സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഒരു കൈപ്പുസ്തകം
അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം
ആരും സൈ്വര്യം കെടുത്തില്ല.
ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ
തല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല.
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു.
അമ്മയുടെ വേര്‍പാടോടെ, സ്‌നേഹത്തണലറ്റുപോയ അനാഥ മനസ്സിന്റെ തീഷ്ണതയാണ് പൊള്ളുന്ന വരികളില്‍ കല്‍പറ്റ നാരായണന്‍ വരച്ചിടുന്നത്. കവിത അവസാനിക്കുന്നത് ഇപ്രകാരമാണ്:
ഭൂമിയില്‍ ശരീരവേദന കൊണ്ടല്ലാതെ
ദുഃഖം കൊണ്ട് ഇനിയാരും കരയുകയില്ല.
എന്നാല്‍ അങ്ങനെയല്ല, ആരോരുമില്ലാത്തവരുടെ നെടുവീര്‍പ്പുകള്‍ സ്വന്തം നെടുവീര്‍പ്പുകളാക്കി, സ്വന്തം ശരീര വേദനയേക്കാള്‍ അപരന്റെ വേദനയില്‍ നെഞ്ചുരുകി അവര്‍ക്ക് വേണ്ടി മാത്രമായി ജീവിതം മാറ്റിവെക്കുന്ന കുറെ മനുഷ്യര്‍ ഇന്നും നമുക്കിടയിലുണ്ട്. അത്തരമൊരാളെയാണ് നാം പരിചയപ്പെടുന്നത്, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സാഹിബിന്റെ ജീവിതം പകര്‍ത്തുന്ന സച്ചരിതന്റെ ഉദ്യാനം എന്ന പുസ്തകത്തിലൂടെ. പത്ര പ്രവര്‍ത്തകരായ ടി.പി ചെറൂപ്പയും കെ.എസ് മുസ്തഫയുമാണ് 338 പേജുള്ള ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ഒന്നാം ഭാഗം ഗ്രന്ഥകര്‍ത്താക്കള്‍ തയാറാക്കിയ ജീവിതക്കുറിപ്പാണ്. രണ്ടാം ഭാഗത്ത് സഹപ്രവര്‍ത്തകരുടെയും വയനാട് ജില്ലയിലെ മത സാമൂഹിക രാഷ്ട്രീയ പ്രമുഖരുടെയും അനുഭവക്കുറിപ്പുകളാണ്.
ഇത് ഒരു വ്യക്തിയുടെ ചരിത്രം മാത്രമല്ല, കേവലം ഒരു അനാഥാലയം എന്നതിനപ്പുറം വയനാട് ജില്ലയിലെ മത സാംസ്‌കാരിക സാമൂഹിക ചരിത്രത്തില്‍ കൃത്യമായ മുദ്ര പതിപ്പിച്ച വയനാട് മുസ്‌ലിം ഓര്‍ഫനേജ് എന്ന ഒരു പ്രസ്ഥാനത്തിന്റെയും അതിനപ്പുറം ഒരു കാലഘട്ടത്തിലെ മുസ്‌ലിം സാമൂഹിക മുന്നേറ്റത്തിന്റെയും അടരുകള്‍ തന്നെയാണ് ഇവിടെ രേഖപ്പെടുന്നത്. അതുകൊണ്ടാവണം, 'ഡബ്ലു.എം.ഒ. ഒരു രാജ്യാന്തര പ്രസ്ഥാനമാണിന്ന്.... അതുകൊണ്ട് തന്നെ സംഘത്തലവന്റെ ജീവിതം എഴുതപ്പെടുക എന്നത് ആ വ്യക്തിയോടുള്ള കടപ്പാട് എന്നതിലുപരി ചരിത്രത്തോടുള്ള ബഹുമാന പ്രകടനമാണ്' എന്ന് ആമുഖ സന്ദേശത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രേഖപ്പെടുത്തിയത്.
