌കാരത്തിന്റെയും വര്‍ധിതമായ ദാനധര്‍മങ്ങളുടെയും ഖുര്‍ആന്‍ പഠനപാരായണങ്ങളുടെയും പ്രാര്‍ഥനയുടെയും ഒരു മാസക്കാലം വിട പറയുന്നു. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രമാണ് നാം ലക്ഷ്യം വെച്ചത്. കരുണാവാരിധിയായ നാഥന്‍ പതിന്മടങ്ങ് പ്രതിഫലം നല്‍കി എല്ലാവരെയും അനുഗ്രഹിക്കട്ടെ. റമദാന്‍ മാസത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ നമുക്ക് സംഭവിച്ചിരിക്കാവുന്ന വീഴ്ചകള്‍ അവന്‍ പൊറുത്തു തരട്ടെ.
ആത്മീയോല്‍ക്കര്‍ഷത്തിന്റെ കാലമായിരുന്നല്ലോ റമദാന്‍. അതവസാനിക്കുന്നതോടെ നിര്‍ബന്ധമാകുന്ന കടമയാണ് സകാത്തുല്‍ ഫിത്വ്ര്‍. പെരുന്നാള്‍ ദിനത്തില്‍ ഒരാളും വിശക്കരുത് എന്ന ഇസ്‌ലാമിന്റെ താല്‍പര്യമാണ് ഫിത്വ്ര്‍ സകാത്ത്. അതോടൊപ്പം സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ പതിതാവസ്ഥ മനസ്സിലാക്കി പരിഹരിക്കാനും സകാത്തുല്‍ ഫിത്വ്ര്‍ നമ്മോടാവശ്യപ്പെടുന്നുണ്ട്. റമദാനില്‍ നേടിയ ഭക്തിയുടെ ശക്തി ഏതു ദിശയില്‍ തിരിച്ചുവിടണമെന്ന് സകാത്തുല്‍ ഫിത്വ്ര്‍ പഠിപ്പിക്കുന്നു. നബി (സ) പറയുന്നു: ''റമദാനിലെ വ്രതം ആകാശ ഭൂമികള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയായിരിക്കും. ഫിത്വ്ര്‍ സകാത്ത് മുഖേനയല്ലാതെ അത് മേല്‍പ്പോട്ടുയര്‍ത്തപ്പെടുകയില്ല.''
ഒരാള്‍ക്കും വിശക്കരുത് എന്ന അല്ലാഹുവിന്റെ നിര്‍ബന്ധത്തെ തന്നോട് വിധേയത്വം കാണിച്ച അടിമകളിലൂടെ സാക്ഷാല്‍ക്കരിക്കുകയാണ്. ആര്‍ക്കും വിശക്കാത്ത, സമാധാനവും ക്ഷേമസുഭിക്ഷതയുമുള്ള ലോകം എന്ന  ഇസ്‌ലാമിന്റെ വാഗ്ദാനത്തെയാണ് ഈദുല്‍ ഫിത്വ്ര്‍ പ്രതിനിധീകരിക്കുന്നത്.
റമദാനിന്റെ ലക്ഷ്യം തഖ്‌വയായിരുന്നല്ലോ. നാം അനേകം സല്‍ക്കര്‍മങ്ങള്‍ അല്ലാഹുവിന്റെ കല്‍പന പ്രകാരം നിര്‍വഹിക്കുകയും വിരോധങ്ങളോട് വിട പറയുകയും ചെയ്തിട്ടുണ്ട്. ഒരു മാസക്കാലത്തെ 'പ്രത്യേക പാക്കേജ്'  എന്നതിനപ്പുറം ജീവിതാന്ത്യം വരെ അല്ലാഹുവിന്റെ കല്‍പനയോടുള്ള പ്രതിബദ്ധതയും നിരോധങ്ങളോടുള്ള അകല്‍ച്ചയും പാലിക്കാവുന്ന ഈമാന്‍ നാം കൈവരിച്ചിട്ടുണ്ടോ എന്ന ആത്മപരിശോധന കൂടിയാണ് ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ നടക്കേണ്ടത്. അതെ എന്നാണ് ഉത്തരമെങ്കില്‍ നാം എത്തിപ്പെട്ട പ്രോജ്ജ്വലമായ പദവിയെ സംബന്ധിച്ച ആഹ്ലാദമാണ്  ഈദുല്‍ ഫിത്വ്ര്‍. 
