Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 29

3250

1443 റമദാന്‍ 27

നാക്ക്പിഴയല്ല, സുചിന്തിത അടവ് നയം

എ.ആര്‍

ഒരു ഘട്ടത്തില്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയയുടെ ഭാഗമായി സംഘ് പരിവാറും ചില ക്രൈസ്തവ സഭാ പിതാക്കളും മാധ്യമങ്ങളും തൊടുത്തുവിട്ട നുണബോംബ് ആയിരുന്നു ലൗ ജിഹാദ്. മുസ്‌ലിം യുവാക്കള്‍ ബോധപൂര്‍വം അമുസ്‌ലിം യുവതികളുമായി പ്രണയം ഭാവിച്ചു തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്യുന്നു എന്നും, പിന്നില്‍ മുസ്‌ലിം തീവ്രവാദി സംഘടനകളാണെന്നും വ്യാപകമായ പ്രചാരണം നടന്നു. ഈ പ്രചാരണത്താല്‍ കേരള ഹൈക്കോടതി പോലും സ്വാധീനിക്കപ്പെട്ടു എന്നു കരുതാവുന്ന വിധത്തിലാണ് ലൗ ജിഹാദിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസിന് കോടതി നിര്‍ദേശം നല്‍കിയത്. ഏതാണ്ടെല്ലാ ജില്ലാ പോലീസ് മേധാവികളും അരിച്ചു പെറുക്കി അന്വേഷിച്ചിട്ടും ആരോപണത്തിന് തുമ്പൊന്നും ലഭിച്ചില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഒടുവില്‍ ഹൈക്കോടതി ഫയല്‍ ക്ലോസ് ചെയ്യുകയായിരുന്നു. പിന്നീട് പാര്‍ലമെന്റിലും ഇത് ചര്‍ച്ചാ വിഷയമായപ്പോള്‍ ലൗ ജിഹാദ് എന്ന ഒന്ന് രാജ്യത്ത് നടക്കുന്നില്ല എന്ന മറുപടിയാണ് ബന്ധപ്പെട്ട മന്ത്രാലയം നല്‍കിയത്. പക്ഷേ ഉത്തരേന്ത്യയില്‍ വിഷലിപ്തമായ പ്രചാരണം ഇപ്പോഴും സംഘ് പരിവാര്‍ തുടരുകയാണ്. കേരളത്തിലെ ചില ക്രൈസ്തവ പുരോഹിതന്മാരും അതിന് പിന്തുണ നല്‍കുന്നു. രാജ്യത്തെ നിലവിലെ സാമൂഹികാന്തരീക്ഷത്തില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള ഏത് വ്യാജ പ്രചാരണങ്ങള്‍ക്കും മാര്‍ക്കറ്റ് ഉണ്ടെന്നത് വസ്തുതയാണ്. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്ക് നിര്‍ബാധം തുടരുന്നുമുണ്ട്.
