പെരുന്നാളില്‍ പൂത്തുലയുന്ന സാമൂഹിക നന്മകള്‍
ആകാശവാണിയും ദൂരദര്‍ശനുമായിരുന്നു അക്കാലത്തെ കേള്‍വിയും കാഴ്ചയും. മാനത്ത് റമദാന്‍ പിറ തെളിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒരു മാസം പരിപൂര്‍ണ വിശ്രമമാണിവക്ക്. ഇരുപത്തിയൊന്‍പതാം നോമ്പിലെ മഗ്‌രിബ് നമസ്‌കാരം കൂടി കഴിഞ്ഞാല്‍ പ്രത്യേകമൊരു കാത്തിരിപ്പാണ്. പിറ കണ്ടോ എന്നറിയാന്‍ പോലും അന്ന് ടി.വി ഓണ്‍ ചെയ്തിരുന്നില്ല. ഇശാ ബാങ്ക് വരെ പുറത്തേക്ക് ചെവിയും കൂര്‍പ്പിച്ചുള്ള ഇരുത്തം തുടരും. പെട്ടെന്നായിരിക്കും പള്ളിയില്‍ നിന്ന് തക്ബീര്‍ മുഴങ്ങുന്നത്. അതോടു കൂടി പിറ കണ്ടേ എന്ന ആര്‍പ്പുവിളികളുമായി ഓടി നടക്കുന്ന കുട്ടികളുടെ തക്ബീര്‍ വിളികളാല്‍ മുഖരിതമാകും അന്തരീക്ഷം.
ഫിത്വ്‌റരി
പിറ കണ്ടെന്നറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഫിത്വ്‌റരി കൊണ്ടു കൊടുക്കാനുള്ള തിരക്കിലാണ് ഓരോരുത്തരും. വീട്ടില്‍ കരുതിവെക്കുന്ന ഫിത്വ്‌റരി അവകാശികളെ കണ്ടെത്തി വീടുകളിലാണ് കൊണ്ടു കൊടുത്തിരുന്നത്. നല്‍കുന്നവനും വാങ്ങുന്നവനും തമ്മിലുള്ള ഹൃദയ ബന്ധം ഏറെ ഊഷ്മളമാകുന്ന നിമിഷങ്ങള്‍. സംഘടിത ഫിത്വ്ര്‍ സക്കാത്ത് അധികമൊന്നും വന്നു കഴിഞ്ഞിട്ടില്ലാത്ത കാലമാണ്. ജാതി- മത ഭേദങ്ങള്‍ക്കതീതമായിട്ടാണ് ഈ വിതരണങ്ങളെല്ലാം. പടക്കങ്ങളും പൂത്തിരികളും തീര്‍ക്കുന്ന ശബ്ദാരവങ്ങളും അര്‍മാദങ്ങളുമല്ല ആഘോഷങ്ങളെന്നും, സാമൂഹിക നന്മകളുടെ മനോഹരമായ കൂടിച്ചേരലുകളാണ് ഓരോ പെരുന്നാളെന്നുമാണ് ഇസ്‌ലാമിന്റെ അധ്യാപനം.
പെരുന്നാള്‍ കോടി
ചെറിയ പെരുന്നാളിന് മാത്രമേ അധികപേരും വസ്ത്രങ്ങളെടുത്തിരുന്നുള്ളൂ. അതിനോടൊപ്പം ഒരു ജോടി ചെരുപ്പുമുണ്ടാകും. അതിനാല്‍ ഇത് പെരുന്നാള്‍ കോടിയെന്നാണ് അറിയപ്പെട്ടിരുന്നത്.
