സ്‌പെയിനിലെ ഇസ്‌ലാം, റമദാന്‍ - പെരുന്നാള്‍ വിശേഷങ്ങള്‍
കണ്ണൂര്‍ സ്വദേശിനിയായ ജുഷ്‌ന ഷഹിന്‍ സ്‌പെയിനിലെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ലാംഗ്വേജ് ആന്റ് കള്‍ച്ചറല്‍ അസിസ്റ്റന്റായി
ജോലി ചെയ്യുന്നു. വിഗോയില്‍ താമസിക്കുന്ന ലേഖിക ഫ്രീലാന്‍സ് ഫുഡ്‌ബോള്‍ ജേര്‍ണലിസ്റ്റാണ്.
സുഖകരമായ ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കാതെ, പുതപ്പിനടിയില്‍ ചുരുണ്ടു കൂടി മടി പിടിച്ചു കിടക്കുമ്പോള്‍ ഉമ്മ 4 മണിക്ക് വിത്വ്ര്‍ നമസ്‌കാരത്തിന് എഴുന്നേല്‍ക്കുമെന്നും 4.30-നു ഞങ്ങളെയെല്ലാവരെയും വിളിച്ചുണര്‍ത്തുമെന്നും ഉറക്കച്ചടവോടെ മുഖം കഴുകി വരുമ്പോഴേക്കും ചോറും കറികളും പഴങ്ങളും കഴിക്കാന്‍ പാകത്തിന് ഡൈനിംഗ് ടേബിളില്‍ ഉണ്ടാകുമെന്നും എനിക്കറിയാമായിരുന്നു.
എത്ര മനോഹരമായാണ് രക്ഷിതാക്കള്‍ നമ്മുടെ ജീവിതത്തെ എളുപ്പമാക്കുന്നത്! ഒരു മനുഷ്യായുസ്സ് മുഴുവന്‍ മക്കള്‍ക്കു വേണ്ടി ഉഴിഞ്ഞു വെക്കുന്ന രക്ഷിതാക്കളുടെ പ്രവൃത്തികളെ നമ്മളെത്ര നിസ്സാരമായാണ് കാണുന്നത്! അവരില്‍ നിന്നും വേര്‍പ്പെട്ട് ഒരുപാട് ദൂരെ പോകുമ്പോഴാണ് ഉപാധികളൊന്നുമില്ലാത്ത ആ സ്‌നേഹത്തെ, സമര്‍പ്പണത്തെ ഒക്കെ നമ്മള്‍ തിരിച്ചറിയുന്നത്.
നാട്ടിലെ നോമ്പോര്‍മ അയവിറക്കിയാണ് ഞാനുമെന്റെ പാതിയും അത്താഴത്തിനിരിക്കുന്നത്. 6.41-ന് എന്റെ അലാറവും അദ്ദേഹത്തിന്റെ ഫോണില്‍ നേരത്തെ റെക്കോര്‍ഡ് ചെയ്ത ബാങ്കും കേള്‍ക്കുമ്പോഴാവും (സ്‌പെയിനില്‍ ഉച്ചഭാഷിണിയിലുള്ള ബാങ്ക് അനുവദനീയമല്ല) രണ്ട് ഗ്ലാസ് വെള്ളവുമായി ഞങ്ങള്‍ സുഹൂര്‍ / അത്താഴം അവസാനിപ്പിക്കുന്നത്. തുടര്‍ന്ന് ഒരുമിച്ചുള്ള നമസ്‌കാരവും പ്രാര്‍ഥനയും സുജൂദും. ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ നോമ്പ് ആരംഭിക്കുന്നത്.
