മദ്യനയം ജനവഞ്ചന തന്നെ
''മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടി നാളെ സമൂഹത്തിന് ആപല്‍ക്കരമായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ'' ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രിയുടേതാണ് മുകളിലുദ്ധരിച്ച വാക്കുകള്‍ (ദേശാഭിമാനി 5.12.2010). ''സ്ത്രീകളെ കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന മദ്യപാനം എന്ന വിപത്തിനെതിരെ പോരാടാന്‍ മാര്‍ക്‌സിസ്റ്റ് വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ 9-ാം സംസ്ഥാന സമ്മേളം ആഹ്വാനം ചെയ്തു'' (ദേശാഭിമാനി 28.9.2010). ''ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും ഒരു സാമൂഹിക വിപത്തായി പരിണമിച്ചിരിക്കുന്ന ഇക്കാലത്ത് ഭാവിതലമുറയെയെങ്കിലും ഇതില്‍നിന്ന് അകറ്റി നിര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തവും കടമയുമാകുന്നു'' (മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍, 14-ാം നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍നിന്ന്).
''മദ്യപിച്ച് വന്ന് സ്വന്തം പെണ്‍മക്കളെ ഉപദ്രവിക്കുന്ന പിതാവില്‍നിന്ന് രക്ഷപ്പെടാന്‍ മക്കളെയും കൊണ്ട് പാതിരാത്രി വീട്ടില്‍നിന്ന് ഇറങ്ങിയോടുന്ന അമ്മമാരുടെ കണ്ണീരിന് ആര് സമാധാനം പറയും?'' പ്രസിദ്ധ കവയിത്രി സുഗതകുമാരിയുടെ ചോദ്യം.
90 ശതമാനം മദ്യപന്മാരുടെ ഭാര്യമാരും ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ രക്ഷിക്കുന്നതിന് രൂപം കൊണ്ട സംഘടനയായ 'ടോട്ടല്‍ റസ്‌പോണ്‍സ് ടു ആള്‍ക്കഹോള്‍ ആന്റ് ഡ്രഗ് അബ്യൂസ് (ഠഅഉഅ) ഡയറക്ടര്‍ പറയുന്നു. തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി ഓര്‍ത്താണത്രെ അവര്‍, ആത്മഹത്യ ചെയ്യാതെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന മട്ടില്‍ ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നത്.
മദ്യലഭ്യതയും വ്യാപനവും കുറച്ചുകൊണ്ടു വരുകയെന്നതാണ് മദ്യവിപത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ അനിവാര്യമായ നടപടിയെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
മദ്യപാനിയായ പിതാവിന്റെ ചെയ്തികള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടി സമൂഹത്തിന് ആപല്‍ക്കരമായി മാറുമെന്ന് മുഖ്യമന്ത്രി വിലയിരുത്തുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം സാമൂഹിക വിപത്തായി മാറിയതിനാല്‍ ഭാവിതലമുറയെയെങ്കിലും ഇതില്‍നിന്ന് അകറ്റി നിര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മുന്‍വിദ്യാഭ്യാസ മന്ത്രി ഓര്‍മപ്പെടുത്തുന്നു. സ്ത്രീകളെ കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന മദ്യപാനം എന്ന വിപത്തിനെതിരെ പോരാടണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആഹ്വാനം ചെയ്യുന്നു.
മദ്യവിപത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് വാചാലമാവുകയും മദ്യലഭ്യതയും ഉപഭോഗവും കുറക്കുന്ന മദ്യനയം ആവിഷ്‌കരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്യുകയും ചെയ്ത എല്‍.ഡി.എഫ് സര്‍ക്കാര്‍, നാടായ നാട്ടിലൊക്കെ മദ്യം ഒഴുക്കുന്ന നടപടിയുമായി മുന്നോട്ടു പോവുന്നത് ആത്മവഞ്ചനയും ജനവഞ്ചനയുമല്ലെങ്കില്‍ മറ്റെന്താണ്?
കോണ്‍ഗ്രസ്സില്ലാത്ത
വിശാല സഖ്യം!
അബ്ദുല്‍ മാലിക് മുടിക്കല്‍
ബി.ജെ.പിക്കെതിരേ വിശാല സഖ്യത്തിന് നീക്കം ഉണ്ടാവണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. കോണ്‍ഗ്രസ്സിനെക്കൂടി ഈ സഖ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ മാത്രമേ ഇത് പൂര്‍ണമാവുകയുള്ളൂ. എന്നാല്‍ കേരളത്തിലെ സി.പി.എമ്മിന് വിശാല ഐക്യം രൂപീകരണ കാര്യത്തില്‍ മറ്റൊരു നിലപാടാണ്. കോണ്‍ഗ്രസ്സിനെ ചേര്‍ക്കാത്ത വിശാല സഖ്യത്തിനു ഇന്ത്യയില്‍ എന്താണ് പ്രസക്തി? അപ്രായോഗികതയുടെ രാഷ്ട്രീയമാണ് സി.പി.എം പ്രസംഗിക്കുന്നത്.
പ്രതിവാര വിചാരം
മമ്മൂട്ടി കവിയൂര്‍
പ്രബോധനത്തില്‍ ഇടക്കിടക്ക് ബശീര്‍ ഉളിയില്‍ എഴുതിവരുന്ന 'പ്രതിവിചാരം' സമകാലിക സംഭവങ്ങളെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നതാണ്. ലക്കം 3247-ല്‍ വന്ന 'ഈ സൗഹൃദ വെടികള്‍' ശ്രദ്ധാപൂര്‍വം വായിച്ചു. ഇതിന് മുമ്പ് അദ്ദേഹം എഴുതിയതും വായിച്ചിട്ടുണ്ട്. പ്രബോധനത്തില്‍ ഈ പംക്തി അത്യാവശ്യമാണ്. പ്രതിവിചാരം, പ്രതിവാര വിചാരമാക്കി ആഴ്ചതോറും തുടരാന്‍ പ്രബോധനവും ബശീര്‍ സാഹിബും താല്‍പര്യമെടുക്കണമെന്ന് അപേക്ഷിക്കുന്നു.
Comments