ഖുര്‍ആന്‍ പറയുന്നത് കാണുക. ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗം മുത്തഖികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതാകുന്നു (3: 133), മുത്തഖീങ്ങളില്‍ നിന്ന് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ (5:27), മികച്ച പര്യവസാനം മുത്തഖീങ്ങള്‍ക്കുള്ളതാണ് (7:128 ), തീര്‍ച്ചയായും അല്ലാഹു മുത്തഖീങ്ങളെ ഇഷ്ടപ്പെടുന്നു (9:4), തീര്‍ച്ചയായും അല്ലാഹു മുത്തഖീങ്ങളുടെ കൂടെയാകുന്നു (9: 36), അല്ലാഹു മുത്തഖീങ്ങളുടെ സഹായിയാകുന്നു (45:19), നിന്റെ നാഥന്റെയടുക്കല്‍ പരലോകം മുത്തഖീങ്ങള്‍ക്കുള്ളതാകുന്നു (43:35). അല്ലാഹുവിന്റെ ഈ വാഗ്ദാനങ്ങളെല്ലാം തന്നെ പരലോക മോക്ഷവുമായി മാത്രം ബന്ധപ്പെട്ടതല്ലല്ലോ - ഇഹലോകത്തും അവന്‍ മുത്തഖികളുടെ സഹായിയായി കൂടെയുണ്ടാകും. നമ്മുടെ വഴികള്‍ സുഖകരമാക്കാന്‍ (65:2), കാര്യങ്ങള്‍ എളുപ്പമാക്കാന്‍ (65:4), നാം ആലോചിച്ചെത്താത്ത വഴികളിലൂടെ നമ്മുടെ വിഭവ സമാഹരണം ഉറപ്പുവരുത്താന്‍ (65:3) സര്‍വ കഴിവുകളുടെയും ഉടമയായ അല്ലാഹു ഉണ്ടായിരിക്കെ നമുക്കിനി എന്ത് തിരിഞ്ഞു നോക്കാന്‍. അവന്‍ ചുമതലപ്പെടുത്തിയ ദൗത്യ നിര്‍വഹണവുമായി മുന്നോട്ട് പോവുക തന്നെ - അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
പാപമോചനത്തിന്റെ നാളുകളായിരുന്നല്ലോ റമദാന്‍. ജീവിതത്തെ സമ്പൂര്‍ണമായി അല്ലാഹുവിന് സമര്‍പ്പിക്കാനാണല്ലോ മനുഷ്യനെ സൃഷ്ടിച്ചത്. അവനേല്‍പിച്ച അമാനത്തുകളുടെ നിര്‍വഹണമാണ് നമ്മുടെ ബാധ്യത. ഭൂമിയില്‍ അവന്റെ പ്രാതിനിധ്യമാണ് നിയോഗം. അക്കാര്യം ബോധ്യപ്പെടുത്താന്‍ പ്രവാചകന്മാരെ അയച്ചു; അവര്‍ക്ക് ശേഷം മുസലിം സമുദായത്തെ ഉത്തരവാദപ്പെടുത്തി. ഈ മാര്‍ഗത്തില്‍ സംഭവിച്ചു പോയ വീഴ്ചകളെയും പോരായ്മകളയും അല്ലാഹുവിന്റെ മുന്നില്‍ ഏറ്റു പറഞ്ഞ് ഇനിയൊരിക്കലും അതാവര്‍ത്തിക്കില്ലെന്ന ദൃഢനിശ്ചയമായിരുന്നല്ലോ തൗബയും ഇസ്തിഗ്ഫാറും.  ആത്മാര്‍ഥമായ പശ്ചാത്താപത്തിലൂടെ നാമവന്റെ സാമീപ്യം കരഗതമാക്കിയിരിക്കുന്നു. പരലോക വിജയം ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. സ്വര്‍ഗത്തിലാണ് ഇനി നമ്മുടെ നിത്യവാസം, പാപങ്ങളെല്ലാം അവന്‍ മായ്ച്ചു കളഞ്ഞിരിക്കുന്നു (66:8), പാപങ്ങളുടെ സ്ഥാനത്ത് നന്മകള്‍ പകരമാക്കുകയും ചെയ്തിരിക്കുന്നു ( 25:70).