മുസ്‌ലിം എന്ന നിലയില്‍ സ്‌പെയിനിലെ നോമ്പുകാലം വെല്ലുവിളികള്‍ നിറഞ്ഞതാണ്. മുസ്‌ലിംകള്‍ റമദാന്‍ ആചരിക്കുന്നു എന്നറിയാമെന്നല്ലാതെ അന്നപാനീയങ്ങള്‍ ഒഴിവാക്കിയുള്ള ഒരു വ്രതാനുഷ്ഠാനത്തെ പറ്റി പൊതുവില്‍ ജനങ്ങള്‍ക്ക് ധാരണയില്ല. ജനജീവിതം അപ്പോഴും സാധാരണ പോലെ തന്നെയാവും. ബാങ്കു വിളിക്കുന്നത് കേള്‍ക്കാന്‍ കഴിയില്ല. നമസ്‌കാര സമയം കഴിഞ്ഞു പോകുന്നു എന്ന് ഓര്‍മിപ്പിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല. സമയത്തെ കുറിച്ച് സ്വയം ബോധ്യമുണ്ടാവുകയും ഫോണ്‍ നോക്കിക്കൊണ്ടിരിക്കുകയും വേണം.
വയോജനങ്ങളുടെ കെയര്‍ ടേക്കര്‍ ആയി ജോലി നോക്കുന്ന അമ്പതുകാരി മൊറോക്കന്‍ വംശജ ലൈല പറയുന്നു: ''എന്റെ ജോലി സമയത്തിനു ശേഷം ഞാന്‍ പള്ളിയില്‍ പോകും, പ്രാര്‍ഥിക്കും, ഖുര്‍ആന്‍ പാരായണം ചെയ്യും, മഗ്‌രിബ് കാത്തിരിക്കും.. ഇവിടം എനിക്കെന്റെ വീടു പോലെ തന്നെയാണ്. കൂടുതല്‍ ഭക്തിയുള്ളവളാക്കുന്നു എന്നതിനാലും നോമ്പിന്റെ യഥാര്‍ഥ ചൈതന്യം ലഭിക്കുന്നു എന്നതിനാലുമാണ് ഇഫ്ത്വാറിനു വേണ്ടി ഞാന്‍ പള്ളിയിലെത്തുന്നത്.''
കുടുംബത്തോടൊപ്പമല്ലാതെ ജീവിക്കുന്ന മിക്ക വിശ്വാസികളും നോമ്പു തുറക്കുന്നതിനു പള്ളികളില്‍ എത്തിച്ചേരാറുണ്ട്. മാഡ്രിഡിലും ബാഴ്‌സലോണയിലും വലന്‍സിയയിലും വിഗോയിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള മനുഷ്യര്‍ ഒത്തു ചേരുന്നു. പള്ളികള്‍ക്ക് മുസ്‌ലിം രാജ്യങ്ങളിലേതു പോലുള്ള മനോഹാരിതയില്ല. ഖുബ്ബയും മിനാരങ്ങളുമില്ല, ഉച്ചത്തിലുള്ള ബാങ്കു വിളിയുമില്ല. അത്യാവശ്യം വിസ്തൃതിയുള്ള, മികച്ചതെന്നു പറയാവുന്ന സാധാരണ കെട്ടിടങ്ങള്‍ മാത്രമാണ് അത്. മുസ്‌ലിം കള്‍ച്ചറല്‍ കമ്മിറ്റിക്ക് കിട്ടുന്ന ഫണ്ടിനനുസരിച്ചാണ് പള്ളി പരിപാലനവും മറ്റും നടക്കുന്നത്.
'മൂറു'കളുടെ പതനത്തിനു ശേഷം പള്ളികളെയൊക്കെ കത്തീഡ്രലുകളാക്കി മാറ്റുകയും കുരിശു സ്ഥാപിക്കുകയും മിനാരങ്ങളെ ബെല്‍ ടവറുകളാക്കി മാറ്റുകയുമാണുണ്ടായത്. മിക്ക നഗരങ്ങളിലും വലിയ ഗാരേജുകളോ ഹാളുകളോ ഒക്കെ കള്‍ച്ചറല്‍ കമ്മിറ്റികള്‍ വാങ്ങിക്കുകയും പ്രാര്‍ഥനാമുറികളായി രൂപപ്പെടുത്തി എടുക്കുകയുമാണ് ചെയ്തത്. സ്‌പെയിനില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്കായി ബാക്കിയാവുന്നത് ഇതു മാത്രമാണ്.