പക്ഷേ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പ്രയാസമുള്ളത് മതേതരത്വത്തോടുള്ള പ്രതിബദ്ധതയും വര്‍ഗീയതയോടുള്ള അതികഠിനമായ എതിര്‍പ്പും അത്യുച്ചത്തില്‍ വിളിച്ചു കൂവുന്ന ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയുടെ അവസരവാദപരമായ സമീപനമാണ്. രാജ്യത്ത് ബി.ജെ.പി-ആര്‍.എസ്.എസ് ഭീഷണിക്കെതിരെ സര്‍വ മതേതര പാര്‍ട്ടികളും രാഷ്ട്രീയേതര സംഘടനകളും ഒരുമിച്ചു പോരാടാതെ അതിന് തടയിടാന്‍ സാധ്യമല്ലെന്ന് ഒടുവിലത്തെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ തീരുമാനിച്ച് രംഗത്തിറങ്ങിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട പ്രാദേശിക നേതാവും കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും മുന്‍ തിരുവമ്പാടി എം.എല്‍.എയുമായ ജോര്‍ജ് എം. തോമസ്, കോടഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ തന്നെയായ ഒരു മുസ്‌ലിം നാമധാരിയും ക്രിസ്ത്യന്‍ സമുദായാംഗമായ യുവതിയും തമ്മില്‍ നടന്ന പ്രണയ വിവാഹം ലൗ ജിഹാദിന്റെ ഭാഗമാണെന്ന പ്രചാരണത്തോട് അനുകൂലമായി പ്രതികരിച്ചതും, ആ വിവാഹം നടക്കരുതായിരുന്നു എന്ന ധ്വനിയോടെ സംസാരിച്ചതും വലിയ ഒച്ചപ്പാടിന് വഴിമരുന്നിട്ടത് സ്വാഭാവികമാണ്. ജാതിയും മതവും പരിഗണിക്കാതെ മതാചാരമുക്തമായി യുവതീ യുവാക്കള്‍ ഒരുമിച്ച് ജീവിക്കണമെന്നതാണ് നാളിതുവരെയുള്ള മാര്‍ക്‌സിസ്റ്റ് നിലപാട്. അവരുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയും യുവജന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ.യും അത്തരത്തിലുള്ള ബന്ധങ്ങളെയാണ് പരമാവധി പ്രോത്സാഹിപ്പിക്കുന്നതും. തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് ജീവിത പങ്കാളിയാക്കിയത് ഒരു ഹിന്ദു യുവതിയെയാണ്. ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ സാരഥി എ.എ റഹീമിന്റെ സഹധര്‍മിണി മുസ്‌ലിം വനിതയല്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മന്ത്രി മുഹമ്മദ് റിയാസിനെയാണല്ലോ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്. ജാതിയും സമുദായവും പരിഗണിക്കാതെയുള്ള കുടുംബജീവിതം കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഒരു സംഭവമേ അല്ലെന്ന് ചുരുക്കം. അതാണ് വസ്തുത എന്നിരിക്കെ കോടഞ്ചേരിയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ ഷജിന്‍ എന്ന കമ്യൂണിസ്റ്റ് കുടുംബാംഗം ക്രൈസ്തവരായ മാതാപിതാക്കള്‍ക്ക് പിറന്ന ജയ്‌സ്‌ന എന്ന മാര്‍ക്‌സിസ്റ്റിനെ പ്രണയബന്ധത്തിലൂടെ ജീവിത പങ്കാളിയാക്കിയതിനെതിരെ യുവതിയുടെ മാതാപിതാക്കളും ക്രൈസ്തവ പുരോഹിതന്മാരുമുള്‍പ്പെടെയുള്ളവരും രോഷാകുലരായത് മനസ്സിലാക്കാനാവും. അവര്‍ ലൗ ജിഹാദ് ആരോപിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തോട് മാര്‍ക്‌സിസ്റ്റ് നേതാവായ ജോര്‍ജ് എം. തോമസ് അനുഭാവം പ്രകടിപ്പിച്ചതും, ലൗ ജിഹാദ് തന്നെയാണ് നടന്നതെന്ന മട്ടില്‍ പ്രതികരിച്ചതും, തന്റെ നിലപാട് ന്യായീകരിക്കാന്‍ പാര്‍ട്ടി രേഖകളെ അവലംബിച്ചതും എന്തുകൊണ്ട് എന്നതാണ് ചോദ്യം. തനിക്ക് സംഭവിച്ചത് നാക്ക്പിഴയാണെന്നും ലൗ ജിഹാദ് ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും, പിന്നീട് പാര്‍ട്ടിക്കകത്തും പുറത്തും വന്‍ വിവാദമായപ്പോള്‍ ജോര്‍ജ് എം. തോമസ് തിരുത്തിപ്പറഞ്ഞുവെന്നത് വാസ്തവമാണ്. പാര്‍ട്ടി അദ്ദേഹത്തിന്റെ ക്ഷമാപണം അപ്പടി അംഗീകരിച്ചിട്ടുമുണ്ട്. പക്ഷേ പ്രശ്‌നം അവിടെ അവസാനിക്കുന്നില്ല.