ആരാരും കാണാതെ, അറിയാതെ  നാമും അല്ലാഹുവും മാത്രമായിരുന്നു തൗബക്ക്  സാക്ഷി. പക്ഷേ, തൗബ അവന്‍ ഇഹലോകത്തും ഫലം നല്‍കുന്നു. ''... നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവിന്‍, അവങ്കലേക്ക് പശ്ചാത്തപിക്കുവിന്‍. എങ്കില്‍ ഒരു നിശ്ചിത കാലം വരെ അവന്‍ നിങ്ങള്‍ക്ക് നല്ല ജീവിത വിഭവങ്ങള്‍ നല്‍കുന്നതാകുന്നു'' (11:3). ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനോട് മാപ്പിരക്കുവിന്‍, എന്നിട്ട് അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുവിന്‍. അവന്‍ നിങ്ങള്‍ക്ക് മീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുള്ള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തു തരികയും ചെയ്യും'' (11:52). അങ്ങനെയെങ്കില്‍, നാം ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പകരം ഇസ്‌ലാമിന്റെ അതിവേഗത്തിലുള്ള പ്രയാണവും വിജയവും സാധ്യമാവും എന്നാണ്. അപ്പോള്‍ പിന്നെ ആഹ്ലാദത്തിന്റെ  നിലക്കാത്ത തക്ബീര്‍ ധ്വനികളാകുന്നു ഈദുല്‍ ഫിത്വ്ര്‍ ദിനം.
ഈദ് എന്നാല്‍ മടക്കമെന്നര്‍ഥം. അല്ലാഹുവിന്റെ വിധേയത്വത്തിലേക്കുള്ള സമ്പൂര്‍ണമായ മടക്കം. അതിന് സജ്ജമാക്കുകയും തയാറാക്കുകയുമായിരുന്നു റമദാന്‍. ഞാനിതാ സമ്പൂര്‍ണമായി കീഴ്‌പ്പെട്ട് വിധേയനായി വന്നു നില്‍ക്കുന്നു എന്ന സന്തോഷമാണ് തക്ബീര്‍. ഇനിയൊരിക്കലും നിന്നെ വിട്ട് പോവില്ലെന്ന ദൃഢനിശ്ചയമാണ് തക്ബീര്‍.
പെരുന്നാള്‍ ദിനത്തില്‍ നമസ്‌കാര സ്ഥലത്ത് വിശ്വാസികള്‍ മാത്രമല്ല; അല്ലാഹുവിന്റെ മലക്കുകളും ഹാജറായിരിക്കും. വിശ്വാസികള്‍ തങ്ങളെ ഏല്‍പിച്ച ജോലി പൂര്‍ത്തീകരിച്ചതിനാല്‍ അവരുടെ കൂലി ഇപ്രകാരമായിരിക്കുമെന്ന് ഹദീസുകളില്‍ കാണാം: പാരത്രിക മോക്ഷത്തിനുള്ളതെന്തും, ഐഹിക ക്ഷേമത്തിനുള്ളതെന്തും അല്ലാഹുവിനോട് ചോദിക്കാം. അവനത് നല്‍കും. അല്ലാഹുവിനെ ഭയപ്പെടുവോളം കാലം നമ്മുടെ കുറവുകള്‍ അവന്‍ മറച്ചുവെക്കും. മഹ്ശറില്‍ നമ്മെ അപമാനിക്കില്ല. അതായത്, പെരുന്നാള്‍ ദിനവും നമുക്ക് അല്ലാഹുവിനോട് ആവശ്യമുള്ളതെന്തും ചോദിക്കാനുള്ള ദിനമാണ്. അതില്‍ ഒരുപേക്ഷയും വരുത്തരുത്.