തെക്കന്‍ അന്തലൂസിയയിലെ ജെറെസ് ഡെലെഫ്രൊണ്ടേറയില്‍, സെവിയ്യയില്‍, വടക്കന്‍ സ്‌പെയിനിലെ വിഗോയില്‍, ഗാലിസിയയില്‍ അങ്ങനെയങ്ങനെ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഞങ്ങള്‍ ജീവിക്കുന്ന ഇടങ്ങളില്‍ ഒക്കെയും പള്ളി എന്നാല്‍ ഇത്തരം ഹാളുകള്‍ മാത്രമായിരുന്നു.
കുടുംബത്തിനപ്പുറത്ത് മറ്റൊരു കുടുംബമെന്ന് വിളിക്കാവുന്നതാണ് നമ്മുടെ ഉമ്മത്ത്. സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാവുന്ന, ചേര്‍ത്തു പിടിക്കുമെന്നുറപ്പുള്ള കൂട്ടം. ജോലിയാവശ്യാര്‍ഥം ഈ അടുത്ത് മാഡ്രിഡില്‍ പോകേണ്ടി വന്നപ്പോള്‍ അടുത്തുള്ള പള്ളികള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതുന്നതിനിടക്കാണ് സ്‌പെയിനിലെ എന്റെ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും മനോഹരമായ പള്ളി ഞാന്‍ കണ്ടെത്തുന്നത്. മെറൂണ്‍ നിറത്തില്‍ പെയിന്റ് ചെയ്യപ്പെട്ട, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രാര്‍ഥനാ സൗകര്യങ്ങളുള്ള, ലൈബ്രറിയും യാത്രക്കാര്‍ക്ക് വിശ്രമസ്ഥലവുമുള്ള അറബിക് പഠന കേന്ദ്രമായും മദ്‌റസയായും ഉപയോഗിക്കുന്ന നല്ലൊരു പള്ളി.
വിഗോ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിനു സമീപം കാര്‍ണിസേരിയ (ഹലാല്‍ മീറ്റ് ഷോപ്പ്) നടത്തിക്കൊണ്ടിരിക്കുന്ന, 28 കൊല്ലത്തോളമായി സ്‌പെയിനില്‍ താമസിക്കുന്ന ഹാമിദ് പറയുന്നത്, റമദാനിന്റേതായ യാതൊരു പ്രത്യേകതകളും തെരുവോരങ്ങളില്‍ കാണാറില്ല എന്നാണ്. ഉപഭോക്താക്കളില്‍ അധികവും മുസ്‌ലിംകള്‍ അല്ലാത്തതു കൊണ്ട് സാധാരണ പോലെ കട തുറക്കുകയും അടക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക രാജ്യങ്ങളില്‍ റമദാന് പ്രത്യേക സമയ ക്രമമുണ്ടാവും, ഇവിടെ അത് കാണില്ല, അദ്ദേഹം പറയുന്നു.
സ്പാനിഷ് ഫുട്ബാള്‍ ക്ലബില്‍ നിന്നു വിരമിച്ച ഹസന്‍ പറഞ്ഞത് ഇങ്ങനെ: ''മീറ്റ് ഷോപ്പില്‍ വരുന്നവര്‍ മിക്കവരും മുസ്‌ലിംകള്‍ ആയിരിക്കില്ല. അതുകൊണ്ട് സമയക്രമം മാറ്റാന്‍ കഴിയില്ല. ഞാനും കുടുംബവും കടയില്‍ വെച്ചു തന്നെ നോമ്പു തുറക്കാറാണ്. കട അടച്ചതിനു ശേഷം തറാവീഹ് നമസ്‌കാരത്തിനു പള്ളിയില്‍ പോകും.''