നാട്ടിലെ അറിയപ്പെടുന്ന വ്യാപാരിയായിരുന്നു അദ്ദേഹം. ഹൃദ്യമായ പെരുമാറ്റത്താലും ദാനധര്‍മ്മങ്ങളാലും ഏവരുടെയും ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരുന്ന വ്യക്തിത്വം. ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെയറിഞ്ഞ് ഉയര്‍ന്നു വന്നതിനാലാകാം ഈ ഹൃദയ നൈര്‍മല്യം. വലിയൊരു കുടുംബത്തിലെ ഓരോരുത്തരുടെയും അത്താണി കൂടിയായിരുന്നു അദ്ദേഹം. ഒരു നാടിനെയൊന്നാകെ ഏറെ കണ്ണീരിലാഴ്ത്തിയ മരണം കൂടിയായിരുന്നു അദ്ദേഹത്തിന്റേത്.
വീടിനടുത്തുള്ള ചെറിയൊരു പള്ളിയിലെ ഇമാമാണ് സ്വന്തം കുടുംബാംഗങ്ങള്‍ക്ക് പോലും അതുവരെയും അറിയാതിരുന്ന മറ്റൊരു കാര്യം അദ്ദേഹത്തിന്റെ മരണശേഷം വീട്ടുകാരോട് പങ്കുവെച്ചത്. എല്ലാ പെരുന്നാളിന്റെയും തലേന്ന് രാത്രി പള്ളിയിലെത്തി ഇമാമിന് പെരുന്നാള്‍ കോടി നല്‍കുമായിരുന്നത്രേ.
ജുമുഅയില്ലാത്ത കുഞ്ഞു പള്ളികളാണ് തയ്ക്കാവുകള്‍ എന്നറിയപ്പെട്ടിരുന്നത്. എന്നാല്‍ പല തയ്ക്കാവുകളിലും തറാവീഹ് നമസ്‌കാരവുമുണ്ടാകും. ശമ്പളം വളരെ കുറവായതിനാല്‍ പട്ടിണിയും പരിവട്ടവുമായിരിക്കും എന്നും തയ്ക്കാവുകളിലെ ഇമാമുകള്‍ക്ക്. ഫിത്വ്ര്‍ അരി വിതരണം കഴിഞ്ഞാല്‍ പെരുന്നാള്‍ കോടികളുമായി ഇവരെ തേടി ചെല്ലുന്നവരുമുണ്ടായിരുന്നു.
സംഗീതമയമായ പെരുന്നാളുകള്‍
പിറ കണ്ടെന്നറിഞ്ഞു കഴിഞ്ഞാല്‍ വീഥികളിലൊന്നാകെ ട്യൂബ് ലൈറ്റുകള്‍ തെളിയും. അതോടൊപ്പം ക്ലബുകളും സാമൂഹിക കൂട്ടായ്മകളും കൂറ്റന്‍ ഓഡിയോ ബോക്‌സുകള്‍ വഴിയരികള്‍ സ്ഥാപിച്ച് തുടങ്ങും. പിന്നെ പ്രഭാതം വരെ അന്തരീക്ഷമൊന്നാകെ സംഗീതമയമാകും. 'തരംഗിണി'യുടെ വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച മാപ്പിളപ്പാട്ട് ആല്‍ബം ഗാനങ്ങളിലെ ഗാനങ്ങളാണ് മുഴങ്ങുക. യേശുദാസിന്റെയും വിളയില്‍ ഫസീലയുടെയും ചിത്രയുടെയുമൊക്കെ നാദങ്ങള്‍ 'സംകൃമ പതകരി'യും 'കരയാനും പറയാനു'വും 'യത്തീമിന്നത്താണി'യും 'ലാ ഇലാഹ ഇല്ലല്ലായു'മായൊക്കെ പെരുന്നാള്‍ രാവുകളെ മധുരതരമാക്കും. തീരദേശ മേഖലയായ ബീമാപള്ളിയിലും ചേരിപ്രദേശമായ കരിമഠത്തുമെത്തിയാല്‍ ഗാനങ്ങള്‍ നാഗൂര്‍ ഹനീഫക്ക് വഴിമാറും. ഖവാലി ഗായകനായിരുന്ന നാഗൂര്‍ ഹനീഫ തുടര്‍ച്ചയായി 45 വര്‍ഷം പാടിയ പള്ളി കൂടിയാണ് ബീമാപള്ളി.