മനുഷ്യ പ്രകൃതിയെയാണ് ഇസ്ലാം പ്രതിനിധീകരിക്കുന്നത് എന്നതിനാല്‍ ആ പ്രകൃതിയില്‍ ആഘോഷവുമുണ്ട്.  ആഘോഷങ്ങള്‍ എന്നും പാരസ്പര്യത്തിന്റെയും  സഹവര്‍ത്തിത്വത്തിന്റെയും കൂടി അവസരങ്ങളാണ്. എല്ലാ സമൂഹങ്ങള്‍ക്കും ആഘോഷങ്ങളും വിനോദങ്ങളുമുണ്ട്. അവയില്ലാത്ത സമൂഹമോ സംസ്‌കാരമോ ഇല്ല. ചരിത്രപഠനത്തില്‍ സമൂഹങ്ങളെയും സംസ്‌കാര, നാഗരികതകളെയും  തിരിച്ചറിയുന്നത് അവയുടെ ആഘോഷങ്ങളെ മനസ്സിലാക്കി കൂടിയാണ്. ജാതി, മത, ദേശ, ഭാഷാ, ലിംഗ ഭേദമന്യേ പരസ്പര സ്‌നേഹവും സഹാനുഭൂതിയും പെരുന്നാളിന്റെ അന്തസ്സത്തയാണ്;  മേല്‍ പറഞ്ഞ ദേദങ്ങളൊന്നും ഇസ്‌ലാം അംഗീകരിക്കുന്നില്ല എന്നതിനാല്‍ വിശേഷിച്ചും. നമ്മുടെ നാട്ടിലാവട്ടെ, ജാതീയവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ അപകടകരമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂടം തന്നെ അവയെ ഊതിക്കത്തിക്കുന്നു. വിവിധ ലിംഗ, ഭാഷാ, മത വിഭാഗങ്ങള്‍ക്കെതിരെയുള്ള കടുത്ത വിവേചനം തുടരുന്നു. ആഗോള രാഷ്ട്ര സങ്കല്‍പം തന്നെ തീവ്ര ദേശീയതയിലേക്ക് കൂടുമാറുന്നു. ഈ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ സാര്‍വലൗകികതയും മാനുഷ്യകത്തിന്റെ ഐക്യവും ഉദ്‌ഘോഷിക്കാനുള്ള അവസരം കൂടിയാണ് പെരുന്നാള്‍. നിര്‍ഭയവും സുഭിക്ഷവുമായ    സുദിനങ്ങളിലേക്ക് മാനുഷ്യകത്തെ ക്ഷണിക്കുകയാണ് പെരുന്നാള്‍ ആഘോഷം. പെരുന്നാളുകള്‍ നമ്മുടെ വീടകങ്ങളിലും ആരാധനാലയങ്ങളിലും ഒതുങ്ങാതെ അയല്‍പക്കങ്ങളിലേക്കും പരക്കണം.
ബന്ധങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു എന്ന് നാം തന്നെ പരാതിപ്പെടുന്നു. ബന്ധു, സുഹൃദ് വീടുകള്‍ കുടുംബ സമേതം സന്ദര്‍ശിച്ച് പരസ്പരം ആശംസകള്‍ കൈമാറിയും പ്രാര്‍ഥിച്ചും ബന്ധങ്ങള്‍  നിലനിര്‍ത്താന്‍ പെരുന്നാള്‍ ദിനം ഉപകരിക്കണം.
സുഭിക്ഷവും സമാധാനപൂര്‍ണവുമായിരിക്കാം നമ്മുടെ ഈദ്. പക്ഷേ, എല്ലാവരും അങ്ങനെയെന്ന് ധരിക്കരുത്. യുദ്ധമുഖത്തുള്ളവര്‍, അനാഥര്‍, അഗതികള്‍, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവര്‍, എല്ലാമുണ്ടായിട്ടും ഒന്നാഘോഷിക്കാന്‍ പ്രിയപ്പെട്ടവര്‍ വിടചൊല്ലിയതിന്റെ ആഘാതം വിട്ടുമാറാത്തവര്‍, മാറാരോഗികളും അവരെ പരിചരിക്കുന്നവരും, കട ബാധ്യത കൊണ്ട് നട്ടം തിരിയുന്നവര്‍ - ഇവരുടേത് കൂടിയാണ് പെരുന്നാള്‍ എന്നോര്‍മ നമുക്ക് വേണം. നമ്മുടെ മനോമുകുരങ്ങളിലൂടെ അവരുടെ ജീവിതാവസ്ഥകള്‍ കടന്നുപോകണം. അവര്‍ക്ക് വേണ്ടി പ്രാര്‍ഥനകളുയരണം. നമ്മുടെ പ്രാര്‍ഥന അര്‍ഹിക്കുന്ന മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. അവര്‍ അല്ലാഹുവിലേക്ക് നേരത്തെ യാത്രയായ നമ്മുടെ പ്രിയപ്പെട്ടവരാണ്. അവരുടെ നല്ല പരലോക ജീവിതത്തിനു വേണ്ടിയും കൈകളുയര്‍ത്തുക - നമ്മുടെ ആവശ്യങ്ങള്‍ കേട്ട് അവ പൂര്‍ത്തികരിക്കാനായി പെരുന്നാള്‍ ദിനത്തില്‍ കാത്തിരിക്കുന്നവനാണല്ലോ അല്ലാഹു.
ഏവര്‍ക്കും ഈദുല്‍ ഫിത്വ്ര്‍ ആശംസകള്‍; അല്ലാഹു നമ്മില്‍ നിന്നും  സ്വീകരിക്കുമാറാകട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

ദാനം ഒരു നിക്ഷേപമാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്