Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 29

3250

1443 റമദാന്‍ 27

മദ്യം കേരളത്തിന്റെ  ഔദ്യോഗിക പാനീയമോ?

ഹബീബ് റഹ്മാന്‍, കരുവന്‍പൊയില്‍

 

പ്രതികരണം

ദൈവത്തിന്റെ സ്വന്തം നാട്  ഇപ്പോള്‍ മദ്യത്തിന്റെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നവരായി മലയാളികള്‍  മാറി. അതിനാല്‍ തന്നെ കേരളം ക്രൈം കാപ്പിറ്റല്‍ മാത്രമല്ല, ഗാര്‍ഹിക പീഡന തലസ്ഥാനമായും റോഡപകട റെക്കോര്‍ഡ് ഭേദിക്കുന്ന സംസ്ഥാനവുമായുമൊക്കെ  മാറിക്കൊണ്ടിരിക്കുന്നു. മദ്യം കൂടാതെയുള്ള വാരാന്ത്യങ്ങളെയോ ആഘോഷങ്ങളെയോ മറ്റു പരിപാടികളെയോ  കുറിച്ച് ചിന്തിക്കാനാവാത്ത 47 ലക്ഷം ജനങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. അവരില്‍ 17 ലക്ഷം ആളുകള്‍  നിത്യവും സമനില തെറ്റുവോളം മദ്യപിക്കുന്നവരാണ്. ഇന്ത്യയിലെ വിദേശ മദ്യ വില്‍പ്പന വര്‍ഷംതോറും 8 ശതമാനം വര്‍ധിക്കുമ്പോള്‍ കേരളത്തിലെ മദ്യ ഉപഭോഗത്തിന്റെ വളര്‍ച്ചാനിരക്ക് 12 മുതല്‍ 20 ശതമാനം വരെയാണ്. ആളോഹരി മദ്യ ഉപഭോഗത്തില്‍ ഇപ്പോള്‍ കേരളം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ്. അഥവാ  രാജ്യത്ത് നിര്‍മിക്കുന്ന വിദേശമദ്യത്തിന്റെ 14 ശതമാനവും കുടിച്ചു തീര്‍ക്കുന്നത് മലയാളികളാണ്. വിദൂരമല്ലാത്ത ഭാവിയില്‍ നമ്മുടെ സംസ്ഥാന പാനീയമായി മദ്യത്തെ പ്രഖ്യാപിക്കേണ്ടി വരും!
15 വയസ്സിനും 49 വയസ്സിനും ഇടയ്ക്കുള്ള പുരുഷന്‍മാരുടെ മദ്യപാനത്തിന്റെ ദേശീയ ശരാശരി 39.1 ശതമാനമാണെങ്കില്‍ കേരളത്തില്‍ ഇത് 45 ശതമാനമാണ്. കേരളത്തിലെ മദ്യാസക്തരില്‍ ഏറെയും 35 വയസ്സില്‍ താഴെയുള്ളവരാണ് എന്നതും,  21 ശതമാനം വിദ്യാര്‍ഥികളാണ് എന്നുള്ളതും നമ്മെ ഞെട്ടിപ്പിക്കുന്നു.  ഭാര്യമാരെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ 35 ശതമാനവും മദ്യപാനികളാണ്. വരുമാനത്തിന്റെ മൂന്നു മുതല്‍ 45 ശതമാനം വരെ മദ്യപാനത്തിന് നീക്കിവെക്കുന്ന മലയാളികളുണ്ട്! കേരളത്തില്‍ ഒരു വര്‍ഷം ചെലവാകുന്ന 3500 കോടി രൂപയുടെ അരിയേക്കാള്‍ മൂന്നിരട്ടി അഥവാ പതിനായിരം കോടിയുടെ മദ്യമാണ് പ്രതിവര്‍ഷം മലയാളികള്‍ അകത്താക്കുന്നത്.
മലയാളികള്‍ കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഓരോ വര്‍ഷവും കൂടി വരികയാണെന്ന് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ വാര്‍ഷിക വിറ്റുവരവ് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1984-85 കാലത്ത് വെറും 55 കോടിയുടെ മദ്യം ഉപയോഗിച്ചിരുന്ന കേരളക്കാര്‍ 1990-ല്‍ ഇത് ഇരട്ടിയാക്കി 117 കോടിയിലെത്തിച്ചു. 2019- ല്‍ 14508 കോടി എന്ന ഭീമന്‍ നിരക്കിലെത്തി. അതായത് 270 മടങ്ങ് വര്‍ധന. ഓരോ സാമ്പത്തിക വര്‍ഷവും 1000 മുതല്‍ 1500 കോടി രൂപ വരെ വര്‍ധിക്കുന്നു എന്നത് സംസ്ഥാനത്തിന് സാമ്പത്തിക സാമൂഹിക ആരോഗ്യമേഖലയുടെ നടുവൊടിക്കുന്നതാണ്.