പെരുന്നാള്‍ ദിനങ്ങളിലെ വൈകുന്നേരങ്ങളില്‍ ഡി.ഡി മലയാളത്തില്‍ വി.എം കുട്ടി ടീമിന്റെ ഗാനങ്ങളാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. ഒരു പെരുന്നാള്‍ സായാഹ്നത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന വി.എം കുട്ടിയുടെ ലൈവ് പ്രോഗ്രാമായിരുന്നു അക്കൊല്ലത്തെ പെരുന്നാള്‍ ദിനത്തെ അവിസ്മരണീയമാക്കിയത്.
അത്താഴം കൊട്ടികള്‍
റമദാനില്‍ അത്താഴത്തിന് വിളിച്ചുണര്‍ത്താനെത്തിയിരുന്നവരാണ് അത്താഴം കൊട്ടികള്‍. ദഫ്, ചീനടി, ചീനി എന്നി ഉപകരണങ്ങളില്‍ ഉച്ചത്തില്‍ മുട്ടി സ്വന്തമായി രചിച്ച പാട്ടുകളും പാടി പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അവരെത്തുക. തമിഴ്‌നാട്ടിലെ ചരിത്ര പ്രസിദ്ധമായ തീരദേശ ഗ്രാമങ്ങളായ നാഗൂര്‍, കായല്‍ പട്ടണം ഭാഗങ്ങളില്‍ നിന്ന് റമദാനിന്റെ തുടക്കത്തില്‍ തന്നെ ഇവരെത്തിയിട്ടുണ്ടാവും. മിക്കവരുടെയും സങ്കേതം പള്ളികളായിരിക്കും.
ബീമാപള്ളി ഭാഗത്തെ അത്താഴം കൊട്ടികള്‍ക്ക് പൊതുവായൊരു പാട്ടുണ്ട്.
അത്താഴം കൊട്ടുങ്കോ
പാലും പഴവും പുഴിയുങ്കോ
എല്ലാരും യെളവുങ്കോ
(അത്താഴം കൊട്ടിക്കോളൂ, പാലും പഴവും
പിഴിഞ്ഞോളൂ, എല്ലാവരും എഴുന്നേറ്റോളൂ)
ബീമാപ്പള്ളിയിലെ തനത് ഭാഷയില്‍ അവര്‍ തന്നെ കൊട്ടി പാടുന്ന വരികള്‍. ഉരുക്കിയ കരിപ്പെട്ടിയില്‍ പാലും പഴവും പിഴിഞ്ഞ് ചേര്‍ക്കുന്ന ബീമാപള്ളിയിലെ മുഖ്യ അത്താഴ വിഭവമാണ് പാട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
പെരുന്നാള്‍ നമസ്‌കാര ശേഷം അത്താഴം കൊട്ടികള്‍ ഓരോ വീട്ടിലും വരും. ചെറിയ പണപ്പൊതികളും വയര്‍ നിറയെ ഭക്ഷണവുമായാണ് അവര്‍ മടങ്ങിപ്പോവുക. മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ കൃത്യ സമയത്ത് വിളിച്ചുണര്‍ത്തുന്ന കൂട്ടായ്മകളായി മാറിയ അത്താഴം കൊട്ടികളാണ് നിലവില്‍ ബലരാമപുരം പോലുള്ള പ്രദേശങ്ങളിലുള്ളത്.