ഒന്ന്, ലൗ ജിഹാദ് സംബന്ധിച്ച പാര്‍ട്ടി രേഖ തിരുത്തപ്പെട്ടിട്ടില്ല. അതുള്ളേടത്തോളം കാലം സി.പി.എമ്മിന്റെ നിലപാട് സന്ദിഗ്ധമായി തുടരും.
രണ്ട്, ലൗ ജിഹാദിന്റെ പിന്നില്‍ ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് മുതലായ മുസ്‌ലിം തീവ്രവാദ സംഘടനകളാണെന്ന തന്റെ ആരോപണം ജോര്‍ജ് എം. തോമസ് പിന്‍വലിച്ചിട്ടില്ല. ഇല്ലാത്ത ലൗ ജിഹാദിന്റെ പിന്നില്‍ മുസ്‌ലിം സംഘടനകളാണെന്ന ആരോപണം പച്ചക്കള്ളമാണെന്നല്ലേ കരുതേണ്ടത്!
മൂന്ന്, കോടഞ്ചേരിയിലെ മിശ്ര വിവാഹത്തിനെതിരെ ലൗ ജിഹാദ് ആരോപണമുയര്‍ത്തി കോടഞ്ചേരി സെന്റ് മേരീസ് ഫെറോന ചര്‍ച്ച് സഹ വികാരി ഫാ. സെബിന്‍ തുവുള്ളലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനെ കുറ്റപ്പെടുത്താന്‍ ഇനിയും ജോര്‍ജോ പാര്‍ട്ടിയോ തയാറാവാത്തതില്‍നിന്ന് എന്തു മനസ്സിലാക്കണം!
കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പോടെ തുടക്കമിട്ടതും നിയമസഭാ ഇലക്ഷനില്‍ തീര്‍ത്തും പ്രകടവുമായ ക്രൈസ്തവ പ്രീണനം ഇടതുമുന്നണി വിശിഷ്യാ സി.പി.എം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്നാണ് മൊത്തം സംഭവഗതികളില്‍നിന്ന് വ്യക്തമാവുന്നത്. പാലാ ബിഷപ്പിന്റെ മുസ്‌ലിംവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറയാന്‍ തയാറാവാതിരുന്ന സി.പി.എം, കോട്ടയത്തെ പ്രമുഖ പാര്‍ട്ടി നേതാവിനെ നിര്‍ണായക ഘട്ടത്തില്‍ അരമനയിലേക്കയച്ചു പിന്തുണ പരസ്യമായി പ്രഖ്യാപിക്കുന്നേടത്തോളം ക്രൈസ്തവ പ്രീണനം മുറുകി. മെത്രാന്‍ നടത്തിയ അങ്ങേയറ്റം പ്രകോപനപരമായ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശങ്ങളെ പോലും സി.പി.എം നേതൃത്വം കേട്ട ഭാവം നടിച്ചില്ല. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഇടതുമുന്നണി പ്രവേശം കൂടിയായിരുന്നു പശ്ചാത്തലം. അതേസമയം ഇമ്മാതിരി ആരോപണങ്ങളുടെ പരിസരത്തോട് പോലും ബന്ധമില്ലാത്ത ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ജിഹാദ് മാര്‍ക്‌സിസ്റ്റ് നേതാക്കളും വക്താക്കളും പ്രസംഗകരും മാധ്യമങ്ങളും ഇടതടവില്ലാതെ തുടരുന്നുമുണ്ട്. ഏറ്റവും പുതുതായി കോടഞ്ചേരി പ്രണയ വിവാഹ സംഭവത്തിലും ജോര്‍ജ് എം. തോമസ് അതാണ് ആവര്‍ത്തിച്ചത് (ജോര്‍ജ് എം. തോമസ് നടാടെ നിയമസഭയിലെത്തിയത് ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് കൊണ്ടാണെന്ന സത്യം അദ്ദേഹത്തിന് നിഷേധിക്കാനാവില്ല). സംഘ് പരിവാറും ക്രൈസ്തവ തീവ്ര വാദ ഗ്രൂപ്പുകളും ഒരേ സ്വരത്തില്‍ മുസ്‌ലിംവിരുദ്ധ പ്രോപഗണ്ട സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും തുടരുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളാവുകയാണോ സി.പി.എം? അതോടൊപ്പം മുസ്‌ലിം മതന്യൂനപക്ഷത്തിന് ഇടതുപക്ഷത്തല്ലാതെ രക്ഷയില്ല എന്ന് അനുസ്യൂതം അവകാശപ്പെടുകയും ചെയ്യുന്നു. ഇതിലടങ്ങിയ കാപട്യവും അവസരവാദവും ബുദ്ധിയുള്ളവര്‍ തിരിച്ചറിയുന്നുണ്ട് എന്നെങ്കിലും അവരോര്‍ക്കണം.