ഓണം, ക്രിസ്മസ്, പുതുവത്സരാഘോഷം, തെരഞ്ഞെടുപ്പ്, ഹര്‍ത്താല്‍, പ്രളയം എന്നീ സന്ദര്‍ഭങ്ങളിലാണ് കേരളത്തില്‍ ഏറ്റവും അധികം മദ്യം വിറ്റഴിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് തലേന്ന് മാത്രം കേരളം കുടിച്ചത് 65 കോടിയുടെ മദ്യമാണ്! ഇതില്‍ ഏറ്റവും രസകരം പ്രളയകാലത്തെ കണക്കാണ്. 2019-ലെ പ്രളയ കാലത്ത് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വിറ്റഴിച്ചത് 71 കോടിയുടെ അധിക മദ്യമാണ്. ലോക് ഡൗണ്‍ ഇളവിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്ന ദിനം തന്നെ ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ്കള്‍ വഴി വിറ്റഴിച്ചത് 60 കോടിയുടെ  മദ്യം! ഇത് റെക്കോഡ് കച്ചവടം. മറ്റ് ബാറുകളുടെ കണക്കുകള്‍കൂടി കൂട്ടിയാല്‍ ഇതിലും വര്‍ധനയുണ്ടാകും.
കേരളത്തില്‍ മാത്രം വിറ്റുപോകുന്നത് മദ്യത്തിന്റെ 2700 ബ്രാന്‍ഡുകളാണ്. കേരളത്തിലെ മദ്യ വില്‍പനയുടെ കുത്തക സര്‍ക്കാര്‍ സ്ഥാപനമായ ബിവറേജസ് കോര്‍പ്പറേഷനാണ് കേരളത്തിലെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഒന്ന് എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ക്രമേണയുള്ള മദ്യോപയോഗത്തിന്റെ ഗ്രാഫ് കുറഞ്ഞിട്ടുണ്ടെന്ന ഒരു കണക്ക് സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റെ യാഥാര്‍ഥ്യമറിയുമ്പോഴാണ് നാം ഞെട്ടുക. കൂടുതലാളുകളും മദ്യം വിട്ട് അതിനേക്കാള്‍ ഗുരുതരമായ ലഹരികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത.
കേരളത്തില്‍ മദ്യപിക്കുന്നവരുടെ പ്രായം കുറഞ്ഞു വരുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട  പ്രശ്‌നമാണ്. 1986-ല്‍ മദ്യപാന പ്രായം 19 വയസ്സ് ആയിരുന്നെങ്കില്‍ 1990 ല്‍ 17 വയസ്സും 2000-ല്‍  14 വയസ്സും ആയി. ഇന്നത് 12 വയസ്സില്‍ എത്തിയിരിക്കുന്നു. അഥവാ ഹൈസ്‌കൂള്‍ തലം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഈ ശീലത്തിലേക്ക് ചുവടുവെച്ചു തുടങ്ങുന്നു. അടിക്കടി സംഘടിപ്പിക്കപ്പെടുന്ന വിനോദയാത്രകളും ഒത്തുചേരലുകളും കലോത്സവങ്ങളും മദ്യത്തിന്റെയും ലഹരികളുടെയും സാന്നിധ്യത്താല്‍ കൊഴുപ്പിക്കപ്പെടുന്നു. കൗമാരക്കാര്‍ക്കിടയില്‍ പോലും മദ്യം  സ്റ്റാറ്റസ് സിംബലായും ഉത്തേജക ഔഷധമായും കൗതുക പാനീയമായും മാറിയിരിക്കുന്നു. ഇതോടൊപ്പം നാം ചേര്‍ത്തു വായിക്കേണ്ടതാണ് മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ പത്തുവര്‍ഷത്തിനിടയില്‍ നാലിരട്ടി വര്‍ധനവുണ്ടായി എന്ന കാര്യം. കോളേജ് വിദ്യാര്‍ഥിനികളും പ്രൊഫഷണലുകളും വീട്ടമ്മമാരുമൊക്കെയുണ്ടതില്‍.
കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മദ്യലഹരിയിലാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ കൊലപാതകങ്ങളില്‍ 84 ശതമാനവും കൈയേറ്റങ്ങളില്‍ 70 ശതമാനവും ഭവനഭേദനങ്ങളില്‍ 70 ശതമാനവും മോഷണങ്ങളില്‍ 65 ശതമാനവും ബലാല്‍സംഗങ്ങളില്‍ 65 ശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വര്‍ഷാവര്‍ഷം ഇതിന്റെ തോത് രണ്ട് ശതമാനം കണ്ട് വര്‍ധിക്കുകയും ചെയ്യുന്നു. മദ്യപാനം മൂലമുള്ള കുറ്റകൃത്യങ്ങളുടെ ഇന്ത്യന്‍ ശരാശരി 175 പോയിന്റ് മാത്രമാകുമ്പോള്‍ മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി കേരളത്തില്‍ 306.5 ആണ്. കേരളത്തിലെ 61 ശതമാനം കുടുംബത്തിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നു. കേരളത്തിലെ 80 ശതമാനം വിവാഹമോചനങ്ങളും മദ്യത്തോട് ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്.
കേരളത്തിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് മദ്യപിച്ചുള്ള ഡ്രൈവിംഗ് ആണെന്ന് പോലീസ് രേഖകള്‍ പറയുന്നു. റോഡപകടങ്ങളില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. കേരളത്തിലെ റോഡപകടങ്ങളില്‍ 40 ശതമാനവും ഡ്രൈവറുടെ മദ്യപാനം മൂലമാണ്.  മദ്യപാനി വാഹനമെടുത്തു റോട്ടിലിറങ്ങുമ്പോള്‍ അപകടത്തിലാകുന്നത് അയാളുടെ ജീവന്‍ മാത്രമല്ല മറ്റു നിരപരാധികളുടെ ജീവന്‍ കൂടിയാണ്.
മദ്യപാനികള്‍ മദ്യം നിര്‍ത്തിയാല്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമെന്ന ധാരണ തെറ്റാണെന്ന് കോവിഡിന്റെ സാമൂഹിക വ്യാപനം തടയാനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് നാം മനസ്സിലാക്കിയതാണ്. മദ്യം നിര്‍ത്തുന്നത് മൂലമുള്ള അസ്വസ്ഥതകള്‍ ചികിത്സകൊണ്ടും വീട്ടുകാരുടെയും ബന്ധുക്കളുടെയും ശ്രദ്ധ കൊണ്ടും മറികടക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ഥ്യം. മദ്യപാനികള്‍ക്ക് മദ്യം നിര്‍ത്താനുള്ള സുവര്‍ണ കാലമായിരുന്നു രാജ്യമൊട്ടുക്കുമുള്ള 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലം.
നമ്മുടെ രാജ്യത്തെ നിയമത്തിലെ പഴുതുകളും മദ്യനയത്തിലെ അപാകതകളും സമൂഹത്തിലെ ലഹരിയുടെ തോത് വര്‍ദ്ധിച്ചു വര്‍ധിച്ചു നിയന്ത്രണാതീതമാകുന്നത് രാഷ്ട്രത്തിന്റെ ക്ഷേമത്തിനും  സമഗ്ര പുരോഗതിക്കും ഉതകുന്നതല്ല.  ഉപദേശങ്ങള്‍ക്കും ബോധവല്‍ക്കരണങ്ങള്‍ക്കുമപ്പുറത്ത് പ്രശ്‌നപരിഹാരത്തിന്  രാഷ്ട്രീയ ഇഛാശക്തിയാണ് അനിവാര്യമായിട്ടുള്ളത്. എല്ലാ വിഭാഗക്കാരും  ഒരുമിച്ചിരുന്ന് പരിഹാരം കാണേണ്ട ഗുരുതര പ്രശ്‌നമാണിത്. അതിന് അമാന്തിക്കുക തോറും കൊടുക്കേണ്ടിവരുന്ന വില കനത്തതായിരിക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

ദാനം ഒരു നിക്ഷേപമാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്