ബഹുമുഖ വ്യക്തിത്വമാണ് എം.എ മുഹമ്മദ് ജമാല്‍ എന്ന ജമാല്‍ സാഹിബ്. വയനാട് ജില്ലയിലെ രാഷ്ട്രീയ- മത- സാംസ്‌കാരിക നേതൃതലങ്ങളില്‍ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടായിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മുഖ്യ കര്‍മ മണ്ഡലം എന്നും അനാഥശാലാ പ്രവര്‍ത്തനമായിരുന്നു. ഈ പുസ്തകത്തിന്റെ താളുകളില്‍ നിന്ന് നാം വായിച്ചെടുക്കുന്ന ഒരു മനുഷ്യ ഹൃദയമുണ്ട്. ഒരു കുഞ്ഞ് വേദനിച്ച് കരഞ്ഞാല്‍ അതിനൊപ്പം കരയുന്ന, വീണു പോയാല്‍ അവര്‍ക്ക് കൈത്താങ്ങാവുന്ന, നിരാശ്രയര്‍ക്കഭയമാവാന്‍ എവിടെയും ഓടിയെത്തുന്ന ഒരു മനസ്സ്. അത്തരമൊരു മനസ്സിന് ഏറ്റവും അനുയോജ്യമായ കര്‍മ മണ്ഡലം അതുതന്നെയായിരുന്നു എന്നതാണ് ശരി.
1967-ലാണ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന വയനാട്ടിലെ മുസ്‌ലിം പൗര പ്രമുഖന്‍മാരുടെ യോഗത്തില്‍ വയനാട് മുസ്‌ലിം അനാഥശാലക്ക് തുടക്കമാകുന്നത്. അന്ന് അവിടെ ഒത്തുകൂടിയ പൗര പ്രമുഖന്‍മാരോടൊപ്പം 30 വയസ്സ് പോലും തികയാത്ത ജമാല്‍ സാഹിബ് ഉണ്ടായിരുന്നു. അന്ന് നിലവില്‍ വന്ന പ്രഥമ ഭരണസമിതിയില്‍ ജോയിന്‍ സെക്രട്ടറിയായി ജമാല്‍ സാഹിബ് തെരഞ്ഞെടുക്കപ്പെട്ടു. തുടക്കത്തില്‍ നേതൃത്വം നല്‍കിയവരില്‍ പലരും അല്ലാഹുവിലേക്ക് യാത്രയായതോടെ 1987-ല്‍ അദ്ദേഹം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
അവിടുന്നിങ്ങോട്ട് ഇഴപിരിക്കാനാവാത്തതാണ് ജമാല്‍ സാഹിബിന്റെ ജീവിതവും അനാഥശാലയുടെ ചരിത്രവും. ചുമതലയേറ്റെടുക്കുമ്പോള്‍ ബാലാരിഷ്ടതകളിലായിരുന്നു സ്ഥാപനം. ബാക്കിയിരിപ്പായി വറുതിയും ദാരിദ്ര്യവും. പ്രതീക്ഷയായി അല്ലാഹുവിന്റെ കാവലും മഹാമനസ്‌കരുടെ മനസ്സലിവും മാത്രം. എന്നാലിന്ന്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, രണ്ട് ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ ചിറക് വിരിച്ച് നില്‍ക്കുന്ന മഹാ പ്രസ്ഥാനമായി ഡബ്ലു.എം.ഒ വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. ഈ വളര്‍ച്ചയുടെ ഓരോ പടവിലും ജമാല്‍ സാഹിബിന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. അത് പൂര്‍ണമായി ഒപ്പിയെടുക്കുന്നതില്‍ ഗ്രന്ഥകര്‍ത്താക്കള്‍ വിജയിച്ചിരിക്കുന്നു.
ജില്ലയിലോ കേരളത്തില്‍ തന്നെയുമോ ഒതുങ്ങി നില്‍ക്കുന്നതല്ല ഇന്ന് ഡബ്ല്യു.എം.ഒവിന്റെ പ്രവര്‍ത്തനം. ഗുജറാത്ത് കലാപത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരുടെ മക്കളില്‍ നിന്ന് നാനൂറോളം പേരെ വിവിധ സംരക്ഷണ കേന്ദ്രങ്ങളിലെത്തിച്ച് സുരക്ഷയൊരുക്കാന്‍ ജമാല്‍ സാഹിബും സംഘവും മുന്നിലുണ്ടായിരുന്നു. 2013-ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപ ഭൂമിയില്‍ ജമാല്‍ സാഹിബും സഹപ്രവര്‍ത്തകരും നടത്തിയ യാത്രയാണ് 'ഔവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍' എന്ന സ്ഥാപനത്തിനും അതിന്റെ കീഴില്‍ മുസഫര്‍ നഗറില്‍ ഇന്ത്യാ ഇന്റര്‍ നാഷണല്‍ സ്‌കൂളിനും തുടക്കം കുറിച്ചത്.