പെരുന്നാള്‍ ചാപ്പാട്
പെരുന്നാള്‍ ഭക്ഷണത്തിനാണ് പെരുന്നാള്‍ ചാപ്പാടെന്ന് പറഞ്ഞിരുന്നത്. തിരുവനന്തപുരം നഗരമധ്യത്തില്‍ തമിഴ്‌നാട്ടിലെ തിരുവാംകോട്, തേങ്ങാപ്പട്ടണം, കുളച്ചല്‍ നിവാസികള്‍ ധാരാളമുള്ളതിനാല്‍ ആ ഭക്ഷണ വിഭവങ്ങള്‍ക്കാണിവിടെ പെരുന്നാളിന് മുന്‍തൂക്കം. നാഞ്ചിനാട് മുസ്‌ലിംകളുടെ 30 ലധികം വിഭവങ്ങള്‍ തിരുവനന്തപുരത്ത് മാത്രമുണ്ട്. പാലാട, ഓട്ടട, പരത്തൊറട്ടി, മട്ടന്‍ കുറുമ, മട്ടന്‍ ദാല്‍സ, ചിക്കന്‍ ഫ്രൈ, ബീഫ് വരട്ടിയത്, വിവിധ തരം ബിരിയാണികള്‍, കിണ്ണത്തപ്പം, കലത്തപ്പം, മുട്ട സുര്‍ക്ക, ചുക്കപ്പം തുടങ്ങിയ വിഭവങ്ങളാല്‍ സമൃദ്ധമാകും പെരുന്നാളുകള്‍. പെരുന്നാള്‍ നമസ്‌കാരാനന്തരം അയല്‍പക്കത്തെ സഹോദര സമുദായങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയ ശേഷമേ പലരും സ്വയം കഴിക്കാറുള്ളു. അതോടൊപ്പം ശ്രീചിത്ര, ആര്‍.സി.സി, മെഡിക്കല്‍ കോളേജ് എന്നീ ചികിത്സാ കേന്ദ്രങ്ങളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പെരുന്നാളില്‍ ഭക്ഷണമെത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകളുമുണ്ട് നഗരത്തില്‍.
പെരുന്നാള്‍ പടി
ഈദ് ഗാഹിലെ നമസ്‌കാരാനന്തരം ആശംസകള്‍ കൈമാറി മടങ്ങിയെത്തിയാല്‍ കുടുംബ സന്ദര്‍ശനങ്ങളാണ് പിന്നീട്. ഓരോ കുടുംബത്തെയും സന്ദര്‍ശിക്കുമ്പോള്‍ കുട്ടികള്‍ക്ക് ചെറിയൊരു തുക പെരുന്നാള്‍ പടിയായി നല്‍കാറുണ്ട്. ചിലപ്പോള്‍ അത് മുതിര്‍ന്നവര്‍ക്കും ലഭിച്ചെന്ന് വരാം. മിക്ക കുട്ടികളും അങ്ങനെ ലഭിക്കുന്ന പൈസ കുടുക്കകളിലിട്ടാണ് സൂക്ഷിക്കുക .
ജീവന്‍ രക്ഷകരായവര്‍
ഒരു പെരുന്നാള്‍ ദിനം. ഈദ് ഗാഹില്‍ നിന്ന് അവരോടിച്ചെന്നത് തീ ആളിക്കത്തിക്കൊണ്ടിരിക്കുന്ന ആ ഗോഡൗണിലേക്കായിരുന്നു. നഗര മധ്യത്തിലെ കരിമഠം കോളനിയുടെ തൊട്ടടുത്തായിരുന്നു ആ ഗോഡൗണ്‍. ധാരാളം കടകളും അതുമായി ചേര്‍ന്നിരിക്കുന്നുണ്ട്. പുതു വസ്ത്രങ്ങളുടെ സുഗന്ധം മാറും മുന്‍പാണ് അവരൊന്നാകെ വെള്ളവുമായി ഗോഡൗണിലേക്ക് തീ കെടുത്താനായി ഓടിയത്. അതിവേഗം അവര്‍ വെള്ളം കോരിയൊഴിച്ചു. അവര്‍ തന്നെ ഫയര്‍ ഫോഴ്‌സിനെയും വിളിച്ചു വരുത്തി. ഏവരുടെയും കഠിന പ്രയത്‌നത്താല്‍ തീയണഞ്ഞപ്പോള്‍ കോളനിയിലെ 450-ലധികം കുടുംബങ്ങളാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്... ഇങ്ങനെയെത്രയെത്ര സാമൂഹിക നന്മകളാണ് ഓരോ ഈദിലും പൂത്തുലഞ്ഞുകൊണ്ടിരിക്കുന്നത്.
Comments