വിഗോയിലെ ലാംഗ്വേജ് സ്‌കൂളില്‍ വൈകുന്നേരത്തെ ഷെഡ്യൂളില്‍ ജോലി ചെയ്യുമ്പോള്‍ എന്റെ ക്ലാസുകള്‍ തുടങ്ങുന്നത് 5-നും അവസാനിക്കുന്നത് 9-നും ചിലപ്പോഴെങ്കിലും 9.30-നും ആയിരിക്കും. സൂര്യനസ്തമിക്കുമ്പോള്‍ എന്റെ മൊബൈല്‍ 9.03 നു ബാങ്ക് സമയം കാണിക്കുമ്പോള്‍, ധൃതി പിടിച്ച് ബാഗില്‍ കരുതിയ വെള്ളവും കാരക്കയും കഴിക്കുന്ന തിരക്കിലാവും ഞാന്‍. റമദാന്‍ ഒന്ന് ആരംഭിക്കുന്നത് 6.41-നും അവസാനിക്കുന്നത് 9.01-നും ആണ്. എന്നാല്‍ റമദാന്‍ മുപ്പത്, 5.45-നു തുടങ്ങി 9.31-നു ആയിരിക്കും അവസാനിക്കുന്നത്.
വിഗോയില്‍ താമസമാക്കിയ അള്‍ജീരിയന്‍ വംശജ തന്റെ ഏഴ് വയസ്സായ മകന്‍ അലിയുമൊത്ത് മിക്ക വിശേഷ ദിവസങ്ങളിലും പള്ളിയില്‍ പോകാറുണ്ട്. സ്‌പെയിനില്‍ വിവര്‍ത്തകയായി ജോലി നോക്കുന്ന അറബിക്, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന അവര്‍ വിഷമത്തോടെ പറയുന്നത് സ്‌പെയിനിലെ വിദ്യാഭ്യാസ രീതി കാരണം മകനെ അറബി പഠിപ്പിക്കാന്‍ കഴിയുന്നില്ല എന്നാണ്. ഇസ്‌ലാമിക സംസ്‌കാരവുമായി അവനെ അടുപ്പിക്കുന്നതിനും മുസ്‌ലിം സഹോദരങ്ങളോട് ഇടപഴകി ശീലിപ്പിക്കുന്നതിനുമാണ് അവര്‍ പള്ളിയില്‍ വരുന്നത്. മറ്റുള്ളവര്‍ക്കുള്ള ഇഫ്ത്വാര്‍ വിഭവങ്ങള്‍ കൂടി ഒരുക്കിക്കൊണ്ടാവും മിക്കപ്പോഴും അവരുടെ വരവ്.
മൊറോക്കൊയില്‍ നിന്നുള്ള ബേബിസിറ്റര്‍ ആയി ജോലി ചെയ്യുന്ന തമാര, പള്ളിയില്‍ ഒരുമിച്ചു കൂടുന്ന സ്ത്രീകളെ ആശ്ചര്യപൂര്‍വം നോക്കി നില്‍ക്കുന്നു. പള്ളിയില്‍ വെച്ചല്ലാതെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ തനിക്ക് ഒന്നിച്ച് കാണാന്‍ കഴിയില്ല എന്നാണ് അവര്‍ പറയുന്നത്.
പിസ്സ, ബ്രഡ്, ഖുബൂസ്, മട്ടന്‍, സാലഡ്, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, ജ്യൂസ് വിഗോയിലെ നോമ്പുതുറ വിഭവങ്ങള്‍ ഇങ്ങനെ നീണ്ടു കിടക്കുന്നു. എല്ലാവരും ഒരുമിച്ചുള്ള ഇഫ്ത്വാറുകള്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് അവരവരുടെ ഷെയര്‍ ഓരോരുത്തരും റമദാന്‍ ഫണ്ടിലേക്ക് നല്‍കുന്നു.
ഇഫ്ത്വാറിനു ശേഷം കുറച്ചു വൈകി 10.40-നു ആയിരിക്കും ഇശാ നമസ്‌കാരം. രാത്രിയുടെ അന്ത്യയാമങ്ങളില്‍ തറാവീഹും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാല്‍ സമ്പന്നമായിരിക്കും ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററുകള്‍.
ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിലെ ജുമുഅ, ഇഫ്ത്വാര്‍, തറാവീഹ്, ഒത്തുചേരലുകള്‍ തുടങ്ങിയവയാണ് സ്‌പെയിനിലെ നോമ്പിന്റെ പ്രത്യേകതകള്‍. ഒരുമിച്ച് ഇബാദത്തുകളില്‍ ഏര്‍പ്പെടാനും റമദാന്‍ പുണ്യത്തെ തമ്മില്‍ ഓര്‍മിപ്പിക്കാനും പുതിയ കാര്യങ്ങള്‍ പരസ്പരം പഠിപ്പിക്കാനും ഒക്കെയാണ് ഞങ്ങള്‍ക്ക് നോമ്പുകാലം.