'റസ്പക്റ്റ് ദ ചൈല്‍ഡ് ആസ് എ പഴ്‌സണ്‍' (കുട്ടികളെ മുതിര്‍ന്നവരെ പോലെ ആദരിക്കുക) എന്നതാണ് ഡബ്ലു.എം.ഒ യുടെ ആപ്ത വാക്യം. അന്തേവാസികളെ മക്കള്‍ എന്നോ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ എന്നാ അല്ലാതെ അനാഥ കുട്ടികള്‍ എന്ന് വിളിക്കരുതെന്നത് ജമാല്‍ സാഹിബിന്റെ കര്‍ശന നിര്‍ദേശമാണ്. ഭക്ഷണ ഹാളില്‍ മക്കളോടൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ഭക്ഷണ പാത്രവും കൈവെള്ളയും പരിശോധിച്ച് സ്‌നേഹപൂര്‍വം ഭക്ഷണ മര്യാദകള്‍ ഉപദേശിച്ചു കൊടുക്കുന്നത് അദ്ദേഹത്തിന്റെ പതിവാണ്. ഒരു കുട്ടി ഒരു തത്തയെ മോഷ്ടിച്ചത് പരാതിയായി വന്നപ്പോള്‍ കാമ്പസിനകത്ത് തന്നെ പക്ഷിയെ വളര്‍ത്താന്‍ നിര്‍ദേശം നല്‍കുന്ന, ഹോസ്റ്റലിലെ ഒരു മണിപ്പൂരി വിദ്യാര്‍ഥി മറ്റ് വിദ്യാര്‍ഥികളെ ഇടിക്കുന്നതായി പരാതി വരുമ്പോള്‍ അവനെ ബോക്‌സിംഗ് ക്ലബ്ബില്‍ പരിശീലനത്തിനയക്കാന്‍ നിര്‍ദേശം നല്‍കുന്ന ജമാല്‍ സാഹിബിന് നേരത്തേ പറഞ്ഞ ആപ്ത വാക്യം കേവല മുദ്രാവാക്യമല്ല, ജീവിത ദര്‍ശനം തന്നെയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത നിലയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളാണ് ഇന്ന് ഈ സ്ഥാപനത്തിന്റെ മുഖ്യ അംബാസഡര്‍മാര്‍. അവരില്‍ കുറച്ചു പേരെയെങ്കിലും പരിചയപ്പെടുത്താന്‍ ഗ്രന്ഥ കര്‍ത്താക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ദീനാനുകമ്പയും നിശ്ചയ ദാര്‍ഢ്യവുമാണ് ജമാല്‍ സാഹിബിന്റെ മുഖമുദ്ര. ഭിന്നശേഷിക്കാര്‍, മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍, സ്വാന്ത്വന പരിചരണം ആവശ്യമുള്ളവര്‍ തുടങ്ങിയവരെ മുന്നില്‍ കണ്ട്, ഡോക്ടര്‍ ഇദ്‌രീസിനൊപ്പം നൂറ് കോടി രൂപയുടെ സഹാറാ ഭാരത് ഫൗണ്ടേഷന്‍ എന്ന ഒരു പുതിയ പദ്ധതിയുമായി ഈ എണ്‍പത്തി മൂന്നാം വയസ്സിലും ജമാല്‍ സാഹിബിന് പ്രേരണയും ധൈര്യവും നല്‍കുന്നത് മറ്റൊന്നുമല്ല.
എന്തുകൊണ്ടും, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും വിദ്യാഭാസ പ്രവര്‍ത്തകര്‍ക്കും ഒരു കൈപ്പുസ്തകം തന്നെയാണ് സച്ചരിതന്റെ ഉദ്യാനവും അതില്‍ രേഖപ്പെട്ടു കിടക്കുന്ന ജമാല്‍ സാഹിബിന്റെ ജീവിതവും.
സച്ചരിതന്റെ ഉദ്യാനം
പ്രസാധനം: ട്രെന്‍ഡ് ബുക്‌സ്
പേജ്: 338, വില: 360.
Comments