ക്രൈസ്തവ യുവതിയുടെ കുടുംബത്തിന്റെ വേദനയും, തങ്ങളെ അറിയിക്കുക പോലും ചെയ്യാതെ മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേന്ന് അവള്‍ കാമുകോനടൊപ്പം ഒളിച്ചോടിപ്പോയതിലുള്ള അവരുടെ സങ്കടവുമാണ് തന്റെ ആദ്യ പ്രതികരണത്തിന്റെ സാഹചര്യമെന്ന് ജോര്‍ജ് എം. തോമസ് പിന്നീട് നടത്തിയ ഖേദപ്രകടനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കുടുംബത്തോടും പാര്‍ട്ടിയോടും പറഞ്ഞിട്ട് വേണമായിരുന്നു വിവാഹമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനും ഓര്‍മിപ്പിക്കുന്നുണ്ട്.  അതിനര്‍ഥം യുവതീ യുവാക്കള്‍ തങ്ങളെ പോറ്റി വളര്‍ത്തിയ മാതാപിതാക്കളെയും കുടുംബത്തെയും അറിയിക്കാതെ സ്വയംവരത്തിലേര്‍പ്പെടുന്നത് നല്ല കാര്യമല്ല എന്നു തന്നെയാണ്. നിശ്ചയമായും ഗൗരവപൂര്‍വം പരിഗണിക്കപ്പെടേണ്ടത് തന്നെയാണ് ഈ പ്രശ്‌നം. കുടുംബങ്ങളുടെ നിലനില്‍പിനും തുടര്‍ച്ചക്കും ആധാരമാവേണ്ട വിവാഹങ്ങള്‍ അറിയേണ്ടവരെ അറിയിച്ചും അവരുടെ ഇംഗിതങ്ങളെ കൂടി മാനിച്ചുമായിരിക്കണം എന്നത് മാനുഷിക ബാധ്യതയാണ്. അതിന്റെ അഭാവത്തില്‍ കുടുംബ ജീവിതത്തിലുണ്ടാവുന്ന അസ്വാരസ്യങ്ങളും ചിലപ്പോള്‍ കൊലപാതകത്തോളം എത്തുന്ന സംഭവങ്ങളും ഇന്ന് അസാധാരണമല്ല. ലിബറലിസത്തിന്റെയും പുരോഗമനത്തിന്റെയും പേരില്‍ കുടുംബ ജീവിതത്തിന്റെ സാംഗത്യം തന്നെ ചോദ്യം ചെയ്യുന്ന തലമുറകളാണ് ഇന്ന് വാര്‍ത്തെടുക്കപ്പെടുന്നത്. തദ്വിഷയകമായി മാര്‍ക്‌സിസ്റ്റ് യുവജന-വിദ്യാര്‍ഥി സംഘടനകള്‍ എവിടെ നില്‍ക്കുന്നു എന്ന ചോദ്യം സാന്ദര്‍ഭികമായി ഉയരുന്നുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

ദാനം ഒരു നിക്ഷേപമാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്