പെരുന്നാള്‍
ഞാനടക്കം സ്‌പെയിനിലെ മുസ്‌ലിംകള്‍ മെയ് ഒന്ന് ഞായറാഴ്ചയാണ് പെരുന്നാള്‍ പ്രതീക്ഷിക്കുന്നത്. പ്രവൃത്തി ദിവസമാണെങ്കില്‍ ഈദിനു പ്രത്യേകം അവധിയില്ല. വടക്കേ ആഫ്രിക്കന്‍ തീര പ്രദേശങ്ങളായ ഇലൗമേ, മെലിയ്യ എന്നിവിടങ്ങളില്‍ മാത്രമാണ് പൊതു അവധിയും ഈദ് ഗാഹുകളും ഒരുമിച്ചുകൂടലുകളുമൊക്കെ ഉള്ളത്. പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷവും സാധാരണ പോലെ ജോലി ചെയ്യും. കോവിഡ് കാലത്ത് കൂടിച്ചേരലുകള്‍ക്ക് നിയന്ത്രണം വന്നപ്പോള്‍ പള്ളികളിലെ പ്രാര്‍ഥനകള്‍ പോലും ഒഴിവാക്കേണ്ടുന്ന അവസ്ഥയായിരുന്നു സ്‌പെയ്ന്‍ മുസ്‌ലിംകള്‍ക്ക്.
കേരളത്തിലെ ഈദാഘോഷ തനിമയും സൗഹൃദ സന്ദര്‍ശനങ്ങളും കണ്ടു ശീലിച്ചവര്‍ക്ക് ഇവിടത്തെ രീതികള്‍ അപരിചിതമായി തോന്നാം. പെരുന്നാള്‍ പ്രതീതിയൊന്നുമില്ലാത്ത ഒരു പതിവു ദിനം എന്നതായിരിക്കും എല്ലാവരുടെയും അനുഭവം. ഈദ് ദിനത്തിലും തുറന്നിരിക്കുന്ന പാകിസ്താനി റെസ്റ്റോറന്റും ഹലാല്‍ മീറ്റ് ഷോപ്പുകളും ഒരിക്കലും പെരുന്നാളിനെ ഓര്‍മിപ്പിക്കില്ല.
ഒരു മാസത്തെ ത്യാഗപൂര്‍ണമായ വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി എത്തുന്നതിന്റെ സന്തോഷവും ദീന്‍ മുറുകെ പിടിക്കുന്നതിന്റെ ആനന്ദവുമാണ് ഇവിടങ്ങളിലെ പെരുന്നാള്‍. പുതിയ വസ്ത്രം ധരിക്കുന്നതിലും നല്ല ഭക്ഷണം പാകം ചെയ്യുന്നതിലും സൗഹൃദങ്ങള്‍ പുതുക്കുന്നതിലുമൊതുങ്ങുന്നു ആഘോഷം.
തിരക്കുകള്‍ക്കും വിപണന സാധ്യതകള്‍ക്കും ആഘോഷങ്ങള്‍ക്കുമപ്പുറത്ത് പെരുന്നാളിനു നിറം പകരുന്നത് അതിന്റെ ആത്മീയ വശം തന്നെയാണ്. അത് ഓരോ വ്യക്തിക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. നോമ്പെടുക്കുന്നതിനുള്ള സന്നദ്ധതയും ആഘോഷങ്ങള്‍ക്കുള്ള വ്യഗ്രതയും ഇതിന്റെ ഭാഗം തന്നെയാണ്. തിരകള്‍ക്കെതിരായി തുഴയുന്നതിനും, തികച്ചും പ്രതികൂല സാഹചര്യങ്ങളില്‍ വിശ്വാസം മുറുകെ പിടിക്കുന്നതിനും അസാമാന്യമായ ശക്തിയും ധൈര്യവും കൂട്ടിനുണ്ടാവണം.....
വിവ: പി. സുകൈന
Comments